
#ഭബാനി പ്രസാദ് പതി, ജോയിന്റ് സെക്രട്ടറി, കൽക്കരി മന്ത്രാലയം
രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയുടെയും ഊർജ സുരക്ഷയുടെയും നട്ടെല്ലാണ് കൽക്കരി മേഖല. ജനസംഖ്യ വർധിക്കുകയും വൈദ്യുതി ലഭ്യത സർവത്രികമാവുകയും ചെയ്ത സാഹചര്യത്തിൽ, കൽക്കരി മേഖല ഒരു നിർണായക ഊർജ സ്രോതസായി തുടരുകയാണ്. പുനരുത്പാദന ഊർജത്തിലേക്കുള്ള യോജിച്ച മുന്നേറ്റം സാധ്യമാകുമ്പോഴും, കൽക്കരി പ്രമുഖ ഊർജ സ്രോതസായി തുടരുമെന്നു തന്നെയാണ് പ്രതീക്ഷ. ആഭ്യന്തര കൽക്കരി ഉത്പാദനം 2030 ആകുമ്പോഴേക്കും 1.5 ബില്യൺ ടൺ ആയി ഉയരുമെന്നും 2040ഓടെ അത് ഏറ്റവും ഉയർന്ന നിലയിലെത്തുമെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
കാലാവസ്ഥാ വ്യതിയാനത്തെ അഭിസംബോധന ചെയ്യേണ്ടതിന്റെ അടിയന്തര ആവശ്യകത തിരിച്ചറിയുന്ന ഇന്ത്യ, കാർബൺ ബഹിർഗമനം കുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമായ വികസനം എന്ന "പഞ്ചാമൃത' ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്ന വളർച്ചാ മാതൃകയോട് പ്രതിജ്ഞാബദ്ധമാണ്. കാലാവസ്ഥാ പരിഗണനകളും സാമ്പത്തിക യാഥാർഥ്യങ്ങളും തമ്മിലുള്ള സന്തുലനത്തിൽ രാജ്യം ഒരു മധ്യപാതയാണ് സ്വീകരിക്കുന്നത്. പൊതുവും വ്യത്യസ്തവുമായ ഉത്തരവാദിത്തങ്ങളെയും നൈപുണ്യങ്ങളെയും (CBDR-RC) അടിസ്ഥാനമാക്കി സന്തുലിത വളർച്ചാ മാതൃക കൈവരിക്കുന്നതിന് "കാലാവസ്ഥാ നീതി' എന്ന സമീപനത്തിനാണ് ഊന്നൽ. പരിവർത്തനത്തിന്റെ സങ്കീർണതകൾ പര്യവേഷണം ചെയ്യുന്നതിന് വാതകരൂപത്തിലുള്ള കൽക്കരി പോലെയുള്ള ഇതര ഉപയോഗങ്ങളുടെ പര്യവേക്ഷണവും ഈ സമീപനത്തിൽ ഉൾപ്പെടുന്നു.
വർധിച്ചുവരുന്ന ഊർജ ആവശ്യങ്ങൾ കാരണം പുനരുപയോഗ ഊർജത്തിന്റെ വളർച്ച ഇന്ത്യയിലെ കൽക്കരി മേഖലയിൽ വലിയ സ്വാധീനം ചെലുത്തില്ലെന്നാണ് പ്രവചിക്കപ്പെടുന്നത്. നമ്മുടെ മൊത്തം കൽക്കരി ഉപഭോഗം ഇനിയും ഏറ്റവും ഉയർന്ന നില കൈവരിച്ചിട്ടില്ല. 2040ഓടെ കൽക്കരി ആവശ്യകത പരമാവധിയിലെത്തുമെന്നാണ് പ്രതീക്ഷ. കരുതൽ ശേഖരം തീരുന്നതോടെ ഭാവിയിൽ ചില ഖനികൾ അടച്ചുപൂട്ടിയേക്കാം. പകരം, വർധിച്ചുവരുന്ന പലവിധ ഊർജ ആവശ്യങ്ങൾ നിറവേറ്റാൻ പുതിയ വമ്പൻ കൽക്കരി ഖനികൾ പ്രവർത്തനക്ഷമമാക്കുന്നുമുണ്ട്. ഈ ഖനികൾ കുറഞ്ഞ ചെലവിൽ ഊർജ സുരക്ഷ ഉറപ്പാക്കും. മാത്രമല്ല, മെച്ചപ്പെട്ട ഉപജീവനമാർഗം നൽകാനും, ഈ മേഖലയിൽ പുതിയതും പരോക്ഷവുമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും, അടച്ചുപൂട്ടുന്ന ഖനികളിലെ തൊഴിലാളികളെ പുതിയ ഖനികളിൽ പുനർവിന്യസിക്കാനും അവസരമൊരുക്കും. അതിനാൽ, ഹ്രസ്വ- മധ്യ കാലയളവുകളിൽ, അതായത് കുറഞ്ഞത് ഒരു ബിസിനസ് വൃത്തത്തിലെങ്കിലും, ഉപജീവനമാർഗവുമായി ബന്ധപ്പെട്ട സാമൂഹിക പ്രശ്നങ്ങൾ ഉണ്ടാകില്ല.
ഖനികളുടെ അടച്ചുപൂട്ടൽ ശാസ്ത്രീയവും വസ്തുനിഷ്ഠവുമായ രീതിയിൽ കൈകാര്യം ചെയ്യേണ്ടത് ആ മേഖലയിലുള്ളവരുടെ ഉപജീവനമാർഗം സുരക്ഷിതമാക്കാൻ അത്യാവശ്യമാണ്. അതിനായി, 2015ലെ പാരിസ് ഉടമ്പടിയിൽ "നീതിയുക്ത പരിവർത്തനം' എന്ന ആശയം ഉൾപ്പെടുത്തി. ഖനികളുടെ അടച്ചുപൂട്ടൽ ദോഷകരമായി ബാധിക്കുന്നവർക്ക് നീതിയുക്തവും ന്യായവും തുല്യവുമായ പരിവർത്തനമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനം, പാരിസ്ഥിതിക പുനഃസ്ഥാപനം, ശേഷി വർധിപ്പിക്കൽ, കൽക്കരിയെ ആശ്രയിക്കുന്ന പ്രദേശങ്ങളിലെ പുതിയ ഉപജീവന സാധ്യതകൾ എന്നിവയെ പിന്തുണയ്ക്കാൻ നീതിയുക്ത പരിവർത്തന പാതകൾ ലക്ഷ്യമിടുന്നു.
കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനും ശുദ്ധമായ ഊർജ സ്രോതസുകളിലേക്കുള്ള പരിവർത്തനത്തിനും വേണ്ടി ലോകം ഒന്നിക്കുമ്പോൾ, ഈ മാറ്റത്തിന്റെ മുഖ്യധാരയിൽ കൽക്കരി മേഖല നിലയുറപ്പിക്കുന്നു. എന്നിരുന്നാലും ഊർജ സുരക്ഷ, സാമൂഹിക സമത്വം, സാമ്പത്തിക സ്ഥിരത, ബാധിത സമൂഹങ്ങളുടെ ക്ഷേമം എന്നിവയ്ക്കു മുൻഗണന നൽകുന്ന തന്ത്രങ്ങളോടൊപ്പം അത്തരമൊരു പരിവർത്തനവും സാധ്യമാകണം. മികച്ച സമ്പ്രദായങ്ങൾ വളരെ കുറവാണെങ്കിലും വിവിധ അന്തർദേശീയ മാതൃകകളിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളണം. കൽക്കരി മേഖലയിൽ നീതിയുക്തമായ സമാന പരിവർത്തനങ്ങൾക്ക് വിധേയമാകുന്ന രാജ്യങ്ങൾ നമുക്കു വിലപ്പെട്ട പാഠങ്ങൾ പ്രദാനം ചെയ്യുന്നു.
ഇന്ത്യയുടെ ജി20 അധ്യക്ഷതയുടെയും ഊർജ പരിവർത്തന കർമ സമിതിയുടെയും (ETWG) ഭാഗമായി ശുദ്ധമായ ഊർജത്തിലേക്കുള്ള സാർവത്രികവും ന്യായവും താങ്ങാനാവുന്നതും ഉൾക്കൊള്ളാവുന്നതുമായ ഊർജ പരിവർത്തന മാർഗങ്ങൾ ആധാരമാക്കി ഒരു പഠനം നടത്തി. "കൽക്കരി മേഖലയിലെ നീതിയുക്ത പരിവർത്തനത്തിനുള്ള മികച്ച ആഗോള സമ്പ്രദായങ്ങൾ' എന്ന വിഷയത്തിൽ കൽക്കരി മന്ത്രാലയത്തിന്റെ മാർഗനിർദേശ പ്രകാരം CMPDIയാണ് ഈ പഠനം നടത്തിയത്.
ഉൾക്കാഴ്ചകൾ ഉളവാക്കുന്നതാണ് അതിലെ കണ്ടെത്തലുകൾ:
ഖനന ശേഷം കൽക്കരി ഖനികളെ പുനരുജ്ജീവിപ്പിക്കാൻ സാങ്കേതിക- സാമ്പത്തിക പിന്തുണ ആവശ്യമാണ്; ഖനികൾ അടച്ചുപൂട്ടുന്നതുമായി ബന്ധപ്പെട്ട സാമൂഹിക, തൊഴിൽ വെല്ലുവിളികൾ ദീർഘകാലാടിസ്ഥാനത്തിൽ ഫലപ്രദമായി കൈകാര്യം ചെയ്യേണ്ടതുണ്ട്; ബഹുകക്ഷി നയ രൂപീകരണം, വിദ്യാഭ്യാസത്തിലും ആരോഗ്യ പരിപാലനത്തിലും മാനുഷിക മൂലധനം എന്നിവയ്ക്കും പ്രാധാന്യമുണ്ട്; പ്രാദേശിക സ്ഥാപന ശേഷി വളർത്തിയെടുക്കുക എന്നത് വൈവിധ്യമാർന്ന ബിസിനസ് അന്തരീക്ഷത്തിന് അത്യന്താപേക്ഷിതമാണ്.
ഖനികൾ അടച്ചുപൂട്ടുന്നതിന്റെ ആഘാതം ലഘൂകരിക്കുന്നതിൽ ഏകോപിത സാമ്പത്തിക വികസന തന്ത്രങ്ങളും തന്ത്രപരമായ വിഭവ വിഹിതവും നിർണായകമാണ്. ശക്തമായ സാമൂഹിക പങ്കാളിത്തവും ബന്ധപ്പെട്ടവരുടെ ഇടപെടലുകളും മുൻകൂട്ടിയുള്ള ആസൂത്രണവും വൈവിധ്യവത്കരണവും പുനർപരിശീലനവും പുനർനൈപുണ്യവും പ്രാധാന്യമർഹിക്കുന്ന മറ്റു വിഷയങ്ങളാണ്. സാമൂഹിക സുരക്ഷാ പദ്ധതികൾ, അടിസ്ഥാന സൗകര്യങ്ങൾ, സാമൂഹിക വികസനം, ചെറുകിട- ഇടത്തരം സംരംഭങ്ങളെ പിന്തുണയ്ക്കൽ, ഹരിത സാമ്പത്തികം, നിക്ഷേപം, അന്താരാഷ്ട്ര സഹകരണം എന്നിവയെ ആശ്രയിച്ചാണ് ഫലപ്രദമായ പരിവർത്തനം നിലകൊള്ളുന്നത്.
കൽക്കരിയെ ആശ്രയിക്കുന്ന രാജ്യങ്ങൾ ഭാവിയിൽ കൽക്കരി മേഖലയുടെ ക്രമാനുഗത പരിവർത്തനത്തിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുകയും അതിന് സജ്ജമാവുകയും വേണം.
ഖനികളുടെ അടച്ചുപൂട്ടൽ പ്രക്രിയയിൽ ബന്ധപ്പെടുന്നവരുടെ സാങ്കേതികവും പാരിസ്ഥിതികവുമായ ഉത്തരവാദിത്വങ്ങളും ബാധ്യതകളും വ്യത്യാസപ്പെടാം. ഖനികൾ അടച്ചുപൂട്ടുന്നതിന് ഏറെ മുമ്പു തന്നെ നീതിയുക്ത പരിവർത്തനത്തിനായുള്ള ആസൂത്രണം ആരംഭിക്കും. ബന്ധപ്പെട്ട പങ്കാളികൾക്കിടയിൽ ആഴത്തിലുള്ള ഇടപെടൽ അതിനുള്ള കാഴ്ചപ്പാട് രൂപപ്പെടുത്തുന്നു. കൽക്കരിയും പ്രാദേശിക സമ്പദ്വ്യവസ്ഥയും തമ്മിലുള്ള ആഴത്തിലുള്ള ബന്ധങ്ങൾ മനസിലാക്കുക എന്നതു പ്രധാനമാണ്.
അടച്ചുപൂട്ടലിന്റെ പ്രത്യാഘാതങ്ങൾ തൊഴിൽ സേനയുടെയും സാമൂഹിക വിഭാഗങ്ങളുടെയും വൈവിധ്യമാർന്ന മേഖലകളിലായി ചിതറിക്കിടക്കുന്നു. കൽക്കരി മേഖലകളിലെ ആശ്രിത സമൂഹങ്ങളുടെ ഉപജീവനത്തിനായി കുറഞ്ഞ കാർബൺ ബഹിർഗമന സാമ്പത്തിക പ്രവർത്തനങ്ങൾ സ്വീകരിക്കണം. ജി20യോ വികസിത രാജ്യങ്ങളോ ആവശ്യമായ സാമ്പത്തിക സാങ്കേതിക സഹായം നൽകി കൽക്കരി ആശ്രിത രാജ്യങ്ങളെ അതിനായി സഹായിക്കണം.
നീതിയുക്ത പരിവർത്തനത്തിലൂടെ കൽക്കരി മേഖലയെ മാറ്റിയെടുക്കുക എന്നത് സൂക്ഷ്മമായ ആസൂത്രണവും സഹകരണവും അനുകമ്പയും ആവശ്യമുള്ള ഒരു സങ്കീർണ പ്രക്രിയയയാണ്. ലോകമെമ്പാടുമുള്ള മികച്ച സമ്പ്രദായങ്ങൾ സ്വീകരിക്കുന്നതിലൂടെ കാലാവസ്ഥാ വ്യതിയാനത്തെ അഭിസംബോധന ചെയ്യുക മാത്രമല്ല, കൽക്കരി തൊഴിലാളികളുടെയും സമൂഹങ്ങളുടെയും അന്തസും ഉപജീവനവും ഉയർത്തിപ്പിടിക്കുന്ന സുസ്ഥിര ഭാവിക്ക് വഴിയൊരുക്കാനും കൽക്കരി ആശ്രിത രാജ്യങ്ങൾക്ക് കഴിയും. ലോകത്തിന്റെ ക്രമാനുഗത വികാസത്തിൽ സന്തുലിതവും ഉചിതവുമായ പരിവർത്തനത്തിലേക്കുള്ള വഴികാട്ടികളായി ഈ രീതികൾ വർത്തിച്ചേക്കാം.