തെരുവുനായ ശല്യത്തിൽ നിന്ന് മോചനം വേണ്ടേ!

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാണ് തെരുവ് നായകളെ നിയന്ത്രിക്കേണ്ട പ്രാഥമിക ഉത്തരവാദിത്വം

Don't you want relief from the stray dog ​​menace?

തെരുവുനായ ശല്യത്തിൽ നിന്ന് മോചനം വേണ്ടേ

representative image
Updated on

ജ്യോത്സ്യൻ

തെരുവ് നായകളുടെ ഭീഷണിയും വന്യമൃഗങ്ങളുടെ ആക്രമണങ്ങളും മൂലം കേരളത്തിൽ ജനജീവിതം ദുഃസഹമായിട്ട് വർഷങ്ങളായി. ഹൈക്കോടതിയും സുപ്രീം കോടതിയും പലതവണ ഇടപെട്ടിട്ടും ജനങ്ങളുടെ ആശങ്കകൾക്ക് ഇപ്പോഴും പരിഹാരമായിട്ടില്ല.

തെരുവ് നായകളെ നിയന്ത്രിക്കേണ്ട പ്രാഥമിക ഉത്തരവാദിത്വം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാണ്. വന്ധ്യംകരണം, വാക്സിനേഷൻ, അക്രമകാരികളായ നായകളെ മാറ്റിപ്പാർപ്പിക്കാനുള്ള പുനരധിവാസ കേന്ദ്രങ്ങൾ എന്നിവ സ്ഥാപിക്കാൻ കോടതിയും സർക്കാരും നിർദേശിച്ചിട്ടുണ്ടെങ്കിലും എല്ലാ തദ്ദേശ സ്ഥാപനങ്ങളും ഇതിൽ പൂർണ പരാജയമാണ്.

ഇക്കാര്യത്തിൽ ജസ്റ്റിസ് ഡോ. എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് എ.കെ. പ്രീത എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉദ്യോഗസ്ഥരുടെ അനാസ്ഥയെ രൂക്ഷമായി വിമർശിച്ചിട്ടുണ്ട്. മാറാരോഗമുള്ളതും അക്രമാസക്തിയുള്ളതുമായ നായകളെ തിരിച്ചറിഞ്ഞ് മാനദണ്ഡങ്ങൾ പാലിച്ചു ദയാവധം ചെയ്യാനും, പ്രതിരോധ നടപടികൾ ഊർജിതമാക്കി വ്യക്തമായ റിപ്പോർട്ട് സമർപ്പിക്കാനും കോടതി കർശന നിർദേശം നൽകിയിട്ടുണ്ട്.

മൃഗസ്നേഹികൾ പാവപ്പെട്ടവരിലും പണക്കാരിലുമെല്ലാം ഉണ്ട്. എന്നാൽ വളർത്തുമൃഗങ്ങളോ തെരുവുമൃഗങ്ങളോ ചത്താൽ അവയെ ശാസ്ത്രീയമായി സംസ്കരിക്കാനുള്ള സംവിധാനം ഡൽഹി, മുംബൈ തുടങ്ങിയ മെട്രൊ നഗരങ്ങളിലേതുപോലെ കേരളത്തിൽ എങ്ങുമില്ല. അവയെ പുഴകളിലോ പൊതുവഴികളിലോ തള്ളുന്നത് ഗുരുതരമായ ആരോഗ്യ-പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.

വനാതിർത്തികളിൽ വസിക്കുന്ന മനുഷ്യരുടെ ജീവിതം ഓരോ ദിവസവും മരണവുമായുള്ള പോരാട്ടമാണ്. കാട്ടാന, പുലി, കാട്ടുപോത്ത്, പന്നി തുടങ്ങിയ മൃഗങ്ങൾ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നതു നിത്യസംഭവമാണ്. കാട് കൈയേറുന്ന മനുഷ്യനും, നാടിറങ്ങുന്ന മൃഗങ്ങളും തമ്മിലുള്ള ഈ സംഘർഷം ഒഴിവാക്കാൻ ശാശ്വത പരിഹാരമാണ് ആവശ്യം. കാടും വന്യമൃഗങ്ങളും സംരക്ഷിക്കപ്പെടേണ്ടത് പരിസ്ഥിതിയുടെ നിലനിൽപ്പിന് അത്യാവശ്യമാണ്. എന്നാൽ അതിനോടൊപ്പം തന്നെ, വനാതിർത്തികളിൽ തലമുറകളായി ജീവിക്കുന്ന മനുഷ്യരുടെ ജീവനും കൃഷിക്കും സംരക്ഷണം നൽകാൻ സർക്കാരിന് പൂർണ ബാധ്യതയുണ്ട്.

ഓരോ ദുരന്തവും ആക്രമണവും നടക്കുമ്പോൾ ജനരോഷം തണുപ്പിക്കാൻ മന്ത്രിമാരും ജനപ്രതിനിധികളും വാഗ്ദാനങ്ങളുടെ പെരുമഴ തീർക്കാറുണ്ട്. എന്നാൽ പ്രഖ്യാപനങ്ങൾ കടലാസിലൊതുങ്ങുകയും ജനങ്ങൾ വീണ്ടും ദുരന്തങ്ങൾക്ക് ഇരയാവുകയും ചെയ്യുന്ന കാഴ്ചയാണ് കാണുന്നത്.

മനുഷ്യനും മൃഗങ്ങൾക്കും അവരവരുടെ അതിരുകളിൽ സ്വൈരമായും സുരക്ഷിതമായും ജീവിക്കാൻ സാധിക്കുന്ന പ്രവർത്തനക്ഷമവും ശക്തവുമായ ദീർഘകാല കർമപദ്ധതികൾ സർക്കാർ അടിയന്തരമായി നടപ്പാക്കുക തന്നെ വേണമെന്നാണ് ജോത്സ്യന് പറയാനുള്ളത്.

logo
Metro Vaartha
www.metrovaartha.com