മൂന്നു ബെല്ലുകൾ മുഴങ്ങി, അരങ്ങിലുണ്ട് നിലമ്പൂർ മണി

തീരശീല ഉയർന്നു തന്നെ നിൽക്കുന്നു. മൂന്നു ബെല്ലുകൾക്കായി കാതോർക്കുന്നു. എല്ലാ വെളിച്ചവും അണഞ്ഞതിനു ശേഷം അരങ്ങിലതാ കഥാപാത്രമായി നിലമ്പൂർ മണി എത്തുന്നു
മൂന്നു ബെല്ലുകൾ മുഴങ്ങി, അരങ്ങിലുണ്ട് നിലമ്പൂർ മണി

അനൂപ് കെ. മോഹൻ

ഗുരുവായൂർ മേൽപ്പത്തൂർ ഓഡിറ്റോറിയം. അരങ്ങിൽ ഭക്തകവി പൂന്താനം എന്ന നാടകം. ആ നടയിൽ ആദ്യം അവതരിപ്പിക്കപ്പെടുന്ന നാടകം. ഗുരുവായൂരപ്പന്‍റെ നടയിൽ പൂന്താനത്തിന്‍റെ കഥ നടക്കുന്നു. അരങ്ങിൽ, പൂന്താനമായി വേഷമിട്ട നടൻ, കണ്ണാ എന്നു ഭക്തപാരവശ്യത്തോടെ കണ്ണു നിറഞ്ഞു വിളിക്കുന്നു... ഐതിഹ്യത്തിന്‍റെ നടയിൽ കഥാപാത്രമായി, പൂന്താനമായി പര കായപ്രവേശം നടത്തി നിൽക്കുകയാണ് ആ നടൻ. ഒരിക്കലും മറക്കാനാകാതെ നിലമ്പൂർ മണിയുടെ മനസിൽ ഇപ്പോഴുമുണ്ട് ആ അരങ്ങനുഭവം. ഒരു നാടകനടനും ലഭിക്കാത്ത അപൂർവ ഭാഗ്യം. ആ അനുഭവത്തിന്‍റെ തീവ്രത വാക്കുകളിലൂടെ പറഞ്ഞറിയി ക്കാന്‍ പരാജയപ്പെടുന്നു ഈ നടന്‍. അരങ്ങുകളിൽ നിന്നും അരങ്ങുകളി ലേക്കുള്ള സഞ്ചാരത്തിനിടയിൽ അപൂർവമായി ലഭിക്കുന്ന സൗഭാഗ്യം.

നിലമ്പൂരിന്‍റെ നാടകവഴികളിലൂടെ

കഥാപാത്രവൈവിധ്യത്തിൽ, അഭിനയമുഹൂർത്തങ്ങളാൽ നിരവധി നാടകരാവുകളെ ധന്യമാക്കിയ നടനാണു നിലമ്പൂർ മണി. മണിയുടെ നാടകജീവിതം 45 വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞു. പഠനശേഷം ജീവിതഭാരങ്ങൾ ഏറ്റെടുത്തു കൊണ്ടു ആൻഡമാൻ നിക്കോബാറിലേക്കു ജോലിക്കു പോയയാളാണു മണി. ചില അമേച്വർ നാടകങ്ങളിൽ അഭിനയിച്ചിരുന്നു എന്നതൊഴിച്ചാൽ, നാടകാഭിനയമൊരു ജീവിതവഴിയായി തെരഞ്ഞെടുക്കാനുള്ള ചിന്തയൊന്നുമുണ്ടായിരുന്നില്ല.

കെ ടി മുഹമ്മദിന്‍റെ കാഫര്‍, മനുഷ്യന്‍ തുടങ്ങിയ നാടകങ്ങളില്‍ അക്കാലത്ത് അഭിനയിച്ചിരുന്നു. അയല്‍ക്കാരിയും നാടകനടിയുമായ നിലമ്പൂര്‍ അയി ഷയ്‌ക്കൊപ്പമായിരുന്നു ആ നാടകങ്ങള്‍. പ്രൊഫഷണല്‍ നാടകത്തിലേക്കുള്ള വഴി തുറന്നതും നിലമ്പൂര്‍ അയിഷ തന്നെ.

എൻ. എൻ. പിള്ള വിളിക്കുന്നു

1978-ൽ കോഴിക്കോട് സംഗമം തിയറ്റേഴ്സിലൂടെയാണു പ്രൊഫഷണൽ നാടകത്തിനു തുടക്കമാകുന്നത്. തിക്കോ ടിയന്‍ എഴുതി എം ടി വാസുദേവന്‍ നായര്‍ സംവിധാനം ചെയ്ത മഹാഭാരതം എന്ന നാടകത്തിലെ സമാധാനപ ്രവര്‍ത്തകന്‍റെ വേഷം. നാലു വര്‍ഷം കോഴിക്കോട് സംഗമം തിയറ്റേഴ്‌സില്‍ സഹകരിച്ചു. ജമാല്‍ കൊച്ചങ്ങാടി എഴുതിയ ഇനിയും ഉണരാത്തവര്‍ എന്ന നാടകത്തില്‍ ഏഴ് വ്യത്യസ്ത കഥാപാത്രങ്ങളായി മണി അരങ്ങിലെത്തി. ആ നാടകത്തിലെ അഭിനയം കണ്ടൊരു വിളി വന്നു, വിശ്വകേരള കലാ സമിതിയിലേക്ക്. സാക്ഷാൽ എൻ. എൻ. പിള്ളയുടെ നാടകട്രൂപ്പിലേക്ക്.

മണിയുടെ അഭിനയപാടവം തെളിഞ്ഞ കളരിയായിരുന്നു വിശ്വകേരള കലാസമിതി. നിരവധി നാടകങ്ങൾ. കേരളം അംഗീകരിച്ച അനവധി അരങ്ങുകൾ. എന്‍ എന്‍ പിള്ളയുടെ കാപാലികയിലെ പള്ളീലച്ചന്‍, ക്രോസ് ബെല്‍റ്റിലെ ജസ്റ്റിസ് കൃഷ്ണന്‍ തമ്പി, പ്രേതലോകത്തിലെ രാഘവന്‍, കണക്ക് ചെമ്പകരാമനിലെ ഐഎഎസ് ഓഫീസര്‍... അങ്ങനെ എത്രയെത്രെ കഥാപാത്രങ്ങൾ.

തിരശീല വീഴുകയാണ്

നാടകത്തേക്കാൾ നാടകീയമാണല്ലോ ചിലപ്പോൾ ജീവിതം. അരങ്ങിനെ അത്രയധികം സ്നേഹിച്ച നിലമ്പൂർ മണി ഒരിക്കൽ അരങ്ങിനെ ഉപേക്ഷിക്കാൻ തീരുമാനമെടുത്തിരുന്നു. അങ്കമാലി ഐശ്വര്യയുടെ കുടുംബദൂത് എന്ന നാടകത്തില്‍ അഭിനയിക്കുന്ന സമയം. ഒരുദിവസം പെട്ടെന്നൊരു നെഞ്ചുവേദന. ഹൃദയാഘാതത്തിന്‍റെ ലക്ഷണങ്ങള്‍. നേരെ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രി യിലേക്ക്. അരങ്ങുകളിൽ നിന്നും അരങ്ങുകളിലേക്കു വിശ്രമ മില്ലാതെ പാഞ്ഞ ജീവിതത്തിനൊരു മുന്നറിയിപ്പ്. ഹൃദയാരോഗ്യം കാക്കാൻ അത്രയും കാലം ഹൃദയത്തിൽ ആവാഹിച്ച നാടകത്തെ ഉപേക്ഷിച്ചേ മതിയാകൂ എന്ന സാഹചര്യം. ഇനിയങ്ങോട്ട് സ്പോട്ട് ലൈറ്റുകളില്ല, മൂന്നു ബെല്ലിനപ്പുറം ജീവിതം തുടിക്കുന്ന നാടകമില്ല. തിരശീല വിഴുകയാണ്.

പൂന്താനത്തിന്‍റെ വേഷപ്പകർച്ചകളിലേക്ക്

എന്നാൽ ഈ തീരുമാനത്തിന് അധികം ആയുസുണ്ടായില്ല. തിരുവനന്തപുരം അക്ഷരകലയുടെ പുതിയ നാടകത്തിലേക്കു വിളിച്ചു. നാടകം ഭക്തകവി പൂന്താനം. വേഷം പൂന്താനം നമ്പൂതിരിയുടേതും. പറ്റില്ലെന്നു പറയാൻ കഴിയില്ലായിരുന്നു. അത്രയ്ക്കും മോഹിപ്പിക്കുന്ന കഥാപാത്രമാണ്. പൂന്താനം നമ്പൂതിരിയുടെ വേഷപ്പകർച്ച കളിലേക്കു ചേരാൻ തന്നെ തീരുമാനിച്ചു. കേരളത്തിലങ്ങോളമിങ്ങോളം സ്വീകാര്യത നേടിക്കൊണ്ടു പൂന്താനം സഞ്ചരിച്ചു. കേരള സംഗീത നാടക അക്കാഡമിയുടെ മികച്ച നടനുള്ള പുരസ്‌കാരവും ആ കഥാപാത്രത്തിലൂടെ മണിയെ തേടിയെത്തി.

മണിയുടെ നാടകജീവിതത്തിന് ആദര വര്‍പ്പിച്ചു കൊണ്ടു ഗുരുപൂജ പുരസ്‌കാരവും ലഭിച്ചിരുന്നു. 45 വർഷത്തിലധികം നീളുന്ന നാടകജീവിതത്തിൽ നെയ്യാറ്റിൻകര മുതൽ പയ്യന്നൂർ വരെ നിരവധി നാടക ട്രൂപ്പുകളിൽ സഹകരിച്ചു. മനസറിഞ്ഞ് ആടിത്തിമിർത്ത എത്രയോ കഥാപാത്രങ്ങൾ. പൂന്താനം നമ്പൂതിരി യുടെ മുപ്പത്തഞ്ചു വയസു മുതല്‍ എഴുപതു വയസ് വരെ, സ്വര്‍ഗാരോഹണം വരെയാണ് അരങ്ങിൽ അഭിനയിച്ചു ഫലിപ്പിച്ചത്.

തുടരുന്ന നാടകജീവിതം

ചങ്ങനാശേരി അണിയറയുടെ അകലങ്ങളില്‍ തനിയെ എന്ന നാടകത്തിലെ സയന്‍റിസ്റ്റ്, തിരുവന ന്തപുരം കേരള തിയറ്റേഴ്‌സിന്‍റെ എന്നും പ്രിയപ്പെട്ടവരിലെ മൂന്നു വ്യത്യസ്ത വേഷങ്ങള്‍ തുടങ്ങിയ കഥാപാത്രങ്ങളിലൂടെ നിലമ്പൂര്‍ മണിയുടെ നാടകജീവിതത്തിനു തുടര്‍ച്ച സംഭവിക്കുന്നുണ്ട്. കോഴിക്കോട് കലാഭവന്‍റെ ഉന്തുവണ്ടി എന്ന നാടകത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കു മ്പോഴാണ് കൊവിഡ് ലോക് ഡൗണ്‍ പ്രഖ്യാപിക്കുന്നത്. പിന്നെയങ്ങോട്ട് നാടകമില്ലാത്ത കാലം.

എങ്കിലും വെറുതെയിരുന്നില്ല. കോവിഡി നെതിരെ നീങ്ങുന്ന ഗവണ്‍മെന്‍റ് ആശുപത്രി ജീവനക്കാരുടെ കഥ പറഞ്ഞ ജാലകം എന്ന ശബ്ദനാടകം പുറത്തിറക്കി. അടുത്ത കൊല്ലം ആലപ്പുഴ ഭരത് കമ്യൂണിക്കേഷൻസിന്‍റെ വീട്ടമ്മ എന്ന നാടകത്തിലായിരിക്കും മണി അഭിന യിക്കുക. തീരശീല ഉയർന്നു തന്നെ നിൽക്കുന്നു. മൂന്നു ബെല്ലുകൾക്കായി കാതോർക്കുന്നു. എല്ലാ വെളിച്ചവും അണഞ്ഞതിനു ശേഷം അരങ്ങിലതാ കഥാപാത്രമായി നിലമ്പൂർ മണി എത്തുന്നു. അരങ്ങിലെ ഈ കാഴ്ച തുടരുകയാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com