കൃഷി ഭൂമി മരുഭൂമിയാക്കുന്ന മദ്യനയത്തിനു തിരിച്ചടി

5 വര്‍ഷത്തിനിടെ പാലക്കാട് ജില്ലയില്‍ 10,000ത്തിലേറെ കിണറുകള്‍ വറ്റിപ്പോയി. അത്രതന്നെ കിണറുകളില്‍ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നു
symbolic image

പ്രതീകാത്മകചിത്രം 

social media 

Updated on

അഡ്വ. ചാര്‍ളി പോള്‍

പാലക്കാട് എലപ്പുള്ളി പഞ്ചായത്തിൽ സ്വകാര്യ കമ്പനി ഒയേസിസ് കൊമേഴ്സലിന് എഥനോൾ - ബ്ലൂവറി പ്ലാന്‍റ് സ്ഥാപിക്കാൻ സർക്കാർ നൽകിയ പ്രാഥമിക അനുമതി ഹൈക്കോടതി റദ്ദാക്കിയല്ലോ. സർക്കാർ പരിഗണിച്ച പല വസ്തുതകളും പൂർണ തോതിൽ ശരിയല്ലെന്ന് വിലയിരുത്തിയാണ് നടപടി.

കഞ്ചിക്കോട് വ്യവസായ മേഖലയ്ക്കു സമീപം 24 ഏക്കറിലാണ് പ്ലാന്‍റ് എന്ന് സർക്കാർ ഉത്തരവിലും മന്ത്രിസഭാ കുറുപ്പിലും പറയുന്നു. എന്നാൽ അതു വരുന്നത് 5 കിലോമീറ്റർ അകലെ എലപ്പുള്ളി പഞ്ചായത്തിലാണ്. അനുമതി ബ്രൂവറിക്കല്ല എഥനോൾ യൂണിറ്റിനാണെന്ന ജല അഥോറിറ്റിയുടെ വാദം "കൈയൊഴിയൽ' മാത്രമെന്ന് കോടതി വിലയിരുത്തി.

അപേക്ഷ നൽകിയ 2023 ജൂൺ 16നു തന്നെ അനുമതി നല്കി. ഓഡിറ്റ് പോലും നടത്തിയിട്ടില്ല. കൂടുതൽ പറയുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇ-20 സ്ക്രീമിന്‍റെ ടെൻഡറിൽ കമ്പനിയെ ഷോർട്ട് ലിസ്റ്റ് ചെയ്തതു പോലും സർക്കാർ കണക്കാക്കിയത് "പ്രവൃത്തി പരിചയം' എന്ന നിലയ്ക്കാണ്. കോടതി കണ്ടെത്തിയ പ്രധാന പൊരുത്തക്കേടുകളാണിവ. 600 കോടി നിക്ഷേപത്തിൽ എഥനോൾ പ്ലാന്‍റ്, മൾട്ടിഫീഡ് ഡിസ്റ്റിലേഷൻ യൂണിറ്റ്, ബോട്ട്ലിങ് പ്ലാന്‍റ്, ബ്രൂവറി, മാൾട്ട് സ്പിരിറ്റ് പ്ലാന്‍റ്, ബ്രാണ്ടി /വൈനറി പ്ലാന്‍റ് എന്നിവ തുടങ്ങാനുള്ള പദ്ധതിയുടെ പ്രാഥമിക അനുമതിയാണ് റദ്ദാക്കിയത്.

പുതിയ വ്യവസായ സംരംഭം തുടങ്ങാനുള്ള മാനദണ്ഡങ്ങളിൽ 47 നിയമങ്ങൾ ലഘുവാക്കി കമ്പനിക്ക് അനുകൂല അന്തരീക്ഷം ഒരുക്കിനൽകാനുള്ള സമീപനമാണ് സർക്കാർ തുടക്കം മുതലേ സ്വീകരിച്ചത്. പരിസ്ഥിതി അനുമതിയോ മറ്റു രേഖകളോ ഉണ്ടായിരുന്നില്ല. വിശദ പദ്ധതി രേഖ (ഡിപിആർ) ആർക്കും നൽകിയതുമില്ല

.

കേരള വാട്ടർ അഥോറിറ്റിയുടെ സമ്മതപത്രം തന്നെ കമ്പനിക്ക് ടെൻഡറുകളിൽ പങ്കെടുക്കാനുള്ള "ലഭ്യതയുടെ സൂചന‌' മാത്രമായിരുന്നുവെന്നും, ജലം നൽകാമെന്ന് ഔദ്യോഗിക ഉറപ്പൊന്നും നൽകിയിട്ടില്ല എന്നുമാണ് അഥോറിറ്റി കോടതിയിൽ പറഞ്ഞത്. പദ്ധതികളുടെ കൃത്യമായ സ്ഥാനം, ജല ലഭ്യത സംബന്ധിച്ച അനുമതി തുടങ്ങിയവ പൂർണമായും വസ്തുതാപരമായി തെറ്റാണെന്ന് വിലയിരുത്തിയാണ് അനുമതി റദ്ദാക്കിയത്.

ഇത്തരം പദ്ധതികൾ നടപ്പാക്കുമ്പോൾ ശാസ്ത്രീയ പഠനം അനിവാര്യമാണെന്നും കോടതി പറഞ്ഞു.ഒരു പദ്ധതി കൊണ്ടുവരുമ്പോൾ അത് ആ പ്രദേശത്തെ ജനജീവിതത്തെ എങ്ങനെ ബാധിക്കുമെന്ന് സാമൂഹിക- പാരിസ്ഥിതിക പഠനം നടത്തണം. ജനം അത് അറിഞ്ഞിരിക്കണം. അത് അവകാശമാണ്. ആ നീതിയാണ് ഹൈക്കോടതി നടപ്പാക്കിയിരിക്കുന്നത്.

പദ്ധതി വന്നാൽ എലപ്പുള്ളി പഞ്ചായത്ത് മരുഭൂമിയായി മാറുമെന്ന് ഹർജിക്കാർ വാദിച്ചിരുന്നു. പരമ്പരാഗത കാർഷിക ഗ്രാമമാണിത്. പ്രദേശത്തിന്‍റെ സാമ്പത്തിക അടിത്തറ തന്നെ കൃഷിയെയും ക്ഷീരോൽപാദനത്തെയും ആശ്രയിച്ചാണ്. 2,000 ഹെക്റ്ററിലധികം കൃഷിയുണ്ട്; അതിൽ 1,036 ഹെക്റ്ററിൽ നെൽകൃഷി. നിർദിഷ്ട പദ്ധതിക്കായി വാങ്ങിയ 23.59 ഏക്കർ ഭൂമിയിൽ 5.89 ഏക്കർ നെൽവയൽ എന്ന് രേഖപ്പെടുത്തിയിട്ടുള്ളതാണ്.

അതിൽ മദ്യ കമ്പനി വരുന്നതോടെ ജല ലഭ്യതാ പ്രശ്നമുണ്ടാകും. കമ്പനിക്ക് പ്രതിദിനം 5,000 കിലോ ലിറ്റർ വെള്ളം വേണം. അത്രയും വെള്ളം ഉപയോഗിക്കുന്നത് ജനജീവിതത്തെ ബാധിക്കുമെന്ന ആശങ്കയ്ക്ക് പ്രസക്തിയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ജല ചൂഷണത്തിന്‍റെ പാഠങ്ങളാണ് പ്ലാച്ചിമട കൊക്ക കോള കമ്പനിയും പുതുശേരി പെപ്സികോ കമ്പനിയും കാണിച്ചു തന്നിട്ടുള്ളത്.

5,000 കെ.എൽ വെള്ളം പ്രതിദിനം ഉപയോഗിക്കുമെന്നു കണക്കാക്കപ്പെടുന്ന മൾട്ടി പ്ലാന്‍റ് സംരംഭത്തെ പരിസ്ഥിതിക്ക് താങ്ങാൻ കഴിയില്ല. 2014 -23 കണക്കുകൾ പ്രകാരം മഴലഭ്യതയിൽ പ്രദേശത്ത് ഏറ്റക്കുറച്ചിലുകളുണ്ട്. 2018ൽ 2,042.85 മില്ലിമീറ്റർ ഉയർന്ന മഴയും 2016ൽ 798.49 മി.മീ. കുറഞ്ഞ മഴയുമാണ് ലഭിച്ചത്. 98.8% ഭൂഗർഭ ജല ചൂഷണം നടക്കുന്ന ചിറ്റൂർ ബ്ലോക്കിലാണ് എലപ്പുള്ളി പഞ്ചായത്ത്.

മലമ്പുഴ അണക്കെട്ടിലെ ജലം കാർഷിക, ഗാർഹിക ആവശ്യങ്ങൾക്കു തന്നെ കൊടും വേനലിൽ അപര്യാപ്തമാണ്. 120 ദിവസത്തെ വെള്ളത്തിന്‍റെ ആവശ്യം കർഷകർ ഉന്നയിക്കുമ്പോൾ 90 ദിവസമായി അത് പരിമിതപ്പെടുത്തിയിരിക്കുന്നു. കഞ്ചിക്കോട്ടെ വ്യവസായിക മേഖല മൂലം മലിനമായ കോരയാറിന്‍റെ തീരത്താണ് നിർദിഷ്ട ബ്രൂവറി.

ഉയർന്ന ബയോളജിക്കൽ ഓക്സിജൻ ഡിമാൻഡും അമ്ലതയും ലവണതയും ജലജീവികളെ ബാധിച്ചു കഴിഞ്ഞു. മദ്യ നിർമാണശാലയിലെ ഖര, ദ്രാവക മാലിന്യങ്ങൾ സംസ്കരിക്കുന്നതെങ്ങനെ എന്നും ജനങ്ങളെ അത് എങ്ങനെ ബാധിക്കുമെന്നും പഠിക്കേണ്ടതുണ്ട്. വികസനത്തിന്‍റെ പേരില്‍ ഒരു ഇടതുപക്ഷ സര്‍ക്കാര്‍ മദ്യ നിർമാണശാലയെ ഉയര്‍ത്തിക്കാട്ടുന്നതില്‍ വൈരുധ്യമുണ്ട്.

മണ്ണ്, വെള്ളം, കൃഷി തുടങ്ങിയവയിലെ പരിസ്ഥിതി പ്രശ്‌നങ്ങള്‍, കുടിവെള്ള ലഭ്യത, ജനങ്ങളുടെ ആശങ്ക തുടങ്ങി ഒട്ടേറെ വിഷയങ്ങള്‍ വേറെ. ഇതേ പ്രശ്‌നങ്ങള്‍ കൊണ്ടാണ് പ്ലാച്ചിമട കൊക്ക കോള പ്ലാന്‍റ് ഉത്പാദനം തുടങ്ങിയ ശേഷം പൂട്ടിച്ചത്. അതും വ്യവസായമായിരുന്നു. പൂട്ടിക്കാന്‍ നേതൃത്വം കൊടുത്ത വി.എസ്. അച്യുതാനന്ദന്‍, എം.പി. വീരേന്ദ്രകുമാര്‍ എന്നിവരോടൊപ്പം ഇന്നത്തെ എക്‌സൈസ് മന്ത്രി എം.ബി. രാജേഷും ഉണ്ടായിരുന്നു! കോള കമ്പനിയെ സമരം ചെയ്ത് ഓടിച്ചിടത്ത് മദ്യക്കമ്പനി! അതിലെ യുക്തി എന്താണ്?

കോളയേക്കാള്‍ വലുതല്ലല്ലോ ബ്രൂവറി. തണ്ണീര്‍ത്തട സംരക്ഷണ നിയമങ്ങൾ ലംഘിച്ചാണല്ലോ മദ്യക്കമ്പനിക്ക് അനുമതി നൽകിയത്. 5 വര്‍ഷത്തിനിടെ പാലക്കാട് ജില്ലയില്‍ 10,000ത്തിലേറെ കിണറുകള്‍ വറ്റിപ്പോയി. അത്രതന്നെ കിണറുകളില്‍ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നു. 60% ജലാശയങ്ങള്‍ പരിപാലനമില്ലാതെ നശിക്കുന്നു. 5 വര്‍ഷത്തിനിടെ 1,000 കുഴൽക്കിണറുകള്‍ വറ്റി.

3,000 കുഴല്‍ക്കിണറുകളില്‍ ആവശ്യത്തിന് വെള്ളമില്ല. ജില്ലാ ഭരണകൂടത്തിനും തദ്ദേശ, ഭൂജല വിഭാഗത്തിനും ഹരിത കേരള മിഷന്‍ നൽകിയ കണക്കാണിത്. ഒട്ടേറെ കാര്‍ഷിക പദ്ധതികള്‍ നടപ്പാക്കി മാതൃകയായ പഞ്ചായത്താണ് എലപ്പുള്ളി. ഈ പഞ്ചായത്തിലും ജലവിതരണ പദ്ധതികളുണ്ടെങ്കിലും വേനലിൽ കുടിവെള്ളക്ഷാമം രൂക്ഷം. ഏറ്റവും കൂടുതല്‍ നെല്‍കൃഷിയുള്ള സ്ഥലമാണ് പാലക്കാട്. പാലക്കാട്ടെ കൃഷിക്കു വേണ്ടിയാണ് മലമ്പുഴ ഡാം.

അതിലെ വെള്ളം മറ്റാവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നതിനാൽ ഡാമിലെ വെള്ളത്തിന്‍റെ അളവ് കുറഞ്ഞുവരുന്നു. ഭൂഗര്‍ഭ ജലത്തിന്‍റെ അളവും കുത്തനെ കുറയുന്നു. മദ്യക്കമ്പനി വെള്ളം ചൂഷണം ചെയ്താല്‍ കൃഷിക്ക് വെള്ളം ലഭിക്കില്ല. കൃഷിക്കു വേണ്ടിയുള്ള വെള്ളം ഒരിക്കലും മദ്യ നിർമാണത്തിന് ഉപയോഗിച്ചുകൂടാ. കൃഷിയേക്കാള്‍ വലുതോ മദ്യ നിർമാണം? പാലക്കാട്ടെ നെല്‍വയലുകളില്‍ നിന്ന് നെല്ലാണോ മദ്യമാണോ ഉത്പാദിപ്പിക്കേണ്ടത്?

ഒയേസിസ് കമേഴ്‌സ്യല്‍ കമ്പനി ആരംഭിക്കാനിരുന്ന മദ്യനിർമാണ ശാലയ്ക്ക് വെറും 8 കിലോമീറ്റര്‍ അകലെയാണ് സര്‍ക്കാരിന്‍റെ മലബാര്‍ ഡിസ്റ്റലറീസ്. അതിന്‍റെ മേനോന്‍പാറയിലെ ഭൂമിയിൽ വില കുറഞ്ഞ മദ്യത്തിന്‍റെനിർമാണം തുടങ്ങാന്‍ 2022 ജൂണില്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയതാണ്. പക്ഷേ ഇതുവരെ സാങ്കേതികാനുമതി കിട്ടിയിട്ടില്ല. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും വരുമാനം കൂട്ടാനുമാണ് ഈ തീരുമാനമെടുത്തത്.

5 ബോട്ട്ലിങ് ലൈന്‍ ഇന്ത്യന്‍ നിർമിത വിദേശമദ്യ നിർമാണം, ബ്ലെന്‍ഡിങ്- ബോട്ട്ലിങ് യൂണിറ്റ് എന്നിവ ആരംഭിക്കാനാണ് അനുമതി. ഇവര്‍ക്കു ജലം നല്കാന്‍ 4 വര്‍ഷമായി സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. ചിറ്റൂര്‍ പുഴയിലെ കുന്നക്കാട്ടുപതി പദ്ധതിയില്‍ നിന്ന് വെള്ളം പൈപ്പിലൂടെ പ്ലാന്‍റിലെത്തിക്കാനായിരുന്നു നീക്കം. അതിന് 1.87 കോടി രൂപയുടെ പദ്ധതി തയാറാക്കി പൈപ്പ് ഇറക്കിയത് കാടുപിടിച്ചു കിടപ്പാണ്. ജല അഥോറിറ്റിയുമായി ചേര്‍ന്ന് തയാറാക്കിയ ഈ പദ്ധതി എലപ്പുള്ളി, വടകരപ്പതി പഞ്ചായത്തുകളുടെയും നാട്ടുകാരുടെയും എതിര്‍പ്പിനെ തുടര്‍ന്ന് മുടങ്ങി.

വ്യവസായിക ആവശ്യത്തിനുള്ള സ്പിരിറ്റ് ഉണ്ടാക്കാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ 113 ഏക്കറുള്ള മലബാര്‍ ഡിസ്റ്റലറീസില്‍ എക്‌സൈസ് മന്ത്രി പറയുന്ന മഴവെള്ള സംഭരണം സ്ഥാപിച്ച് ആരംഭിക്കാവുന്നതേയുള്ളൂ. ലാഭം മുഴുവന്‍ സര്‍ക്കാരിന് ലഭിക്കുമല്ലോ. എലപ്പുള്ളിയില്‍ കോളെജ് അനുവദിക്കുമെന്ന് പറഞ്ഞാണ് ഒയേസിസ് കമ്പനി സ്ഥലം വാങ്ങിയത്. പിന്നീട് എഥനോള്‍ ഉല്പാദന പ്ലാന്‍റിന്‍റെ ആവശ്യത്തിന് എന്നു പറഞ്ഞ് ജല അഥോറിറ്റിയില്‍ വെള്ളത്തിന് അപേക്ഷ നൽകി.

കമ്പനിക്ക് വ്യവസായ വകുപ്പില്‍ നിന്ന് വെള്ളം കണ്ടെത്താമെന്നും കുടിവെള്ള പദ്ധതികളിലെ വെള്ളം നല്‍കാനാവില്ലെന്നുമാണ് അഥോറിറ്റി അന്ന് പറഞ്ഞത്. ഡിസ്റ്റലറി, ബ്രൂവറി, വൈനറി യൂണിറ്റുകളുടെ കാര്യം കമ്പനി അപേക്ഷയില്‍ പറഞ്ഞിരുന്നില്ല. കിന്‍ഫ്ര പാര്‍ക്കിലെ വ്യവസായ സ്ഥാപനങ്ങൾക്കുള്ള പ്ലാന്‍റില്‍ നിന്ന് വെള്ളം കണ്ടെത്തണം. കഞ്ചിക്കോട്ടെ കിന്‍ഫ്ര പാര്‍ക്കിലേക്ക് മലമ്പുഴയില്‍ നിന്ന് വെള്ളമെത്തിക്കാനുള്ള പദ്ധതി 4 വര്‍ഷമായി മുടങ്ങിക്കിടക്കുകയാണ്.

കിന്‍ഫ്രയ്ക്ക് തന്നെ അവര്‍ ചോദിച്ച വെള്ളം നൽകാന്‍ കഴിയില്ലെന്ന് ജല അഥോറിറ്റി വ്യക്തമാക്കിയിട്ടുമുണ്ട്. പരിസ്ഥിതി മലിനീകരണത്തിന് പഞ്ചാബില്‍ ഉള്‍പ്പെടെ ഒയേസിസ് കമ്പനിക്കെതിരേ കേസുണ്ട്. കുഴല്‍ കിണറുകളിലേക്ക് മാലിന്യം ഒഴുക്കിയെന്ന ആരോപണവുമുണ്ട്. മദ്യം വലിയ സാമൂഹിക വിപത്തായി മാറിയിട്ടുണ്ടെന്നും അതിന്‍റെ ലഭ്യതയും ഉപഭോഗവും കുറച്ചുകൊണ്ടുവരുമെന്നും പ്രഖ്യാപിച്ച ഇടതു സര്‍ക്കാരിന്‍റെ പ്രകടനപത്രികയുടെ അന്തഃസത്തക്ക് നിരക്കുന്നതല്ല മദ്യക്കമ്പനിക്കു വേണ്ടി നടത്തിയ നീക്കങ്ങൾ.

ഒരു നയം നാടിന്‍റെയും ജനങ്ങളുടെയും താത്പര്യങ്ങള്‍ക്ക് എതിരാകുമ്പോള്‍ അത് തിരുത്താന്‍ സര്‍ക്കാര്‍ തയാറാവണം, ഇനിയെങ്കിലും പിന്തിരിയണം. കുടിവെള്ളത്തിനും കൃഷിക്കും പ്രഥമ പരിഗണന നൽകി വേണം വ്യവസായിക ആവശ്യത്തെ പരിഗണിക്കാൻ. സ്വകാര്യ കമ്പനിയുടെ ലാഭത്തിനു വേണ്ടി ജനഹിതത്തെ അവഗണിക്കരുത് .

(മികച്ച ലഹരി വിരുദ്ധ പ്രവർത്തകനുള്ള സംസ്ഥാന സർക്കാരിന്‍റെ അവാർഡ് നേടിയിട്ടുള്ള ലേഖകൻ, കേരള മദ്യവിരുദ്ധ ഏകോപന സമിതി ജനറൽ സെക്രട്ടറിയാണ്. കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി, വക്താവ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്- 8075789768)

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com