ജീവിതമെന്നെ നാടകക്കാരിയാക്കി: 'കാപാലിക'യിലെ റോസമ്മ സംസാരിക്കുന്നു

പ്രേക്ഷകമനസിനെയും അരങ്ങി നെയും കോർത്തിണക്കാൻ കഴിഞ്ഞാൽ അതൊരു കലാകാരന്‍റെ വിജയമായി. ആയിരത്തിലധികം വേദികളിൽ അഭിനയത്തിലൂടെ നിറഞ്ഞുനിൽക്കാൻ കഴിഞ്ഞ അഭിനേത്രി തിരിച്ചറിഞ്ഞ പാഠങ്ങൾ
ജീവിതമെന്നെ നാടകക്കാരിയാക്കി: 'കാപാലിക'യിലെ റോസമ്മ സംസാരിക്കുന്നു

ആർദ്ര ഗോപകുമാർ

"നാടകത്തിന് ഒരിക്കലും നാടകീയത പാടില്ല. പരിചയമുള്ള ആളുക‍ളോട് എങ്ങനെ പെരുമാറുന്നോ, സംസാരിക്കുന്നോ അതേരീതിയിൽ തീർത്തും സാധാരണ രീതിയിലാവണം ഒരു കലാകാരന്‍ അരങ്ങിൽ പെരുമാറേണ്ടത്.' ജെസിയുടെ മനസിൽ ഇപ്പോഴുമുണ്ട് ഈ വാക്കുകൾ. നാടകത്തിന്‍റെ അനുഭവത്തറയിൽ അഭിനേത്രിയായി മാറ്റു തെളിയിക്കുമ്പോൾ ഈ വാക്കുകൾ എന്നുമോർത്തിട്ടുണ്ട്, കരുത്തായിട്ടുണ്ട്. മലയാളത്തിന്‍റെ നാടകാചാര്യൻ എൻ. എൻ. പിള്ള പറഞ്ഞുതന്ന, പകർന്നുതന്ന പാഠങ്ങളാണ് ഈ വാക്കുകളെന്നു ജെസി ഓർക്കുന്നു. അത്തരത്തിൽ നാടകീയതകളില്ലാതെ പ്രേക്ഷകമനസിനെയും അരങ്ങി നെയും കോർത്തിണക്കാൻ കഴിഞ്ഞാൽ അതൊരു കലാകാരന്‍റെ വിജയമായി. ആയിരത്തിലധികം വേദികളിൽ അഭിനയത്തിലൂടെ നിറഞ്ഞുനിൽക്കാൻ കഴിഞ്ഞ അഭിനേത്രി തിരിച്ചറിഞ്ഞ പാഠങ്ങൾ. ഇതു തൃശൂർ ജെസി. ഏറെ ജനകീയമായ കലാരൂപത്തിൽ കാലങ്ങളോളം നിറഞ്ഞു നിന്ന കലാകാരി. ആ ജീവിതത്തിലേക്ക്..

ദൈവം തന്ന കല

എഴുപതുകൾ. നാടകങ്ങളുടെ വസന്തകാലം. കൊയ്ത്തൊഴിഞ്ഞ പാടങ്ങളിലുയർന്ന വേദികളിലും, അമ്പലപ്പറമ്പുകളിലുമൊക്കെ ആസ്വാദനത്തിനൊരു ഉത്തരമേ ഉണ്ടായിരുന്നുള്ളൂ, നാടകം, നാടകം മാത്രം. ആ എഴുപതുകളിലാണു ജെസി നാടകത്തിലേക്ക് എത്തുന്നത്. സ്കൂളിൽ അവതരിപ്പിച്ച നൃത്തനാടകത്തിലൂടെയായിരുന്നു അഭിനയജീവിതത്തിന്‍റെ തുടക്കം. അപ്പോഴും അതൊരു ജീവിതമാർഗമായി മാറുമെന്ന ചിന്തയൊന്നുമില്ല. പക്ഷേ പതിനൊന്നു പേരടങ്ങുന്ന കുടുംബ ത്തിന്‍റെ ചുമതല ഏൽക്കേണ്ട അവസ്ഥ വന്നപ്പോൾ, അഭിനയം തന്നെ മാർഗമായി തെരഞ്ഞെടുക്കുകയായിരുന്നു. അക്കാലത്ത് ഒരു മണിക്കൂർ നാടകങ്ങളായിരുന്നു അവതരിപ്പിച്ചിരുന്നത്.

ദൈവം തന്ന കല എന്നാണു ജെസി നാടകത്തെ വിശേഷിപ്പിക്കുന്നത്. ആദ്യ അമേച്വർ അരങ്ങുകളിൽ നിന്നും പ്രൊഫഷണൽ നാടകരംഗത്തേക്കുള്ള ചുവടുമാറ്റം കഴിമ്പ്രം വിജയന്‍റെ സമിതിയിലൂടെയാണ്. നാടകത്തെക്കുറിച്ചു ഗൗരവമായി ചിന്തി ക്കാൻ പ്രേരിപ്പിച്ചത് ആദ്യ ഗുരുനാഥനായ കഴിമ്പ്രം വിജയനാണെന്നു ജെസി ഓർക്കുന്നു.

വിശ്വകേരള കലാസമിതി എന്ന പാഠം

അരങ്ങിൽ വിപ്ലവം സൃഷ്ടിച്ച അനവധി അവതരണങ്ങളുമായെത്തിയ വിശ്വ കേരള കലാസമിതിയായിരുന്നു ജെസിയുടെ അടുത്ത തട്ടകം. എൻ. എൻ പിള്ളയുടെ സമിതിയിൽ കാപാലിക എന്ന നാടകത്തിലെ റോസമ്മയായി അരങ്ങിലെത്തി. അതൊരു അനുഭവം തന്നെയായിരുന്നു. മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചു. ട്രൂപ്പിനൊപ്പം യുഎഇ സന്ദർശിക്കാനും അവിടെ നാടകം അവതരിപ്പിക്കാനും അവസരം ലഭിച്ചു. തുടർന്ന് എന്‍. എന്‍ പിള്ളയുടെ ""ക്രോസ്സ്ബെൽറ്റ്"", ""എൻഒസി"", ""ഡാം"", ""കെഎൽകെ 82"" എന്ന നാടകങ്ങളിലും അഭിനയിച്ചു. ആറു വർഷത്തോളം വിശ്വ കേരള കലാസമിതിയിൽ ഉണ്ടായിരുന്നു. ഇന്നും കാപാലിക എന്ന നാടകത്തിന്‍റെ പേരു പറയുമ്പോൾ, റോസമ്മ എന്ന കഥാപാത്രത്തെ നാടകപ്രേമികൾ ഓർത്തിരിക്കുന്നുണ്ടെന്ന് പുത്തൻപീടിക ജെസി അഭിമാനത്തോടെ ഓർക്കുന്നു.

പിന്നീട് തൃശൂർ ആസ്ഥാനമായി രൂപം കൊണ്ട ഹിറ്റ്സ് ഇന്‍റർനാഷണൽ എന്ന സമിതിയിൽ രണ്ടു വർഷത്തോളം സഹകരിച്ചു. കഴിമ്പ്രം വിജയന്‍റെ തന്നെ ""കൃത്യം 12 മണി"" എന്ന നാടകമായിരുന്നു അവതരിപ്പിച്ചിരുന്നത്. പ്രശസ്തമായ നാടകം നിരവധി വേദികളിൽ എത്തി.

അടുത്ത സമിതി ചാലക്കുടി സാരഥി തിയറ്റേഴ്സായിരുന്നു. നടൻ തിലകൻ സംവിധാനം ചെയ്ത "" ആദിശങ്കരന്‍ ജനിച്ച നാട്ടിൽ"" എന്ന നാടകത്തിലെ തമ്പുരാട്ടിക്കുട്ടിയുടെ കഥാപാത്രവും വിജയമായി. അങ്കമാലി നാടകനിലയത്തിന്‍റെ മാന്ത്രികപ്പൂച്ച എന്ന നാടകത്തിലെ അഡ്വ. സുനിത എബ്രഹാം എന്ന കഥാപാത്രവും അഭിനയജീവിതത്തിലെ പ്രധാനപ്പെട്ട ഒന്നാണ്. ഇതിനിടയിൽ അംബിക നായകയായി ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത 1981 ൽ ഇറങ്ങിയ പ്രേമഗീതങ്ങൾ എന്ന സിനിമയിൽ ഒരു ചെറിയ വേഷം ചെയ്യാനും അവസരവും ലഭിച്ചു. 1992-ൽ, മുപ്പത്തിമൂന്നാം വയസിൽ വിവാഹത്തിനു ശേഷം നാടകജീവിതത്തിനു താൽക്കാലികമായി വിട പറയേണ്ടി വന്നു.

തിരികെ അരങ്ങിലേക്ക്

ജീവിതത്തിൽ കുടുംബിനിയുടെ വേഷമണിഞ്ഞതോടെ നാടകം പതുക്കെ മറഞ്ഞു തുടങ്ങി. രണ്ടു മക്കളുമായി ജീവിതം തുടർന്നു. എന്നാൽ പിന്നീടൊരു തിരിച്ചുവരവിനു കളമൊരുങ്ങുന്നതു മഹാമാരി ക്കാലത്തിനു തൊട്ടു മുമ്പാണ്. കൈയിലുള്ള അഭിനയമെന്ന സിദ്ധിയെ മുറുകെ പിടിക്കാൻ സാഹചര്യമൊരുക്കിയതു സാമ്പത്തിക പ്രതിസന്ധിയാണ്. വീണ്ടും അരങ്ങിലേക്ക്. അങ്ങനെ 30 കൊല്ലങ്ങൾക്കു ശേഷം തൃശൂർ വസുന്ധര തിയറ്റേഴ്സിന്‍റെ ഗ്രീൻ റൂമിൽ വീണ്ടും മേക്കപ്പണിഞ്ഞു. വിവാഹശേഷം ജെസി അരിമ്പൂർ എന്ന പേരിലാണു വേദികളിലെത്തിയിരുന്നത്.

എന്നാൽ കരുതുന്നതു പോലെ കാക്കാൻ ഉത്തരവാദിത്തമില്ലാത്ത കാലത്തിന്‍റെ കളിയിൽ നിർഭാഗ്യങ്ങളാണു കാത്തിരുന്നത്. കൊവിഡിന്‍റെ കാലമായതു കൊണ്ടു തന്നെ സ്റ്റേജുകളുടെ എണ്ണത്തിൽ വളരെ താഴേക്കു പോയി. എട്ടു വേദികൾ മാത്രമേ ആ നാടകത്തിനു ലഭിച്ചുളളൂ. ആ സമിതിയിൽ നിന്നും ഇറങ്ങേണ്ടി വന്നു. ഇപ്പോൾ പുതിയൊരു നാടകത്തിലേക്കു ക്ഷണിച്ചിരിക്കുന്നു. അടുത്ത നാടകകാലം മുതൽ പുതിയൊരു കഥാപാത്രമായി ജെസി ആ ട്രൂപ്പിലായിരിക്കും.

കാപാലികയിലെ റോസമ്മ

എൻ എൻ പിള്ളയുടെ കാപാലികയിലെ കഥാപാത്രം തന്നെയാണ് നാടകജീവിതത്തിലെ ജെസിയുടെ ഇഷ്ടവേഷം. ആ നാടകത്തിന്‍റെ നട്ടെല്ലായിരുന്നു റോസമ്മ എന്ന കഥാപാത്രം. എക്കാലത്തേയും ഇഷ്ടകഥാപാത്രം കാപാലികയിലെ റോസമ്മയായിരിക്കുമെന്നു ജെസി ഉറപ്പിച്ചു പറയുന്നു. ജെസിക്ക് ഏതു വേഷം നൽകിയാലും അതു ഭദ്രമായിരിക്കുമെന്ന് നാടകസംവിധായകൻ നൽകുന്ന ഉറപ്പുണ്ട്. ആ ഉറപ്പാണ് ജെസിയുടെ അരങ്ങിലെ കരുത്തും വിശ്വാസവും. അതിനു മറ്റേതു പുരസ്കാരത്തേക്കാളും മൂല്യമുണ്ടെന്നു ജെസി ഉറച്ചു വിശ്വസിക്കുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com