മദിച്ച് സമ്പന്നർ, കിതച്ച് ജനം

ഒന്നാം ഘട്ടത്തിൽ 102 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നു കഴിഞ്ഞു. രണ്ടാംഘട്ടം 26നാണ്. കേരളം വിധിയെഴുതാൻ പോകുന്നത് അന്നാണ്
മദിച്ച് സമ്പന്നർ, കിതച്ച് ജനം

തെരഞ്ഞെടുപ്പ് പൊടിപൊടിക്കുകയാണ്. രാഷ്‌ട്രീയ ഗോദായിലെ ബലാബലത്തിൽ മാറ്റുരയ്ക്കാൻ പാർട്ടികൾ അരയും തലയും മുറുക്കി രംഗത്താണ്. പോർവിളികളും ആരോപണ പ്രത്യാരോപണങ്ങളുമെല്ലാം കൊണ്ട് രംഗം കൊഴുക്കുന്നു. വാഗ്ദാനങ്ങളുടെ പെരുമഴ വേറെ. എന്നാൽ പഴയതിൽ നിന്ന് ഒരു വ്യത്യാസം മാത്രം. ഇപ്പോൾ അത് ഗ്യാരന്‍റിയാണ് പ്രധാനമന്ത്രി തന്നെ പറയുന്ന "മോദിയുടെ ഗ്യാരന്‍റി'.

ഒന്നാം ഘട്ടത്തിൽ 102 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നു കഴിഞ്ഞു. രണ്ടാംഘട്ടം 26നാണ്. കേരളം വിധിയെഴുതാൻ പോകുന്നത് അന്നാണ്.

അച്ചടി മാധ്യമങ്ങളും ദൃശ്യമാധ്യമങ്ങളും എല്ലാം ബിജെപി പരസ്യങ്ങൾ കൊണ്ട് നിറയുകയാണ്. മറ്റു പാർട്ടികളിൽ ഇക്കാര്യത്തിൽ ഏഴയലത്ത് പോലുമില്ല. മുഖ്യപ്രതിപക്ഷമായ കോൺഗ്രസിന്‍റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചത് സമീപകാല ചരിത്രം. ജനാധിപത്യത്തിൽ കേട്ടുകേൾവി പോലുമില്ലാത്ത കാര്യം. തെരഞ്ഞെടുപ്പ് ഗോദയിൽ മുഖ്യ എതിരാളിയെ നിരായുധരാക്കുന്നത് ആരോഗ്യകരമായ നടപടിയല്ല. എന്നാൽ ഇത് ഇവിടെ തുടർച്ചയായി സംഭവിക്കുന്നു. അമിതാധികാര പ്രയോഗത്തിന്‍റെ പുതിയ ശിലാന്യാസം.

ബിജെപി പരസ്യങ്ങളിൽ നിറയുന്നത് എണ്ണമില്ലാത്ത വാഗ്ദാനങ്ങളും അവകാശവാദങ്ങളും. അതിലൊന്നാണ് ഇന്ത്യ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി വളരുന്നു എന്നത്. ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന അവകാശവാദം. പിൻബലത്തിനു സാമ്പത്തിക വിദഗ്ധരും റിപ്പോർട്ടുകളും.

അവിടെയാണ് അടുത്തകാലത്തു വന്ന ചില പഠന റിപ്പോർട്ടുകൾ പ്രസക്തമാവുന്നതും ചർച്ചയാവുന്നതും. രാജ്യത്തു വരുമാനത്തിലുള്ള അസമത്വം 100 വർഷത്തെ ഉയർന്ന നിലയിലെത്തിയെന്നതാണ് അതിൽ ഒന്ന്. ഇന്ത്യയിൽ അതിസമ്പന്നരുടെയും സാധാരണക്കാരുടെയും വരുമാനത്തിലുള്ള അസമത്വം ബ്രിട്ടീഷ് കോളനിവാഴ്ചക്കാലത്തേക്കാൾ ഉയർന്ന നിലയിലെന്നാണ് പഠന റിപ്പോർട്ട് വ്യക്തമാക്കുന്നത്.

വേൾഡ് ഇൻ ഇക്വാലിറ്റി ലാബ് ആണ് റിപ്പോർട്ട് തയാറാക്കിയത്. ന്യൂയോർക്ക് സർവകലാശാലയിലെ നിതിൻ കുമാർ ഭാരതി, ഹാർവാഡ് കെന്നഡീ സ്കൂളിലെ ലൂകാസ് ചാൻസെൽ, പെറിസ്‌ സ്കൂൾ ഓഫ് എക്കണോമിക്സിൽ നിന്നുള്ള തോമസ് പിക്കെറ്റി, അൻമോൾ സൊമാൻഷ് എന്നിവർ ചേർന്നാണ് ഇത് തയാറാക്കിയിട്ടുള്ളത്.

അതിസമ്പന്നരായ ഒരു ശതമാനം പേരിലേക്കാണ് ദേശീയ വരുമാനത്തിന്‍റെ 22. 6 ശതമാനവും എത്തിച്ചേരുന്നത്. താഴെത്തട്ടിലുള്ള 50% ജനങ്ങൾക്ക് ലഭിക്കുന്നതാകട്ടെ ദേശീയ വരുമാനത്തിന്‍റെ 15% മാത്രവും. 1922 മുതലുള്ള കണക്കുകളിൽ ഏറ്റവും ഉയർന്ന അസമത്വ നിരക്കാണ് ഇതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

ആസ്തിയുടെ കാര്യത്തിലും ഈ അസ്തമത്വം പ്രകടമാണെന്നും ഇതും ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരത്തിലാണെന്നും റിപ്പോർട്ട് പറയുന്നു. 2023ലെ കണക്കനുസരിച്ച് ദേശീയ ആസ്തിയുടെ 39.5 ശതമാനവും അതിസമ്പന്നരായ ഒരു ശതമാനത്തിന്‍റെ കൈവശമാണ്. താഴെത്തട്ടിലുള്ള 50%ത്തിന്‍റെ കൈവശം ആസ്തിയുടെ 6.5% മാത്രമാണുള്ളത്. 1961 മുതലുള്ള കണക്കുകൾ വിലയിരുത്തുമ്പോൾ ആസ്തിയിലെ ഈ അസമത്വം ഏറ്റവും ഉയർന്ന നിലവാരത്തിലാണ്. 20 വർഷം മുമ്പ് അതിസമ്പന്നരായ ഒരു ശതമാനത്തിന്‍റെ കൈയിൽ 25.4%, താഴെത്തട്ടിലുള്ള 50%ത്തിന്‍റെ കൈയിൽ 6.9% ആസ്തിയായിരുന്നു ഉണ്ടായിരുന്നത്.

സാമ്പത്തികമായ ഈ അസമത്വം കുറച്ചുകൊണ്ടുവരാൻ കാര്യക്ഷമമായ രീതിയിൽ ആസ്തി പുനർവിന്യാസം ആവശ്യമാണെന്ന് പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇന്ത്യയിൽ സ്വത്തു നികുതി ശരിയായ രീതിയിൽ അല്ലെന്നും നികുതി നയങ്ങളിൽ കാര്യമായ മാറ്റം നടപ്പാക്കണമെന്നും റിപ്പോർട്ട് പറയുന്നു.

ആസ്തിയും വരുമാനവും പരിഗണിച്ചാൽ അതിസമ്പന്നർ കുറഞ്ഞ നികുതിയാണ് നൽകുന്നത്. ഇന്ത്യയിലെ ശതകോടീശ്വരന്മാർക്കും കോടിപതികൾക്കും സൂപ്പർ നികുതി ചുമത്തണമെന്ന് റിപ്പോർട്ട് പറയുന്നു. ഇതിനായി നികുതിക്രമം പുനഃക്രമീകരിക്കണം. വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളിലേക്ക് നിക്ഷേപമെത്തുന്നതിന് നടപടികൾ ഉണ്ടാവണം.

സ്വത്ത് കേന്ദ്രീകരിക്കപ്പെടുന്നത് നയ തീരുമാനങ്ങളെ സ്വാധീനിക്കാൻ ഇടയുണ്ട്. ഇത് അതിസമ്പന്നർക്ക് സമൂഹത്തിലും സർക്കാരിലും സ്വാധീനം കൂടാൻ കാരണമാകുന്നു. ജനാധിപത്യ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തുന്നതാണിതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ഈ നിരീക്ഷണങ്ങൾക്ക് മറുപടി പറയാൻ സർക്കാരിന് ബാധ്യതയില്ലേ? പ്രത്യേകിച്ചും തെരഞ്ഞെടുപ്പ് കാലത്തെങ്കിലും. അതിസമ്പന്നർ സർക്കാർ തീരുമാനങ്ങളെ സ്വാധീനിക്കുന്നതും സർക്കാർ അവരുടെ ആജ്ഞാനിവർത്തികളായി മാറുന്നതും നാം നേരിൽ കണ്ടുകൊണ്ടിരിക്കുകയല്ലേ? അത് ജനാധിപത്യ ശരീരത്തിൽ ഉണ്ടാക്കുന്ന പുഴുക്കുത്തലുകളും വിള്ളലുകളും കെടുതികളും വർത്തമാനകാല യാഥാർഥ്യങ്ങളല്ലേ? റിപ്പോർട്ടിലെ നിർദേശങ്ങൾ പരിഗണിച്ച് അതിസമ്പന്നർക്കു കൂടുതൽ നികുതി ചുമത്തുമെന്ന് ഈ തെരഞ്ഞെടുപ്പ് കാലത്തെങ്കിലും ജനങ്ങളോട് പറയാൻ ഭരണാധികാരികൾ ആർജവം പ്രകടിപ്പിക്കേണ്ടതല്ലേ? എന്നാൽ സംഭവിക്കുന്നതോ നേർ വിപരീതവും. അവരുടെ നികുതി കുറയ്ക്കുകയും അവർ സർക്കാരിലേക്ക് നൽകേണ്ട തുക എഴുതിത്തള്ളുകയുമല്ലേ സർക്കാർ ചെയ്തുവരുന്നത്. എന്നിട്ട് ആ ബാധ്യതയുടെ അധികഭാരം കൂടി സാധാരണക്കാരന്‍റെ മേൽ അടിച്ചേൽപ്പിക്കുന്നതല്ലേ നമ്മുടെ നിലവിലെ രീതി. കോർപ്പറേറ്റുകളുടെ നികുതി നിരക്ക് കുറയ്ക്കുക, വ്യക്തിഗത ഉപഭോഗത്തിന്‍റെ സർച്ചാർജ് കൂട്ടുക!

സാമ്പത്തിക ശക്തി എന്ന് ഊറ്റം കൊള്ളുന്നവർ മറുപടി പറയേണ്ട മറ്റൊന്നാണ് ഇന്ത്യ എംപ്ലോയ്മെന്‍റ് റിപ്പോർട്ട്. ഇന്ത്യയിലെ തൊഴിൽ രഹിതരില്‍ 83 % യുവജനങ്ങളാണെന്നും അഭ്യസ്ത വിദ്യരുടെ ഇടയിൽ 2000ൽ 35.2% ആയിരുന്നു തൊഴിലില്ലായ്മ എങ്കിൽ 2022-ൽ അത് 65.7 % ആയി ഉയർന്നെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഇന്‍റർനാഷണൽ ലേബർ ഓർഗനൈസേഷനും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ ഡവലപ്മെന്‍റും ചേർന്നാണ് റിപ്പോർട്ട് തയാറാക്കിയത്. അഭ്യസ്തവിദ്യരായ സ്ത്രീകൾക്കും പട്ടിക വിഭാഗങ്ങൾക്കും നല്ല ജോലികൾ ലഭിക്കുന്നില്ലെന്ന് പഠന വിവരങ്ങൾ പുറത്തുവിട്ടുകൊണ്ട് കേന്ദ്ര സർക്കാരിന്‍റെ ചീഫ് ഇക്കണോമിക് അഡ്വൈസർ വി. അനന്ത നാഗേശ്വരൻ തന്നെ വ്യക്തമാക്കി. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും മുന്തിയ തൊഴിലില്ലായ്മ നിരക്കാണ് നിലവിലുള്ളതെന്ന് ചുരുക്കം.

ലോക രാജ്യങ്ങളെ വിലയിരുത്തിക്കൊണ്ടുള്ള പട്ടിണി സൂചിക റിപ്പോർട്ട്‌ അടുത്തകാലത്തു പുറത്തു വരികയുണ്ടായി. അവിടെയും രണ്ടക്ക സ്ഥാനത്തു നിന്നു മൂന്നക്ക സ്ഥാനത്തേക്ക് ഇന്ത്യ കുതിക്കുന്നതാണ് നാം കണ്ടത്. 121 സ്ഥാനത്തേക്ക്!

ചികിത്സാ ചിലവ് താങ്ങാനാവാതെ ലക്ഷക്കണക്കിനാളുകൾ ഓരോ വർഷവും ദാരിദ്ര്യരേഖയിലേക്ക് കൂപ്പു കുത്തുന്നുവെന്നു നേരത്തെ നിതി ആയോഗ് തന്നെ പുറത്തുവിട്ട ഒരു റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിരുന്നു. ഇതു നൽകുന്ന സൂചന എന്താണ്? ജനസാമാന്യത്തിനു ജീവിതാവശ്യങ്ങൾ നിർവ്വഹിക്കാൻ പോലും നിവൃത്തിയില്ലാത്ത അവസ്ഥ എന്നല്ലേ?

സാമ്പത്തിക ശക്തിയാകുന്നതിന്‍റെ മാനദണ്ഡങ്ങളും വളർച്ചാ നിരക്കുമടക്കമുള്ള സാമ്പത്തിക രീതിശാസ്ത്രത്തിന്‍റെ ആഴങ്ങളിലേക്ക് മുങ്ങിത്താഴാനും അമൂല്യനിധികളുമായി പൊങ്ങി നിവരാനുമുള്ള അവഗാഹമില്ലാത്ത സാധാരണക്കാരന്‍റെ പക്ഷത്ത് നിന്ന് ചോദിക്കട്ടെ, ഇതാണോ സാമ്പത്തിക വളർച്ച? ഇക്കാര്യങ്ങൾ തലനാരിഴ കീറി പരിശോധിക്കുന്ന വിദഗ്ധരും അത് കൊട്ടിഘോഷിക്കുന്ന പ്രയോക്താക്കളും ഇതിനു മറുപടി പറയണം.

സ്വത്തു കേന്ദ്രീകരണത്തിന്‍റെയും ആസ്തി വർധനവിന്‍റെയും കാര്യത്തിൽ ഇത് ആദ്യത്തെ റിപ്പോർട്ടല്ല. ഓക്സ്ഫാം അടക്കമുള്ള റിപ്പോർട്ടുകൾ ഇത് നിരവധി തവണ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാരൻ ജീവിക്കാൻ മാർഗമില്ലാതെ പാപ്പരായിക്കൊണ്ടിരിക്കുന്ന "വികസന പ്രതിഭാസ'ത്തെക്കുറിച്ച് അവരെല്ലാം വരച്ചു കാട്ടിയിട്ടുണ്ട്.

ആ മഹാഭൂരിപക്ഷത്തെ സ്വാശ്രയത്വത്തിലേക്ക് കൂട്ടിക്കൊണ്ടുവരാൻ വായ്ത്താരി അല്ലാതെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ? അതിന്‍റെ വ്യാപ്തി വർധിക്കുകയും 100 കൊല്ലത്തെ സർവകാല റെക്കോഡിലേക്ക് അത് എത്തുകയും ചെയ്യുമ്പോൾ മൂന്നാമത്തെ സാമ്പത്തിക ശക്തി എന്ന മേനി പറയുന്നതിൽ എന്ത് യുക്തിയാണുള്ളത്? അതോ ഒരു ശതമാനം ആളുകളെ സമ്പന്നരും അതിസമ്പന്നരും ശതകോടീശ്വരന്മാരുമൊക്കെയാക്കുകയും അവരിലേക്ക് വരുമാനം കേന്ദ്രീകരിക്കുകയും ചെയ്യുന്നതാണോ സാമ്പത്തിക വളർച്ച!

രാജ്യത്തെ നികുതി ഘടന പുനസംവിധാനം ചെയ്യണമെന്ന് ഒടുവിലത്തെ റിപ്പോർട്ടിലും അടിവരയിടുന്നു. ഓക്സ്ഫാം റിപ്പോർട്ടിലും ഇക്കാര്യം ആവർത്തിച്ച് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഒരു ശതമാനം അതിസമ്പന്നർക്കുള്ള നികുതി വർഷം 0.5 ശതമാനം വച്ചു വർധിപ്പിച്ചിരുന്നെങ്കിൽ രാജ്യത്ത് 11.7 കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ആവശ്യമായ നിക്ഷേപം ലഭിക്കുമായിരുന്നുവെന്ന് ഓക്സ്ഫാം നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാൽ ആ വഴിക്ക് എപ്പോഴെങ്കിലും നാം സഞ്ചരിച്ചിട്ടുണ്ടോ? അങ്ങനെ ചിന്തിക്കാൻ പോലും പാടില്ല, കാരണം അത് വിശുദ്ധ പശുവാണ് എന്നതാണ് ഭരണാധികാരികളുടെ കാഴ്ചപ്പാട്. അത് വെളിവാക്കുന്ന നടപടികളാണ് അവരിൽ നിന്ന് നമുക്ക് കാണാനായിട്ടുള്ളത്. കൊവിഡ് പ്രതിസന്ധി മറികടക്കാൻ സമ്പന്നർക്ക് അധിക നികുതി ചുമത്താൻ ഐ.ആർഎസ് ഉദ്യോഗസ്ഥർ നൽകിയ നിർദേശത്തോടു കേന്ദ്ര സർക്കാർ സ്വീകരിച്ച സമീപനം അതിന്‍റെ പ്രകടമായ ഉദാഹരണമാണ്. 5 കോടിയിൽപ്പരം ആസ്തിയുള്ളവരിൽ നിന്ന് സ്വത്ത് നികുതി ഈടാക്കുന്നത് ഉൾപ്പെടെയുള്ളതായിരുന്നു ശുപാർശ.

എന്നാൽ ഇതിന്‍റെ പേരിൽ മൂന്ന് പ്രമുഖ ഉദ്യോഗസ്ഥരെ ചുമതലയിൽ നിന്ന് നീക്കുകയും അവർക്ക് കുറ്റപത്രം നൽകുകയും ചെയ്തു. ഇത്തരത്തിൽ റിപ്പോർട്ട് തയാറാക്കാൻ ഐആർഎസ് അസോസിയേഷനോട് നിർദേശിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ സമ്പന്നരുടെ മുന്നിൽ നല്ലപിള്ള ചമയുകയും ചെയ്തു.

അപ്പോൾ സമീപനം വ്യക്തം. റിപ്പോർട്ടുകൾ വരട്ടെ, പോകട്ടെ അതൊന്നും തങ്ങൾക്ക് ബാധകമല്ല എന്ന് ചുരുക്കം. അതിസമ്പന്നർക്കു നോവുന്നതൊന്നും തങ്ങൾ ചെയ്യില്ല എന്ന പ്രതിജ്ഞ. ഇൻക്ലൂസീവ് ഗ്രോത്തും ഇക്വറ്റബിൾ ഗ്രോത്തും ഒക്കെ ആകർഷകമായ വാക്കുകൾ ആയതുകൊണ്ട് പറയുന്നു എന്നുമാത്രം! അതിലേക്ക് എത്തപ്പെടണമെന്ന ഒരു നിർബന്ധവുമില്ല. ഉണ്ടായിരുന്നുവെങ്കിൽ അസമത്വ വളർച്ച ഇങ്ങനെ കൊടുമുടി കയറുമായിരുന്നോ?

യഥാർഥത്തിൽ ഇതൊക്കെയല്ലേ തെരഞ്ഞെടുപ്പിൽ ചർച്ചയാവേണ്ടത്. ജനങ്ങളെ ബാധിക്കുന്ന അടിസ്ഥാന ജീവൽ പ്രശ്നങ്ങൾ. എന്നാൽ അതിലൊന്നും ചർച്ചയുമില്ല, സംവാദവുമില്ല. വൈകാരിക പ്രശ്നങ്ങൾ ഇട്ടുകൊടുത്ത് അതിനെ ചുറ്റിപ്പറ്റി ആളുകളെ ആനയിക്കാനുള്ള സൂത്രവിദ്യകളും പണക്കൊഴുപ്പും അധികാരം പിടിക്കാൻ ലക്ഷ്യം വെക്കുന്നവർക്കുണ്ട്. അവരെ സ്പോൺസർ ചെയ്യാൻ അതിസമ്പന്നരും ശതകോടീശ്വരന്മാരും. അതിൽ കൂടുതൽ എന്താണ് വേണ്ടത്. നമ്മുടെ ദുര്യോഗം എന്നല്ലാതെ എന്തു പറയാൻ!

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com