ട്രംപിന്‍റെ ഭീഷണിയിൽ പതറാതെ ഇന്ത്യ | India stands against Trump threat

നരേന്ദ്ര മോദിയും ഡോണൾഡ് ട്രംപും.

ട്രംപിന്‍റെ ഭീഷണിയിൽ പതറാതെ ഇന്ത്യ

ട്രംപിന്‍റെ കനത്ത ഇറക്കുമതി നികുതികൾക്കും നിക്ഷേപ പിന്മാറ്റത്തിനും ഓഹരി വിപണിയിൽ വലിയ രീതിയിൽ മാറ്റം സൃഷ്ടിക്കാൻ കഴിയാതിരുന്നതിന്‍റെ പ്രധാന കാരണം ഇന്ത്യയിലെ സാധാരണക്കാരായ മധ്യവർഗം തന്നെയാണ്.

ഇന്ത്യൻ സാമ്പത്തിക വിപണിയുടെ പ്രഭവ കേന്ദ്രമായ മുംബൈയിലെ ദലാൽ സ്ട്രീറ്റിലെ ഉയർച്ചകളും ഇടിവുകളും ഒരു കാലത്ത് നിർണയിച്ചിരുന്നത് വിദേശ നിക്ഷേപകരായിരുന്നു. വിപണിയിലെ പണമൊഴുക്കിന്‍റെ ദിശാ നിർണയം അവരുടെ കൈകളിലായിരുന്നു. എന്നാൽ, ഇന്ന് കഥ അങ്ങനെയല്ല, അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച കനത്ത ഇറക്കുമതി നികുതികൾക്കും വിദേശ നിക്ഷേപ പിന്മാറ്റത്തിനും ഇന്ത്യയുടെ ഓഹരി വിപണിയിൽ വലിയ രീതിയിൽ മാറ്റം സൃഷ്ടിക്കാൻ കഴിയാതിരുന്നതിന്‍റെ പ്രധാന കാരണം ഇന്ത്യയിലെ സാധാരണക്കാരായ മധ്യവർഗം തന്നെയാണ്.

അമെരിക്കയുടെ കടുത്ത തീരുവകൾ, ആഗോള സാമ്പത്തിക മാന്ദ്യം, രാഷ്ട്രീയ അനിശ്ചിത്വം എന്നിവയെല്ലാം വിദേശ നിക്ഷേപകർ ഇന്ത്യയിൽ നിന്ന് അവരുടെ പണം പിൻവലിക്കുന്നതിന് കാരണമായി. ഇത് വിപണിയെ ബാധിക്കുമെന്നു കരുതിയെങ്കിലും വിപരീതമാണ് സംഭവിച്ചത്. ഓൺലൈൻ ട്രേഡിങ് ആപ്പുകൾ വഴിയോ എസ്ഐപി (സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്‍റ് പ്ലാൻ) വഴിയോ ഉള്ള ആളുകളുടെ ചെറുതെങ്കിലും സ്ഥിരതയുള്ള നിക്ഷേപങ്ങളാണ് വിപണിയെ കുലുങ്ങാതെ പിടിച്ചു നിർത്തിയത്. ന്യൂയോർക്ക് ടൈംസിന്‍റെ വിശകലനമനുസരിച്ച്, കഴിഞ്ഞ ആറു മാസത്തിനിടെ രണ്ട് പ്രധാന സൂചികകൾ 10% വരെ ഉയർന്നിട്ടുണ്ട്.

വിപണിക്ക് കരുത്തായി ചെറുകിട നിക്ഷേപകർ

വിദേശ നിക്ഷേപകർ ഇന്ത്യയിലെ ഓഹരി വിപണിയിൽ നിന്ന് പിന്മാറുമ്പോൾ കരുത്തോടെ നിലനിൽക്കുന്നത് ചെറുകിട നിക്ഷേപങ്ങളുടെ സഹായത്താലാണ്. മ്യൂച്വൽ ഫണ്ടുകൾ, ഇൻഷുറൻസ് കമ്പനികൾ, റീട്ടെയിൽ നിക്ഷേപകർ എല്ലാം ഇന്ന് വിപണിയുടെ മുഖ്യസ്തംഭങ്ങളായി മാറിയിരിക്കുന്നു. ഇതോടെ വിദേശ മൂലധനത്തെ ആശ്രയിക്കുന്ന അവസ്ഥയിൽ നിന്ന് ഇന്ത്യക്ക് മാറ്റം സംഭവിച്ചിരിക്കുന്നു.

ഇന്നത്തെ ഇന്ത്യൻ നിക്ഷേപകർ വിദേശ വിപണനത്തെ മാത്രം ആശ്രയിക്കാതെ ദീർഘകാല വളർച്ചയും സ്ഥിരതയും മുന്നിൽ കണ്ട് പലരും പ്രതിമാസം ഓട്ടോമാറ്റിക് രീതിയിൽ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുകയാണ്.

വിദേശ മൂലധനം എന്തുകൊണ്ട് പിൻവാങ്ങുന്നു?

ചൈനീസ് വിപണിയുടെ വേഗത്തിലുള്ള തിരിച്ചുവരവാണ് വിദേശ മൂലധനം പിൻവാങ്ങുന്നതിനുള്ള മറ്റൊരു കാരണം. കൂടാതെ അമെരിക്കയിലെ ട്രംപ് ഭരണകൂടം നടപ്പിലാക്കിയ തീരുവകൾ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയ്ക്ക് വലിയൊരു വെല്ലുവിളി സൃഷ്ടിച്ചു. പ്രത്യേകിച്ച് റഷ്യൻ എണ്ണ ഇറക്കുമതി ചെയ്തതിനുള്ള ശിക്ഷാർഹ രീതിയിലുള്ള നടപടികൾ ഇന്ത്യയ്ക്ക് തിരിച്ചടിയായി. ഇത് യുഎസ് വിപണിയിൽ പ്രവർത്തിച്ചു വരുന്ന ഇന്ത്യൻ കമ്പനികൾക്കും അവരുടെ തൊഴിലാളികളേയും നേരിട്ട് ബാധിക്കാനിടയായി.

നിക്ഷേപക വിശ്വാസം വർധിപ്പിക്കാൻ സർക്കാർ നടപടികൾ

വിപണിയിലെ അപകടസാധ്യതകൾ തിരിച്ചറിഞ്ഞ് സർക്കാർ കയറ്റുമതിക്കാരെയും സാമ്പത്തിക പ്രവർത്തനങ്ങളെയും പിന്തുണയ്ക്കുന്ന നടപടികൾ കൈകൊണ്ടിട്ടുണ്ട്. ഇതിനെ തുടർന്ന് ധനകാര്യ മന്ത്രാലയം കയറ്റുമതിയിലെ നഷ്ടം കുറയ്ക്കാനും ആഭ്യന്തര ചെലവുകൾ വർധിപ്പിക്കാനുമായി ജിഎസ്ടി നികുതി നിരക്ക് കുറയ്ക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

ഇത്തരം നയങ്ങൾ ഇന്ത്യയിൽ വളർന്നു വരുന്ന നിക്ഷേപകരിലെ ആത്മവിശ്വാസം വർധിക്കുന്നതിന് വഴിതെളിച്ചു. ശരാശരി ഏഴു ഇന്ത്യക്കാരിൽ ഒരാൾക്കെങ്കിലും സ്വന്തമായി നിക്ഷേപ അക്കൗണ്ട് ഉണ്ടെന്നതിന്‍റെ സൂചനയാണ് 200 മില്യൺ കടന്ന ബ്രോക്കറേജ് അക്കൗണ്ടുകൾ. ആഭ്യന്തര നിക്ഷേപകരുടെ പങ്കാളിത്തം വർധിച്ചതോടെ ഇന്ത്യയുടെ ഓഹരി വിപണി വിദേശമൂലധനത്തിൽ ആശ്രയം കുറയ്ക്കുകയും കൂടുതൽ സ്വയംപര്യാപ്തത കൈവരിക്കുകയും ചെയ്യുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com