കറുത്ത കാർ വെറുമൊരു പാവമാണ്!

കറുപ്പിനെ പേടിക്കണമെന്ന് ആദ്യം നമ്മളോടു പറഞ്ഞത് പോർച്ചുഗീസുകാരായ ഗാമയും കൂട്ടരുമാണ്
The black car is just a poor thing!

കറുത്ത കാർ വെറുമൊരു പാവമാണ്!

Updated on

ക്വാറന്‍റൈൻ | കെ.ആർ. പ്രമോദ്

ഒരു കറുത്ത കാറും പതിമ്മൂന്നാം നമ്പർ മുറിയും നമ്മളെ പേടിപ്പിക്കാൻ തുടങ്ങിയിട്ട് നാളുകളായി. ഉഗ്രൻ പോരാളികളും വില്ലാദിവില്ലന്മാരുമായ മന്ത്രിമാർക്കുപോലും പതിമൂന്നാം നമ്പർ മുറിയും അതേ നമ്പരുള്ള കറുത്ത കാറും വേണ്ടെന്നായിരുന്നു അവസ്ഥ. ഒടുവിൽ ഒരു മന്ത്രി വെല്ലുവിളിയെന്നോണം കറുത്ത കാർ സ്വീകരിക്കുകയായിരുന്നു.

ഇപ്പോഴിതാ, പ്രതിപക്ഷനേതാവും കറുത്ത വണ്ടി ഉപേക്ഷിച്ചിരിക്കുന്നെന്നാണ് വാർത്തകൾ. വെളുത്ത ആഡംബരവാഹനവും അതിന് സവിശേഷയിനം നമ്പരും അദ്ദേഹം ആഗഹിക്കുന്നുണ്ടത്രെ! അവിശ്വസനീയം, തികച്ചും അവിശ്വസനീയം!

ചില സംശയങ്ങൾ

ഈ സംഗതികളൊക്കെ സത്യമാണെങ്കിൽ ഈ സന്ദർഭത്തിൽ പാമരന്മാരായ അടിയങ്ങൾക്ക് ചില സംശയങ്ങളുണ്ട്.

ഒന്ന് - നമ്മുടെ പ്രതിപക്ഷനേതാവ് ഒരു അന്ധവിശ്വാസിയല്ലെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ കറുത്ത കാർ വേണ്ടെന്നുവച്ചത് ഭരണപക്ഷത്തടക്കമുള്ള അന്ധവിശ്വാസികളെ സന്തോഷിപ്പിക്കില്ലേ? അത് ഇത്തരം കാപട്യങ്ങൾക്കുള്ള കുടപിടിക്കലായി പരിണമിക്കില്ലേ?

രണ്ട് - സർക്കാർ വക കാറുകളുടെ നിറത്തിനും നമ്പരിനുമൊക്കെ ഒരു പുരോഗമനസമൂഹത്തിൽ ഇത്രമാത്രം പ്രാധാന്യം നൽകേണ്ടതുണ്ടോ?

മൂന്ന് - കറുത്ത നിറത്തെയും കറുത്ത പട്ടിയെയും കരിമ്പൂച്ചയെയും പതിമൂന്നാം നമ്പറിനെയുമൊക്കെ പേടിക്കുന്ന മന്ത്രിമാരും നേതാക്കളുമൊക്കെ എങ്ങനെയാണ് നമ്മളെ ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് നയിക്കുന്നത്?

നാല് - വെള്ളക്കാർ പോലും ഉപേക്ഷിച്ച ഈ യൂറോപ്യൻ അന്ധവിശ്വാസങ്ങളെ എള്ളും പൂവുമിട്ട് അഭിമാനത്തോടെ സ്വീകരിക്കുന്നതിന് ഇവർക്കൊന്നും തരിമ്പും നാണമില്ലേ?

അഞ്ച് - അയിത്തം, മൃഗബലി, മഷിനോട്ടം, മന്ത്രവാദം, ചാത്തൻസേവ തുടങ്ങിയ പിന്തിരിപ്പൻ ഫാസിസ്റ്റ് അനാചാരങ്ങളെ കേരളപ്പിറവിയോടെ പുറങ്കാലുകൊണ്ട് തൊഴിച്ചെറിഞ്ഞെന്ന് വീമ്പടിക്കുന്ന ബുദ്ധിജീവികൾ ഇതൊക്കെ കണ്ടിട്ടും കേട്ടിട്ടും അറിയാത്ത ഭാവം നടിക്കുന്നതെന്തിനാണ്?

ശാസ്ത്രീയമായ അന്ധവിശ്വാസം!

മണ്ണിന്‍റെ മണമുള്ള അന്ധവിശ്വാസങ്ങൾക്ക് ഈ നാട്ടിൽ ഒരു പഞ്ഞവുമില്ല. ആയിരക്കണക്കിനു വർഷങ്ങളായി ഇവ നമ്മുടെ കൂടെയുണ്ട്. അതിനിടയിലേക്ക് സായ്പ്പിന്‍റെ മൂഢവിശ്വാസങ്ങൾ കൂടി തിരുകിക്കേറ്റേണ്ട കാര്യമില്ലെന്നു പറഞ്ഞാൽ ആരു കേൾക്കാനാണ്!

വെളളക്കാർ ചെയ്യുന്നതെല്ലാം നല്ലതാണെന്നൊരു പൊതുബോധം മൂലമാണ് പതിമൂന്നിനെയും കറുപ്പിനെയും കറുത്ത പട്ടിയെയും കരിമ്പൂച്ചയെയും ലൂസിഫറെയും നമ്മൾ പേടിക്കുന്നത്. സ്വന്തം അന്ധവിശ്വാസങ്ങൾക്ക് ശാസ്ത്രീയ മാനം കൊടുക്കാൻ സായ്പ്പന്മാർ മിടുക്കരായതിനാൽ പതിമൂന്നാം നമ്പറിനെ ഭയപ്പെടുന്നതിന് സൈക്കോളജിയിൽ ഒരു ശാസ്ത്രനാമം പോലും അവരുണ്ടാക്കിയിട്ടുണ്ട് - ട്രൈസ്കൈദേകഫോബിയ! ഇംഗ്ലീഷിൽ തെറി പറഞ്ഞാലും കേട്ടാലും അഭിമാനം തോന്നുന്നവർക്ക് ഈ ഫോബിയയും ഒരാഭരണമാണ്. അതു മാത്രമോ?

ഒരമ്പലം നശിച്ചാൽ അത്രയും അന്ധവിശ്വാസം കുറഞ്ഞെന്നും ഇനി നമ്മൾ അമ്പലങ്ങൾക്ക് തീയിടാമെന്നും പറഞ്ഞ മഹാമനുഷ്യർ ജീവിച്ചിരുന്ന നാട്ടിലാണ് പതിമൂന്നാം നമ്പരിനെയും കറുപ്പിനെയും കരിമ്പൂച്ചയെയും ഭയന്നുകൊണ്ട് മന്ത്രിമാർ പോലും കഴിഞ്ഞുകൂടുന്നത്. മരിച്ചുപോയ നേതാക്കളുടെ കല്ലറകൾ പോലും ആരാധനയ്ക്കുള്ള ഇടങ്ങളാക്കുന്നത് മറ്റൊരു വൈരുധ്യം.

കറുപ്പിന് ഏഴഴകാണ്!

അതൊക്കെ പോകട്ടെ, കറുപ്പ് മോശമാണെന്ന് ആരാണ് പറഞ്ഞത്, സർ? കറുപ്പിനെ പേടിക്കണമെന്ന് ആദ്യം നമ്മളോടു പറഞ്ഞത് പോർച്ചുഗീസുകാരായ ഗാമയും കൂട്ടരുമാണ്. അവർക്ക് കറുപ്പ് ചെകുത്താന്‍റെ നിറമായിരുന്നു. പക്ഷേ, കറുത്ത കരുമുളക് ചാക്കിലാക്കി നാട്ടിലേക്ക് കൊണ്ടുപോകാനാണ് അവരിവിടെ വന്നത്. കുരുമുളകിനെ 'കറുത്ത പൊന്ന്' എന്നു വിളിച്ചത് ഇംഗ്ലീഷുകാരാണെന്ന് തോന്നുന്നു.

എന്തായാലും സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ടവരുടെയും അധ്വാനിക്കുന്നവരുടെയും നിറമല്ലേ, കറുപ്പ്? വർണവിവേചനത്തിനെതിരായ പോരാട്ടങ്ങളിലും, കറുത്ത വർഗ്ഗക്കാരുടെ അവകാശസമരങ്ങളിലും കറുപ്പ് ഐക്യദാർഢ്യത്തിന്‍റെ നിറമായി മാറിയിട്ടില്ല?

'കറുപ്പിന് ഏഴഴക് '- എന്നാണ് പഴഞ്ചൊല്ല്. തകഴിയുടെ 'കയറി'ലെ ഒരദ്ധ്യായം തുടങ്ങുന്നതു തന്നെ അങ്ങനെ പറഞ്ഞുകൊണ്ടാണ്. നമുക്ക് എത്രയോ കറുത്ത ദൈവങ്ങളുണ്ട്! കരിങ്കാളി, കരിമഷി, കരിങ്കാക്ക എന്നിവയൊക്കെ പണ്ടേ നമുക്ക് പരിചിതമാണു താനും. ശനിദേവന്‍റെ വസ്ത്രം കറുപ്പാണ്, വാഹനം കാക്കയുമാണ്.

ഇനി പതിമൂന്നിന്‍റെ കാര്യം

സംഖ്യാശാസ്ത്രത്തിലും പൗരസ്ത്യ വിശ്വാസങ്ങളിലും ഇത് ആത്മീയതയും, സർഗാത്മകതയും, വിജയവും നിറഞ്ഞ ഒരു അത്യുത്തമ സംഖ്യയായാണ് കണക്കാക്കപ്പെടുന്നത്. ശാക്തേയ ഗ്രന്ഥമായ ദേവീമാഹാത്മ്യത്തിലെ അവസാനത്തെ വിശിഷ്ടഭാഗമാണ് 'ദുർഗാ സപ്തശതി' എന്ന പതിമൂന്നാം അധ്യായം.

ഇതൊക്കെ വെറും അന്ധവിശ്വാസങ്ങളെന്നു കരുതാം. പക്ഷെ, നമ്മുടെ പ്രശസ്തമായ ഒരാഴ്ചപ്പതിപ്പിന്‍റെ ഒരു പുറത്തിന്‍റെ പേരുതന്നെ 'പതിമൂന്നാം പേജ്' എന്നായിരുന്നു.

പഴമയുടെ വളപ്പൊട്ടുകൾ

അനാചാരങ്ങളും അന്ധവിശ്വാസങ്ങളും പഴയതാണെങ്കിലും പുതിയതാണെങ്കിലും എതിർക്കപ്പെടേണ്ടതു തന്നെയാണ്. സംശയമില്ല. പക്ഷെ, നമ്മുടെ നാടൻ അന്ധശ്വാസങ്ങളെ മറ്റൊരു രീതിയിൽ വീക്ഷിക്കേണ്ടതുണ്ട്.

ആയിരക്കണക്കിന് വർഷങ്ങൾക്കു മുമ്പ് രൂപപ്പെടുകയും തലമുറകളായി കൈമാറിവരികയും ചെയ്യുന്ന മിത്തുകൾക്കും അവയെ ചുറ്റിപ്പറ്റിയുള്ള വിശ്വാസങ്ങൾക്കും അതാതു ഗ്രാമീണദേശീയതകളുടെ ചെത്തവും ചൂരുമുണ്ട്. ഇവയെ കാലത്തിന്‍റെ ചിമിഴുകളിലെ വളപ്പൊട്ടുകളായി കണക്കാക്കണം. പഴങ്കഥകളുടെ അഴകും മണ്ണിന്‍റെ മണവുമുള്ള ഇവയ്ക്ക് നിരുപദ്രകരമായ നിലനിൽപ്പേയുള്ളൂ.

അവയിൽ പലതും ചില്ലറ മാറ്റങ്ങളോടെ ഇപ്പോഴും നമ്മുടെ ജീവിതനിമിഷങ്ങളെ കവിതകളായും കഥകളായും ചടങ്ങുകളായും വർണാഭമാക്കുന്നുമുണ്ട്. ഇടശ്ശേരിയുടെ പൂതപ്പാട്ടും കൊടുങ്ങല്ലൂരിലെ കോഴിക്കല്ലുമൂടലും ഓച്ചിറക്കളിയും മറ്റും ഉദാഹരണങ്ങളാണ്.

സുന്ദരമായ കഥകളുടെ ബാക്കിപത്രമായി ഈ (അന്ധ)വിശ്വാസ ഇടപെടലുകളെ പരിഗണിക്കുകയും നിത്യജീവിതവ്യാപാരങ്ങളുമായി ബന്ധപ്പെടുത്താതിരിക്കുകയും ചെയ്യുകയാണ് ഉചിതമെന്നു തോന്നുന്നു.

logo
Metro Vaartha
www.metrovaartha.com