ആ ഊരുകളിലും കറന്‍റെത്തി...!

സംസ്ഥാനത്തെ എല്ലാ ആദിവാസി ഊരുകളിലെ വീടുകളിലും ഈ സാമ്പത്തിക വർഷത്തിൽ വൈദ്യുതി എത്തിക്കുമെന്നാണ് മന്ത്രി കെ. കൃഷ്ണൻകുട്ടി ജനുവരി അവസാനമാണ് അറിയിച്ചത്
ആ ഊരുകളിലും കറന്‍റെത്തി...!

എം.ബി. സന്തോഷ്

ആദ്യമായി വൈദ്യുതി എത്തിയ ഒരു ഗ്രാമത്തിന്‍റെ അനുഭവം "ഒരിടത്ത്' എന്ന ചലച്ചിത്രത്തിലൂടെ സംവിധായകൻ അരവിന്ദൻ കാട്ടിത്തന്നത് 1986ലാണ്. അന്ന് ആ സിനിമ കണ്ട് ഇങ്ങനെയൊരു കാലം കേരളത്തിലുണ്ടായിരുന്നു എന്ന് അദ്ഭുതത്തോടെ നോക്കിനിന്ന തലമുറയുണ്ട്. എന്നാൽ, ഇപ്പോഴും വൈദ്യുതി എന്തെന്നറിയാത്ത വലിയൊരു സമൂഹം നമ്മുടെ ഈ കൊച്ചുകേരളത്തിലുണ്ടെന്നത് ബോധപൂർവം മറക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും പുരോഗതിയുളള സംസ്ഥാനമായ കേരളത്തിലെ അവസ്ഥയാണിതെന്ന് ഓർക്കണം. അതിൽ ഏഴ് വിദൂര ആദിവാസി ഊരുകളിലെ 92 വീട്ടുകാർക്ക് കഴിഞ്ഞ ആഴ്ച വൈദ്യുതി എത്തി. 6.2 കോടി രൂപയുടെ മുടക്കി നടത്തിയ പദ്ധതിയുടെ വിജയം.

മഴക്കാലമായാൽ ഇടയ്ക്കിടെ പണിമുടക്കുന്ന സൗരോർജ വിളക്കിനെ മാത്രം ആശ്രയിച്ചു കഴിഞ്ഞിരുന്ന അട്ടപ്പാടിയിലെ ആദിവാസി ഊരുകൾക്ക് ഇതോടെ ആശ്വാസമായി. മുരുകള, കിണറ്റുകര, പാലപ്പട, താഴെ ആനവായ്, മേലെ ആനവായ്, കടുകുമണ്ണ ഊരുകളിലേക്ക് ഉള്ള വൈദ്യുതീകരണ പ്രവർത്തികളാണ് പൂർത്തിയായത്. 11 കെ വി വൈദ്യുതി എത്തിച്ചിരിക്കുന്നത് ചിണ്ടക്കിയിൽ നിന്ന് 15 കിലോമീറ്റർ മണ്ണിനടിയിൽ കൂടി കേബിളിലൂടെയാണ്. നാലു വിതരണ ട്രാൻസ്ഫോർമറുകൾ, 8,547 മീറ്റർ ലോ ടെൻഷൻ എബിസി എന്നിവയാണ് വിതരണ ശൃംഖലയിൽ ഉള്ളത്. 206 എ ടൈപ്പ് ഇരുമ്പ് തൂണുകളും, 145 കോൺക്രീറ്റ് തൂണുകളും ഉപയോഗിച്ചു.

കൊടും വനത്തിനകത്ത് താമസിക്കുന്ന കുറുമ്പർ വിഭാഗത്തിലുള്ള മുന്നൂറോളം കുടുംബങ്ങൾക്കാണ് ഇതിന്‍റെ പ്രയോജനം . ആധുനിക സങ്കേതങ്ങളായ ഭൂഗർഭ കേബിളുകളും എബിസിയുമെല്ലാം ഉപയോഗപ്പെടുത്തിയിട്ടുള്ളതിനാൽ തടസമില്ലാത്ത ഗുണമേന്മയുള്ള വൈദ്യുതിയുടെ പ്രയോജനം ഉറപ്പാക്കാൻ കഴിയും. പട്ടികവർഗ വകുപ്പിന്‍റെ ധനസഹായത്തോടു കൂടിയാണ് പദ്ധതി യാഥാർഥ്യമാക്കിയിട്ടുള്ളത്.

വൈദ്യുതി ബന്ധം സ്ഥാപിക്കാനെത്തിയ കെഎസ്ഇബി ഉദ്യോഗസ്ഥരെ കണ്ടതും ഊരുകളിൽ ആഹ്ലാദം. സ്വിച്ചിടുന്നതെങ്ങനെ എന്നു പോലും ഊരുവാസികൾക്കറിയില്ലായിരുന്നു. അത് പറഞ്ഞുകൊടുത്തതോടെ വിറച്ചുവിറച്ചു സ്വിച്ചിട്ടു. വൈദ്യുതി വിളക്കുകൾ തെളിഞ്ഞതോടെ വെറ്റിലക്കറ പുരണ്ട പല്ലകൾ പുറത്തുകാട്ടി ചിരിക്കുന്ന വയോജനങ്ങൾ. കുട്ടികൾ തുള്ളിച്ചാടുന്നു. തങ്ങൾക്ക് കിട്ടാത്ത വിദ്യാഭ്യാസത്തിനും പഠനത്തിനും വൈദ്യുതി വഴികാട്ടുമെന്ന സന്തോഷത്തിൽ മാതാപിതാക്കൾ. അതുകൊണ്ടുതന്നെ സ്വിച്ചിട്ടപ്പോൾ വെളിച്ചം തെളിഞ്ഞത് ഊരു വാസികളുടെ മുഖത്താകെയായിരുന്നു.ഇവിടത്തെ കുട്ടികള്‍ക്ക് ഇനി മണ്ണെണ്ണ വിളക്കിന്‍റെ ഇത്തിരി വെട്ടത്തിലിരുന്ന് പഠിക്കേണ്ട എന്നതിലായിരുന്നു എല്ലാവരുടെയും ആശ്വാസം.

സംസ്ഥാനത്തെ എല്ലാ ആദിവാസി ഊരുകളിലെ വീടുകളിലും ഈ സാമ്പത്തിക വർഷത്തിൽ വൈദ്യുതി എത്തിക്കുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി ജനുവരി അവസാനമാണ് അറിയിച്ചത്. അടൂർ ഏനാത്ത് 110 കെവി സബ്‌ സ്റ്റേഷനുകളുടെ പ്രവർത്തനോദ്ഘാടനം നിർവഹിക്കവേ‍യുള്ള മന്ത്രിയുടെ പ്രഖ്യാപനം "കേട്ടിട്ടുണ്ട് കേട്ടിട്ടുണ്ട് ' എന്ന "കിലുക്ക'ത്തിലെ ഇന്നസെന്‍റ് കഥാപാത്രത്തിന്‍റെ പ്രതികരണം പോലെയാണ് കരുതിയത്. അതിനു പിന്നാലെ ഈ ഏഴ് ഊരുകളിലെ വൈദ്യുതി എത്തി. മന്ത്രി കെ. കൃഷ്ണൻകുട്ടിക്ക് അഭിനന്ദനങ്ങൾ! ഇതിനായി കൂടെ നിന്നു പ്രയത്നിച്ച് പ്രതിബന്ധങ്ങൾ തട്ടിമാറ്റിയ പട്ടികജാതി- പട്ടികവർഗ ക്ഷേമ മന്ത്രി കെ. രാധാകൃഷ്ണനെ ഇതിന്‍റെ പേരിൽ അഭിനന്ദിച്ചാൽ തെരഞ്ഞെടുപ്പ് ചട്ടലംഘനമാവില്ലെന്നു തന്നെ കരുതാം!

മന്ത്രിമാരായ കൃഷ്ണൻകുട്ടിയും രാധാകൃഷ്ണനും ഇതിനായി ചില്ലറ ഇടപെടലുകളല്ല നടത്തിയത്. വനം വകുപ്പിന്‍റെ അനുമതി ലഭിക്കാത്തതു മൂലം മുടങ്ങിക്കിടക്കുന്ന ജലവൈദ്യുത പദ്ധതികൾ, വനഭൂമി ആവശ്യമുള്ള പ്രസരണ പദ്ധതികൾ, വനാന്തരങ്ങളിലുള്ള അറുപതോളം ആദിവാസി ഊരുകളിൽ വൈദ്യുതി എത്തിക്കുന്ന വിഷയങ്ങൾ തുടങ്ങിയവയെ കുറിച്ച് വനം മന്ത്രിയുമായി ചർച്ച നടത്തി. അങ്ങനെയാണ് വനം വകുപ്പിൽ നിന്നുമുള്ള എല്ലാ പരിശോധനകളും സമയബന്ധിതമായി പൂർത്തിയാക്കാൻ തീരുമാനമായത്.

1951ൽ 90.26 ശതമാനം ആദിവാസികളായിരുന്ന അട്ടപ്പാടിയിൽ 2001 ആകുമ്പോഴേക്കും അവരുടെ എണ്ണം 42 ശതമാനമായി കുറഞ്ഞു. ഇപ്പോൾ വിവിധ ഊരുകളിലായി 34,000ത്തിലധികം ആളുകളേ ഉണ്ടാകൂ എന്നാണ് കണക്ക്. അവർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഇപ്പോഴുമില്ല. വൈദ്യുതി എത്തിയതിന്‍റെ ആഹ്ലാദത്തിൽ നൃത്തം ചെയ്യുന്ന ഊരുകളിലൊന്നായ മുരുകളയിലെ അയ്യപ്പൻ - സരസ്വതി ദമ്പതിമാരുടെ നാലുമാസം പ്രായമായ പെൺകുഞ്ഞ് സജേശ്വരിയുടെ മൃതദേഹവുമായി അച്ഛൻ കിലോമീറ്ററുകൾ നടന്ന സംഭവം നമ്മെ നടുക്കിയിട്ട് അധികകാലമൊന്നുമായില്ല .

ചിണ്ടക്കി റോഡിലെ റേഷൻ കടയിലെത്താൻ എട്ടുകിലോമീറ്ററോളം കാട്ടുവഴിയിലൂടെ നടക്കണം. വൈദ്യസഹായത്തിന് ഇതിലുമേറെ നടക്കേണ്ടത് പുതിയ കാര്യമൊന്നുമില്ല. അത്യാവശ്യ സന്ദർഭങ്ങളിൽ വെളിച്ചമില്ലാത്ത ഊടുവഴികളിലൂടെ കസേരയിലിരുത്തി അതീവഗുരുതരാവസ്ഥയിലുള്ള രോഗിയേയും തലയിലെടുത്ത് കാടും മലയും താണ്ടി വാഹനസൗകര്യമുള്ള ഇടത്തെത്താൻ കിലോമീറ്ററുകളാണ് ഇവർക്ക് താണ്ടേണ്ടത്.

കേരളത്തിലെ അവസ്ഥ ഇതാണെങ്കിൽ തമിഴ് നാട്ടിലെ ഊരുകളിൽ വൈദ്യുതി എത്തിക്കാൻ കോടതിയെ സമീപിക്കേണ്ടിവന്നു.കൂനൂരിലെയും കോത്തഗിരിയിലെയും ഏഴ് ഗ്രാമങ്ങളിലെ 75 ഓളം ആദിവാസി കുടുംബങ്ങൾ മദ്രാസ് ഹൈക്കോടതിയുടെ ഇടപെടലിനെത്തുടർന്ന് സൗരോർജ്ജം വഴി ഉടൻ വൈദ്യുതി എത്തുമെന്ന പ്രതീക്ഷയിലാണ്. ജോഗി കോമ്പായി, സെങ്കൽ കോമ്പായി, ഓജനൂർ, കൂനൂരിലെ മല്ലികോറൈ, മേൽകോരങ്ങുമേട്, സേമകൊറൈ, കോത്തഗിരിയിലെ അനിൽക്കാട് നിവാസികൾ, സമീപത്തെ മറ്റ് ഗ്രാമങ്ങൾക്ക് വൈദ്യുതി ലഭിച്ചിട്ടും വർഷങ്ങളായി വൈദ്യുതി ഇല്ലാതെ ഇരുട്ടിൽ കഴിയുകയായിരുന്നു. നീലഗിരിയിലെ ആദിവാസി ജെ.ആർ. മണിയാണ് ഏഴ് വില്ലെജുകളിലും വൈദ്യുതി ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.

രാജ്യത്ത് 1,45,000 ആദിവാസി ഗ്രാമങ്ങളുള്ളപ്പോൾ 1,17,064 വില്ലെജുകളുടെ കണക്കുകൾ മാത്രമേ ലഭ്യമായിട്ടുള്ളൂവെന്നാണ് കേന്ദ്ര ഗോത്രകാര്യ മന്ത്രി അർജുൻ മുണ്ടെ രണ്ടുവർഷം മുമ്പ് വ്യക്തമാക്കിയത്. പട്ടികവർഗ ജനസംഖ്യ 25 ശതമാനത്തിൽ കൂടുതലുള്ള ഗ്രാമമാണ് "ആദിവാസി ഗ്രാമം'. അതിന്‍റെ കൃത്യമായ കണക്കുപോലും ഇല്ലാത്ത രാജ്യമാണ് നമ്മുടേതെന്ന് ഔദ്യോഗികമായി വെളിപ്പെടുത്തിയത് അതേ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയാണെന്ന് മറക്കരുത്.

വൈദ്യുതി കിട്ടിയതുകൊണ്ട് എല്ലാമായി എന്നല്ല.ഇനിയും സാധാരണ മനുഷ്യർ അനുഭവിക്കുന്ന അടിസ്ഥാന സൗകര്യങ്ങളിലേക്ക് ഇക്കൂട്ടർ എത്തപ്പെടാൻ എത്രദശകം വേണ്ടിവരും എന്നാലോചിച്ചാൽ അന്തമില്ല!

വൈദ്യുതി കിട്ടിയ ആദിവാസികളെ ചൂഷണം ചെയ്തതിന്‍റെ അനുഭവം അട്ടപ്പാടിയിൽതന്നെയുണ്ട്.ഇവിടത്തെ ആദിവാസി കുടുംബം 5.59 ലക്ഷം രൂപ കുടിശിക അടയ്ക്കണമെന്ന് കെഎസ്ഇബി ആവശ്യപ്പെടുകയായിരുന്നു. അട്ടപ്പാടി ദാസന്നൂർ ഊരിലെ രാജമ്മയ്ക്കാണ് ഇത്രയും തുക അടയ്ക്കണമെന്ന നോട്ടീസ് കിട്ടിയത്. പിന്നീട് കാര്യങ്ങൾ വ്യക്തമായി. അപ്പോഴത്തെയൊന്നും വൈദ്യുതി ബില്ലായിരുന്നില്ല അത്.2011 ഡിസംബർ ആറ് മുതൽ 2013 ഓഗസ്റ്റ് 20 വരെ ഉപയോഗിച്ച വൈദ്യുതിയുടെ കുടിശികയാണ് ഈ തുക.

2010 ജൂലൈ 20ന് രാജമ്മയുടെ പിതാവിന്‍റെ അവകാശത്തിലുള്ള മൂന്നേക്കർ ഭൂമി എറണാകുളം ജില്ലയിലെ കോതമംഗലം സ്വദേശിക്ക് പാട്ടത്തിന് നൽകി. കരാർ പ്രകാരം ഒരു വർഷം 15,000 രൂപയായിരുന്നു പാട്ടം. അഞ്ചുവർഷം പാട്ടത്തുക ലഭിച്ചിരുന്നു. അങ്ങനെ രാജമ്മയ്ക്ക് ആകെ ലഭിച്ചത് 75,000 രൂപ. അഞ്ചുവർഷം ഈ ഭൂമിയിൽ കൃഷിയും ഇഷ്ടികച്ചൂളയും പാട്ടക്കാരൻ നടത്തി. പിന്നീട്, കരാറെടുത്തയാൾ മടങ്ങി. ഭൂമി പാട്ടത്തിനെടുത്ത കാലത്ത് വൈദ്യുതി ചാർജ് ഒരു രൂപ പോലും അടച്ചില്ല.ബില്ലും കിട്ടിയില്ല എന്ന് പ്രത്യേകം പറയണം.ഇക്കാലത്ത് വൈദ്യുതി ബോർഡ് ചാർജ് അടയ്ക്കണം എന്ന് കെഎസ്ഇബി നിർദേശിച്ചിട്ടുമില്ല. കൊല്ലങ്ങൾ കഴിഞ്ഞ് വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥർ ബില്ലുമായെത്തിയത് എന്തുകൊണ്ടാണെന്ന് ആലോചിക്കാൻ പാഴൂർ പടിപ്പുരയിലൊന്നും പോകേണ്ട. പാട്ടക്കാരന്‍റെ ഏജന്‍റായി ഒരുവിഭാഗം ഉദ്യോഗസ്ഥർ മാറുന്നത് ഈ നാട്ടുകാരുടെ ജീവിതത്തെ ദുഃസഹമാക്കുന്നു. അതുകൊണ്ട് ഈ പാവപ്പെട്ടവർ ചതിയിലും വഞ്ചനയിലും പെട്ടുപോകാതിരിക്കാൻ ജാഗരൂകരാവേണ്ടതുണ്ട്.

വൈദ്യുതി ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളില്ലാത്ത, കയറിക്കിടക്കാൻ ഇപ്പോഴും അടച്ചുറപ്പുള്ള വീടില്ലാത്ത, രോഗത്തിന് മികച്ച ചികിത്സ കിട്ടാത്ത ഒരുകൂട്ടം പാവങ്ങൾ ഈ കൊച്ചുകേരളത്തിൽ ഇപ്പോഴുമുണ്ടെന്നതിൽ നമുക്കൊരു ലജ്ജയുമില്ല. പഠനോപകരണങ്ങളും സൗകര്യവുമില്ലാത്ത ഇവരുടെ കുഞ്ഞുങ്ങളാണ് എല്ലാ സൗകര്യങ്ങളോടെയും പഠിക്കുന്ന തലമുറയോട് ഏറ്റുമുട്ടി വിജയിച്ചു വരേണ്ടത്!എന്തായാലും ഇവരിൽ കുറച്ചുപേർക്കെങ്കിലും ഇപ്പോൾ വൈദ്യുതി കിട്ടിയല്ലോ. അത്രയുമെങ്കിലുമായല്ലോ എന്ന് ആശ്വസിക്കാം.

Trending

No stories found.

Latest News

No stories found.