വേരുകൾ ഉണങ്ങാതിരിക്കട്ടെ

വയോജന ദിനത്തിൽ ഒരു ഓർമപ്പെടുത്തൽ
Today is the International Day of Older Persons.

ഇന്ന് ലോക  വയോജനദിനം 

Updated on: 

എസ്. ശാന്തി

വെയിലാറിയ വഴികളിൽ തണലായി നിന്നവർ,

വിയർപ്പിന്‍റെ ഉപ്പുകൊണ്ട് നമ്മെ ഊട്ടിയവർ,

ഇന്ന് വീടിന്‍റെ മൂലയിൽ ഒറ്റയ്ക്കിരിക്കുമ്പോൾ,

അവരുടെ കണ്ണിൽ തെളിയുന്നത്

നമ്മുടെ കുഞ്ഞുന്നാളുകൾ മാത്രം.

ഒക്റ്റോബർ ഒന്ന് ലോക വയോജന ദിനമാണ്. ഇത് വെറുമൊരു ദിനാചരണമല്ല. മറന്നുപോകുന്ന സ്നേഹത്തെ, മങ്ങിപ്പോകുന്ന മുഖങ്ങളെ, ഒറ്റപ്പെട്ടുപോകുന്ന മനസുകളെ ഓർക്കുവാനും അവരെ എന്നും ചേർത്തു നിർത്തണമെന്ന് നമ്മെ ഓർമിപ്പിക്കുന്ന ദിവസമാണ്. 1982ൽ ഓസ്ട്രിയയിലെ വിയന്നയിൽ ചേർന്ന ആദ്യത്തെ ലോക വയോജന സമ്മേളനമാണ് വയോജന പ്രശ്നങ്ങൾക്ക് ആദ്യമായി ഒരു അന്താരാഷ്‌ട്ര രൂപരേഖ ഉണ്ടാക്കിയത്. അതിന്‍റെ തുടർച്ചയായി ഐക്യരാഷ്‌ട്രസഭ 1990 ഡിസംബർ 14-ന് 45/106 എന്ന പ്രമേയത്തിലൂടെ ഒക്റ്റോബർ ഒന്ന് അന്താരാഷ്‌ട്ര വയോജന ദിനമായി പ്രഖ്യാപിച്ചു. ആദ്യ ആചരണം 1991 ഒക്റ്റോബർ ഒന്നിന് ആയിരുന്നു. ഈ വർഷം നമ്മൾ 36-ാമത് അന്താരാഷ്‌ട്ര വയോജന ദിനമാണ് ആചരിക്കുന്നത്.

ദീർഘായുസ്സിന്‍റെ കാലം:

കൂടുതൽ കാലം ജീവിക്കാൻ സംവിധാനങ്ങളെ പുനർവിചിന്തനം ചെയ്യുക എന്നതാണു 2026-ലെ മുദ്രാവാക്യം. എന്തുകൊണ്ടാണ് ഈ മുദ്രാവാക്യം? 1995-ൽ 54 കോടി ആയിരുന്ന 60 വയസ്സിന് മുകളിലുള്ളവരുടെ എണ്ണം ഇന്ന് 120 കോടിയായി. 2050 ആകുമ്പോൾ അത് 210 കോടിയാകും. മനുഷ്യൻ കൂടുതൽ കാലം ജീവിക്കുന്നു, പക്ഷെ നമ്മുടെ ആരോഗ്യ സംവിധാനവും പെൻഷനും സാമൂഹ്യ സംരക്ഷണവും അതിനനുസരിച്ച് മാറിയിട്ടില്ല. ആ സംവിധാനങ്ങളെ പൊളിച്ചെഴുതാനാണ് ഈ വർഷത്തെ ദിനം ആഹ്വാനം ചെയ്യുന്നത്.

ഈ സാഹചര്യത്തിൽ കേരളത്തിന്‍റെ അവസ്ഥയെക്കുറിച്ച് നമ്മൾ ചിന്തിക്കണം. ലോകത്ത് ഏറ്റവും വേഗത്തിൽ വയോധികരുടെ എണ്ണം കൂടുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. മൂന്ന് സെന്‍റിൽ നിൽക്കുന്ന വലിയ വീടുകൾ, മുറ്റത്ത് 20 ലക്ഷത്തിന്‍റെ കാർ, വീടിനുള്ളിൽ 82 വയസുള്ള ഒരച്ഛൻ ഒറ്റയ്ക്ക്. മകൻ ദുബായിലാണ്. കാർ ഓടിക്കാൻ അറിയാത്ത, വാതിൽ തുറക്കാൻ പോലും സഹായം വേണ്ട ആ അച്ഛന്‍റെ ഏക ആഗ്രഹം ഒരു മിസ്ഡ് കോൾ ആണ്. "അവൻ വിളിച്ചു എന്ന് കണ്ടാൽ ഞാൻ ഉറങ്ങും" എന്ന് അദ്ദേഹം പറയുമ്പോൾ നമ്മുടെ സംസ്കാരം എവിടെയെത്തി എന്ന് നമ്മൾ ചിന്തിക്കണം.

സ്നേഹം തന്നെയല്ലയോ സർവസാരം

സ്നേഹത്തിന്‍റെ ആദ്യ സ്കൂൾ മുത്തശ്ശിയുടെ മടിയാണ്. ഇത് വെറും വികാരത്തിന്‍റെ കാര്യമല്ല എന്ന് ശാസ്ത്രം നമ്മെ ഓർമ്മിപ്പിക്കുന്നു.

1. ഒറ്റപ്പെടൽ എന്ന മഹാമാരി

ഹാർവാഡ് സർവകലാശാല 1938 മുതൽ 85 വർഷം നടത്തിയ ലോകത്തിലെ ഏറ്റവും വലിയ പഠനമാണ് ഹാർവാഡ് സ്റ്റഡി ഒഫ് അഡൽറ്റ് ഡെവലപ്മെന്‍റ്. അതിന്‍റെ ഡയറക്്റർ ഡോ. റോബർട്ട് വാൾഡിംഗർ പറഞ്ഞു: "നല്ല ബന്ധങ്ങളാണ് നമ്മളെ സന്തോഷവും ആരോഗ്യവുമുള്ളവരാക്കുന്നത്. ഒറ്റപ്പെടൽ കൊല്ലും."

അമെരിക്കൻ ഹാർട്ട് അസോസിയേഷൻ പറയുന്നു, ഒറ്റപ്പെട്ടു ജീവിക്കുന്ന വയോധികർക്ക് ഹൃദയാഘാത സാധ്യത 29% കൂടുതലാണ്. ദിവസം 15 സിഗരറ്റ് വലിക്കുന്നതിന് തുല്യമാണ് ഒറ്റയ്ക്കിരിക്കുന്നത്. നിങ്ങൾ അച്ഛനെ വീട്ടിൽ ഒറ്റയ്ക്കാക്കുമ്പോൾ, നിങ്ങൾ അദ്ദേഹത്തിന് സിഗരറ്റ് വലിച്ചു കൊടുക്കുകയാണ്.

2. ഒരു സ്പർശനത്തിന്‍റെ ശാസ്ത്രം

ന്യൂറോ സയൻസ് പറയുന്ന മറ്റൊരു സത്യമുണ്ട്. നിങ്ങൾ അവസാനമായി അമ്മയെ കെട്ടിപ്പിടിച്ചത് എപ്പോഴാണ്?

നിങ്ങൾ അമ്മയെ 20 സെക്കൻഡ് ചേർത്തു പിടിക്കുമ്പോൾ, നിങ്ങളുടെ രണ്ടു പേരുടെയും തലച്ചോറിൽ നിന്ന് ഓക്സിടോസിൻ എന്ന ഹോർമോൺ പുറപ്പെടും. സ്നേഹത്തിന്‍റെ ഹോർമോൺ. അത് അമ്മയുടെ രക്തസമ്മർദം കുറയ്ക്കും, ഉറക്കമില്ലായ്മ മാറും, വിഷാദം മാറും, നിങ്ങളുടെ സ്ട്രെസ്സ് കുറയും.

ഒരു മരുന്നിനും ചെയ്യാൻ പറ്റാത്തത് ഒരു സ്പർശനത്തിന് ചെയ്യാൻ പറ്റും. അതിന് കുറിപ്പടി വേണ്ട, പൈസ വേണ്ട. ഒരു 20 സെക്കൻഡ് മതി.ഈ തലോടൽ ഇന്ന് പല വീടുകളിലും ഇല്ലാതായി.

3. മുത്തശ്ശിയുടെ മരപ്പെട്ടി

ഒരു മുത്തശ്ശിക്ക് ഒരു മരപ്പെട്ടി ഉണ്ടായിരുന്നു. മക്കൾ കരുതി പഴയ സാരിയാണെന്ന്. മുത്തശ്ശി മരിച്ചപ്പോൾ തുറന്നുനോക്കിയപ്പോൾ അതിൽ സ്വർണ്ണമോ പണമോ ആയിരുന്നില്ല. മൂന്ന് സാധനങ്ങൾ മാത്രം - മകൻ ആദ്യമായി എഴുതിയ "അമ്മ' എന്ന അക്ഷരത്തെറ്റുള്ള കത്ത്, മകൾ കളഞ്ഞെന്ന് കരുതിയ ഒരു കളിപ്പാവ, ഭർത്താവിന്‍റെ അവസാന കുറിപ്പ് "നീ നന്നായി നോക്കി'. അവർക്ക് സ്വത്ത് പണമായിരുന്നില്ല, ഓർമകളായിരുന്നു.

ഇതാണ് ശാസ്ത്രം പറയുന്നതും. എമോറി സർവകലാശാലയുടെ പഠനമനുസരിച്ച് സ്വന്തം കുടുംബത്തിന്‍റെ കഥകൾ അറിയുന്ന കുട്ടികൾക്ക് ജീവിതത്തിൽ പരാജയങ്ങളെ നേരിടാനുള്ള മാനസിക കരുത്ത് കൂടുതലാണ്. മുത്തശ്ശി ഒരു ലൈബ്രറിയാണ്. ആ ലൈബ്രറി നമ്മൾ കത്തിച്ചു കളയുകയാണ്.

4. ജപ്പാനിലെ ഒക്കിനാവ പഠിപ്പിക്കുന്നത്

ലോകത്ത് ഏറ്റവും കൂടുതൽ നൂറ് വയസ് കഴിഞ്ഞവർ ജീവിക്കുന്നത് ജപ്പാനിലെ ഒക്കിനാവ ദ്വീപിലാണ്. അവിടെ 'മൊആയ്' എന്നൊരു ശീലമുണ്ട്. 5-6 സുഹൃത്തുക്കൾ ചേർന്ന ഒരു കൂട്ടം. അവർ ജനനം മുതൽ മരണം വരെ ഒരുമിച്ചുണ്ടാകും. ഒരുമിച്ച് ഭക്ഷണം കഴിക്കും, ഒരുമിച്ച് കരയും, ഒരുമിച്ച് ചിരിക്കും.

അവർ പറയുന്നു, ഞങ്ങൾക്ക് ജീവിക്കാൻ ഒരു കാരണമുണ്ട്. ആ കാരണം മറ്റൊരാൾക്ക് വേണ്ടി ജീവിക്കുക എന്നതാണ്.

നമ്മുടെ മുത്തശ്ശിമാർക്കും "എനിക്ക് വേണ്ടി മകൻ കാത്തിരിക്കുന്നുണ്ട്" എന്ന തോന്നൽ മതി, അവർ 10 വർഷം കൂടി ജീവിക്കും.

> തിരിച്ചു പോകുവാനൊരിടം വേണം,

> തിരിച്ചു പോകുമ്പോൾ വിളക്കു വേണം

ആ തിരിച്ചു പോകാനുള്ള ഇടമാണ് വീട്. ആ വിളക്കാണ് അച്ഛനും അമ്മയും. വിളക്ക് അണഞ്ഞാൽ വീട് ഇരുട്ടാകും.

കേരളത്തിൽ ഇന്ന് ഇരുപത് ലക്ഷത്തിലധികം വയോധികർ ഒറ്റയ്ക്ക് താമസിക്കുന്നു. അതിന് പരിഹാരം വലുതൊന്നുമല്ല. കേൾക്കാൻ പഠിക്കുക: അവർക്ക് ഉപദേശം വേണ്ട, ശ്രോതാവിനെ വേണം. ദിവസം 10 മിനിറ്റ് അവരുടെ കഥ കേൾക്കുക. തൊടാൻ പഠിക്കുക: ഒന്ന് തോളിൽ കൈ വയ്ക്കുക. പഠിപ്പിക്കാൻ പഠിക്കുക: "അച്ഛാ, ഇതാണ് വീഡിയോ കോൾ" എന്ന് പഠിപ്പിച്ചു കൊടുക്കുക.

അവസാനമായി ഒരു കഥ

ഒരു മകൻ അച്ഛനെ വൃദ്ധസദനത്തിൽ കൊണ്ടുവിട്ടു. മാസത്തിൽ ഒരിക്കൽ കാണാൻ വരും. ഒരു ദിവസം ഫോൺ വന്നു, "അച്ഛന് സുഖമില്ല, വേഗം വരൂ'.

മകൻ ഓടിച്ചെന്നു. അച്ഛൻ അവസാന ശ്വാസത്തിലായിരുന്നു. മകൻ ചോദിച്ചു, "അച്ഛാ, എന്തെങ്കിലും വേണോ?'

അച്ഛൻ പറഞ്ഞു, "ഈ വൃദ്ധസദനത്തിൽ ഫാൻ കേടാണ്, ലൈറ്റ് കേടാണ്. അത് നന്നാക്കാൻ പറയൂ."

മകൻ പറഞ്ഞു, "അച്ഛാ ഇപ്പോഴാണോ ഇത് പറയുന്നത്?"

അച്ഛൻ ചിരിച്ചു കൊണ്ട് പറഞ്ഞു, "മോനെ, ഞാൻ ഇതൊക്കെ സഹിച്ചു. പക്ഷെ നിന്‍റെ മകൻ നിന്നെ ഇവിടെ കൊണ്ടുവരുമ്പോൾ നിനക്ക് സഹിക്കാൻ പറ്റില്ലല്ലോ, അതുകൊണ്ടാ പറഞ്ഞത്'.

നമ്മൾ ചെയ്യുന്നത് നമ്മുടെ കുഞ്ഞുങ്ങൾ കാണുന്നുണ്ട്.

logo
Metro Vaartha
www.metrovaartha.com