വരയാടിനെ സംരക്ഷിച്ചാൽ വയറ് നിറയും! കേരളത്തിന്‍റെ അഭിമാനമായ ഇരവികുളത്തിന് 50 വയസ്

ഇരവികുളം ദേശീയോദ്യാനത്തിന്‍റെ സുവർണ ജൂബിലി: വരയാടുകളുടെയും നീലക്കുറിഞ്ഞിയുടെയും സംരക്ഷണ ഗാഥ
Eravikulam National Park Golden Jubilee

2006ലെ നീലക്കുറിഞ്ഞി വസന്തത്തിന്‍റെ തിരനോട്ടം. ഇരവികുളം നാഷണൽ പാർക്ക്.

Updated on
Summary

കേരളത്തിന്‍റെ അഭിമാനമായ ഇരവികുളം ദേശീയോദ്യാനം അതിന്‍റെ സുവർണ ജൂബിലി ആഘോഷിക്കുകയാണ്. വരയാടുകളുടെ ആവാസകേന്ദ്രമായ ഈ പ്രദേശം 1978-ൽ ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ടതിന് പിന്നിൽ അത്യന്തം രസകരമായ ചരിത്രമുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഉരുക്കുനിശ്ചയദാർഢ്യവും, കേന്ദ്ര സർക്കാരുമായുള്ള അരി-സങ്കേത ഉടമ്പടിയും ഈ വനഭൂമിയെ സംരക്ഷിക്കുന്നതിൽ നിർണായകമായി. ഇന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച ദേശീയോദ്യാനങ്ങളിലൊന്നായി ഇരവികുളം നിലകൊള്ളുന്നു.

അജയൻ

1978-ൽ, ഇരവികുളത്തിന് ദേശീയോദ്യാന പദവി ലഭിച്ച് രണ്ട് വർഷത്തിനു ശേഷം, ഒരു പ്രൊഫസറുടെ നേതൃത്വത്തിൽ ഒരു കൂട്ടം കോളെജ് വിദ്യാർഥികൾ പഠനയാത്രയ്ക്കായി അവിടെയെത്തി. അന്ന് അവിടത്തെ റേഞ്ച് ഓഫിസർ (പിന്നീട് ഡിവിഷണൽ ഫോറസ്റ്റ് ഓഫിസർ) അവരെ സ്വീകരിച്ചു. താൻ സേവിക്കുന്ന മലനിരകളെപ്പോലെ തന്നെ ഉറച്ച നിലപാടുകളായിരുന്നു അദ്ദേഹത്തിനും. പ്രകൃതിക്ക് ഭംഗം വരുത്തരുതെന്നും മാലിന്യങ്ങൾ വലിച്ചെറിയരുതെന്നും അദ്ദേഹം വിദ്യാർഥികൾക്കു കർശന നിർദേശം നൽകി. ഈ മൂടൽമഞ്ഞ് പുതച്ച ഉയരങ്ങൾ വെറുമൊരു ക്ലാസ് മുറിയല്ല, മറിച്ച് ഒരു വിശുദ്ധ സങ്കേതമാണെന്ന് അദ്ദേഹം അവരെ ഓർമിപ്പിച്ചു.

പക്ഷേ, അവർ പോയതിന്‍റെ പിറ്റേന്ന് അവിടെ മാലിന്യങ്ങൾ അവശേഷിച്ചു. ആ റേഞ്ചറും ജീവനക്കാരും അതും കണ്ട് വെറുതേയിരുന്നില്ല. അവർ ആ മാലിന്യങ്ങളെല്ലാം ശേഖരിച്ച് ശ്രദ്ധയോടെ പായ്ക്ക് ചെയ്ത് പ്രൊഫസർക്ക് അയച്ചുകൊടുത്തു. ''ഇത് നിങ്ങളുടെ അവസാനത്തെ സന്ദർശനമായിരിക്കും'' എന്ന ഒറ്റവരി കുറിപ്പും കൂടെ വച്ചു.

ആദ്യ ദർശനത്തിലെ അനുരാഗം

കേരളത്തിന്‍റെ മേൽക്കൂരയെന്ന് വിശേഷിപ്പിക്കപ്പെടുന്ന, പന്ത്രണ്ട് വർഷത്തിലൊരിക്കൽ നീലക്കുറിഞ്ഞികൾ (Strobilanthes kunthiana) പൂക്കുന്ന, മലനിരകളിൽ അനായാസം ഓടിനടക്കുന്ന വരയാടുകളുടെ (Nilgiritragus hylocrius) ആവാസകേന്ദ്രമായ ഇരവികുളം ദേശീയോദ്യാനം അതിന്‍റെ സുവർണ ജൂബിലി ആഘോഷിക്കുകയാണ്. വന്യത സുരക്ഷിതമായി പരിപാലിച്ച അമ്പത് വർഷം പിന്നിടുമ്പോൾ, സംരക്ഷണം എന്നത് സൗകര്യത്തെക്കാളുപരി ഒരു ഉറച്ച വിശ്വാസമായിരുന്ന ആ പഴയ നാളുകളെക്കുറിച്ച് മോഹൻ ആലമ്പത്ത് 'മെട്രൊ വാർത്ത'യോടു സംസാരിച്ചു.

പുതിയതായി പ്രഖ്യാപിക്കപ്പെട്ട ഇരവികുളം ദേശീയോദ്യാനത്തിലേക്ക് തസ്തിക സ്വീകരിക്കുമോ എന്ന്, 1978-ൽ ഒരു മുതിർന്ന വനംവകുപ്പ് ഉദ്യോഗസ്ഥൻ തന്നോട് ചോദിച്ചത് അദ്ദേഹം ഓർക്കുന്നു. അക്കാലത്ത് വന്യജീവി സംരക്ഷണ മേഖലയിലെ ജോലികൾ അത്ര ആകർഷകമായിരുന്നില്ല; മിക്കപ്പോഴും അതൊരു ശിക്ഷാനടപടിയായാണ് കണക്കാക്കിയിരുന്നത്. എങ്കിലും ആലമ്പത്ത് മടിക്കാതെ അത് സ്വീകരിച്ചു. മറ്റുള്ളവർ ഒറ്റപ്പെടൽ കണ്ടയിടത്ത് അദ്ദേഹം ഒരു ലക്ഷ്യം കണ്ടെത്തി. പലരും കഷ്ടപ്പാടുകൾ കണ്ടപ്പോൾ, മലനിരകളുടെ ആ കിരീടത്തെ സംരക്ഷിക്കാനുള്ള അവസരമാണ് അദ്ദേഹം കണ്ടത്. അങ്ങനെ ഇന്ത്യയിലെ തന്നെ ഏറ്റവും അഭിമാനകരമായ സംരക്ഷിത പൈതൃകങ്ങളിലൊന്നായി ഈ സങ്കേതത്തെ മാറ്റാൻ അദ്ദേഹം സഹായിച്ചു.

Eravikulam National Park Golden Jubilee

'സ്റ്റോൺസ് ഓഫ് സൈലൻസ്' എന്ന പുസ്തകത്തിൽ വരയാടുകളെക്കുറിച്ച് ക്ലൗഡ് ഗോട്ട്സ് എന്നൊരു അധ്യായം തന്നെ ജോർജ് ബി. ഷാലർ എഴുതി. ചെങ്കുത്തായ പാറകളിൽ അവ പ്രകടിപ്പിക്കുന്ന അസാമാന്യമായ പാടവം കാരണമാണ് അദ്ദേഹം അവയെ അങ്ങനെ വിളിച്ചത്.

N.A.NASEER

ഇരവികുളത്ത് എത്തിയ ആദ്യ ദിവസം തണുപ്പിനെ പ്രതിരോധിക്കാൻ ഒരു പുതപ്പും പുതച്ച് അദ്ദേഹം അവിടത്തെ പുൽമേടുകളിലൂടെ നടന്നു. നിലാവുദിച്ച നക്ഷത്രനിബിഡമായ ആകാശത്തിനു താഴെ, വെള്ളിനിറം പൂശിയ താഴ്വരകളുടെ നിശബ്ദതയിൽ അദ്ദേഹം ആകൃഷ്ടനായി. 'ആ രാത്രി അത്രമേൽ മനോഹരമായിരുന്നു', അദ്ദേഹം ഓർത്തെടുക്കുന്നു, 'ആ നിമിഷം തന്നെ ഞാൻ ആ സ്ഥലവുമായി പ്രണയത്തിലായി'.

വർഷങ്ങൾക്കു ശേഷം, പ്രൊഫസർക്ക് മാലിന്യങ്ങൾ പാഴ്സലായി അയച്ചുകൊടുത്ത ആ സംഭവത്തെക്കുറിച്ചു സംസാരിക്കുമ്പോൾ, ആ തീരുമാനത്തിൽ താൻ ഒറ്റയ്ക്കായിരുന്നില്ലെന്ന് ആലമ്പത്ത് പറയുന്നു. പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ ക്ലിഫോർഡ് ജി. റൈസ് അന്ന് ഇരവികുളത്തെ വരയാടുകളെക്കുറിച്ച് പഠിക്കുകയായിരുന്നു. റൈസിന്‍റെ സാന്നിധ്യവും പിന്തുണയും ഇരവികുളത്തിന്‍റെ ഉയരങ്ങൾക്ക് വിട്ടുവീഴ്ചയില്ലാത്ത സംരക്ഷണം ആവശ്യമാണെന്ന ആലമ്പത്തിന്‍റെ ബോധ്യത്തിനു കരുത്തേകി.

Eravikulam National Park Golden Jubilee

ഇന്ന് കേരളത്തിലും തമിഴ്‌നാട്ടിലുമായി കാണപ്പെടുന്ന ഏകദേശം 2,700 വരയാടുകളിൽ 840-ലധികം എണ്ണം ഇരവികുളത്തുണ്ടെന്നാണ് ഏറ്റവും പുതിയ കണക്ക്.

N.A.NASEER

അരി വാങ്ങാൻ ഉയിരിട്ട ദേശീയോദ്യാനം

ഇരവികുളത്തിന് ദേശീയ പദവി നേടിയെടുക്കുക എന്നത് എളുപ്പമായിരുന്നില്ല. 1971-നു ശേഷം തേയിലത്തോട്ടങ്ങൾക്ക് അപ്പുറത്തുള്ള സ്വകാര്യ വനങ്ങൾ കേരള സർക്കാരിൽ നിക്ഷിപ്തമായെങ്കിലും, ഈ മലനിരകളെ സംരക്ഷിക്കാനുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അഭ്യർഥനകൾക്ക് വലിയ പിന്തുണ ലഭിച്ചിരുന്നില്ല. എന്നാൽ, ഡൽഹിയിൽ കാര്യങ്ങൾ മാറിമറിഞ്ഞു. പരിസ്ഥിതി സംരക്ഷണത്തിൽ വ്യക്തിപരമായും രാഷ്ട്രീയമായും വലിയ താത്പര്യമുണ്ടായിരുന്ന പ്രധാനമന്ത്രി ഇന്ദിര ഗാന്ധി ഇരവികുളത്തിന്‍റെയും പിന്നീട് സൈലന്‍റ് വാലിയുടെയും സംരക്ഷണത്തിൽ നിർണായക ഇടപെടലുകൾ നടത്തി. കേന്ദ്രത്തിൽ വന്യജീവി സംരക്ഷണ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയിരുന്ന എം.കെ. രഞ്ജിത്‌ സിങ് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ വരയാടുകളുടെ ഈ ഭൂമിയെ സംരക്ഷിക്കണമെന്നു ശക്തമായി വാദിച്ചു.

പ്രാദേശിക തലത്തിലും ശക്തമായ ഇടപെടലുകളുണ്ടായി. മൂന്നാറിലെ ടാറ്റ ഫിൻലേ (ഇന്നത്തെ കണ്ണൻ ദേവൻ) എസ്റ്റേറ്റ് മാനെജറായിരുന്ന ബ്രിട്ടീഷ് പ്ലാന്‍റർ ജെ.സി. ഗോൾഡ്സ്ബറി വരയാടുകളുടെ കാര്യത്തിൽ വലിയ താത്പര്യം കാണിക്കുകയും സംരക്ഷണ വാദങ്ങൾക്ക് കരുത്തുപകരുകയും ചെയ്തു. അങ്ങനെ ശാസ്ത്രവും ഭരണനേതൃത്വവും പ്രാദേശിക ശബ്ദങ്ങളും ഒത്തുചേർന്നു.

സൈലന്‍റ് വാലി പ്രക്ഷോഭകാലത്ത് വി.എസ്. വിജയൻ പ്രധാനമന്ത്രിക്ക് അയച്ച ഒരു ടെലിഗ്രാം ജലവൈദ്യുത പദ്ധതി തടയാൻ കാരണമായെങ്കിൽ, ഇരവികുളത്തിന്‍റെ വിധി മാറിയത് അരി ക്ഷാമത്തിനിടെയാണ്. 1974-ൽ വനം വകുപ്പിന്‍റെ കൂടി ചുമതലയുണ്ടായിരുന്ന കേന്ദ്ര ഭക്ഷ്യമന്ത്രി അന്നാസാഹേബ് ഷിൻഡെ ഒരു നിർദേശം മുന്നോട്ടുവച്ചു: ഇന്ദിര ഗാന്ധിക്കു പ്രിയപ്പെട്ട വരയാടുകൾക്കായി കേരളം ഒരു സങ്കേതം സ്ഥാപിക്കുകയാണെങ്കിൽ കേരളത്തിന് ആവശ്യമായ അരി കേന്ദ്രം നൽകും. അങ്ങനെ സംരക്ഷണവും ആവശ്യകതയും തമ്മിൽ ഒരു നിശബ്ദ കൈമാറ്റം നടന്നു. സങ്കേതത്തിനായുള്ള നിർദേശം വേഗത്തിൽ നീങ്ങിയതിനൊപ്പം ഭക്ഷ്യധാന്യങ്ങളും കേരളത്തിലെത്തി. അന്ന് കേന്ദ്ര ഭക്ഷ്യ സെക്രട്ടറിയായിരുന്ന രഞ്ജിത്‌ സിങ് ഈ നീക്കങ്ങൾക്ക് വേഗം കൂട്ടി.

Eravikulam National Park Golden Jubilee

ഇരവികുളത്തെ നീലക്കുറിഞ്ഞി വസന്തം.

ചെറിയ മാറ്റങ്ങൾ പോലും ഗുരുതരം

97 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചു കിടക്കുന്ന ഇരവികുളം ദേശീയോദ്യാനം ഇന്ന് സന്ദർശകരാൽ സമൃദ്ധമാണ്. ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ ആനമുടി ഇവിടെയാണ്. പൂയംകുട്ടി, ഇടമലയാർ വനങ്ങളും ലാക്കം വെള്ളച്ചാട്ടവുമൊക്കെ തൊട്ടടുത്തുണ്ട്. അനേകം അരുവികളാലും സമ്പന്നമാണ് ഈ പ്രദേശം.

പി.വി. കരുണാകരൻ വിശദമായി പഠിച്ച ഈ പുൽമേടുകൾ അന്താരാഷ്ട്ര പ്രകൃതി സംരക്ഷണ യൂണിയന്‍റെ (IUCN) റെഡ് ലിസ്റ്റിൽ ഉൾപ്പെട്ട വരയാടുകളുടെ പ്രധാന കേന്ദ്രമാണ്. മൂന്ന് പതിറ്റാണ്ടിനു ശേഷവും അവിടത്തെ പുൽമേടുകളുടെ ഘടന മാറ്റമില്ലാതെ തുടരുന്നതിൽ കരുണാകരൻ സംതൃപ്തി രേഖപ്പെടുത്തുന്നു.

എങ്കിലും അദ്ദേഹം ഒരു മുന്നറിയിപ്പ് നൽകുന്നുണ്ട്. പുൽമേടുകളുടെ അതിരുകളിൽ പന്നൽ ചെടികൾ (Ferns) വ്യാപിക്കുന്നത് വനം വകുപ്പ് സൂക്ഷ്മമായി നിരീക്ഷിക്കണം. ഉയരങ്ങളിലെ ഓർക്കിഡുകളിലുണ്ടാകുന്ന മാറ്റങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്തരം ചെറിയ പരിസ്ഥിതി മാറ്റങ്ങൾ പോലും ഗൗരവമായി കാണണമെന്ന് അദ്ദേഹം സൂചിപ്പിക്കുന്നു.

ഒരു കാലത്ത് ബ്രിട്ടീഷ് പ്ലാന്‍റർമാരുടെ നായാട്ട് കേന്ദ്രമായിരുന്ന ഈ വനപ്രദേശം ഇന്ന് ആ കൊളോണിയൽ ഭൂതകാലത്തിൽ നിന്ന് ഒരുപാട് ദൂരം സഞ്ചരിച്ചു കഴിഞ്ഞു. കണ്ണൻ ദേവൻ ഹിൽസ് പ്രൊഡ്യൂസ് കമ്പനിയുടെ പിന്തുണ വനം വകുപ്പിന്‍റെ പ്രവർത്തനങ്ങൾക്ക് വലിയ കരുത്തായി.

Eravikulam National Park Golden Jubilee

പ്രസവകാലത്ത് മലനിരകൾ വരയാടുകൾക്കും കുഞ്ഞുങ്ങൾക്കും മാത്രമുള്ളതാണ്.

N.A.NASEER

മേഘക്കൂട്ടങ്ങൾക്കും കുരുന്നുകൾക്കും

ഇന്ന് കേരളത്തിലും തമിഴ്‌നാട്ടിലുമായി കാണപ്പെടുന്ന ഏകദേശം 2,700 വരയാടുകളിൽ 840-ലധികം എണ്ണം ഇരവികുളത്തുണ്ടെന്നാണ് ഏറ്റവും പുതിയ കണക്ക്. നിലവിൽ പ്രസവകാലമായതിനാൽ സന്ദർശകർക്ക് പ്രവേശനമില്ല. മലനിരകൾ ഇപ്പോൾ വരയാടുകൾക്കും അവയുടെ കുഞ്ഞുങ്ങൾക്കും മാത്രമുള്ളതാണ്. അടുത്ത മാസം പാർക്ക് വീണ്ടും തുറക്കും.

പ്രശസ്ത യുഎസ് പ്രകൃതി ശാസ്ത്രജ്ഞൻ ജോർജ് ബി. ഷാലർ 1969-ലാണ് വരയാടുകളെക്കുറിച്ച് പഠിക്കാൻ മൂന്നാറിലെത്തിയത്. അവയുടെ ചടുലതയിലും അതിജീവന ശേഷിയിലും ആകൃഷ്ടനായ അദ്ദേഹം തന്‍റെ 'സ്റ്റോൺസ് ഓഫ് സൈലൻസ്' എന്ന പുസ്തകത്തിൽ വരയാടുകളെക്കുറിച്ച് ക്ലൗഡ് ഗോട്ട്സ് എന്നൊരു അധ്യായം തന്നെ എഴുതി. ചെങ്കുത്തായ പാറകളിൽ അവ പ്രകടിപ്പിക്കുന്ന അസാമാന്യമായ പാടവം കാരണമാണ് അദ്ദേഹം അവയെ അങ്ങനെ വിളിച്ചത്.

ജൈവസമൃദ്ധിയും നിശബ്ദതയും നിറഞ്ഞ ഇരവികുളം ദേശീയോദ്യാനത്തിൽ 50-ലധികം സസ്തനികളും നീൽഗിരി പിപ്പിറ്റ് ഉൾപ്പെടെ 140-ഓളം പക്ഷിവർഗങ്ങളും അനേകം ഉരഗങ്ങളും ഉഭയജീവികളും നൂറിലധികം ഇനം ചിത്രശലഭങ്ങളുമുണ്ട്.

കാട്ടുനായ്ക്കളും പുള്ളിപ്പുലികളും ഇവിടെ നിശബ്ദമായി സഞ്ചരിക്കുന്നു. കാട്ടുപോത്തുകളും ആനകളും ഇവിടെ സ്വൈരമായി വിഹരിക്കുന്നു. മൂന്നാറിനെ അതിരപ്പിള്ളിയുമായും വാൽപ്പാറയുമായും ബന്ധിപ്പിക്കുന്ന ആനത്താരകൾ ഇവിടെയുണ്ട്.

Eravikulam National Park Golden Jubilee

ഇരവികുളത്ത് കാണപ്പെടുന്ന നീൽഗിരി പിപ്പിറ്റ്.

N.A.NASEER

കാട് കാക്കാൻ കാടിന്‍റെ മക്കൾ

പരിസ്ഥിതി പ്രവർത്തകൻ കെ. ചെങ്ങപ്പ ടാറ്റാ ടീയിലെ തന്‍റെ ഔദ്യോഗിക ജീവിതത്തിനൊപ്പം പരിസ്ഥിതിയെയും സംരക്ഷിച്ചതിന്‍റെ സംതൃപ്തിയിലാണ്. ഇപ്പോൾ കുടകിലുള്ള അദ്ദേഹം മുൻപ് ഹൈറേഞ്ച് വൈൽഡ് ലൈഫ് പ്രിസർവേഷൻ സൊസൈറ്റിയിലും കേരള വൈൽഡ് ലൈഫ് ബോർഡിലും ദീർഘകാലം പ്രവർത്തിച്ചിരുന്നു.

തന്‍റെ ഓർമകളിൽ ഏറ്റവും പ്രധാനപ്പെട്ടതായി അദ്ദേഹം കരുതുന്നത് ഗോത്രവർഗക്കാരെ വനം വകുപ്പിൽ വാച്ചർമാരായി നിയമിക്കാൻ നടത്തിയ പോരാട്ടമാണ്. വിദ്യാഭ്യാസ യോഗ്യതയുടെ പേരിൽ ഉദ്യോഗസ്ഥർ ഇതിനെ എതിർത്തപ്പോൾ അന്നത്തെ വനം മന്ത്രി കെ.പി. നൂറുദ്ദീനെ കണ്ട് നിയമങ്ങളിൽ ഇളവ് വരുത്താൻ അദ്ദേഹം പ്രേരിപ്പിച്ചു. ഇതിലൂടെ അനേകം ഗോത്രകുടുംബങ്ങൾക്ക് മാന്യമായ ജോലി ലഭിച്ചു.

പന്ത്രണ്ട് വർഷത്തിലൊരിക്കൽ നീലക്കുറിഞ്ഞി പൂക്കുമ്പോൾ മൂന്നാറിലേക്ക് സന്ദർശകരുടെ ഒഴുക്കുണ്ടാകാറുണ്ട്. 2006-ൽ ഇരവികുളം വാർഡനായിരുന്ന റോയ് പി. തോമസ് ദീർഘവീക്ഷണത്തോടെയുള്ള ഒരു നീക്കം നടത്തി. ഗോത്രവർഗക്കാരെ ഇക്കോ ഡെവലപ്‌മെന്‍റ് സൊസൈറ്റികൾ വഴി ടൂറിസം മേഖലയുടെ ഭാഗമാക്കി. ബാങ്ക് വായ്പകൾ വഴി വാനുകൾ വാങ്ങി സന്ദർശകരെ പാർക്കിന്‍റെ കവാടമായ രാജമലയിലേക്ക് എത്തിക്കുന്ന ചുമതല അവർക്കു നൽകി.

ഈ പദ്ധതിയിലൂടെ ഏകദേശം 70 കോടി രൂപയുടെ ലാഭമാണ് തുടർന്നുള്ള വർഷങ്ങളിൽ ഉണ്ടായത്. കൂടാതെ സ്വകാര്യ വാഹനങ്ങൾ നിയന്ത്രിച്ചതിലൂടെ മൂന്നാറിലെ ഗതാഗതക്കുരുക്കിനും ആശ്വാസമായി. 2018-ൽ വീണ്ടും കുറിഞ്ഞി പൂത്തപ്പോൾ ഗതാഗതം സുഗമമായത് റോയ് പി. തോമസിന്‍റെ ഈ മാതൃകാപരമായ പ്രവർത്തനത്തിന്‍റെ ഫലമായാണ്. സംരക്ഷണവും സമൂഹവും വാണിജ്യവും എങ്ങനെ ഒത്തുപോകാം എന്നതിന് ഇതൊരു മികച്ച ഉദാഹരണമാണ്.

Eravikulam National Park Golden Jubilee

ഇരവികുളത്തുനിന്ന് ആനമുടിയുടെ വിദൂര ദൃശ്യം.

രാജ്യത്തെ നമ്പർ വൺ

ജയിംസ് സക്കറിയ, ശിവദാസ് തുടങ്ങിയ മുൻ ഉദ്യോഗസ്ഥരുടെ അർപ്പണബോധവും മുതുവാൻ കൃഷ്ണനെപ്പോലെയുള്ള വാച്ചർമാരുടെ ജാഗ്രതയും കൊണ്ട് കെട്ടിപ്പടുത്ത ഈ പാർക്ക് ഇന്ന് ഹരി കൃഷ്ണന്‍റെ നേതൃത്വത്തിലാണ് മുന്നോട്ടു പോകുന്നത്.

2025-ലെ ഇന്ത്യയിലെ ഏറ്റവും മികച്ച ദേശീയോദ്യാനമായും, ഇടുക്കി ജില്ലയിലെ ഏറ്റവും വൃത്തിയുള്ള ഇടമായും ഇരവികുളം തെരഞ്ഞെടുക്കപ്പെട്ടു. ഈ സുവർണ പൈതൃകം കാത്തുസൂക്ഷിക്കുമെന്ന് ഹരി കൃഷ്ണൻ ഉറപ്പ് നൽകുന്നു. പാർക്കിലെ ഇടപാടുകളെല്ലാം ഇപ്പോൾ പൂർണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറിയിട്ടുമുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com