

പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. വോട്ടര്‍മാരെ പാട്ടിലാക്കാന്‍ എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളും പെടാപ്പാട് തുടങ്ങിയിട്ട് ആഴ്ച്ചകളായി. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് ഒരു ഉത്സവാഘോഷം പോലെയാണ് രാജ്യത്താകമാനം എല്ലാ പാര്‍ട്ടികള്‍ കൊണ്ടാടുന്നത്. ഉത്സവ സമാനമായ ആഘോഷ പരിപാടികളാണ് രാജ്യത്താകമാനം ഓരോ പാര്‍ട്ടിയും ഓരോ മണ്ഡലങ്ങളിലും സംഘടിപ്പിക്കുന്നത്. ഇലക്‌ഷന്‍ കാലത്ത് ഇലക്‌ഷന്‍ ടൂറിസം എന്ന പേരില്‍ കച്ചവടവും കുറച്ച് കാലമായി കേരളത്തിലുണ്ട്. ഒട്ടേറെ വിദേശികള്‍ ഇന്ത്യയിലെ ഇലക്‌ഷന്‍ പ്രചരണങ്ങള്‍ കാണാനെത്താറുണ്ട്. ലോകത്തെ ഏറ്റവും വലുതും വിപുലവും ജനപങ്കാളിത്തമുള്ളതുമായ ജനാധിപത്യ പ്രകിയയാണല്ലോ ഇവിടത്തെ തെരഞ്ഞെടുപ്പ്. ഇത് മനസിലാക്കിയാണ് ഇലക്‌ഷന്‍ ടൂറിസത്തിന് തുടക്കമായതെന്ന് പറയുന്നു.
വോട്ടര്‍മാരുടെ മനസിലേക്ക് തങ്ങളുടെ കഴിഞ്ഞകാല പ്രവര്‍ത്തന റിപ്പോര്‍ട്ടുകളും തങ്ങള്‍ നടപ്പിലാക്കാന്‍ പോകുന്ന വികസന പ്രവര്‍ത്തനങ്ങളും എത്തിക്കുക എന്നതാണ് മുന്‍പ് വിജയിച്ച പാര്‍ട്ടിയുടെ ലക്ഷ്യം. എന്നാല്‍ കഴിഞ്ഞ തവണ ജയിച്ചവരുടെ വീഴ്ച്ചകളും തങ്ങള്‍ നടപ്പിലാക്കാന്‍ പോകുന്ന വികസന പ്രവര്‍ത്തനങ്ങളും ജനങ്ങളിലെത്തിക്കുക എന്നതാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ലക്ഷ്യം. ആശയങ്ങളുടെ പോരാട്ടമാണ് അവിടെ നടക്കുന്നത്. നല്ല വാഗ്മികളെ കൊണ്ട് കവല പ്രസംഗങ്ങള്‍ നടത്തിയും, പൊതുയോഗങ്ങള്‍ നടത്തിയും ഇത് പ്രായോഗികമാക്കുന്നു. വര്‍ത്തമാനകാലത്തെ ഹിറ്റ് ഗാനങ്ങളുടെ പാരഡിയില്‍ പറയേണ്ടതൊക്കെ താളത്തില്‍ പറയുന്ന രീതിയും വ്യാപകമാണ്. കാര്‍ട്ടൂണുകളും ട്രോളുകളും മീമുകളും റീലുകളുമൊക്കെ ഇപ്പോഴത്തെ ട്രെൻഡാണ്. റീലുകളുടെ കാലമായത് കൊണ്ട് വലിയ രീതിയിലുള്ള റീലുകളുടെ കുത്തൊഴുക്കും ഉണ്ടാകും.
വ്യത്യസ്തങ്ങളായ ചിഹ്നങ്ങള്‍ പതിച്ച വ്യത്യസ്ത നിറങ്ങളിലുള്ള വ്യത്യസ്ത പാര്‍ട്ടികളുടെ പോസ്റ്ററുകള്‍ കൊണ്ട് രാജ്യത്തെ ചുമരുകളില്‍ എല്ലാം നിറഞ്ഞിരിക്കുകയാണ്. സ്ഥാനാർഥികള്‍ നടന്നും ചിരിച്ചും കൈവീശിയും ഉള്ള ചിത്രങ്ങള്‍ രാജ്യത്തെ പ്രധാന കവലകളിലെല്ലാം നിറഞ്ഞു കഴിഞ്ഞിരിക്കുന്നു. സ്ഥാനാർഥിത്വം ഉറപ്പിച്ച നേതാക്കള്‍ ബ്യൂട്ടി പാര്‍ലറുകളില്‍ പോയി മികച്ച ഫോട്ടോഗ്രാഫര്‍മാരുടെ സേവനം ഉപയോഗപ്പെടുത്തി മികച്ച ഡിസൈനര്‍മാരെക്കൊണ്ട് മനോഹര പോസ്റ്റര്‍ നിര്‍മ്മിക്കുന്നു. ലക്ഷങ്ങളും കോടികളും ചിലവിച്ചാണ് ഇത്തരം പ്രചരണങ്ങള്‍ വിജയിപ്പിക്കാന്‍ സാധിക്കൂ. മേല്‍ക്കൂര മാറ്റിയ ജീപ്പിന് പുറത്ത് വലിയ മാലകളണിഞ്ഞ് ഒരു മാലക്കട തന്നെ സാവകാശം നീങ്ങിപ്പോകുന്ന കാഴ്ച നമ്മുടെ ഇന്ത്യയിലെ ജനങ്ങള്‍ വരും ദിവസങ്ങളില്‍ സ്ഥിരമായി കാണുവാന്‍ പോവുകയാണ്. എത്രയെഎത്ര ശക്തി പ്രകടനങ്ങളാണ് ജനങ്ങളിനി സാക്ഷികളാകാന്‍ പോകുന്നത്. ഡിജിറ്റല്‍ കാലമാണ് ഇപ്പോള്‍ എന്നത് ചിലര്‍ക്കൊക്കെ കഷ്ടകാലവുമാണ്. മുന്‍പ് എപ്പോഴെങ്കിലും പറഞ്ഞത് ബൂമറാങ്ങായി തിരിച്ച് വരും. പറഞ്ഞതിന്‍റെ വീഡിയോയാണ് പ്രചരിക്കുക എന്നതിനാല്‍ മറുപടി പ്രയാസമാകും.
ജനങ്ങളെ സ്വാധീനിച്ച് വോട്ടുകള്‍ നേടാന്‍ എല്ലാ മാധ്യമങ്ങളും ഓരോ രാഷ്‌ട്രീയപാര്‍ട്ടിയും ഉപയോഗിക്കുന്നു. ഇത്തരത്തില്‍ ജനങ്ങള്‍ക്കിടയിലേക്ക് അതിശക്തമായ ആശയവിനിമയം നടത്തുന്നതിനായി അവര്‍ പല മാര്‍ഗങ്ങളും സ്വീകരിക്കുന്ന കൂട്ടത്തില്‍ എല്ലാ പാര്‍ട്ടികളും എല്ലാവര്‍ഷവും ഓരോ മുദ്രാവാക്യങ്ങളും ഉണ്ടാക്കാറുണ്ട്. ഇത്തവണ രാജ്യം ഭരിക്കുന്ന ബിജെപി മുന്നണി ഉണ്ടാക്കിയിരിക്കുന്ന മുദ്രാവാക്യങ്ങളുടെ എണ്ണവും കൂടുതലാണ് എന്ന് കാണാം. പാറ്റ്‌നയില്‍ നടന്ന പ്രതിപക്ഷ മുന്നണി ഇന്ത്യയുടെ യോഗത്തില്‍ പ്രതിപക്ഷ നേതാവ് ലാലു പ്രസാദ് യാദവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അതിരൂക്ഷമായ രീതിയില്‍ കുടുംബം ഇല്ലാത്ത വ്യക്തി എന്ന ആക്ഷേപിച്ചു. മേ മോദി കാ പരിവാര്‍ ഹും എന്ന പ്രചാരണ വീഡിയോ സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് അതിന് മറുപടി നല്‍കിയത്.
""മേരാ ഭാരത്, മേരാ പരിവാര്‍'' എന്ന മുദ്രാവാക്യം വ്യാപകമായി ബിജെപി ഇപ്പോള്‍ ഉപയോഗിക്കുന്നു. ""ഫിര്‍ ഏക് ബാര്‍ മോദി സര്‍ക്കാര്‍'' എന്ന ടാഗ് ലൈന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള ബിജെപിയുടെ തീം സോംഗാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ""ഏക് ബാര്‍ ഭീ മോദി സര്‍ക്കാര്‍'' എന്ന ടാഗ് ലൈന്‍ ആയിരുന്നു. 2014ല്‍ ഇത്തവണ മോദി സര്‍ക്കാര്‍ എന്നതും, ""അച്ഛേ ദിന്‍ ആനേവാലേ ഹൈ'' (നല്ല ദിനങ്ങള്‍ വരുന്നു) എന്നതായിരുന്നു 2014 ലെ ബിജെപി മുദ്രാവാക്യം. 2014ലെ പൊതുതെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ ഇന്ത്യയ്ക്ക് സമൃദ്ധമായ ഭാവി ഉണ്ടാകുമെന്ന് അറിയിക്കുക എന്ന ഉദ്ദേശമാണ് ഉണ്ടായിരുന്നത്.
""ഇന്ത്യ ഷൈനിങ്'' എന്നായിരുന്നു 2004ലെ ബിജെപിയുടെ മുദ്രാവാക്യം. ഇന്ത്യയിലെ മൊത്തത്തിലുള്ള സാമ്പത്തിക ശുഭാപ്തി വിശ്വാസത്തെ പരാമര്‍ശിക്കുന്ന ഒരു മാര്‍ക്കറ്റിങ് മുദ്രാവാക്യമായിരുന്നു അന്നു പ്രമോദ് മഹാജന്‍റെ നേതൃത്വത്തിൽ തയാറാക്കിയത്. പക്ഷെ ആ തെരഞ്ഞെടുപ്പില്‍ അടല്‍ ബിഹാരി വാജ്‌പേയിയും ലാൽ കൃഷ്ണ അഡ്വാനിയും നേതൃത്വം കൊടുത്ത ബിജെപി മുന്നണി പരാജയപ്പെട്ടു. ഒരു തെരഞ്ഞെടുപ്പു പ്രചാരണ യോഗത്തിൽ സ്ത്രീകൾക്കു സാരി വിതരണം ചെയ്തപ്പോഴുണ്ടായ തിക്കിലും തിരക്കിലും ഒട്ടേറെപ്പേർ മരിച്ചതും തിരിച്ചടിയായി. അതോടെ, ഇന്ത്യ ഷൈനിങ് മുദ്രാവാക്യം ജനങ്ങള്‍ സ്വീകരിച്ചില്ല.
""ഹാഥ് ബദലേഗാ ഹാലത്ത്'' എന്ന മുദ്രാവാക്യമാണ് കോണ്‍ഗ്രസ് ഇത്തവണ കൊണ്ടുവരുന്നത്. കൈ കൊണ്ടുവരും നിലവിലെ സ്ഥിതിക്ക് മാറ്റം എന്നാണ് അതിന്‍റെ മലയാള പരിഭാഷ. സാധാരണക്കാര്‍ക്ക് എളുപ്പം മനസിലാകുന്ന രീതിയില്‍ നിലവിലെ രാഷ്‌ട്രീയ സാഹചര്യങ്ങള്‍ക്ക് കോണ്‍ഗ്രസിന് മാത്രമേ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുക എന്ന സന്ദേശമാണ് കോണ്‍ഗ്രസ് ജനങ്ങളിലേക്ക് എത്തിക്കുവാന്‍ ശ്രമിക്കുന്നത്. രാജ്യത്ത് വ്യാപകമായ അടിവേരുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. മറ്റേത് പ്രതിപക്ഷ രാഷ്‌ട്രീയ പാര്‍ട്ടിയേക്കാള്‍ പാരമ്പര്യമുണ്ട്. എന്നാല്‍ വര്‍ത്തമാന കാലത്തെ രാഷ്‌ട്രീയ സാഹചര്യങ്ങള്‍ അംഗീകരിക്കാത്തതാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പരാജയം.
ഇപ്പോള്‍ ബിജെപി സര്‍ക്കാര്‍ വ്യാപകമായി പരസ്യപ്പെടുത്തുന്നതു പോലെ തൊണ്ണൂറുകളില്‍ കേന്ദ്രം ഭരിച്ചിരുന്ന കോണ്‍ഗ്രസ് മന്ത്രിസഭയും സമാനമായ പരസ്യങ്ങള്‍ കൊടുത്തത് ഓര്‍ക്കുകയാണ്. അന്ന് കോണ്‍ഗ്രസ് മുഖ്യമായും പരസ്യവാചകം ആയി ഉപയോഗിച്ചത് "എന്‍റെ ഹൃദയം ഇന്ത്യക്ക് വേണ്ടി തുടിക്കുന്നു' എന്നതാണ്. പക്ഷേ ജനങ്ങളുടെ ഹൃദയം തുടിച്ചില്ല. "ചൗക്കീദാര്‍ ചോര്‍ ഹേ' എന്ന മുദ്രാവാക്യം ഉപയോഗിച്ച് മോദിയെ നേരിട്ട കോണ്‍ഗ്രസിന് കഴിഞ്ഞതവണ തിരിച്ചടിയും കിട്ടി എന്നതും പരാമര്‍ശിക്കപ്പെടണം. 2014ലെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കൂടുതല്‍ സംഘടിതവും ശക്തവുമായിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ ഗവണ്‍മെന്‍റിന്‍റെ ഭാരത് നിർമാൺ പരസ്യ പ്രചാരണം 2014ന്‍റെ തുടക്കത്തിലാണ് ആരംഭിച്ചത്. കോണ്‍ഗ്രസ് അവതരിപ്പിച്ച മറ്റൊരു മുദ്രാവാക്യമായിരുന്നു "മേം നഹീ, ഹം' എന്നത്. ഞാനല്ല ഞങ്ങള്‍ എന്നതാണ് അതിന്‍റെ മലയാളം. പക്ഷെ ഭൂരിപക്ഷം ജനങ്ങളും കോണ്‍ഗ്രസിനെ കൈവിട്ടത് നമ്മള്‍ കണ്ടു.
പഴയത് പോലെ രാഷ്‌ട്രീയ പ്രചരണ കാല്‍നട ജാഥകള്‍ ഇനി ഉണ്ടാകുമെന്ന് തോന്നുന്നില്ല. ഒരു കാലത്ത് മുഴങ്ങി കേട്ടിരുന്ന എണ്ണാമെങ്കില്‍ എണ്ണിക്കോ, പിന്നെ കള്ളം പറയരുത് എന്ന മുദ്രാവാക്യവും ഇനി ഉണ്ടാകുമോ എന്ന് കണ്ടറിയണം. കാലം മാറിയിരിക്കുന്നു സാമൂഹ്യ മാധ്യമങ്ങള്‍ ശക്തമായിരിക്കുന്നു. ഇപ്പോള്‍ തെരഞ്ഞെടുപ്പ് പ്രചരണം സാമൂഹ്യ മാധ്യമങ്ങളില്‍ കൂടിയാണ് കൂടുതലായി നടക്കുന്നത്. നേതാക്കള്‍ തുറന്ന ജീപ്പില്‍ യാത്ര ചെയ്യുന്നത് തുടരുന്നുണ്ടെങ്കിലും അവര്‍ ജീപ്പില്‍ നിന്നിറങ്ങുവാന്‍ പോലും സമയം കണ്ടെത്താറില്ല. വാഹന പ്രചരണ ജാഥകള്‍ ആണ് ഇന്ന് ഓരോ മണ്ഡലങ്ങളിലും വ്യാപകമായി കണ്ടുവരുന്നത്. മോട്ടോര്‍ ബൈക്ക് റാലികളും കാര്‍ റാലികളും ആണ് പഴയ പദയാത്രകള്‍ക്ക് പകരം ഇപ്പോള്‍ സ്ഥാനം പിടിച്ചിരിക്കുന്നത്.
സാങ്കേതിക രംഗം വലിയ രീതിയില്‍ വളരുകയും അതുവഴി അതിന്‍റെ നേട്ടങ്ങള്‍ അവിശ്വസനീയമായി മാറിയിരിക്കുന്നു. ഓരോ വോട്ടര്‍മാരെയും തിരക്കി സ്ഥാനാർഥിയുടെ തന്നെ ശബ്ദത്തില്‍ ഫോണ്‍കോളുകള്‍ അഭ്യർഥനയായി എത്തുവാന്‍ പോവുകയാണ്. സ്ഥാനാർഥി നേരിട്ട് അയയ്ക്കുന്ന ഈമെയിലുകളും വാട്‌സ്ആപ്പ് മെസേജുകളും വോട്ടര്‍മാരുടെ കൈകളിലേക്ക് എത്തുവാന്‍ പോകുകയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സജീവമായിരിക്കുന്ന ഈ കാലത്ത് വീഡിയോ കോളുകളായും ഒരുപക്ഷെ സ്ഥാനാർഥികള്‍ നിങ്ങളുടെ മുന്നില്‍ എത്തിയാല്‍ അത്ഭുതപ്പെടേണ്ടതില്ല.
ഏപ്രില്‍ 26ന് കേരളത്തില്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് നടക്കുവാന്‍ പോകുകയാണ്. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ വളരെ മുന്‍പു തന്നെ എല്ലാവരും കേരളത്തില്‍ ആരംഭിച്ചിരുന്നു. ഔദ്യോഗികമായി തീയതി പ്രഖ്യാപിച്ചതോടു കൂടി വോട്ടര്‍മാരുടെ അരികിലെത്തുവാനുള്ള സ്ഥാനാർഥികളുടെ പാച്ചിലിന്‍റെ വേഗത കൂടും എന്നുള്ള കാര്യത്തില്‍ സംശയമില്ല. നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് കഴിയുന്നത്ര വോട്ടര്‍മാരുടെ അടുത്ത് എത്തുന്ന സ്ഥാനാർഥികളെ നമുക്ക് കാണാം. വ്യത്യസ്ത ശൈലികളിലെ വോട്ട് പിടുത്തവും കാണാം. അങ്ങനെ, വോട്ടര്‍മാരെ പാട്ടിലാക്കാനുള്ള സ്ഥാനാർഥികളുടെ പെടാപ്പാടലുകൾ കാണാനായി നമുക്ക് കാത്തിരിക്കാം.