

പീയുഷ് ഗോയല്‍,
കേന്ദ്ര വാണിജ്യ- വ്യവസായ മന്ത്രി
FILE PHOTO
പീയുഷ് ഗോയല്‍,
കേന്ദ്ര വാണിജ്യ- വ്യവസായ മന്ത്രി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക നയതന്ത്രത്തിലെ ചരിത്രപരമായ നാഴികക്കല്ലാണ് ഇന്ത്യ- യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ. ദശലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും യുവാക്കൾക്കും കർഷകർക്കും വിശാലമായ അവസരങ്ങളൊരുക്കുകയും ചെയ്യുന്ന ഈ കരാര്‍ ആഗോള സമ്പദ്‌വ്യവസ്ഥയുടെ നാലിലൊന്ന് വഹിക്കുന്ന ഏകദേശം 200 കോടി ജനങ്ങളുടെ സാമ്പത്തിക അഭിവൃദ്ധിക്ക് വഴിയൊരുക്കുന്നു.
ലോകത്തെ രണ്ടാമത്തെയും നാലാമത്തെയും വലിയ സമ്പദ്‌വ്യവസ്ഥകൾ തമ്മിലെ ഈ കരാർ ഇതുവരെ ഒപ്പുവച്ചതില്‍ ഏറ്റവും വലിയ വ്യാപാര കരാറുകളിലൊന്നാണ്. കേവലമൊരു വ്യാപാര കരാർ എന്നതിനപ്പുറം നിര്‍മിതബുദ്ധി, പ്രതിരോധം, അര്‍ധചാലകങ്ങള്‍ തുടങ്ങി നിർണായക മേഖലകളിൽ സഹകരണം വളർത്തുന്ന സമഗ്ര പങ്കാളിത്തത്തെ കരാര്‍ പ്രതിനിധീകരിക്കുന്നു. ഇന്ത്യയിലെ ഓരോ മേഖലയ്ക്കും ഓരോ പൗരനും, പ്രത്യേകിച്ച് പിന്നാക്ക വിഭാഗങ്ങൾക്കും ഇതു ഗുണം ചെയ്യും.
നിയമാധിഷ്ഠിത വ്യാപാരവും സാമ്പത്തിക നയങ്ങളിലെ സ്ഥിരതയും ഉറപ്പാക്കുന്ന കരാർ, രാജ്യത്ത് ആഭ്യന്തര- വിദേശ നിക്ഷേപങ്ങളെ കൂടുതലായി ആകർഷിക്കുന്നു. ചെറുകിട വ്യാപാര സംരംഭങ്ങള്‍ക്കും സ്റ്റാർട്ടപ്പുകൾക്കും തൊഴിലാളികൾക്കും നിരവധി അവസരങ്ങൾ സൃഷ്ടിക്കുന്നു.
പ്രധാനമന്ത്രി മോദിയുടെ ഈ പ്രഖ്യാപനത്തെ "മദർ ഓഫ് ഓൾ ഡീൽസ് ' എന്ന് വിശേഷിപ്പിച്ച് ലോകം കൈയടിക്കുന്നു. ഇത് ആഗോളതലത്തിൽ അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്ന ഈ സമയത്ത് സ്ഥിരതയ്ക്കു കരുത്തേകുന്നു. പൊതുവിപണികള്‍ക്കും പ്രവചനാതീതമല്ലാത്ത വ്യാപാര സാഹചര്യങ്ങള്‍ക്കും എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ചയ്ക്കും പ്രതിജ്ഞാബദ്ധരായ വിശ്വസ്ത പങ്കാളികളായി ഇന്ത്യയെയും യൂറോപ്യൻ യൂണിയനെയും ഈ കരാർ പ്രതിഷ്ഠിക്കുന്നു.
യൂറോപ്യൻ യൂണിയനിലേക്ക് ഇന്ത്യ നടത്തുന്ന കയറ്റുമതിയിൽ 99 ശതമാനത്തിലധികം ഉത്പന്നങ്ങൾക്കും വ്യാപാര മൂല്യത്തിന്‍റെ അടിസ്ഥാനത്തിൽ ഇന്ത്യ അഭൂതപൂർവമായ വിപണിലഭ്യത ഉറപ്പാക്കിയത് "മെയ്ക്ക് ഇന്‍ ഇന്ത്യ' എന്ന ആശയത്തിന് വലിയ ഉത്തേജനം പകരുന്നു. വസ്ത്രനിർമാണം, തുകൽ ഉത്പന്നങ്ങൾ, പാദരക്ഷകൾ, സമുദ്രോത്പന്നങ്ങൾ, രത്നങ്ങളും ആഭരണങ്ങളും, കരകൗശല വസ്തുക്കൾ, എന്‍ജിനീയറിങ് ഉത്പന്നങ്ങൾ, വാഹനങ്ങള്‍ തുടങ്ങി തൊഴിൽസാധ്യതയേറിയ മേഖലകൾക്ക് കരാർ നിർണായക കരുത്തേകുന്നു.
ഏകദേശം 33 ബില്യൺ ഡോളർ മൂല്യം വരുന്ന ഇന്ത്യൻ കയറ്റുമതിയുടെ 10 ശതമാനം വരെ തീരുവകൾ കരാര്‍ ഇല്ലാതാക്കുന്നു. തൊഴിലാളികളെയും കരകൗശല വിദഗ്ധരെയും സ്ത്രീകളെയും യുവാക്കളെയും സൂക്ഷ്മ- ചെറുകിട- ഇടത്തരം സംരംഭങ്ങളെയും ശാക്തീകരിക്കുന്നതിനൊപ്പം ഇന്ത്യൻ വ്യാപാരസംരംഭങ്ങളെ ആഗോള മൂല്യശൃംഖലയുമായി കൂടുതൽ ആഴത്തിൽ ബന്ധിപ്പിക്കുകയും ആഗോള വ്യാപാരത്തിലെ പ്രധാന വിതരണക്കാരെന്ന നിലയില്‍ ഇന്ത്യയുടെ പങ്കിനെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
കൂടാതെ, വ്യാപാര സംരംഭകരുടെയും പ്രൊഫഷണലുകളുടെയും തൊഴില്‍പരമായ സഞ്ചാരം കൂടുതല്‍ സുഗമമാക്കുന്നതിനൊപ്പം, വിദ്യാഭ്യാസം, വിവരസാങ്കേതികവിദ്യ, സാമ്പത്തിക സേവനങ്ങൾ, കംപ്യൂട്ടറുകൾ തുടങ്ങിയ സേവന മേഖലകളിൽ പുതിയ അവസരങ്ങളും കരാറിലൂടെ തുറക്കുന്നു. മൂല്യമേറിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന കരാറിലെ ഈ വാഗ്ദാനങ്ങൾ പ്രതിഭകൾക്കും നൂതനാശയങ്ങള്‍ക്കും സുസ്ഥിര സാമ്പത്തിക വളർച്ചയ്ക്കും വേണ്ടി നിലകൊള്ളുന്ന ആഗോള കേന്ദ്രമെന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുന്നു.
പാവപ്പെട്ടവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ മോദി സർക്കാര്‍ ആവിഷ്കരിച്ച വിശാല തന്ത്രത്തിന്‍റെ ഭാഗമാണ് വ്യാപാര കരാറുകൾ. വിപ്ലവകരമായ പരിഷ്കാരങ്ങളിലൂടെയും വിവേകപൂർണമായ സാമ്പത്തിക നിര്‍വഹണത്തിലൂടെയും ആദ്യഘട്ടത്തിൽ സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തുകയും തുടര്‍ന്ന് വികസിതവും പരസ്പരപൂരകവുമായ സമ്പദ്‌വ്യവസ്ഥകളുമായി ഇരുപക്ഷത്തിനും ഗുണകരമായ കരാറുകളിൽ ഏർപ്പെടുകയും ചെയ്യുന്നു. കൃഷി, ക്ഷീരമേഖല തുടങ്ങി പ്രാധാന്യമേറിയ മേഖലകളെ സംരക്ഷിച്ചുകൊണ്ട് തൊഴിൽസാധ്യതയേറിയ മേഖലകളുടെ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമായ വിപണികൾ പ്രയോജനപ്പെടുത്താൻ ഈ സമീപനം ഇന്ത്യയെ പ്രാപ്തമാക്കുന്നു.
വികസിത രാജ്യങ്ങളുമായി വ്യാപാര കരാറുകളില്‍ ഏര്‍പ്പെടുന്നതിലൂടെ ഇന്ത്യൻ വ്യവസായ മേഖലയ്ക്ക് ആരോഗ്യകരമായ മത്സരം നേരിടാന്‍ സാഹചര്യമൊരുങ്ങുകയും ലോകോത്തര ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാവുകയും ചെയ്യുന്നു. വിവേകരഹിതമായി രാജ്യത്തെ വിപണികൾ തുറന്നുകൊടുത്ത യുപിഎ സർക്കാരിൽ നിന്ന് വ്യത്യസ്തമായി ഘട്ടം ഘട്ടമായി തീരുവ കുറയ്ക്കുന്ന രീതിയിലാണ് മോദി സർക്കാർ കരാറുകൾ സംബന്ധിച്ച് ചർച്ചകള്‍ നടത്തുന്നത്. ഇത് ഉചിതമായ നയപിന്തുണയോടെ ഉത്പന്നങ്ങളുടെ ഗുണനിലവാരവും മത്സരശേഷിയും മെച്ചപ്പെടുത്താൻ വ്യവസായ മേഖലയ്ക്ക് ആവശ്യമായ സമയം നൽകുന്നു.
മത്സരാധിഷ്ഠിത വിലയിൽ നിലവാരമേറിയ ഉത്പന്നങ്ങൾ ലഭ്യമാക്കുക എന്നത് "2047ല്‍ വികസിത ഭാരതം' എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന്‍റെ കേന്ദ്രബിന്ദുവാണ്. പോയ വാരം ഈ പ്രതിബദ്ധത ആവർത്തിച്ച പ്രധാനമന്ത്രി പറഞ്ഞു:
""വരൂ, ഈ വർഷം നമുക്ക് പൂര്‍ണ പരിശ്രമത്തോടെ ഗുണമേന്മയ്ക്ക് മുൻഗണന നൽകാം. ഗുണമേന്മ, ഗുണമേന്മ, ഗുണമേന്മ മാത്രം എന്നതാകട്ടെ നമ്മുടെ ഏകമന്ത്രം. ഇന്നലത്തേതിനേക്കാൾ മികച്ച ഗുണമേന്മ ഇന്ന് നാം ഉറപ്പാക്കണം. ഉത്പാദിപ്പിക്കുന്ന എല്ലാത്തിന്‍റെയും ഗുണനിലവാരം മെച്ചപ്പെടുത്തുമെന്ന് നമുക്ക് ദൃഢനിശ്ചയം ചെയ്യാം''.
ഇന്ത്യയെ വികസിത രാഷ്‌ട്രമാക്കി മാറ്റുകയെന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടുമായി പൂർണമായി ചേര്‍ന്നു നില്‍ക്കുന്ന ഇന്ത്യ- യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാർ ആഗോളതലത്തിൽ ഊർജസ്വലതയും വിശ്വാസ്യതയും ദീര്‍ഘവീക്ഷണവുമുള്ള പങ്കാളിയായി ഇന്ത്യയെ പ്രതിഷ്ഠിക്കുന്നു. ഒപ്പം, ഇരു മേഖലകളിലും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന പ്രതിരോധ ശേഷിയുള്ളതും ഭാവിസജ്ജവുമായ വളർച്ചയ്ക്ക് അടിത്തറയിടുകയും ചെയ്യുന്നു.
വസ്ത്രങ്ങൾ, പാദരക്ഷകൾ, രത്നങ്ങളും ആഭരണങ്ങളും, കരകൗശല വസ്തുക്കൾ തുടങ്ങി ഇന്ത്യയുടെ പ്രധാന തൊഴിൽദായക മേഖലകളുമായി മത്സരിക്കാത്ത വികസിത രാജ്യങ്ങളുമായി മാത്രമാണ് മോദി സർക്കാർ വ്യാപാര കരാറുകളിൽ ഏർപ്പെട്ടിരിക്കുന്നത്. ഇന്ത്യയ്ക്ക് ലഭിച്ചതിലേറെ വിട്ടുവീഴ്ചകൾ ചെയ്യുകയും തുല്യ സമ്പദ്‌വ്യവസ്ഥകളുമായി കരാറുകളിലേര്‍പ്പെടാന്‍ തിടുക്കം കൂട്ടുകയും ചെയ്ത യുപിഎ ഭരണകാലത്തെ നടപടികളിൽ നിന്നു തികച്ചും വ്യത്യസ്തമാണിത്.
മാത്രവുമല്ല, വ്യാപാര കരാറുകളിൽ ഒപ്പുവയ്ക്കുന്നതിന് മുന്‍പ് ബന്ധപ്പെട്ട പങ്കാളികളുമായി യുപിഎ സർക്കാർ അർഥപൂര്‍ണമായ കൂടിയാലോചനകൾ നടത്തിയതിനു തെളിവുകളില്ല. അതിനു വിപരീതമായി സാമ്പത്തിക വിദഗ്ധർ, വ്യവസായ സ്ഥാപനങ്ങൾ, വിവിധ മേഖലകളിലെ വിദഗ്ധർ, വിവിധ സർക്കാർ വകുപ്പുകൾ, മന്ത്രാലയങ്ങൾ എന്നിവരുമായി കൃത്യമായ കൂടിയാലോചനകൾ നടത്തിയ ശേഷം മാത്രമാണ് മോദി സർക്കാർ സ്വതന്ത്ര വ്യാപാര കരാറുകളിൽ ഒപ്പുവയ്ക്കുന്നത്.
അതിന്‍റെ ഫലമായി മോദി സർക്കാർ ഒപ്പുവച്ച ഓരോ കരാറും വ്യാവസായിക മേഖലകളില്‍ നിന്ന് വ്യാപക പ്രശംസ പിടിച്ചുപറ്റി. ഓരോ കരാറും ഇരുപക്ഷത്തിനും പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയും തൊഴിൽസാധ്യതയേറിയ രാജ്യത്തെ വിവിധ മേഖലകൾക്ക് ആഗോളതലത്തിൽ കൂടുതൽ സാധ്യതകൾ തുറന്നു നൽകുകയും ചെയ്തു. 2047ഓടെ ഇന്ത്യയെ വികസിത രാഷ്‌ട്രമാക്കി മാറ്റുന്നതിലേക്കു നടത്തുന്ന പ്രയാണത്തിന് ഈ കരാറുകൾ വേഗം പകരുന്നു.
യുപിഎ ഭരണകാലത്ത് സാമ്പത്തിക വളർച്ച കുറഞ്ഞതും പണപ്പെരുപ്പം ഉയർന്ന നിലയിൽ തുടർന്നതും വ്യാപാര രംഗത്തെ മനോഭാവം നിരാശാജനകമായതും മൂലം യൂറോപ്യൻ യൂണിയൻ ഉൾപ്പെടെ വികസിത രാജ്യങ്ങൾക്ക് ഇന്ത്യയ്ക്കു മേല്‍ താത്പര്യം നഷ്ടപ്പെട്ടിരുന്നു. വളർച്ച ത്വരിതപ്പെടുത്താനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാധിക്കുന്നതും, ഇരുപക്ഷത്തിനും നേട്ടമുണ്ടാക്കുന്നതുമായ വ്യാപാര കരാറുകളിലേര്‍പ്പെടാന്‍ ഇന്ത്യയ്ക്ക് വിലപ്പെട്ട അവസരങ്ങൾ അന്നു നഷ്ടമായി.ഇന്ത്യ- യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാറും മോദി സർക്കാർ നടപ്പാക്കിയ മറ്റു വ്യാപാര കരാറുകളും ഉദാസീനവും സുശക്തവുമായ നേതൃത്വങ്ങള്‍ തമ്മിലെ വ്യത്യാസം അടിവരയിടുന്നു.
മുൻ ഭരണകൂടങ്ങൾ മടിച്ചുനില്‍ക്കുകയും വിട്ടുവീഴ്ചകളിലേര്‍പ്പെടുകയും ചെയ്തെങ്കില്‍ വിപണികൾ വിപുലീകരിക്കുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ഇന്ത്യയുടെ അടിസ്ഥാന താത്പര്യങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്ന പരിവർത്തനാത്മക കരാറാണ് മോദി സർക്കാർ ഇപ്പോള്‍ യാഥാർഥ്യമാക്കിയിരിക്കുന്നത്. കരുത്തുറ്റ നേതൃത്വത്തിലൂടെയും തന്ത്രപരമായ വ്യക്തതകളിലൂടെയും പുത്തന്‍ അവസരങ്ങൾ തുറക്കാനും ഐശ്വര്യത്തിന്‍റെ പാതയിലേക്ക് രാജ്യത്തെ നയിക്കാനും സാധിക്കുമെന്നതിന്‍റെ നേര്‍സാക്ഷ്യമാണ് ഇന്ത്യ- യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാർ.