Employment guarantee amendment for developed Kerala

വികസിത കേരളത്തിന് തൊഴിലുറപ്പ് ഭേദഗതി

വികസിത കേരളത്തിന് തൊഴിലുറപ്പ് ഭേദഗതി

ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി കാലാനുസൃതമായ മാറ്റങ്ങളിലൂടെ കടന്നുപോകുകയാണ്.

രാജീവ് ചന്ദ്രശേഖര്‍

(ബിജെപി സംസ്ഥാന അധ്യക്ഷന്‍)

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിൽ കഴിഞ്ഞ 11 വർഷമായി രാജ്യത്തു നടപ്പിലാക്കുന്ന പദ്ധതികളെല്ലാം തന്നെ ഭാരതത്തെ ഒരു വികസിത രാജ്യമാക്കി മാറ്റണമെന്ന ലക്ഷ്യത്തോടെയാണ്. മോദി ഭരണത്തില്‍ അതിദാരിദ്ര്യത്തില്‍ നിന്നു മുക്തരായ രാജ്യത്തെ 17.1 കോടി ജനങ്ങള്‍ തന്നെയാണ് ഈ പുരോഗതിയുടെ തെളിവ്.

രണ്ടു പതിറ്റാണ്ടു മുമ്പ് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ആവിഷ്‌കരിക്കുമ്പോഴുള്ള ഗ്രാമീണ സാഹചര്യങ്ങളില്‍ നിന്ന് രാജ്യം വളരെയേറെ മുന്നേറി എന്നു വ്യക്തമാക്കുന്നതാണ് അടിസ്ഥാന ജന വിഭാഗങ്ങളുടെ ജീവിത സാഹചര്യങ്ങളില്‍ ഉണ്ടായ പുരോഗതി.

ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി കാലാനുസൃതമായ മാറ്റങ്ങളിലൂടെ കടന്നുപോകുകയാണ്. വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് ഈ രാജ്യത്തെ നയിക്കുമ്പോള്‍ ബാക്കി എല്ലാ ഘടകങ്ങളെയും അതിന് അനുസൃതമായി മാറ്റുകയാണു കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. തൊഴിലുറപ്പു പദ്ധതിയിൽ ഭേദഗതി വരുത്തുമ്പോള്‍ സാധാരണക്കാരായ തൊഴിലാളികള്‍ക്കു ലഭിക്കുന്ന ഗുണങ്ങള്‍ മറച്ചുവച്ച് ജനങ്ങളില്‍ ആശങ്കയും തെറ്റിദ്ധാരണയും സൃഷ്ടിക്കുക എന്നതു മാത്രമാണെന്ന് പ്രതിപക്ഷത്തെ "ഇന്‍ഡി' സഖ്യത്തിന്‍റെ ലക്ഷ്യം.

വികസിത ഭാരത് ഗ്യാരന്‍റീ ഫോര്‍ റോസ്ഗാര്‍ ആൻഡ് അജീവിക മിഷന്‍ (ഗ്രാമീണ്‍), അഥവാ വിബിജി റാംജി ബില്‍- 2025 വഴി വലിയ പരിഷ്‌കരണമാണ് തൊഴിലുറപ്പു പദ്ധതിയില്‍ മോദി സര്‍ക്കാര്‍ നടപ്പാക്കിയിരിക്കുന്നത്. നിലവില്‍ 100 തൊഴില്‍ ദിനങ്ങള്‍ ഉണ്ടായിരുന്നത് 125 തൊഴില്‍ ദിനങ്ങളായി ഉയര്‍ത്തിയതു തന്നെയാണ് ഏറ്റവും പ്രധാനം. രാജ്യം മുഴുവന്‍ വിവിധ തരം തൊഴിലുകള്‍ക്കായി പ്രവൃത്തികള്‍ മാറ്റിവച്ചിരുന്ന പഴയ രീതി മാറി, പ്രാദേശിക തലത്തില്‍ വികസിത ഗ്രാമ പഞ്ചായത്ത് എന്ന ലക്ഷ്യത്തിനായുള്ള പദ്ധതികള്‍ക്കായി പ്രവൃത്തികള്‍ പുനഃക്രമീകരിച്ചു.

ഗുണകരമല്ലാത്ത പ്രവൃത്തികള്‍ക്കു പോലും കേന്ദ്ര ഫണ്ട് പാഴായി പോകുന്ന അവസ്ഥ. തൊഴിലില്ലായ്മ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് ചെലവഴിക്കുന്നു എന്ന അവകാശവാദം. ഇവയ്ക്കു തുല്യമായിരുന്നു പഴയ പദ്ധതി. എന്നാല്‍ പുതിയ തൊഴിലുറപ്പു പദ്ധതിയുടെ ചെലവ് 60 : 40ലേക്ക് മാറ്റിയതോടെ (60 ശതമാനം തുക കേന്ദ്ര സര്‍ക്കാരും 40 ശതമാനം സംസ്ഥാന സര്‍ക്കാരും) ഈ പദ്ധതി നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിനും കൂടുതല്‍ ഉത്തരവാദിത്വം കൈവരിക്കുകയാണ്. അനാവശ്യമായ പ്രവൃത്തികള്‍ക്കായി കേന്ദ്ര ഫണ്ട് സംസ്ഥാനങ്ങൾ ചെലവഴിക്കുന്നതിന് ഇതോടെ അന്ത്യമുണ്ടാകും.

വേതനം ഒരാഴ്ചയ്ക്കകം നല്‍കണം, പരമാവധി രണ്ടാഴ്ച വരെ മാത്രമേ വൈകാവൂ എന്നതും പുതിയ ഭേദഗതിയിലെ സുപ്രധാനമായ മറ്റൊരു മാറ്റമാണ്. ഇവ രണ്ടും തൊഴിലാളികള്‍ക്ക് ഏറെ ഗുണകരമാണ്. 15 ദിവസങ്ങള്‍ക്കുള്ളില്‍ തൊഴില്‍ നല്‍കിയില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ തൊഴിലുറപ്പു തൊഴിലാളികള്‍ക്ക് തൊഴിലില്ലായ്മാ വേതനം നല്‍കണമെന്ന വ്യവസ്ഥയും ശ്രദ്ധേയമാണ്. സംസ്ഥാനങ്ങള്‍ക്ക് അനുവദിക്കേണ്ട കേന്ദ്ര വിഹിതം കേന്ദ്ര സര്‍ക്കാരാണ് നിശ്ചയിക്കുന്നത്. ആ തുകയ്ക്ക് മുകളില്‍ ചെലവഴിച്ചാല്‍ ആ തുക സംസ്ഥാന സര്‍ക്കാരുകളാണ് നല്‍കേണ്ടത്. ഈ വ്യവസ്ഥ വയ്ക്കാന്‍ കാരണം 2020-21ലും 2021-22ലുമൊക്കെ കേന്ദ്രം അനുവദിച്ച തുകയേക്കാള്‍ 50,000 കോടി രൂപ വരെ അധികം ചെലവഴിക്കപ്പെട്ടു എന്നതാണ്. ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളെ തന്നെ ഇത് ബാധിച്ചതോടെയാണ് പുതിയ ബില്ലിലേക്ക് കേന്ദ്ര സര്‍ക്കാര്‍ എത്തിയത്.

യുപിഎ സര്‍ക്കാരിന്‍റെ സ്വന്തം പദ്ധതിയാണിതെന്ന് പ്രതിപക്ഷം അവകാശപ്പെടുമ്പോഴും 1.85 ലക്ഷം കോടി രൂപ മാത്രമാണ് അവരുടെ ഭരണകാലത്തു നല്‍കിയത്. എന്നാല്‍ അഞ്ചു ലക്ഷം കോടിയോളം രൂപയാണ് എന്‍ഡിഎ ഭരണകാലത്ത് ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ ചെലവഴിച്ചത്. നാടിന്‍റെ സുസ്ഥിര വികസനം ലക്ഷ്യമാക്കി പദ്ധതികള്‍ നടപ്പാക്കണമെന്ന ചിന്തയെ തുടര്‍ന്നാണ് പുതിയ ബില്‍ ആവിഷ്‌കരിച്ചത്.

താത്കാലിക പദ്ധതികള്‍ക്കായി തൊഴില്‍ ദിനങ്ങള്‍ വകയിരുത്തുന്ന പഴയ രീതിക്കു പകരം ജല സുരക്ഷ, ഗ്രാമീണ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍, ഉപജീവന മാര്‍ഗങ്ങള്‍, കാലാവസ്ഥാ സംരക്ഷണം തുടങ്ങിയവയ്ക്കായി തൊഴിലുറപ്പു പദ്ധതിയിലെ പ്രവൃത്തികള്‍ മാറ്റിയിട്ടുണ്ട്. രാജ്യത്തെ കുടിവെള്ള സ്രോതസുകളുടെ പുനരുജ്ജീവനത്തിനായി നടപ്പാക്കിയ അമൃത് സരോവര്‍ പദ്ധതി വഴി 68,000ത്തിലധികം ജല സ്രോതസുകളാണ് ഇതുവരെ പുനരുജ്ജീവിപ്പിച്ചത്. തൊഴിലുറപ്പു പദ്ധതിയില്‍ ജല സുരക്ഷ നിര്‍ബന്ധമാക്കിയതോടെ ജലാശയങ്ങളുടെ സംരക്ഷണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജം കൈവരും.

വ്യാജ രേഖകള്‍ ചമച്ച് തൊഴിലാളികളുടെ പേരില്‍ പണം തട്ടിയെടുക്കുന്നതും, കാര്യക്ഷമമല്ലാത്ത മേല്‍നോട്ടവും ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളെ തകര്‍ത്തിട്ടുണ്ട്. കേരളത്തിലടക്കം നിരവധി തട്ടിപ്പുകള്‍ ഈ പദ്ധതിയില്‍ നടന്നുകഴിഞ്ഞു. ബയോമെട്രിക് ഹാജരും ജിപിഎസ് നിരീക്ഷണവും തട്ടിപ്പ് തടയാന്‍ എഐ സംവിധാനങ്ങളും ഒരുക്കിയാണ് പുതിയ പദ്ധതി വരുന്നത്. വ്യക്തമായ തൊഴില്‍ ദിനങ്ങള്‍ തൊഴിലാളികളുടെ ആശങ്കകള്‍ ഇല്ലാതാക്കുന്നു.

കേരളത്തിലേക്കു വന്നാല്‍ തൊഴിലുറപ്പു പദ്ധതിയുടെ പേരില്‍ വലിയ തട്ടിപ്പുകള്‍ നടന്നതിന്‍റെ വിവരങ്ങള്‍ പലപ്പോഴും കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാന വ്യാപകമായ ഓഡിറ്റിങ്ങിന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ഉത്തരവിട്ടിരുന്നു. യന്ത്രം ഉപയോഗിച്ച് ചെയ്യുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു പോലും വ്യാജ രേഖകള്‍ ചമച്ച് തൊഴിലാളികളുടെ പേരില്‍ പണം തട്ടിച്ച സംഭവവും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതൊന്നും രാഷ്‌ട്രീയ ആരോപണങ്ങളല്ല. ഓഡിറ്റിങ്ങിലും ഓംബുഡ്സ്മാന്‍റെ പരിശോധനയിലും കണ്ടെത്തിയ സത്യങ്ങളാണ്. ഇല്ലാത്ത തൊഴിലാളികളുടെ പേരില്‍ രേഖ സൃഷ്ടിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സംഭവങ്ങളും കേരളത്തില്‍ പിടിക്കപ്പെട്ടിട്ടുണ്ട്.

പൂര്‍ണമായും തൊഴിലാളികള്‍ക്കും നാടിനും ഗുണകരമാകുന്ന ഈ ഭേദഗതിയെ പ്രതിപക്ഷ മുന്നണി എതിര്‍ക്കുന്നതിന്‍റെ പ്രധാന കാരണം, പദ്ധതിയെ പൂര്‍ണമായും അഴിമതിമുക്തമാക്കുന്ന തരത്തിലാണ് പുതിയ മാറ്റം എന്നതുകൊണ്ടാണ്.

മറ്റൊരു പ്രധാനപ്പെട്ട പ്രതിപക്ഷ ആരോപണം കേന്ദ്രം ഫണ്ട് നല്‍കുന്നില്ല എന്നതാണ്. 2021 മുതല്‍ 2026 വരെയുള്ള സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ കേരളത്തിനു മാത്രം 16,290 കോടി രൂപയാണു നല്‍കിയത്. ഇനി മുതല്‍ പദ്ധതി നടപ്പിലാക്കാന്‍ 40 ശതമാനം തുക സംസ്ഥാനം ചെലവഴിക്കേണ്ടി വരുമ്പോള്‍ കേന്ദ്ര ഫണ്ടില്‍ കൃത്രിമം കാണിക്കാം എന്ന രീതി മാറും. പദ്ധതിയുടെ ഗുണം യഥാര്‍ഥത്തില്‍ ലക്ഷ്യമിടുന്ന വിഭാഗത്തിലേക്ക് എത്തിച്ചേരും.

രാഷ്‌ട്രീയ ലക്ഷ്യങ്ങളോടെ അതിനെയോ അതിന്‍റെ പേരിനെയോ മറ്റ് കാര്യങ്ങളെയോ പറഞ്ഞ് വിവാദമാക്കി എതിര്‍ക്കാതെ, നല്ല ലക്ഷ്യത്തോടെ കൊണ്ടുവന്ന മാറ്റങ്ങളെ ഉള്‍ക്കൊള്ളുകയാണു വേണ്ടത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com