

സഭാ സമ്മേളനങ്ങൾ വഴിപാടാക്കരുത്
ജ്യോത്സ്യൻ|ഗ്രഹനില
പാർലമെന്‍റും നിയമസഭകളും ജനാധിപത്യത്തിന്‍റെ ശ്രീകോവിലുകളാണ്. അവയുടെ പവിത്രതയും അന്തസും കാത്തുസൂക്ഷിക്കേണ്ടത് എല്ലാവരുടെയും കടമയാണ്. എന്നാൽ ദുഃഖകരമെന്നു പറയട്ടെ, ഓരോ പാർലമെന്‍റ് സമ്മേളനവും വിവിധ വിഷയങ്ങളിലുള്ള ചർച്ചകളും നിയമ നിർമാണങ്ങളുമൊക്കെ ഒടുവിൽ വെറും നാടകമായി മാറുന്ന കാഴ്ചയാണ് നാം കാണുന്നത്.
ഈ വർഷകാല സമ്മേളനത്തിൽ പ്രധാനപ്പെട്ട പല നിയമ നിർമാണങ്ങളും ഉൾക്കൊള്ളുന്ന ബില്ലുകൾ യാതൊരു ചർച്ചയുമില്ലാതെ പാസാക്കിയെടുത്തത് അതീവമായി വേദനിപ്പിക്കുന്നതാണ്. ഇപ്രാവശ്യം 12 മണിക്കൂർ കൊണ്ട് 11 ബില്ലുകളാണ് പാസാക്കിയത്. ചോദ്യ പേപ്പർ ചോർച്ചയ്ക്കുള്ള ശിക്ഷ വർധിപ്പിക്കുന്നതിനുള്ള ബില്ലിനു വേണ്ടി മാത്രമാണ് ഇതിൽ കൂടുതൽ സമയം എടുത്തത്. ബാക്കി 10 ബില്ലുകൾ പാസാക്കിയെടുക്കാൻ വേണ്ടിവന്നത് വെറും ഒരു മണിക്കൂർ മാത്രം. അഞ്ചു മിനിറ്റ് കൊണ്ട് യാതൊരു ചർച്ചയുമില്ലാതെ ലോക്സഭയിൽ പാസാക്കിയെടുത്ത മറ്റൊരു ബില്ലാണ് ധാതു ഖനനത്തിന്മേൽ നികുതി ചുമത്താനുള്ള സംസ്ഥാന സർക്കാരിന്‍റെ അധികാരം പരിമിതപ്പെടുത്തുന്നത്. ഫെഡറലിസത്തെ തകർക്കുന്ന ഇത്തരം ഒരു നിയമം ഏറ്റവും കൂടുതൽ ദോഷകരമായി ബാധിക്കുന്നത് കേരളത്തെയാണ്. കാരണം കേരളത്തിലെ കടൽത്തീരങ്ങളിലുള്ള വിലയേറിയ കരിമണൽ ഖനനം സ്വകാര്യ സ്ഥാപനങ്ങൾക്ക് നൽകുന്നതാണ് ഇതിന്‍റെ ലക്ഷ്യം.
വിദേശ സംഭാവനാ നിയന്ത്രണ ചട്ടം (എഫ്സിആർഎ) ഭേദഗതി ബിൽ സംയുക്ത പാർലമെന്‍ററി സമിതിക്കു (ജെപിസി) വിടാനുള്ള തീരുമാനം സർക്കാരിന്‍റെ കടുംപിടുത്തം മൂലമായിരുന്നു. ആ ഭേദഗതി നിയമം തന്നെ പിൻവലിക്കണമെന്ന് പാർലമെന്‍റിനകത്ത് പ്രതിപക്ഷവും പുറത്ത് ക്രൈസ്തവർ അടക്കമുള്ള ന്യൂനപക്ഷങ്ങളും ശക്തമായി വാദിക്കുമ്പോഴാണ് സർക്കാർ ഈ വളഞ്ഞ വഴി സ്വീകരിച്ചത്. 20 ലോക്സഭാംഗങ്ങളും 10 രാജ്യസഭാ അംഗങ്ങളും ഉൾപ്പെടുന്ന ജെപിസിയുടെ അധ്യക്ഷനും ഭൂരിപക്ഷ അംഗങ്ങളും ഭരണപക്ഷത്തു നിന്നുള്ളവരായിരിക്കുമ്പോൾ, ആ സമിതിയുടെ തീരുമാനം സർക്കാരിന് അനുകൂലമാകും എന്നതിൽ സംശയമില്ല. എഫ്സിആർഎ ഭേദഗതി നടപ്പായാൽ ക്രൈസ്തവർ ഉൾപ്പെടെയുള്ള മത ന്യൂനപക്ഷങ്ങളുടെ സാമൂഹ്യ- കാരുണ്യ പ്രവർത്തനങ്ങൾ പൂർണമായും നിലയ്ക്കുമെന്ന ആശങ്ക ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള വിവിധ സമൂഹങ്ങൾക്കുണ്ട്. ചട്ടപ്രകാരം മൂന്നു പ്രാവശ്യം വായിച്ച്, തെറ്റുകൾ തിരുത്തി ഗൗരവത്തോടെ പാസാക്കേണ്ടുന്ന നിയമങ്ങൾ, യാതൊരു ചർച്ചയും കൂടാതെ ചൂടപ്പം പോലെ പാസാക്കുന്നത് തികഞ്ഞ അനീതിയാണ്.
പാർലമെന്‍റ് സമ്മേളനത്തിന്‍റെ ഓരോ മിനിറ്റിനും കോടിക്കണക്കിനു രൂപയാണ് ഖജനാവിൽ നിന്നു ചെലവഴിക്കുന്നത്. ഒരു എംപി ഉന്നയിക്കുന്ന ചോദ്യത്തിന് മറുപടി കണ്ടെത്താനുള്ള വിവര ശേഖരണത്തിന് മാത്രം ലക്ഷക്കണക്കിന് രൂപ ചെലവാകുന്നുണ്ട്. ജനങ്ങളുടെ വികാരങ്ങൾ സത്യസന്ധമായി പാർലമെന്‍റിൽ അവതരിപ്പിക്കേണ്ടത് ജനപ്രതിനിധികളുടെ കടമയാണ്. എന്നാൽ വർഷത്തിലെ 365 ദിവസങ്ങളിൽ കഷ്ടിച്ച് 100 ദിവസങ്ങൾ മാത്രമാണ് പാർലമെന്‍റ് പ്രവർത്തിക്കുന്നത് എന്ന യാഥാർഥ്യം നമ്മെ ചിന്തിപ്പിക്കേണ്ടതുണ്ട്. ജനങ്ങളുടെ ശബ്ദം പ്രതിഫലിക്കേണ്ട സന്ദർഭങ്ങൾ പോലും നിഷേധിക്കപ്പെട്ടാൽ പിന്നെ ഈ പാർലമെന്‍ററി സമ്പ്രദായം കൊണ്ട് എന്തു പ്രയോജനം?
പാർലമെന്‍റ് സമ്മേളനം നടക്കുന്ന വേളയിൽ പ്രധാനമന്ത്രി ഉൾപ്പെടെയുള്ള എല്ലാ അംഗങ്ങളും സഭയിൽ സജീവമായി ഉണ്ടാകേണ്ടതുണ്ട്. ഇക്കാര്യത്തിൽ ചരിത്രപരമായ വലിയൊരു മാതൃകയാണ് പണ്ഡിറ്റ് ജവഹർലാൽ നെഹ്രു നൽകിയിട്ടുള്ളത്. പാർലമെന്‍റ് സമ്മേളനം നടക്കുമ്പോൾ പ്രധാനമന്ത്രിയും മറ്റു മന്ത്രിമാരും ഇന്ത്യയ്ക്കു പുറത്തുപോകരുതെന്ന പാരമ്പര്യം കൊണ്ടുവന്നത് അദ്ദേഹമാണ്.
അതുപോലെ, പ്രതിപക്ഷ നേതാവിനെപ്പോലുള്ള സീനിയർ അംഗങ്ങൾ സഭയിൽ എഴുന്നേറ്റു സംസാരിക്കുമ്പോൾ കൃത്യമായ മറുപടി നൽകാൻ പ്രധാനമന്ത്രി ഉൾപ്പെടെ എല്ലാ മന്ത്രിമാരും ഉദ്യോഗസ്ഥരും സഭയിൽ ഉണ്ടാകണമെന്ന കർക്കശ നിലപാടും അദ്ദേഹം എടുത്തിരുന്നു. നിശ്ചിത അംഗസംഖ്യ ഇല്ലാതിരുന്നിട്ടും സിപിഎമ്മിന്‍റെ സീനിയർ നേതാവ് എ.കെ. ഗോപാലനെ പ്രതിപക്ഷ നേതാവായി അംഗീകരിച്ച്, അദ്ദേഹം എഴുന്നേൽക്കുമ്പോൾ മറുപടി പറയാൻ പ്രധാനമന്ത്രി നെഹ്രു തന്നെ സഭയിൽ സന്നിഹിതനായിരുന്നത് ചരിത്രത്തിന്‍റെ ഭാഗമാണ്.
പാർലമെന്‍റിന്‍റെ അതേ അവസ്ഥ തന്നെയാണ് പല സംസ്ഥാന നിയമസഭകളുടെയും. ഏതാനും മണിക്കൂറുകൾ മാത്രം പ്രവർത്തിച്ച് പിരിയുന്ന രീതിയാണ് അവിടെയുമുള്ളത്. നിയമനിർമാണം എന്നത് പരിശുദ്ധമായ ഒരു ഉടമ്പടിയാണ്. ഒരിക്കൽ പാർലമെന്‍റിൽ നിയമമായിക്കഴിഞ്ഞാൽ പോലും അത് രാജ്യത്തിന്‍റെ പരമോന്നത നീതിപീഠത്തിൽ ചോദ്യം ചെയ്യപ്പെട്ടേക്കാം. അതുകൊണ്ടു തന്നെ യാതൊരുവിധ പഴുതുകളുമില്ലാത്ത നിയമങ്ങളാണ് പാർലമെന്‍റിൽ പാസാക്കേണ്ടത്.
ജനാധിപത്യ സംവിധാനത്തിലെ ഈ പോരായ്മകൾക്ക് മാറ്റം അനിവാര്യമാണ്. പാർലമെന്‍റ് സമ്മേളന വേളയിൽ മുഴുവൻ അംഗങ്ങളും സന്നിഹിതരാവുകയും ചർച്ചകളിൽ സജീവമായി പങ്കെടുക്കുകയും വേണം. പാർലമെന്‍റിന്‍റെ യഥാർഥ കരുത്തും ശക്തിയും കണ്ണിലെണ്ണയൊഴിച്ച് സജീവമായി പാർലമെന്‍റ് ചർച്ചകളിൽ ഇടപെടുന്ന ജന പ്രതിനിധികൾ തന്നെയാണ് എന്നാണ് ജോത്സ്യന് പറയാനുള്ളത്.