ജയവിജയൻമാർ
ജയവിജയൻമാർഫയൽ ചിത്രം

സംഗീതസാന്ദ്രമായ ഊർജപ്രവാഹം

വ്യത്യസ്തമായ ശൈലിയിലേക്കുള്ള പറിച്ചുനടലായിരുന്നു, ബാലമുരളീ കൃഷ്ണയിൽ നിന്നു ചെമ്പൈയിലേക്കുള്ള യാത്ര

വിജു നമ്പൂതിരി

വേദിയിൽ രാഗമഴയും സദസിൽ തുലാമഴയും തകർത്തു പെയ്യുന്നൊരു അഷ്ടമിരാത്രിയിലാണ് ജയവിജയന്മാർ ഡോ. എം. ബാലമുരളീ കൃഷ്ണയെ കാണുന്നത്. വൈക്കം ക്ഷേത്രത്തിൽ അന്ന് ഇന്നു കാണുന്ന നടപ്പന്തലില്ല. കച്ചേരി കേൾക്കുന്നവർക്ക് മഴയിൽ നിന്നു രക്ഷ കുട മാത്രം. മഴ നനയാതിരിക്കാൻ സ്റ്റേജിന്‍റെ ഒരു വശത്തേക്കു കയറി നിന്നു ജയനും വിജയനും. വൈക്കത്തിനടുത്തുള്ള ക്ഷേത്രത്തിൽ സംഗീതാധ്യാപകരാണ് അന്ന് ഇരുവരും. ജയവിജയ എന്ന പേര് അറിയപ്പെട്ടു തുടങ്ങിയിരുന്നു. അതിനാൽ, സ്റ്റേജിൽ നിന്ന് ഇറക്കിവിടില്ലെന്നതായിരുന്നു ധൈര്യം.

കച്ചേരിക്കു ശേഷം ബാലമുരളീകൃഷ്ണയെ പരിചയപ്പെടുകയെന്ന ലക്ഷ്യവുമുണ്ടായിരുന്നു ഇരുവർക്കും. പക്കമേളക്കാർ വഴി അതും സാധിച്ചു. അപ്പോഴാണ് ബാലമുരളിയുടെ ചോദ്യം- ''കൂടുതൽ പഠിക്കാൻ വരുന്നുണ്ടോ‍?''.

ബാലമുരളീകൃഷ്ണ
ബാലമുരളീകൃഷ്ണ

പിന്നെ മറ്റൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല. ജോലി ഉപേക്ഷിച്ച് വിജയവാഡയിലേക്ക് വണ്ടികയറി. അവിടെ ബാലമുരളീകൃഷ്ണയ്ക്കൊപ്പം ദീർഘകാലം. ബാലമുരളീ കൃഷ്ണ ചെന്നൈയിലേക്കു താമസം മാറിയപ്പോൾ ശിഷ്യരെയും ഒപ്പംകൂട്ടി. സ്വാതിതിരുനാൾ സംഗീത കോളെജിൽ നിന്നു ലഭിച്ച അടിസ്ഥാന പാഠങ്ങൾക്ക് കൂടുതൽ മിഴിവും മികവും ലഭിച്ചത് ഇക്കാലത്താണെന്ന് പലപ്പോഴും ഓർമിച്ചിട്ടുണ്ട് കെ.ജി. ജയൻ.

ചെമ്പൈ ശൈലിയിലേക്കുള്ള പറിച്ചുനടൽ

ബാലമുരളീകൃഷ്ണയുടെ ശിഷ്യരായി തുടരുമ്പോൾ തന്നെയാണു ചെമ്പൈ വൈദ്യനാഥ ഭാഗവതരെ ഗുരുവായി ലഭിക്കുന്നത്. സമപ്രായക്കാരനെങ്കിലും വയലിനും വായ്പ്പാട്ടിലുമെല്ലാം ഒരേ പോലെ മികവു പുലർത്തുകയും അന്നു മദ്രാസിലെ കർണാടക സംഗീതവൃത്തങ്ങളിൽ അറിയപ്പെടുകയും ചെയ്തിരുന്ന ടി.വി. ഗോപാലകൃഷ്ണനാണ് അതിനു വഴിതുറന്നത്. ഗുരുവായ ബാലമുരളീകൃഷ്ണയും പിന്തുണച്ചപ്പോൾ ഇരുവരും ചെമ്പൈക്കൊപ്പമെത്തി. എന്നാൽ, താമസം അപ്പോഴും ആദ്യ ഗുരുവിനൊപ്പമായിരുന്നു. പിന്നീട് പഠനത്തിന്‍റെ സൗകര്യത്തിനു വേണ്ടി ലോഡ്ജിലേക്കു മാറിയെങ്കിലും ബാലമുരളീകൃഷ്ണയുമായുള്ള ബന്ധം തുടർന്നു.

വ്യത്യസ്തമായ ശൈലിയിലേക്കുള്ള പറിച്ചുനടലായിരുന്നു, ബാലമുരളീ കൃഷ്ണയിൽ നിന്നു ചെമ്പൈയിലേക്കുള്ള യാത്ര. ശാന്തമായ നദിയിലെ ഓളങ്ങൾ പോലെയായിരുന്നു ബാലമുരളിയുടെ ആലാപനമെങ്കിൽ സദസിനെ പിടിച്ചുലയ്ക്കുന്ന ഊർജമായിരുന്നു ചെമ്പൈയുടെ രീതി. പിൽക്കാലത്ത് ജയവിജയ എന്ന പേരിൽ വേദികളിൽ നിറഞ്ഞപ്പോൾ ഇരുവരും പിന്തുടർന്നത് ഈ ശൈലിയായിരുന്നു. ചെമ്പൈയ്ക്കൊപ്പം നിരവധി വേദികളിൽ കച്ചേരികൾ നടത്തിയതിന്‍റെ തുടർച്ചയായി അറിയാതെ സംഭവിച്ചുപോകുന്നതായിരിക്കാമെന്നാണ് ഇതേക്കുറിച്ചു ജയനൊരിക്കൽ പറഞ്ഞത്.

കർണാടക സംഗീതത്തിന്‍റെ സങ്കീർണതകൾ അറിയാത്തവരെയും വലിച്ചടുപ്പിക്കുന്നതായിരുന്നു ജയവിജയന്മാരുടെ കച്ചേരികൾ. അവരൊരുക്കിയ ഭക്തിഗാനങ്ങളിലും ചലച്ചിത്രഗാനങ്ങളിലുമുള്ള ഭക്തിയും ചടുലതയുമെല്ലാം വേദികളിലും നിറഞ്ഞു. വിജയന്‍റെ മരണശേഷം ജയൻ ഒറ്റയ്ക്കായപ്പോഴും ഊർജപ്രവാഹത്തിന് കുറവുണ്ടായില്ല.

അനശ്വര സംഗീതം

സംഗീതജ്ഞനും സംഗീതസംവിധായകനുമായ ദക്ഷിണാമൂർത്തി സ്വാമിയുടെ അവസാന കാലത്ത് നേരത്തേ വാക്കുകൊടുത്ത ഒരു പരിപാടിക്ക് അനാരോഗ്യം മൂലം എത്താനായില്ല അദ്ദേഹത്തിന്. പകരമായി സ്വാമി നിർദേശിച്ചത് ജയനെയായിരുന്നു. ജയനും അന്ന് ആരോഗ്യപ്രശ്നങ്ങളുണ്ട്. നിലത്തിരിക്കാൻ വയ്യ. കസേരയിലിരുന്നാണ് പാടുന്നത്. എങ്കിലും സ്വാമിക്കു പകരക്കാരനായി ജയനെത്തി. വേദിയിലെത്തിയപ്പോൾ തുടക്കത്തിൽ തന്നെ അദ്ദേഹം പറഞ്ഞു, ''സ്വാമിക്കു പകരക്കാരനല്ല, ഞാൻ. ഒരിക്കലും അതാകാനും കഴിയില്ല.'' രണ്ടര മണിക്കൂർ സദസിനെ കീഴടക്കി മടങ്ങും മുൻപ് കേട്ടിരുന്നവർക്ക് താണു വണങ്ങി നന്ദി പറഞ്ഞു. അങ്ങനെയായിരുന്നു ജയൻ. ഇന്നത്തെ തലമുറയുടെ ഗുരുസ്ഥാനീയനാകുമ്പോഴും അരങ്ങേറ്റത്തിനെത്തുന്ന കുട്ടിയുടെ ലാളിത്യം അവസാനകാലം വരെയും പിന്തുടർന്നു അദ്ദേഹം.

""ഒന്നുമൂഴിയിലനശ്വരമല്ല

ഒന്നിനും പുനരൊരർത്ഥവുമില്ല

എങ്കിലും ഹൃദയബന്ധമതൊന്നേ

ബന്ധുരം വിഷയബന്ധനമെന്യേ''

കെ.ജി. ജയൻ
കെ.ജി. ജയൻ

1978ൽ ഉത്രാടരാത്രി എന്ന ചിത്രത്തിനുവേണ്ടി ബിച്ചു തിരുമല എഴുതി ജയനും വിജയനും ചേർന്നു സംഗീതം നൽകിയ ഹിറ്റ് ഗാനത്തിലെ വരികളാണിത്. ജീവിതത്തിന്‍റെ മഹാതത്വമൊതുങ്ങുന്ന വരികൾ. ഒന്നും അനശ്വരമല്ലെന്ന പ്രപഞ്ച യാഥാർഥ്യത്തിലേക്ക് ജയനും മടങ്ങുകയാണ്. എന്നാൽ, ഭൂമിയിൽ അദ്ദേഹം തീർത്ത സംഗീതം ഇവിടെ ബാക്കിവയ്ക്കുന്നു. ശബരിമലയിൽ "ശ്രീകോവിൽ നട' തുറക്കുമ്പോഴും തിരുവനന്തപുരത്ത് നവരാത്രി സംഗീതോത്സവം തുടങ്ങുമ്പോഴും രാധ തൻ പ്രേമത്തോടാണോ എന്ന ഗാനം വേദികളിൽ ഉയരുമ്പോഴും ജയൻ അനശ്വരനായി ഭൂമിലുണ്ടാകും.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com