
മരണമുറഞ്ഞു തുള്ളിയ തുര്‍ക്കിയിലെ ദുരന്തഭൂമിയുടെ ഇടനാഴികളില്‍ ആശ്വാസത്തിന്‍റെ ചില ചേര്‍ത്തുപിടിക്കലുകളുണ്ട്. ഉറ്റവരെ നഷ്ടപ്പെട്ടിട്ടും, കിടപ്പാടം തകര്‍ന്നടിഞ്ഞിട്ടും ദുരന്തത്തിന്‍റെ ആഘാതത്തില്‍ കരയാന്‍ പോലും കഴിയാത്ത പലരും ആ ചേര്‍ത്തുപിടിക്കലില്‍ കരഞ്ഞുപോകുന്നു. ഒന്നു മുറുക്കെ പുണരുന്നതു പോലും ജീവിതം പുലര്‍ത്തുന്നതിനുള്ള ഊര്‍ജമായി മാറുന്നു. അത്തരമൊരു ചേര്‍ത്തുപിടിക്കലിന്‍റെ ചിത്രം കഴിഞ്ഞദിവസം സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞു. അതിര്‍ത്തികളില്ലാതെ, അന്യരെന്ന മാറ്റിനിര്‍ത്തലില്ലാതെ തുര്‍ക്കിയിലെ ഒരു വൃദ്ധ കെട്ടിപ്പിടിച്ചതു ഡോ. ബീന തിവാരിയെയാണ്. ആശ്വാസത്തിന്‍റെ ആതുരസേവനത്തിലൂടെ തുര്‍ക്കിയിലെ വിളക്കേന്തിയ വനിതയെന്ന വിശേഷണം നേടിയെടുത്ത മേജര്‍ ഡോ. ബീന തിവാരി.
തുര്‍ക്കിക്ക് ആശ്വാസമായെത്തിയ ഇന്ത്യന്‍ സൈനിക സംഘത്തിലെ മെഡിക്കല്‍ ഓഫീസറാണു ബീന തിവാരി. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും രക്ഷപെടുത്തിയ ആറു വയസുകാരി നസ്‌റിനൊപ്പമുള്ള ഡോക്ടറുടെ ചിത്രവും സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു. ഡെറാഡൂണ്‍ സ്വദേശിയായ ഈ ഇരുപത്തെട്ടുകാരി ഡല്‍ഹിയിലെ ആര്‍മി കോളെജ് ഓഫ് മെഡിക്കല്‍ സയന്‍സസിലെ പഠനത്തിനു ശേഷമാണു സൈനികസേവനത്തിലെത്തിയത്. ഒരു സൈനികകുടുംബത്തിലെ മൂന്നാം തലമുറ. ആസാമിലായിരുന്നു ജോലി ചെയ്തിരുന്നത്. ഇപ്പോള്‍ തുര്‍ക്കിയിലെ 60 പാരാഫീല്‍ഡ് താല്‍ക്കാലിക ആശുപത്രിയില്‍ ഒരു നാടിന്‍റെ തന്നെ ആശ്വാസമായി മാറുന്നു ഡോ. ബീന.
ഇന്ത്യയുടെ ഓപ്പറേഷന്‍ ദോസ്ത് ദൗത്യത്തിന്‍റെ ഭാഗമായി പതിനാലോളം ഡോക്ടര്‍മാരും 86 സ്റ്റാഫുകളുമാണു തുര്‍ക്കിയില്‍ എത്തിയിരിക്കുന്നത്. ഹാത്തെ പ്രവിശ്യയില്‍ ആശുപത്രി സ്ഥാപിച്ചു ചികിത്സയും മരുന്നുകളും നല്‍കി വരുന്നുണ്ട്. തുര്‍ക്കിയിലെ ദുരന്തത്തിന്‍റെ അവശിഷ്ടങ്ങള്‍ക്കിടയില്‍, ഉറ്റവരുടെ വിയോഗങ്ങള്‍ക്കിടയില്‍ നിന്നും പ്രതീക്ഷ എന്ന വാക്ക് ഇനിയും മിടിച്ചു തുടങ്ങിയിട്ടില്ല. അതുകൊണ്ടു തന്നെ ഡോ ബീനയെ പോലുള്ളവരുടെ സ്‌നേഹവും കരുതലും പരിചരണവും ഒരു ജനതയെ പ്രതീക്ഷയോടെ ജീവിതത്തിലേക്കു തിരികെ എത്തിക്കുന്നതിനും കൂടിയുള്ളതാണ്.
വി കെയര്‍ എന്ന തലക്കെട്ടോടെ എഡിജി പിഐ ഇന്ത്യന്‍ ആര്‍മിയുടെ ട്വിറ്റര്‍ പേജിലും ഡോ. ബീന തിവാരിയെ, തുര്‍ക്കിയിലെ അജ്ഞാതയായ വൃദ്ധ ചേര്‍ത്തുപിടിക്കുന്ന ചിത്രം പ്രത്യക്ഷപ്പെട്ടു. വെറുതെയൊരു ചിത്രം മാത്രം. കൂടുതല്‍ വിശദീകരണങ്ങളൊന്നുമില്ല. ക്യാച്ച്‌ലൈനോ ക്യാപ്ഷനുകളോ ഇല്ല. എന്നിട്ടും ഈ ചിത്രം ലോകം ഏറ്റെടുത്തു. കാരണം, മാനവികതയുടെ മനോഹാരികത നിറയുന്ന ഫോട്ടൊ ലോകത്തിനു നല്‍കുന്നതു പ്രത്യാശ കൂടിയാണ്, മനുഷ്യസ്‌നേഹത്തിനും കരുതലിനും മനുഷ്യന്‍ സൃഷ്ടിച്ച രാജ്യാതിര്‍ത്തികളില്ലെന്ന ബോധ്യം കൂടിയാണ്.