രാ​ഷ്‌​ട്രീ​യം നു​ര​ഞ്ഞ് ല​ഹ​രി ച​ർ​ച്ച

ഒരു മാസത്തിനിടെ ഇതേ വിഷയത്തിൽ രണ്ടാം തവണയും ഈ സർക്കാരിന്‍റെ കാലത്ത് ഈ വിഷയം മൂന്നാം തവണയുമാണ് സഭ നിർത്തിവച്ച് ചർച്ച ചെയ്തത്
drug cases discussed in the Assembly

രാ​ഷ്‌​ട്രീ​യം നു​ര​ഞ്ഞ് ല​ഹ​രി ച​ർ​ച്ച

Updated on

എം.ബി.​ സന്തോഷ്

കേ​ഴി​ക്കോ​ട് താമരശേരിയിൽ സ്കൂൾ വിദ്യാർഥികൾ സഹപാഠിയെ മർദിച്ചുകൊന്നതിന്‍റെയും തി​രു​വ​ന​ന്ത​പു​രം വെഞ്ഞാറമൂട്ടിൽ യുവാവ് 5 പേരെ കൊലപ്പെടുത്തിയതിന്‍റെയും പശ്ചാത്തലത്തിൽ ലഹരി വ്യാപനത്തെക്കുറിച്ച് നിയമസഭയിൽ അടിയന്തര പ്രമേയം സഭ നിർത്തിവച്ച് ചർച്ച ചെയ്തു. മുൻ പ്രതിപക്ഷ​ നേതാവ് രമേശ് ചെന്നിത്തല അവതരിപ്പിച്ച ഉപക്ഷേപം അതീവ ഗൗരവമുള്ള സാമൂഹിക വിഷയമാണെന്നും സഭ മാത്രമല്ല, പൊതു സമൂഹവും ചർച്ച ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കത്തിൽ നിലപാടെടുത്തു. കാലിക പ്രസക്തിയുള്ള വിഷയത്തിൽ ചർച്ചയ്ക്ക് തയ്യാറായ സർക്കാരിനെ സ്പീക്കർ എ.എൻ. ഷംസീർ അഭിനന്ദിച്ചു.

ഒരു മാസത്തിനിടെ ഇതേ വിഷയത്തിൽ രണ്ടാം തവണയും ഈ സർക്കാരിന്‍റെ കാലത്ത് ഈ വിഷയം മൂന്നാം തവണയുമാണ് സഭ നിർത്തിവച്ച് ചർച്ച ചെയ്തത്.​ മുമ്പത്തെ അപേക്ഷിച്ച് ഇന്നലെ ചർച്ചയിൽ രാ​ഷ്‌​ട്രീയം നുരഞ്ഞും പുകഞ്ഞും തുളുമ്പി. ചിലപ്പോഴൊക്കെ അത് ബഹളത്തിനുമിടയായെങ്കിലും നിയന്ത്രണാതീതമായില്ല. ​മുഖ്യമന്ത്രിയും പ്രതിപക്ഷ​ നേതാക്കളുമായി നേരിട്ട് ഏറ്റുമുട്ടുന്നതിനും സഭ സാക്ഷ്യം വഹിച്ചു.

നമ്മുടെ യുവത്വം പുകഞ്ഞ് ഇല്ലാതാകുന്നുവെന്നും കേരളം കൊളംബിയ ആയിമാറുന്നുവെന്നും ഈ വിപത്തിനെ ഒന്നിച്ചുനിന്ന് എതിര്‍ക്കണമെന്നും അഭ്യർഥിച്ച പ്രമേയാവതാരകനായ രമേശ് ചെന്നിത്തല, ടിപി കേസിലെ പ്രതികൾക്ക് പരോൾ നൽകുന്നതിലൂടെ എന്ത് സന്ദേശമാണ് മുഖ്യമന്ത്രി നൽകുന്നതെന്ന് ചോദിച്ചു. ബ്രൂവറി, ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ വധം, നവീൻ ​ബാബുവിന്‍റെ മരണം, പെരിയ കൂട്ടക്കൊല, എസ്എഫ്ഐ, ​റാഗിങ് എന്നിങ്ങനെ രാ​ഷ്‌​ട്രീയ വിഷയങ്ങളിലേക്കിറങ്ങി, പലവട്ടം "മിസ്റ്റർ, ചീഫ് മിനിസ്റ്റർ' എന്ന് മുഖ്യമന്ത്രിയെ സംബോധന ചെയ്തു.

അതോടെ, മുഖ്യമന്ത്രി ക്ഷുഭിതനായി ഇടപെട്ടു: "മിസ്റ്റർ ചീഫ് മിനിസ്റ്റർ എന്ന് പറഞ്ഞു ചോദിച്ചുകൊണ്ടിരിക്കുന്നു. അതിനെല്ലാം ഇപ്പോൾ മറുപടി പറയണോ? അതാണോ ഇവിടുത്തെ പ്രശ്നം? നാടിന്‍റെ പ്രശ്നം എന്താണെന്നു മന​സിലാക്കണം.​ തീർത്തും അനാവശ്യ കാര്യങ്ങൾ പറയുന്നു'

ചെന്നിത്തലയ്ക്കു പിന്തുണയുമായി ഉടൻ പ്രതിപക്ഷ നേതാവ് വി.ഡി.​ സതീശന്‍ എഴുന്നേറ്റു: "സർക്കാരിനെ കുറ്റപ്പെടുത്തുമ്പോള്‍ അസഹിഷ്ണുത എന്തിനാണ്?​ സർക്കാരും മുഖ്യമന്ത്രിയും എഴുതിത്തരുന്നത് പ്രസംഗിക്കാനല്ല ഞങ്ങൾ ഇവിടെ ഇരിക്കുന്നത്.'

വിഷയത്തിന്‍റെ ഗൗരവം മനസി​ലാക്കണമെന്ന് അഭ്യർഥിച്ച സ്പീക്കർ, കുറ്റപ്പെടുത്തേണ്ട സമയമല്ലെന്നും ആരോഗ്യകരമായ ചർച്ചയാണ് വേണ്ടതെന്നും ആവർത്തിച്ചു.

അടിയന്തര പ്രമേയ നോട്ടീസിനെ അടിസ്ഥാനപ്പെടുത്തിയാണ് ചർച്ച ചെയ്യേണ്ടതെന്നും ചെന്നിത്തല സങ്കുചിത രാ​ഷ്‌​ട്രീയ ലക്ഷ്യം വച്ചാണ് പ്രസംഗിക്കുന്നതെന്നും നിയമമന്ത്രി പി.​ ​രാജീവ് ആരോപിച്ചു.ഒരു സാമൂഹിക​ വിപത്തിൽനിന്ന് രാ​ഷ്‌​ട്രീയലാഭം​ കൊയ്യാനുള്ള ദുഷ്ടലാക്കാണ് ചെന്നിത്തലയ്ക്കെന്ന് പാർലമെന്‍ററി മന്ത്രി എം.ബി. രാജേഷ് കുറ്റപ്പെടുത്തി.

താന്‍ എന്തു പ്രസംഗിക്കണമെന്ന് മുഖ്യമന്ത്രി തീരുമാനിക്കേണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. നാട്ടില്‍ വര്‍ധിച്ചുവരുന്ന അതിക്രമങ്ങളെക്കുറിച്ച് പറയാന്‍ മുഖ്യമന്ത്രിയുടെ ചീട്ട് ആവശ്യമില്ല. "മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍' എന്നു വിളിക്കുന്നത് അണ്‍പാര്‍ലമെന്‍ററി അല്ലെന്നും ചെന്നിത്തല അറിയിച്ചു.

വെഞ്ഞാറമൂട്, താമരശേരി കൊലപാതകങ്ങൾ സിപിഎം വിഷയമാണോയെന്ന് കെ.വി. സുമേഷ് (​സിപിഎം) ചോദിച്ചു.കഴിഞ്ഞ 9 വർഷം ലഹരിമാഫിയയെ തകർക്കാൻ ശക്തമായ നടപടി എടുത്ത മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് അദ്ദേഹം അവകാശപ്പെട്ടു.

ലഹരി മാഫിയകളിലെ വലിയ തിമിംഗലങ്ങളെ പൊലീസ് പിടികൂടുന്നില്ലെന്നും പലപ്പോഴും പിടിയിലാകുന്നത് അവസാന കണ്ണികളാണെന്നും റോജി എം. ജോൺ (​കോൺ) ആരോപിച്ചു. പൊലീസിനും ലഹരി മാഫിയയെ പേടിയാണ്. എക്സൈസ് വകുപ്പ് തുരുമ്പിച്ച ലാത്തിയുമായി നടക്കുകയാണ്. ഇതിനെല്ലാം കാരണം സർക്കാരിന്‍റെ വീഴ്ചയാണ്. അതിക്രമങ്ങൾക്ക് പിന്നിൽ സിനിമയ്ക്കും പങ്കുണ്ട്. ചില സിനിമകൾക്ക് സെൻസർ ബോർഡ് അനുമതി എങ്ങനെ ലഭിച്ചുവെന്ന് അദ്ദേഹം ചോദിച്ചു.

പിണറായി വിജയൻ 9 വർഷം ഭരിച്ചത് ഓടിളക്കി വന്നല്ലെന്നായിരുന്നു ഇ.​കെ. വിജയന്‍റെ (​സിപിഐ) മറുപടി. "ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന്ന് കൗതുകം' എന്നതാണ് പ്രതിപക്ഷ​ സമീപനമെന്ന് അദ്ദേഹം പരിഹസിച്ചു.

താമരശേരി കൊലപാതക കേസിലെ പ്രതി ടി.​പി കേസിലെ പ്രതിയോടൊപ്പം നിൽക്കുന്ന ചിത്രം പുറത്തുവന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഡോ. എം.കെ. മുനീർ (​മുസ്‌​ലിം ​ലീഗ്) മുഖ്യമന്ത്രി വിചാരിച്ചാൽ ഒറ്റദിവസം കൊണ്ട് ലഹരി​ വ്യാപനം അവസാനിപ്പിക്കാമെന്ന് അഭിപ്രായപ്പെട്ടു.

ലഹരിവ്യാപനത്തിന്‍റെ കാരണങ്ങളെക്കുറിച്ച് സമഗ്രപഠനം വേണമെന്നായിരുന്നു പ്രമോദ് നാരായണ​ന്‍റെ (​കേരള കോൺ - എം) ആവശ്യം.

രമേശ് ചെന്നിത്തലയുടെ ആരോപണങ്ങൾക്ക് രാ​ഷ്‌​ട്രീയ മറുപടി പറഞ്ഞ ലിന്‍റോ ജോസഫ് (​സിപിഎം) യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ലഹരിക്കടത്തിന് പിടിയിലായതിന്‍റെ കാര്യം പറഞ്ഞപ്പോൾ അതിന്‍റെ എഫ്ഐ​ആർ ചോദിച്ച് രാഹുൽ മാങ്കൂട്ടത്തിൽ (​കോൺ) എഴുന്നേറ്റു. യൂത്ത് കോൺഗ്രസ് നേതാക്കളെ അറസ്റ്റുചെയ്താൽ ഇതുപോലെയാണ് സംരക്ഷിക്കുന്നതെന്ന് ലിന്‍റോയുടെ മറുപടി.

കുറ്റകൃത്യങ്ങളിലേക്ക് കുട്ടികൾ എങ്ങനെയാണ് നിർഭയമായി കടന്നുവരുന്നതെന്ന് ചിന്തിക്കണമെന്ന് മോൻസ് ജോസഫ് (കേരള കോൺ ) ആവശ്യപ്പെട്ടു.

ലഹരിവ്യാപനത്തിനെതിരെ ബോധവൽക്കരണത്തെക്കാൾ നടപടികളാണ് ആവശ്യമെന്നായിരുന്നു അനൂപ് ജേക്കബി​ന്‍റെ (​കേരള കോൺ- ​ജേക്കബ്) അഭിപ്രായം.

കുവൈറ്റിലെ തന്‍റെ 4 സ്കൂളുകളിലെ ലഹരി വിമുക്ത പ്രവർത്തനങ്ങളെപ്പറ്റിയാണ് തോമസ് കെ. തോമസ് (എൻസിപി) വിശദീകരിച്ചത്.

ടി.പി വധക്കേസിലെ പ്രതികൾക്ക് ആദ്യമായി പരോൾ അനുവദിച്ചത് രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്നപ്പോഴാണെന്ന് ചൂണ്ടിക്കാട്ടിയ ഡോ.​ ​കെ.​ടി. ​ജലീൽ (​സിപിഎം സ്വത.) ഡൽഹിയിൽ 5,620 കോടിയുടെ മയക്കുമരുന്നുമായി അറസ്റ്റിലായ കോൺഗ്രസ് ഐടി സെൽ മേധാവി തുഷാർ ഗോയൽ എഐസിസി ജനറൽ സെക്രട്ടറി കെ.​സി. വേണുഗോപാലുമായി നിൽക്കുന്ന ചിത്രം ഉയർത്തിക്കാട്ടിയത് ഒച്ചപ്പാടുണ്ടാക്കി.

ആർക്കുവേണമെങ്കിലും 15 മിനിറ്റിനകം കേരളത്തിലെവിടെയും ഏത് ലഹരിയും കിട്ടുമെന്ന് കുറ്റപ്പെടുത്തിയ വി.ഡി. സതീശൻ പറഞ്ഞു: "കേരളം ഭീതിയിലാണ്, ഉത്കണ്ഠയിലാണ്.​ ലഹരിയെ നേരിടാൻ സർക്കാരിന് ഒരു നടപടിയുമില്ല.അതിന് പദ്ധതി തയ്യാറാക്കേണ്ടതും നടപടി എടുക്കേണ്ടതും മുഖ്യമന്ത്രിയാണ്.​ ലഹരി വിതരണക്കാർക്ക് രാ​ഷ്‌​ട്രീയ രക്ഷകർതൃത്വം കൊടുക്കരുത്. ലഹരി വിതരണം തടയാൻ 2 ഐജിമാർക്ക് സ്വതന്ത്രചുമതല നൽകണം'.​ തന്നെ "മിസ്റ്റർ പ്രതിപക്ഷ ​നേതാവ്' എന്നു പരിഹസിച്ച ഭരണപക്ഷത്തോട് ഇംഗ്ലിഷിൽ നന്ദി പറഞ്ഞ അദ്ദേഹം "മിസ്റ്റർ ചീഫ് മിനിസ്റ്റർ എന്നാണ് വിളിച്ചതെന്നും മുഖ്യമന്ത്രി പാർട്ടി സെക്രട്ടറിയായിരുന്നപ്പോൾ വിളിച്ചതു​ പോലെ എടോ, ഗോപാലകൃഷ്ണാ എന്നല്ലെന്നും' ഓർമിപ്പിച്ചു.

അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പ്രതിപക്ഷ നേതാവ് ഗൗരവം ഉള്‍ക്കൊണ്ടാണ് സംസാരിച്ചതെന്നും അതുപോലെയല്ല രമേശ് ചെന്നിത്തല സംസാരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നമ്മുടെ ഇളംതലമുറ വല്ലാതെ അസ്വസ്ഥമാണിന്ന്. ആധുനിക മുതലാളിത്തവും അതിന്‍റെ ഭാഗമായി വന്ന പുതു കമ്പോള വ്യവസ്ഥയും അതിലെ അതിതീവ്ര മത്സരാധിഷ്ഠിത ജീവിതവും അവരെ അസ്വസ്ഥതപ്പെടുത്തുന്ന പല ഘടകങ്ങളിലൊന്നാണ്. എല്ലായിടത്തും കടുത്ത മത്സരമാണ്. എന്‍ട്രന്‍സിനു മത്സരം, ഇന്‍റര്‍വ്യൂവിനു മത്സരം, തൊഴില്‍ കിട്ടാന്‍ മത്സരം, തൊഴിലില്‍ പിടിച്ചുനില്‍ക്കാന്‍ മത്സരം, സഹോദരങ്ങള്‍ തമ്മില്‍ മത്സരം. ഈ മത്സരത്തിന്‍റെ അന്തരീക്ഷം ഒപ്പമുള്ളവനെ തോല്പിച്ചേ ജയിക്കാനാവൂ എന്ന ചിന്ത കുട്ടികളില്‍ വളര്‍ത്തുന്നു. ഒപ്പമുള്ളവന്‍ ശത്രുവാണ് എന്ന ബോധം വളർത്തുന്നു.

ആഗോളവത്ക്കരണ സമ്പദ്ഘടനയും അതുണ്ടാക്കുന്ന കമ്പോള മത്സരങ്ങളും യുവമനസുകളില്‍ ഒപ്പമുള്ളവര്‍ ശത്രുക്കള്‍ എന്ന ചിന്ത വളര്‍ത്തുകയാണ്. ഇത്തരം സാമ്പത്തിക നയകാരണങ്ങള്‍ വരെയുണ്ട് പുതിയ തലമുറയുടെ മനസിന്‍റെ അസ്വസ്ഥതക്കു പിന്നില്‍. അജ്ഞാതനായ ശത്രുവിനോടു പക വീട്ടാനുള്ള ഒരവസരവും കളയരുതെന്നും ആ ശത്രു കൂടെയുള്ളവര്‍ തന്നെയാവാമെന്നുമുള്ള ഒരു ചിന്തയിലേക്ക് ഇവരുടെ അരക്ഷിതബോധം വളരുന്നുണ്ടോ എന്നത് ആലോചിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു.

സിനിമകളുടെ ആക്രമണോത്സുകത മുഖ്യമന്ത്രിയും എടുത്തുപറഞ്ഞു. "​എടാ, മോനേ എന്നു ​വിളിക്കുന്ന സിനിമയല്ലേ'​ എന്ന് ഓർത്തപ്പോൾ "അംബാനേ എന്നുവിളിക്കുന്ന ആവേശം' എന്ന് സിനിമയുടെ പേര് പറഞ്ഞത് സ്പീക്കറാണ്. "ആ ​സിനിമ ഞാനും കണ്ടു' എന്നായി മുഖ്യമന്ത്രി,

"ഞാൻ പഠിക്കുന്ന കാലത്ത് ഒന്നോ രണ്ടോ ഷർട്ടാണ് ഉണ്ടായിരുന്നത്.​ വേറെ ഷർട്ട് വേണമെന്ന് തോന്നിയുമില്ല...' അത്തരം അനുഭവങ്ങളിലേക്ക് കടക്കുന്നില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.​ തിന്മയും തെമ്മാടികളും മാത്രമല്ല, നന്മയും നല്ലവരും കൂടിയുള്ളതാണ് ഈ ലോകം എന്നു കുഞ്ഞുങ്ങള്‍ക്ക് പറഞ്ഞുകൊടുക്കാന്‍ നമുക്കു കഴിയണമെന്ന് ശ്രീനാരായണ ഗുരു മുതൽ മഹാകവി ഉള്ളൂർ​ വരെയുള്ളവരുടെ വരികൾ ഉദ്ധരിച്ച് അദ്ദേഹം അഭ്യർഥിച്ചു.

"ഭരണപരമായി ചെയ്യേണ്ടതെന്തൊക്കെ?' എന്ന ചോദ്യവുമായി തിരുവഞ്ചൂർ എഴുന്നേറ്റപ്പോൾ ഇപ്പോൾ ചെയ്യുന്നത് തുടരുമെന്നും വിശദമായ ആലോചനായോഗം ചേരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.​ മുഖ്യമന്ത്രിയുടെ മറുപടിയെ തുടർന്ന് ഉപക്ഷേപം പ്രതിപക്ഷം പിൻവലിച്ചതോടെ ഉച്ചയ്ക്ക് 12 മുതൽ 3 മണിക്കൂറോളം നീണ്ട ചർച്ചയ്ക്ക് സമാപനം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com