
ബിസിനസ് സുഗമമായാൽ വൻ നിക്ഷേപം എത്തും
representative image
ഡോ. സൗമ്യ കാന്തി ഘോഷ്
ആഗോള റേറ്റിങ് ഏജൻസികൾ അടുത്തിടെ ഇന്ത്യയിലുള്ള വിശ്വാസം ആവർത്തിച്ചു സ്ഥിരീകരിച്ചത് അഭിമാനത്തിനും സന്തോഷത്തിനും വക നൽകുന്നതു മാത്രമല്ല, കുറച്ചു വർഷങ്ങളായി കഠിനാധ്വാനത്തിലൂടെ കെട്ടിപ്പടുത്ത ഇന്ത്യാ മഹാരാജ്യത്തിന്‍റെ ഘടനാപരമായ പ്രതിരോധശേഷിയുടെ ദൃഢത തെളിയിക്കുകയും വ്യാപാര മേഖലയിലെ അനിശ്ചിതത്വങ്ങൾ ശമിപ്പിക്കുകയും ചെയ്തു.
സമ്പത്ത് പുനർവിതരണം ചെയ്യപ്പെടുന്നുണ്ടെന്നും അവസരങ്ങൾ പൂർണമായും ജനാധിപത്യവത്കരിക്കപ്പെടുന്നു എന്നും ഉറപ്പാക്കാനുതകുന്ന സമഗ്ര തന്ത്രമാണ് ആവിഷ്കരിച്ചിട്ടുള്ളത്. സഹ മത്സരാർഥികളിൽ നിന്നുള്ള കടുത്ത വെല്ലുവിളികൾ മറികടക്കുക, ആവശ്യാനുസരണം നിക്ഷേപം ആകർഷിക്കുക എന്നിവ ലക്ഷ്യമിട്ടും, ജനസംഖ്യാ തലത്തിൽ ഔപചാരികവത്കരണം, സാമ്പത്തികവത്കരണം, സാങ്കേതിക സംയോജനം എന്നിവയെ അനിവാര്യ ഘടകങ്ങളായി പ്രയോജനപ്പെടുത്തിയും, സമസ്ത മേഖലകളെയും ശക്തിപ്പെടുത്തുന്ന തരത്തിൽ മുന്നേറുന്ന "ബിസിനസ് സുഗമമാക്കൽ' നടപടികൾ നയപരവും നിയന്ത്രണപരവുമായ മേഖലകളിലുടനീളം പരിഷ്‌കാരങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്.
കൊവിഡ് മഹാമാരിയ്ക്കു ശേഷം മുൻകാലങ്ങളിൽ വളരെ വിരളമായി തെരഞ്ഞെടുക്കപ്പെട്ടിരുന്ന ഒരു പാതയിലേക്ക് ഇന്ത്യ പ്രവേശിച്ചു. "എക്സിറ്റ് സുഗമമാക്കു'ന്നതിൽ നിലനിന്നിരുന്ന തടസങ്ങൾ ഇല്ലാതാക്കിയത്, നേരിട്ടുള്ള വിദേശ നിക്ഷേപം മുഖേനയുള്ള മൂലധന പ്രവാഹം വഴിതിരിച്ചുവിടുന്നതിലും, പോർട്ട്ഫോളിയോ നിക്ഷേപത്തിലും ലോകമെമ്പാടുമുള്ള നിക്ഷേപക സമൂഹത്തിന് ആത്മവിശ്വാസം പകർന്നു. 2000നു ശേഷം ഇന്ത്യ ഒരു ട്രില്യൺ ഡോളറിലധികം നേരിട്ടുള്ള വിദേശ നിക്ഷേപം ആകർഷിച്ചു. ഇത് സേവനങ്ങൾ, സാങ്കേതികവിദ്യ, ടെലികോം തുടങ്ങിയ മേഖലകൾക്ക് വളരെയേറെ ഗുണം ചെയ്തു (സാമ്പത്തിക വർഷം 2026 ആദ്യ പാദത്തിലെ വൈടിഡി കണക്കുകൾ പ്രകാരം ഏകദേശം $25 ബില്യൺ ആണിത്). വിശ്വസനീയ വിദേശ നിക്ഷേപകർക്കായി സെബി ഒരു സിംഗിൾ വിൻഡോ ഓട്ടോമാറ്റിക് ആൻഡ് ജനറലൈസ്ഡ് ആക്‌സസ് നടപ്പാക്കുന്നതും, പ്രായേണ അപകട സാധ്യത കുറഞ്ഞ മാർക്യൂ വിദേശ നിക്ഷേപകർക്കുള്ള നടപടിക്രമങ്ങൾ ലളിതമാക്കുന്നതും, ഫെമ മാർഗനിർദ്ദേശങ്ങളിൽ റിസർവ് ബാങ്ക് ആഗ്രഹിച്ച മാറ്റങ്ങൾ സാധ്യമാകുന്നതും, അന്താരാഷ്‌ട്ര വ്യാപാരത്തിൽ രൂപയുടെ ഉപയോഗം വർധിക്കുന്നതും, അറ്റ്ലാന്‍റിക് സമുദ്ര മേഖലയിലുടനീളം ഉണർത്തുന്ന ഉത്സാഹം അവഗണിക്കാവുന്നതല്ല. പ്ലഗ്- ആൻഡ്- പ്ലേ (ഉടനടി അനുവാദവും അംഗീകാരവും) മാതൃകയിൽ ബാങ്കിങ്, ഇൻഷ്വറൻസ്, ധനകാര്യ സേവനങ്ങൾ എന്നിവയിലുടനീളം ഇൻസോൾവെൻസി ആൻഡ് ബാങ്ക്റപ്റ്റ്സി, ആസ്തി പുനർനിർമാണം, അടിസ്ഥാന സൗകര്യ ധനസഹായം, പ്ലാറ്റ്‌ഫോമൈസേഷൻ തുടങ്ങിയ സ്ഥാപന സംവിധാനങ്ങളുടെ വിജയം ദൃശ്യമാണെന്നു മാത്രമല്ല നിർമിത ബുദ്ധിയുടെ ഉപയോഗവും വർധിച്ചുവരുന്നു.
പിഎം ആവാസ് യോജന (ഏകദേശം 3.2 കോടി വീടുകൾ അനുവദിച്ചു), മുദ്ര (52 കോടിയിലധികം പേർക്ക് 33.65 ലക്ഷം കോടി അനുവദിച്ചു, ഇതിൽ 68% വനിതാ സംരംഭകർ), പിഎം സ്വനിധി (68 ലക്ഷത്തിലധികം വഴിയോരക്കച്ചവടക്കാർക്ക് 96 ലക്ഷത്തിലധികം വായ്പകൾ, ഉദ്യം (അസിസ്റ്റ് പോർട്ടലിൽ 6.86 കോടിയിലധികം എംഎസ്എംഇ രജിസ്ട്രേഷൻ), ശ്രം സുവിധ (6.63 ലക്ഷം ഇഎസ്ഐസി രജിസ്ട്രേഷനുകളുള്ള തൊഴിൽ പോർട്ടൽ, 6.49 ലക്ഷം ഇപിഎഫ്ഒ രജിസ്ട്രേഷനുകൾ, 2018 മുതൽ 1.29 ലക്ഷം കരാർ തൊഴിലാളികളുടെ രജിസ്ട്രേഷൻ), സ്വമിത്വ (ഗ്രാമീണ മേഖലകൾക്കായുള്ള സമഗ്ര സ്വത്ത് ഉടമസ്ഥാവകാശ പരിഹാരം, ഇതിൽ 3.20 ലക്ഷം ഗ്രാമങ്ങളിൽ ഡ്രോൺ സർവെ പൂർത്തിയാക്കി), നക്‌ഷ (150 നഗരങ്ങളിൽ പരീക്ഷണ അടിസ്ഥാനത്തിൽ പുരോഗമിക്കുന്ന നഗര ഭൂമിയുടെ സമഗ്രവും ജിഐഎസ് അധിഷ്ഠിതവുമായ ഡാറ്റാ ബേസ് 4,912 നഗര തദ്ദേശ സ്ഥാപനങ്ങളിലേക്ക് വ്യാപിപ്പിക്കും), എസ്എഎസ്‌സിഐ (മൂലധന ചെലവുകൾക്ക് കേന്ദ്രത്തിൽ നിന്ന് സംസ്ഥാനങ്ങൾക്ക് ലഭിക്കുന്ന 50 വർഷത്തെ പലിശരഹിത വായ്പകൾ) അടക്കമുള്ള ഉദ്യമങ്ങൾ തൊഴിൽ ശക്തിയുടെ സ്ഥിരത ഉയർത്തി.
മുമ്പ് പ്രാരംഭം കുറിച്ച ഒട്ടേറെ പദ്ധതികളെ ഇത് ശക്തിപ്പെടുത്തുന്നു. സ്മാർട്ട് സിറ്റി മിഷൻ മുതൽ ഹർ ഘർ ജൽ വരെയും പ്രധാൻ മന്ത്രി ഗരീബ് കല്യാൺ യോജന, പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി, ആയുഷ്മാൻ ഭാരത് യോജന വരെയുമുള്ള പദ്ധതികളിൽ പുതിയ നിക്ഷേപങ്ങളുടെ ധനലഭ്യതയെ സംഖ്യകൾക്കപ്പുറമുള്ള സ്വാധീനമായി പ്രതിഫലിപ്പിക്കുന്നു.
2021 മുതൽ ഇതുവരെ ജിഎസ്ടി വരുമാനം 1.9 മടങ്ങ് വർധിച്ചു (94% വളർച്ച). കോർപ്പറേറ്റ് നികുതി വരുമാനം 2.2 മടങ്ങ് വർധിച്ചു (116% വളർച്ച). ആദായ നികുതി വരുമാനം 2.42 മടങ്ങ് വർധിച്ചു (143% വളർച്ച). നികുതിദായകരുടെ എണ്ണം 1.4 മടങ്ങ് വർധിച്ചു (37% വളർച്ച, ~2.5 കോടി കൂട്ടിച്ചേർത്തു). ഉയർന്ന മൂല്യശൃംഖലയിലേക്ക് മാറുന്ന നികുതിദായകരുടെ എണ്ണത്തിൽ പ്രകടമായ പുരോഗതി ദൃശ്യമായി. 2021 മുതൽ കോർപ്പറേറ്റ് ലാഭം (മുൻ ബിഎഫ്എസ്ഐ) 2.4 മടങ്ങ്, അതായത് ~136% വർധിച്ചു.
കോർപ്പറേറ്റ് രംഗത്തെ ഔപചാരികവത്കരണം ശക്തിപ്പെടുത്തി 2023-24 സാമ്പത്തിക വർഷം 185,000ത്തിലധികം കമ്പനികൾ രൂപീകരിച്ചു. പ്രാരംഭ കണക്കുകൾ പ്രകാരം 2025 സാമ്പത്തിക വർഷം ഏകദേശം 1.63 ലക്ഷം കമ്പനികൾ രജിസ്റ്റർ ചെയ്തിരുന്നു. നിലവിൽ ഏകദേശം 18.5 ലക്ഷം സജീവ കമ്പനികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒപ്പം ഏകദേശം 8.5 ലക്ഷത്തോളം നിഷ്‌ക്രിയ/ പ്രവർത്തനരഹിത കമ്പനികളെ രേഖകളിൽ നിന്ന് ഒഴിവാക്കി. ബിനാമികളിൽ നിന്നും വ്യാജ കമ്പനികളിൽ നിന്നും മുക്തമാക്കി സംവിധാനത്തെ ശുദ്ധീകരിച്ചു. കഴിഞ്ഞ വർഷം എഎംഎൽ- സിഎഫ്ടി മേഖലയിലെ അശ്രാന്ത പരിശ്രമങ്ങൾക്ക് ആഗോള നിരീക്ഷണ സമിതിയുടെ പ്രശംസയ്ക്കു രാജ്യം പാത്രമായി.
നൂതനാശയ മേഖലയിൽ രാജ്യം അടുത്തിടെ സൃഷ്ടിച്ച മുന്നേറ്റം അത്ഭുതാവഹമാണ്. പകർപ്പവകാശങ്ങൾ, പേറ്റന്‍റുകൾ, ബൗദ്ധിക സ്വത്തവകാശം, വ്യാപാര മുദ്രകൾ എന്നിവയിലെ വളർച്ചാ നിരക്ക് വികസിത സമ്പദ്‌വ്യവസ്ഥകളേക്കാൾ മികച്ചതാണ്. നിർണായക സാങ്കേതിക വിദ്യകളിലും അപൂർവ ധാതു മേഖലകളിലും മുൻതൂക്കമുള്ള ചൈന പാശ്ചാത്യ ലോകത്തിന്‍റെ ആധിപത്യത്തെ ദുർബലപ്പെടുത്തുന്ന സാഹചര്യത്തിൽ, അക്കാദമിക- സ്ഥാപന- വ്യവസായ സഹകരണത്തിന്‍റെ ചലനാത്മക മാതൃകയ്ക്ക് തുടക്കമിട്ട്, നിർണായക പ്രാധാന്യമുള്ള മേഖലകളിൽ നാം പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.
യുഎസിലെ സിലിക്കൺ വാലി ബാങ്ക് തകർച്ചയെ തുടർന്ന് നേരിട്ട ധനദൗർലഭ്യം മറികടന്ന്, വ്യാപാര അനിശ്ചിതത്വങ്ങളിൽ നിന്ന് കരകയറിയ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ സർക്കാരിന്‍റെ കൈത്താങ്ങിലൂടെയും (ഉദാഹരണത്തിന് സ്റ്റാർട്ടപ്പുകൾക്കുള്ള ഫണ്ട്സ് ഒഫ് ഫണ്ട്) സാമ്പത്തിക പിന്തുണയിലൂടെയും മികച്ച പ്രകടനം കാഴ്ചവച്ചയ്ക്കുന്നത് ശ്രദ്ധേയമാണ്. വിജയകരമായ ഒട്ടേറെ സ്റ്റാർട്ടപ്പുകളുടെ ഓഹരി വിൽപ്പന (2014-15 മുതൽ 764 പബ്ലിക് ഇഷ്യൂകൾ) പൂർത്തിയായിട്ടുണ്ട്. സമാനമായ എസ്എംഇ ഇഷ്യൂകൾ 1200ലധികം (വൈടിഡി) ആയി നിലകൊള്ളുന്നു. മാർക്യൂ നിക്ഷേപകർക്ക് സുഗമമായ എക്സിറ്റ് ഉറപ്പാക്കുന്നതിലൂടെ മൂലധന വിപണികളുടെ പങ്ക് ശക്തിപ്പെടുത്തുന്നു. മൂലധനത്തിന്‍റെ ചാക്രികത ബഹുഗുണീകൃത ഫലങ്ങളോടെ വ്യത്യസ്ത ഘട്ടങ്ങളിൽ കൂടുതൽ യുവ സ്ഥാപനങ്ങൾക്ക് സാമ്പത്തിക ലഭ്യത ഉറപ്പാക്കുന്നു.
ആഗോള ബോണ്ട് സൂചികകളിൽ (നിലവിലെ ഇഎം സൂചികകളിൽ നിർണായകം) ഉൾപ്പെടുത്താൻ ഇന്ത്യ പരിഗണിക്കപ്പെടുന്ന സാഹചര്യത്തിൽ, നമ്മുടെ വായ്പാ വിപണിയുടെ പുനഃക്രമീകരണം ആവശ്യമായി വരും. മൾട്ടി മോഡൽ ഇൻഫ്രാസ്ട്രക്ചറിന് (എൻഐപി/ എൻഎംപി/ പിഎം ഗതിശക്തി) വൻ ധനസഹായം ആവശ്യമാണ്. അതുകൊണ്ടുതന്നെ, ഇന്ത്യൻ സ്വകാര്യ സ്ഥാപനങ്ങൾ ഇപ്പോൾ ആഗോളമായി ചിന്തിക്കേണ്ടതുണ്ട്. ബ്രാൻഡ് ഇന്ത്യയെ ലോകമെമ്പാടും ഉറപ്പിച്ചു നിർത്തുകയും പ്രവാസികളുടെ വിശാലമായ പ്രതിഭാ സംഘത്തെ പ്രയോജനപ്പെടുത്തുകയും അതിവേഗ സ്വാധീനത്തിനും സംയോജിത വളർച്ചയ്ക്കും വേണ്ടി പ്രവർത്തിക്കുകയും വേണം.