

ഐക്യരാഷ്ട്ര സുരക്ഷാ സമിതിയിലെ (UNSC) സ്ഥിരമല്ലാത്ത അംഗമെന്ന നിലയിലുള്ള 2021-22 കാലയളവിൽ, ഓഗസ്റ്റ് മാസത്തേക്കുള്ള സമിതിയുടെ അധ്യക്ഷപദവി ഇന്ത്യ ഏറ്റെടുത്തപ്പോൾ
file image
ധ്രുവ് സി. കറ്റോച്ച്| റിട്ട. മേജർ ജനറൽ
2021 ഓഗസ്റ്റ് 18: ഇന്ത്യയുടെ വിദേശകാര്യ മന്ത്രിയുടെ അധ്യക്ഷതയിൽ ഐക്യരാഷ്‌ട്ര സഭയുടെ സുരക്ഷാ കൗൺസിൽ പ്രമേയം 2,589 ഏകകണ്ഠമായി അംഗീകരിച്ചു. മൂന്നാഴ്ച മുമ്പ് പ്രാരംഭ കരട് അവതരിപ്പിച്ച ഇന്ത്യ രണ്ടുഘട്ട ചർച്ചകളിലൂടെ 80ലധികം രാജ്യങ്ങളെ സഹ സ്പോൺസർമാരാക്കി. സമാധാന സേനാംഗങ്ങളുടെ കൊലപാതകവും കുറ്റവാളികൾക്കെതിരേ നിയമ നടപടികൾ ഏതാണ്ട് ഇല്ലാത്ത അവസ്ഥയും കൗൺസിൽ ഇത്ര നേരിട്ട് അഭിസംബോധന ചെയ്തത് ആദ്യമായിരുന്നു.
2022 ഡിസംബറിൽ, വീണ്ടും ഇന്ത്യയുടെ അധ്യക്ഷ സ്ഥാനത്ത്, ഉത്തരവാദിത്തം ഉറപ്പാക്കുന്നതിനുള്ള ഗ്രൂപ്പ് ഓഫ് ഫ്രണ്ട്സ് ആരംഭിക്കുന്നതിലും ഇന്ത്യ നിർണായക പങ്കുവഹിച്ചു. ഏകദേശം 40 രാജ്യങ്ങളുള്ള ഈ കൂട്ടായ്മയുടെ സഹ അധ്യക്ഷസ്ഥാനം ഇന്ത്യ ഇന്നും വഹിക്കുന്നു. ഇന്ത്യ വെറുമൊരു പങ്കാളിയായിരുന്നില്ല; മറിച്ച് നേതൃത്വം നൽകുകയാണ് ചെയ്തത്. ഈ വർഷം ജൂൺ 23ന് സുരക്ഷാ കൗൺസിൽ പ്രമേയം 2,823 അംഗീകരിച്ചു.
സമാധാന സേനാംഗങ്ങൾക്കെതിരായ ആക്രമണങ്ങൾ സേന പ്രവർത്തിക്കുന്ന രാജ്യങ്ങളിലെ സർക്കാരുകൾ അന്വേഷിച്ച് കുറ്റക്കാർക്കെതിരേ നിയമ നടപടി സ്വീകരിക്കണം. ഉത്തരവാദിത്തവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് സെക്രട്ടറി ജനറൽ ഒരു മുതിർന്ന ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുകയും കേസുകളുടെ സ്ഥിതിയെക്കുറിച്ച് വാർഷിക റിപ്പോർട്ട് നൽകുകയും വേണം. ആദ്യ റിപ്പോർട്ട് 120 ദിവസത്തിനുള്ളിൽ സമർപ്പിക്കണം. വോട്ടെടുപ്പ് വീണ്ടും ഏകകണ്ഠമായിരുന്നു; ഇന്ത്യ ഉൾപ്പെടെ 153 രാജ്യങ്ങൾ പിന്തുണച്ചു. എന്നാൽ ഇത്തവണ പേന ഇന്ത്യയുടെ കൈയിലായിരുന്നില്ല. ഡിസംബർ വരെ കൗൺസിലിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളായ ഡെന്മാർക്കും പാകിസ്ഥാനുമായിരുന്നു കരട് തയാറാക്കിയത്.
കരട് അവരുടെ കൈകളിലെത്തിയ ശേഷം സംഭവിച്ചത് വെറും നടപടിക്രമത്തിന്‍റെ പ്രശ്നമല്ല. ഉത്തരവാദിത്തത്തിനായി സ്ഥിരം പ്രത്യേക ദൂതനെ നിയമിക്കാനായിരുന്നു ആദ്യ നിർദേശം. പുതിയ തസ്തികയുടെ ചെലവിനെ സ്ഥിരാംഗങ്ങൾ എതിർത്തതോടെ, നിലവിലുള്ള മുതിർന്ന ഉദ്യോഗസ്ഥന് അധിക ചുമതലയും പദവിയും നൽകുന്നതിലേക്ക് അത് ചുരുങ്ങി. മൂന്നു മാസത്തിലൊരിക്കൽ റിപ്പോർട്ട് നൽകണമെന്നത് വർഷത്തിലൊരിക്കലായി. ആക്രമണങ്ങൾ സമാധാന ദൗത്യങ്ങൾ തന്നെ അന്വേഷിക്കണമെന്ന വ്യവസ്ഥ ആതിഥേയ രാജ്യത്തിന്‍റെ പരമാധികാരം സംബന്ധിച്ച എതിർപ്പുകൾ നേരിട്ടു. ഒടുവിൽ, ആ സർക്കാരിന്‍റെ സ്വന്തം ഉപയോഗത്തിനായി വസ്തുതാപരമായ രേഖ തയ്യാറാക്കുക എന്നതിലേക്ക് അത് ദുർബലപ്പെട്ടു.
അവസാനം സംഭവിച്ചത്, ആതിഥേയ സർക്കാർ ആവശ്യപ്പെട്ടാൽ സൈനികരെ നൽകുന്ന രാജ്യങ്ങൾ പരിശീലനം നേടിയ അന്വേഷണ ഉദ്യോഗസ്ഥരെ അയയ്ക്കാൻ പ്രോത്സാഹിപ്പിക്കപ്പെടുന്നു. മരിച്ച സൈനികരെ നൽകുന്ന രാജ്യങ്ങൾ തന്നെ അന്വേഷണ ഉദ്യോഗസ്ഥരെയും നൽകണമെന്നാണ് മറ്റുള്ളവർ തീരുമാനിച്ച വ്യവസ്ഥകൾ പ്രകാരം തീരുമാനിക്കപ്പെട്ടത്. ഓരോ വിട്ടുവീഴ്ചയും ന്യായീകരിക്കാനായേക്കാം. എന്നാൽ ഒന്നിച്ചു നോക്കുമ്പോൾ അവയാണ് പ്രമേയത്തിന്‍റെ ശക്തി നിർണയിക്കുന്നത്. പ്രധാന സൈനിക ദാതൃരാജ്യമൊന്ന് ആ മേശയ്ക്കരികിൽ ഉണ്ടായിരുന്നെങ്കിൽ കുറഞ്ഞത് രണ്ടു മാറ്റങ്ങളെങ്കിലും എതിർക്കപ്പെട്ടേനെ.
ഇത് കേവലം സൈദ്ധാന്തിക ചർച്ചയായിരുന്നില്ല. ഡിസംബറിൽ അബിയെയിലെ ഒരു ലോജിസ്റ്റിക്സ് ബേസിൽ ഡ്രോൺ ആക്രമണമുണ്ടായപ്പോൾ ബംഗ്ലാദേശിൽ നിന്നുള്ള 6 സമാധാന സേനാംഗങ്ങൾ കൊല്ലപ്പെട്ടു. മാർച്ച് മുതൽ ജൂൺ വരെ തെക്കൻ ലെബനനിൽ 7 പേർ കൂടി മരിച്ചു. കഴിഞ്ഞ വർഷം മാത്രം 59 സമാധാന സേനാംഗങ്ങൾ ഡ്യൂട്ടിക്കിടെ ജീവൻ നഷ്ടപ്പെടുത്തി. 1948 മുതൽ ഇതുവരെ ഏകദേശം 4,500 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. അവരിൽ ഒരാളെ കൊന്നതിന് ശിക്ഷിക്കപ്പെട്ടവരുടെ എണ്ണം ഒരു ജീപ്പ് നിറയ്ക്കാൻ പോലും തികയില്ല.
പേനയ്ക്ക് പകരം ഇന്ത്യയുടെ കൈവശമുള്ളത് 2001ലെ പ്രമേയം 1,353 ആണ്. സൈനിക ദാതൃരാജ്യങ്ങളുടെ വർഷങ്ങളായുള്ള സമ്മർദത്തെത്തുടർന്ന് അംഗീകരിച്ച ഇത്, സമാധാന ദൗത്യത്തിന്‍റെ ലക്ഷ്യങ്ങളും അധികാരങ്ങളും ഉത്തരവാദിത്തങ്ങളും പുതുക്കുന്നതിന് മുമ്പ് യോഗങ്ങളും വിശദീകരണങ്ങളും വ്യവസ്ഥ ചെയ്യുന്നു. നമ്മുടെ അഭിപ്രായങ്ങൾ പരിഗണിക്കപ്പെടുമെന്ന ഉറപ്പുണ്ട്. എന്നാൽ കരട് തയാറാക്കുന്നതിൽ പങ്കോ വോട്ടവകാശമോ അംഗീകാരത്തിനുമുമ്പ് പ്രമേയത്തിന്‍റെ ഉള്ളടക്കം കാണാനുള്ള അവകാശമോ ഇല്ല.
1945 മുതലുള്ള ഐക്യരാഷ്‌ട്രസഭാ ചാർട്ടറിലെ ആർട്ടിക്കിൾ 44 കൂടുതൽ അധികാരങ്ങൾ വാഗ്ദാനം ചെയ്യുന്നു. കൗൺസിലിൽ അംഗമല്ലാത്ത സൈനിക ദാതൃരാജ്യത്തിന്‍റെ സൈനിക വിന്യാസം സംബന്ധിച്ച തീരുമാനങ്ങളിൽ ആ രാജ്യത്തെ പങ്കെടുപ്പിക്കാൻ കൗൺസിൽ ക്ഷണിക്കണം. ആർട്ടിക്കിൾ 44 കാലഹരണപ്പെട്ടുവെന്ന് ആരും വാദിക്കുന്നില്ല. എന്നിട്ടും 80 വർഷത്തിനിടെ സമാധാന പാലനത്തിനായി അത് ഒരിക്കലും ഉപയോഗിച്ചിട്ടില്ല.
പ്രതിരോധവാദം പൂർണമായും യുക്തിരഹിതമല്ല: കൗൺസിലിലെ 15 രാജ്യങ്ങൾക്കു തന്നെ പ്രമേയത്തിൽ യോജിപ്പിലെത്താൻ പ്രയാസമാണ്. കരടു രചന കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചാൽ മെച്ചപ്പെട്ട പ്രമേയങ്ങൾക്കു പകരം കുറച്ച് പ്രമേയങ്ങളേ ഉണ്ടാകൂ. എന്നാൽ പേനയും മുതിർന്ന പദവികളും കഴിവിന്‍റെ അടിസ്ഥാനത്തിൽ വിതരണം ചെയ്തിരുന്നെങ്കിൽ ഈ വാദത്തിന് കൂടുതൽ ഭാരമുണ്ടാകുമായിരുന്നു.
1997 മുതൽ സമാധാന ദൗത്യങ്ങൾ നടത്തുന്ന ഐക്യരാഷ്‌ട്രസഭാ വകുപ്പിന്‍റെ നേതൃത്വം തുടർച്ചയായി ഫ്രഞ്ച് പൗരന്മാർക്കാണ്. ഇന്ത്യൻ ഉദ്യോഗസ്ഥർ ഫീൽഡിൽ ദൗത്യങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. സെക്രട്ടേറിയറ്റിലെ മറ്റു മുതിർന്ന സ്ഥാനങ്ങളിലും ഇന്ത്യക്കാർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. എന്നാൽ ആ സ്ഥാനത്തു നിന്ന് സമാധാന പാലനത്തിന് നേതൃത്വം നൽകിയത് ഒരു ഇന്ത്യക്കാരനുമല്ല. ആ സ്ഥാനം ഒരു രാജ്യത്തിന് മാറ്റിവയ്ക്കുന്ന നിയമമില്ല; പതിവുണ്ട്. പതിവുകളെ ചോദ്യം ചെയ്യുന്നത് നിയമങ്ങളെക്കാൾ ബുദ്ധിമുട്ടാണ്, കാരണം അവയെ ഔദ്യോഗികമായി ന്യായീകരിക്കാൻ ആരും നിർബന്ധിതരല്ല.
ഈ അസമത്വത്തിന് ഇപ്പോൾ വലിയ വില കൊടുക്കേണ്ടി വരുന്നു. ജൂലൈയോടെ ഐക്യരാഷ്‌ട്ര സഭയുടെ പണം തീർന്നേക്കാമെന്ന് മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്ന് പീസ് ഓപ്പറേഷൻസ് ചെലവിൽ 15 ശതമാനം കുറവ് വരുത്തുകയും മൊത്തം യൂണിഫോംഡ് പെർസോണലിന്‍റെ നാലിലൊന്നിനെ തിരിച്ചയയ്ക്കാൻ തുടങ്ങുകയും ചെയ്തു. ഏത് കണ്ടിൻജന്‍റ് ആണ് മടങ്ങേണ്ടത്, ഏത് മിഷനിൽ നിന്ന്, ഏത് ക്രമത്തിൽ, എന്നതെല്ലാം സാമ്പത്തിക സമ്മർദത്തിനിടയിൽ 15 സർക്കാരുകളാണ് തീരുമാനിക്കുന്നത്. എന്നാൽ ആ തീരുമാനങ്ങളുടെ പ്രത്യാഘാതങ്ങൾ നേരിട്ട് നേരിടാൻ സ്വന്തം സൈനികർ രംഗത്തുള്ള രാജ്യങ്ങൾ അവയിൽ വളരെ കുറവാണ്.
ഈ പ്രശ്നം അഭിസംബോധന ചെയ്യാമായിരുന്ന അവലോകനം ഓഗസ്റ്റ് 20ന് പുറത്തുവന്നു. പാക്റ്റ് ഫോർ ദ ഫ്യൂച്ചറിൽ വാഗ്ദാനം ചെയ്ത, സമാധാന ദൗത്യങ്ങളുടെ ഭാവിയെക്കുറിച്ചുള്ള സെക്രട്ടറി ജനറലിന്‍റെ വിലയിരുത്തലായിരുന്നു അത്. എന്നാൽ പരിശോധിക്കപ്പെടേണ്ട പ്രവർത്തനങ്ങൾ നടത്തുന്ന അതേ രണ്ട് വകുപ്പുകളാണ് സെക്രട്ടേറിയറ്റിനുള്ളിൽ അതു തയാറാക്കിയത്.
മിഷന് നടപ്പാക്കാൻ കഴിയാത്ത മാൻഡേറ്റ്സ് സുരക്ഷാ കൗൺസിൽ മാറ്റുകയോ അവസാനിപ്പിക്കുകയോ ചെയ്യണമെന്ന് റിപ്പോർട്ട് നിർദേശിക്കുന്നു. അത് യുക്തിസഹമാണ്. എന്നാൽ അത് നടപ്പാക്കാൻ ഒരു മെക്കാനിസവും നിർദേശിക്കുന്നില്ല. മാൻഡേറ്റ്സ് രൂപപ്പെടുത്തുന്നതിൽ ഹോസ്റ്റ് ഗവൺമെന്‍റുകളെ പങ്കാളികളാക്കണമെന്നും റിപ്പോർട്ട് പറയുന്നു. എന്നാൽ സൈനികരെ നൽകുന്ന സർക്കാരുകളെക്കുറിച്ച് അത് ഒന്നും പറയുന്നില്ല.
3 പതിറ്റാണ്ടായി ഇന്ത്യ ഈ വാദം മാന്യമായും സ്ഥിരതയോടെയും മുന്നോട്ടുവയ്ക്കുകയാണ്. ഏറ്റവും ഒടുവിൽ, കഴിഞ്ഞ ഒക്റ്റോബറിൽ ഡൽഹിയിൽ നടന്ന ട്രൂപ്പ് കോൺട്രിബ്യൂട്ടിംഗ് കൺട്രികളുടെ സൈനിക മേധാവികളുടെ കോൺക്ലേവിലും ഇന്ത്യ ഇത് ഉന്നയിച്ചു. എന്നിട്ടും 25 വർഷത്തിനിടെ സുരക്ഷാ കൗൺസിൽ പ്രമേയം 1,353ന്‍റെ മാതൃകയ്ക്കപ്പുറം നീങ്ങിയിട്ടില്ല. നല്ല പെരുമാറ്റത്തിന്‍റെയും വിനീതമായ അഭ്യർത്ഥനകളുടെയും ബലത്തിൽ മാത്രം ഇനി അത് മാറാനും പോകുന്നില്ല.
അതുകൊണ്ട് രണ്ട് കാര്യങ്ങൾക്കായി ശക്തമായി സമ്മർദം ചെലുത്തേണ്ടതുണ്ട്. ഇവയിൽ ഒന്നിനും ഐക്യരാഷ്‌ട്ര സഭാ ചാർട്ടർ വീണ്ടും തുറന്ന് ഭേദഗതി ചെയ്യേണ്ട ആവശ്യമില്ല. ഒന്നാമതായി, ആർട്ടിക്കിൾ 44ന് യഥാർഥ പ്രായോഗിക അർഥം നൽകണം. ഒരു രാജ്യത്തിന്‍റെ സൈനികരുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന മാൻഡേറ്റ്സ് തയ്യാറാക്കുമ്പോൾ പ്രധാന ട്രൂപ്പ് കോൺട്രിബ്യൂട്ടിങ് കൺട്രികളെ ആ ചർച്ച നടക്കുന്ന മുറിയിൽ ഉൾപ്പെടുത്തണം.
രണ്ടാമതായി, സമാധാന പാലന വിഷയങ്ങളിൽ ഏറ്റവും കൂടുതൽ പേർസോണൽ നൽകുന്ന രാജ്യങ്ങൾക്ക് കോ പെൻഹോൾഡിങ്, അതായത് പ്രമേയങ്ങളുടെ കരട് തയാറാക്കുന്നതിൽ ഔദ്യോഗിക പങ്കാളിത്തം, നൽകണം. ഇത് നിയമത്തിന്‍റെ കാര്യമല്ല, പ്രവർത്തന രീതിയുടെ കാര്യമാണ്. സുരക്ഷാ കൗൺസിൽ പ്രസിഡന്‍റിന്‍റെ ഒരു നോട്ട് കൊണ്ട് നാളെ തന്നെ ഇത് നടപ്പാക്കാം.
ഇതൊന്നും ഇന്ത്യയ്ക്ക് സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വം നൽകണമെന്ന വാദമല്ല. അങ്ങനെ അല്ലാത്തതിനാലാണ് ഈ വാദം കൂടുതൽ ശക്തമാകുന്നത്. സുരക്ഷാ കൗൺസിൽ എന്ത് തീരുമാനിച്ചാലും അടുത്ത സമാധാന പാലന ദൗത്യത്തിലേക്കും ഇന്ത്യ സൈനികരെ അയയ്ക്കും. ആ കൗൺസിൽ മുറിയിലുള്ള ഓരോ പ്രതിനിധി സംഘത്തിനും അത് അറിയാം.
2021ൽ, നമ്മുടെ സൈനികർ എങ്ങനെ സംരക്ഷിക്കപ്പെടണം എന്നതിനുള്ള നിയമങ്ങൾ എഴുതിയത് നമ്മളായിരുന്നു. 5 വർഷങ്ങൾക്കുശേഷം, നമ്മൾ എഴുതുമായിരുന്നതിനേക്കാൾ ദുർബലമായ മറ്റൊരു രാജ്യത്തിന്‍റെ പതിപ്പിനെ അംഗീകരിക്കുന്നതിലേക്ക് നമ്മുടെ പങ്ക് ചുരുങ്ങി.
(ഇന്ത്യ ഫൗണ്ടേഷന്‍റെ ഡയറക്റ്ററും തന്ത്രപരവും പ്രതിരോധ വിഷയങ്ങളിലെ വിശകലന വിദഗ്ധനുമാണ് ലേഖകൻ. സൈന്യത്തിൽ 4 പതിറ്റാണ്ട് സേവനമനുഷ്ഠിച്ച സൈനിക ഉദ്യോഗസ്ഥനായ അദ്ദേഹം സെന്‍റർ ഫോർ ലാൻഡ് വാർഫെയർ സ്റ്റഡീസിന്‍റെ മുൻ ഡയറക്റ്ററുമാണ്).