കേരളത്തിൽ സാമുദായികാടിസ്ഥാനത്തിലും സാമ്പത്തിക അസന്തുലിതാവസ്ഥ

വരവ് കൂടുതൽ മദ്യത്തിൽനിന്നും ലോട്ടറിയിൽനിന്നും; ചെലവ് കൂടുതൽ എയ്ഡഡ് മേഖലയിൽ. രണ്ടും കേന്ദ്രീകരിച്ചിരിക്കുന്നത് സംസ്ഥാനത്തിന്‍റെ രണ്ടു ഭാഗങ്ങളിൽ.
Representative image
Representative image

അജയൻ

ഒരു സംസ്ഥാനത്തിന്‍റെ, അല്ലെങ്കിൽ രാജ്യത്തിന്‍റെ വരവ് ചെലവുകൾ മതേതരമായിരിക്കണമെന്നാണ് വ്യവസ്ഥ. അത് ഏതെങ്കിലും പ്രത്യേക സമുദായത്തെയോ വിഭാഗത്തെയോ കൂടുതൽ പരിഗണിക്കാനോ അവഗണിക്കാനോ പാടില്ല. എന്നാൽ, കേരളത്തിൽ വർഷങ്ങളായി ഈ വേർതിരിവ് നിലനിൽക്കുന്നു എന്നാണ് കണക്കുകളിൽ വ്യക്തമാകുന്നത്.

വരവും ചെലവും സാമുദായികമാ‍യി നിഷ്പക്ഷത പുലർത്തുന്നില്ല.

ജോസ് സെബാസ്റ്റ്യന്‍റെ 'കേരള ധനകാര്യം: ജനപക്ഷത്തുനിന്നൊരു പുനർവായന' എന്ന പുസ്തകത്തിലാണ് ഈ വേർതിരിവിനെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നത്.

കേരളത്തിന്‍റെ വരുമാനത്തിൽ 36% വരുന്നത് മദ്യത്തിന്‍റെയും ലോട്ടറിയുടെയും കച്ചവടത്തിൽനിന്നാണ്. വിശ്വാസപരമായ കാരണങ്ങളാൽ, ഇതുരണ്ടും ഏറ്റവും കുറവ് വാങ്ങുന്നത് മുസ്‌ലിം സമുദായാംഗങ്ങളാണ്. പത്തു വർഷത്തെ ലോട്ടറി, മദ്യ വിൽപ്പനകളുടെ ജില്ല തിരിച്ചുള്ള കണക്കുകൾ അപഗ്രഥിച്ചാണ് ജോസ് സെബാസ്റ്റ്യൻ ഈ നിഗമനത്തിൽ എത്തുന്നത്. രണ്ടിന്‍റെയും കാര്യത്തിൽ മുസ്‌ലിം സമുദായത്തിന് കാര്യമായ സ്വാധീനമുള്ള മലപ്പുറം, കോഴിക്കോട്, വയനാട്, കാസർഗോഡ് ജില്ലകളിൽ കച്ചവടം കുറവാണ്. മദ്യത്തിന്‍റെയും ലോട്ടറിയുടെയും പ്രതിശീർഷ വിൽപ്പന ഏറ്റവും കുറവുള്ള ജില്ലയാണ് മലപ്പുറം, അടുത്തത് കോഴിക്കോടും.

ജനസംഖ്യയുടെ 26% വരുന്ന സമുദായത്തിൽനിന്ന് വിഭവശേഖരണം നടത്താതെയാണ് കേരളത്തിന്‍റെ പ്രധാന വരുമാന മാർഗങ്ങൾ മുന്നോട്ടുപോകുന്നതെന്നാണ് ഇത് അർഥമാക്കുന്നത്. മറ്റു രണ്ടു പ്രബല സമുദായങ്ങൾക്കു മേൽ അധിക ബാധ്യത വരാനും ഇതു കാരണമാകുന്നു.

അതേസമയം, പൊതു വിഭവശേഷിയിലേക്ക് കുറവ് സംഭാവന നൽകുന്നത് മുസ്‌ലിം സമുദായത്തെ പല തരത്തിൽ സഹായിക്കുന്നുമുണ്ട്. എന്നാൽ, ഇങ്ങനെയൊരു കാര്യത്തിൽ ആ സമുദായത്തെ കുറ്റപ്പെടുത്തുന്നതും ശരിയല്ലെന്ന് ജോസ് സെബാസ്റ്റ്യൻ ചൂണ്ടിക്കാട്ടുന്നു. മദ്യത്തിനു മേൽ ഭീമമായ നികുതി ചുമത്തുന്നത് വരുമാനം വർധിപ്പിക്കാനല്ല, മദ്യപാനം നിരുത്സാഹപ്പെടുത്താനാണ് എന്നാണല്ലോ സങ്കൽപ്പം! ഈ അർഥത്തിൽ മുസ്‌ലിം സമുദായമാണ് സർക്കാരിന്‍റെ ലക്ഷ്യത്തിന് അനുസൃതമായി പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ലോട്ടറിയുടെ കാര്യത്തിലായാലും, അതു വാങ്ങാൻ ആർക്കും ആരെയും നിർബന്ധിക്കാനാവില്ല. ലോട്ടറിയിൽ നിന്ന് വിട്ടുനിൽക്കുന്നതിലൂടെ യഥാർഥത്തിൽ മുസ്‌ലിം സമുദായാംഗങ്ങൾ ചൂതാട്ടത്തെ നിരുത്സാഹപ്പെടുത്തുകയാണ് ചെയ്യുന്നത്.

ഇനി ചെലവിന്‍റെ കാര്യമെടുത്താൽ, ആകെ ശമ്പളത്തിന്‍റെയും പെൻഷന്‍റെയും 31-33% പോകുന്നത് എയ്ഡഡ് സ്ഥാപനങ്ങളിലേക്കാണ്. ഇവയിൽ ഏറ്റവും കൂടുതൽ സ്ഥിതി ചെയ്യുന്നത് തിരുവിതാംകൂർ-കൊച്ചി മേഖലയിലും. സിറിയൻ ക്രൈസ്തവ വിഭാഗങ്ങളുടെ നിയന്ത്രണത്തിലുള്ളവയാണ് ഈ സ്ഥാപനങ്ങളിൽ ഭൂരിപക്ഷവും. ട്രഷറി വഴിയുള്ള ചെലവ് കണക്ക് അവലോകനം ചെയ്തതിൽ നിന്ന് സെബാസ്റ്റ്യൻ മനസിലാക്കുന്നത്, 2006 മുതൽ 2016 വരെ ആകെ ശമ്പളത്തിന്‍റെയും പെൻഷന്‍റെയും 74.78% വിതരണം ചെയ്യപ്പെട്ടിരിക്കുന്നത് മലബാർ മേഖലയ്ക്കു പുറത്താണ്.

അതേസമയം, മലബാറിൽ 56 ശതമാനവും തിരുവിതാംകൂർ-കൊച്ചി മേഖലയിൽ 44 ശതമാനവുമായാണ് കേരളത്തിലെ ജനസംഖ്യ വികേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നത്. വരുമാന ശേഖരണത്തിൽ മാത്രമല്ല, പൊതു ചെലവിന്‍റെയും സംസ്ഥാനത്തിന്‍റെ സമഗ്ര വികസനത്തിന്‍റെയും കാര്യത്തിൽ ഗുരുതരമായ ചോദ്യങ്ങളാണ് ഇതുയർത്തുന്നതെന്ന് സെബാസ്റ്റ്യൻ ചൂണ്ടിക്കാട്ടുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com