

"ജനനായകന്‍റെ' വിധി
file photo
നാല് പതിറ്റാണ്ടിലേറെ കാലം നീണ്ടുനിന്ന സിനിമാ ജീവിതത്തിന് തിരശ്ശീല ഇട്ട് വിജയ് രാഷ്‌ട്രീയത്തില്‍ പ്രവേശിച്ചിരിക്കുന്നു. ബാലതാരമായി സിനിമയിലെത്തിയ വിജയ് പിന്നീട് റൊമാന്‍റിക് ഹീറോയും അഴിമതിക്കെതിരേ പോരാടുന്ന പൊലീസ് ഉദ്യോഗസ്ഥനും, ജനക്ഷേമം ഉറപ്പാക്കുന്ന രാഷ്‌ട്രീയ നേതാവുമൊക്കെയായി. പോക്കിരി, തുപ്പാക്കി, മെര്‍സല്‍, സര്‍ക്കാർ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ ഉദാഹരണങ്ങളാണ്. വെള്ളിത്തിരയില്‍ നിറഞ്ഞാടിയ താരത്തിന് തമിഴ് രാഷ്‌ട്രീയത്തില്‍ പുതുയുഗത്തിന് തുടക്കമിടാനാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
ഈ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് തമിഴ്‌നാടും. ഇപ്രാവിശ്യം തെരഞ്ഞെടുപ്പ് പോരാട്ടത്തിന് വീര്യം പകരാൻ ഒരു സിനിമാ താരം രംഗപ്രവേശം ചെയ്തിരിക്കുന്നു. ഇളയദളപതി എന്ന് വിശേഷണമുള്ള വിജയും അദ്ദേഹത്തിന്‍റെ തമിഴക വെട്രി കഴകവും (ടിവികെ) ചൂടേറിയ രാഷ്‌ട്രീയ ചര്‍ച്ചയായി മാറിയിരിക്കുന്നു. ദ്രാവിഡ മേധാവിത്വമുള്ള ഭൂപ്രകൃതിയില്‍ അദ്ദേഹം ഉണ്ടാക്കിയേക്കാവുന്ന അലയൊലികളാണ് ഈ തെരഞ്ഞെടുപ്പിന്‍റെ ഏറ്റവും വലിയ ഹൈലൈറ്റ്.
വെള്ളിത്തിരയില്‍ നിന്ന് സെക്രട്ടറിയേറ്റിലേക്ക് ഏറ്റവുമധികം പേര്‍ നടന്നു കയറിയിട്ടുള്ള ഒരേയൊരു സംസ്ഥാനം തമിഴ്‌നാടായിരിക്കും. അതിനു കാരണം തമിഴ്നാട്ടില്‍ സിനിമ ഒരിക്കലും വെറുമൊരു വിനോദോപാധി മാത്രമായിരുന്നില്ല എന്നതാണ്. രാഷ്‌ട്രീയപരമായ ആശയവിനിമയത്തിനും, ബഹുജനങ്ങളെ സംഘടിപ്പിക്കുന്നതിനും, നേതൃത്വ നിര്‍മാണത്തിനും ശക്തമായ ഒരു ഉപകരണമായിരുന്നു അവിടെ സിനിമ.
തമിഴ് സിനിമകളുടെയും സിനിമാ താരങ്ങളുടെയും നീണ്ട ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍, തമിഴ്നാടിന്‍റെ രാഷ്‌ട്രീയ ചരിത്രത്തില്‍ സിനിമ ചെലുത്തിയ സ്വാധീനം എത്രത്തോളം വരുമെന്ന് കാണാനാകും. ഏകദേശം ഒരു നൂറ്റാണ്ടായി സിനിമകളും സിനിമാതാരങ്ങളും തമിഴകത്തെ രാഷ്‌ട്രീയ ചിന്തയെയും പൊതുജനാഭിപ്രായത്തെയും തെരഞ്ഞെടുപ്പ് ഫലങ്ങളെയും സ്വാധീനിച്ചിട്ടുണ്ട്. മറ്റിടങ്ങളില്‍ നിന്ന് വ്യത്യസ്തമായി തമിഴ് സിനിമ സമൂഹത്തെ പ്രതിഫലിപ്പിക്കുക മാത്രമല്ല ചെയ്തിരിക്കുന്നത് പകരം ശക്തമായ രാഷ്‌ട്രീയ നേതാക്കളെയും പ്രസ്ഥാനങ്ങളെയും സൃഷ്ടിച്ചിട്ടുണ്ട്.
1930-40കളിൽ വേരൂന്നിയതാണ് തമിഴ് സിനിമകളുടെ രാഷ്‌ട്രീയ ബന്ധം. അന്ന് സമൂഹത്തില്‍ നിലനിന്നിരുന്ന ജാതി ശ്രേണികളെയും, സാമൂഹിക അസമത്വത്തെയും, ഉത്തരേന്ത്യന്‍ സാംസ്‌കാരിക ആധിപത്യത്തെയും ദ്രാവിഡ പ്രസ്ഥാനം വെല്ലുവിളിക്കാന്‍ തുടങ്ങി. രാഷ്‌ട്രീയ പ്രസംഗങ്ങളെക്കാളും ലഘുലേഖകളെക്കാളും സിനിമയ്ക്ക് ഇടപെടാനാകുമെന്ന് ദ്രാവിഡ പ്രസ്ഥാനത്തെ പോലെ ഓരോ പ്രസ്ഥാനങ്ങളെയും നയിച്ചിരുന്ന നേതാക്കള്‍ മനസിലാക്കുകയും ചെയ്തിരുന്നു. നാടകമുണ്ടെങ്കിലും, രാഷ്‌ട്രീയ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാധ്യമമായി മാറിയത് സിനിമയായിരുന്നു.
സിനിമയുടെ സാധ്യതകള്‍ ആദ്യമായി തിരിച്ചറിഞ്ഞ നേതാക്കളില്‍ ഒരാളാണ് ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) സ്ഥാപകന്‍ സി.എന്‍. അണ്ണാദുരൈ. വാഗ്മിയും എഴുത്തുകാരനുമായ അണ്ണാദുരൈ, യുക്തിവാദം, സാമൂഹിക നീതി തുടങ്ങിയ ദ്രാവിഡ ആശയങ്ങള്‍ ആശയവിനിമയം ചെയ്യുന്നതിനായി തമിഴ് സിനിമകളെ ഉപയോഗിച്ചു. എങ്കിലും, രാഷ്‌ട്രീയ, സാഹിത്യം, സിനിമ എന്നിവയെ ഫലപ്രദമായി സംയോജിപ്പിച്ച് ഒരു സാംസ്‌കാരിക പ്രസ്ഥാനം സൃഷ്ടിച്ചത് എം കരുണാനിധിയാണ്. ഉദാഹരണമാണ് ദ്രാവിഡ പ്രത്യയശാസ്ത്രത്തെയും സമത്വത്തെയും അടിച്ചമര്‍ത്തലിനെയും അധികാരത്തെയും കുറിച്ച് സംസാരിക്കുന്ന പരാശക്തി (1952) എന്ന സിനിമ.
സിനിമാ താരങ്ങളും രാഷ്‌ട്രീയവും തമ്മിലുള്ള ബന്ധം ദൃഢമായി സ്ഥാപിക്കപ്പെട്ടത് എംജിആര്‍ വഴിയാണ്. സ്‌ക്രീനിലെ പ്രതിച്ഛായ നേരിട്ട് രാഷ്‌ട്രീയത്തിലേക്ക് എത്തിച്ച ഒരു മാന്ത്രിക വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്‍റേത്. അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങളെ പലപ്പോഴും സത്യസന്ധരും, കരുണയുള്ളവരും, ദരിദ്രരുടെ നിര്‍ഭയരായ സംരക്ഷകരുമായി ചിത്രീകരിച്ചു. പതുക്കെ, തമിഴ് പ്രേക്ഷകര്‍ സ്‌ക്രീനില്‍ ആരാധിക്കുന്ന നായകന്‍ യഥാര്‍ഥ ജീവിതത്തിലും അതേ രീതിയില്‍ തന്നെ പെരുമാറുമെന്നു വിശ്വസിക്കാന്‍ തുടങ്ങി.
എംജിആര്‍ സിനിമയില്‍ നിന്ന് നേരിട്ട് രാഷ്‌ട്രീയത്തിലേക്ക് എടുത്തുചാടിയില്ല. 1953 വരെ അദ്ദേഹം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് (ഐഎന്‍സി) അംഗമായിരുന്നു. തുടര്‍ന്നു ഡിഎംകെയില്‍ ചേര്‍ന്നു. 1962ല്‍ അദ്ദേഹം മദ്രാസ് സ്റ്റേറ്റ് ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമായി. പിന്നീട് അദ്ദേഹം ഓള്‍ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എഐഎഡിഎംകെ) സ്ഥാപിക്കുകയും തമിഴ്നാടിന്‍റെ മുഖ്യമന്ത്രിയാകുകയും ചെയ്തു. അദ്ദേഹത്തിന്‍റെ സിനിമകള്‍ വോട്ടര്‍മാരുമായി ആഴത്തിലുള്ള വൈകാരിക ബന്ധം സൃഷ്ടിച്ചു. സിനിമ നല്‍കിയ തിളക്കം തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ശക്തിയാക്കി മാറ്റാന്‍ കഴിയുമെന്നു തെളിയിച്ചു കൊണ്ടു തമിഴ്നാട് രാഷ്‌ട്രീയത്തെ മാറ്റിമറിച്ചു എന്നതാണ് അദ്ദേഹത്തിന്‍റെ വിജയം.
എംജിആറിനു ശേഷം സിനിമയില്‍നിന്ന് രാഷ്‌ട്രീയത്തിലേക്കു മാറിയ മറ്റൊരു ഉന്നത വ്യക്തിത്വമായിരുന്നു ജയലളിത. നിരവധി സിനിമകളില്‍ എംജിആറിനൊപ്പം അഭിനയിച്ച ജയലളിത ശക്തമായ അംഗീകാരം നേടി രാഷ്‌ട്രീയ രംഗത്തേയ്ക്ക് പ്രവേശിച്ചു. ജയലളിത അഭിനയിച്ച മിക്ക സിനിമകളിലും ഇച്ഛാശക്തിയുള്ള, വിദ്യാസമ്പന്നരായ, ആത്മാഭിമാനമുള്ള സ്ത്രീകളെയാണ് അവതരിപ്പിച്ചത്. കാലക്രമേണ അധികാരം, ആധിപത്യം എന്നിവയാല്‍ അടയാളപ്പെടുത്തിയ ശക്തമായ ഒരു രാഷ്‌ട്രീയ പ്രതിച്ഛായ അവര്‍ കെട്ടിപ്പടുത്തു. ലിംഗ പക്ഷപാതം ഉള്‍പ്പെടെയുള്ള വെല്ലുവിളികള്‍ നേരിട്ടിട്ടും, സംസ്ഥാന ചരിത്രത്തിലെ ഏറ്റവും സ്വാധീനമുള്ള മുഖ്യമന്ത്രിമാരില്‍ ഒരാളായി അവര്‍ മാറി.
ജയലളിതയുടെ കാലത്തിനു ശേഷം രാഷ്‌ട്രീയ ഭൂപ്രകൃതി കൂടുതല്‍ വികസിക്കാന്‍ തുടങ്ങി. ശിവാജി ഗണേശന്‍, വിജയകാന്ത്, ആര്‍. ശരത്കുമാര്‍, കമല്‍ഹാസന്‍, നെപ്പോളിയന്‍, ഖുഷ്ബു, ഗൗതമി തുടങ്ങിയ നിരവധി തമിഴ് അഭിനേതാക്കളും രാഷ്‌ട്രീയത്തിലേക്കു കടന്നുവന്നു. നടന്‍ ശിവാജി ഗണേശന് എപ്പോഴും രാഷ്‌ട്രീയ ചായ് വുണ്ടായിരുന്നു. പക്ഷേ എംജിആറിനെപ്പോലെ സാമൂഹിക പരിഷ്‌കരണവുമായി ഇണങ്ങിച്ചേരുന്ന ഒരു രാഷ്‌ട്രീയ വ്യക്തിത്വം അദ്ദേഹം ഒരിക്കലും വളര്‍ത്തിയെടുത്തില്ല.
1988ല്‍ തമിഴ്‌നാട് രാഷ്‌ട്രീയം ഡിഎംകെയും എഐഎഡിഎംകെയും തമ്മില്‍ ധ്രുവീകരിക്കപ്പെട്ടിരുന്ന സമയത്താണ് അദ്ദേഹം തമിഴക മുന്നേറ്റ മുന്നാനി (ടിഎംഎം) എന്ന സ്വന്തം പാര്‍ട്ടി സ്ഥാപിച്ചത്. എന്നാല്‍ ദുഃഖകരമെന്നു പറയട്ടെ, 1989ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ടിഎംഎമ്മിന് ഒരു സീറ്റ് പോലും നേടാന്‍ കഴിഞ്ഞില്ല. അതോടെ ശിവാജി ഗണേശന്‍ രാഷ്‌ട്രീയത്തില്‍ നിന്ന് പിന്മാറി.
2005ല്‍ ദേശീയ മുര്‍പോക്കു ദ്രാവിഡ കഴകം (ഡിഎംഡികെ) സ്ഥാപിച്ച വിജയകാന്ത്, ജയലളിതയ്ക്ക് ശേഷം ശ്രദ്ധേയമായ തെരഞ്ഞെടുപ്പ് വിജയം നേടുകയും തമിഴ്‌നാട് നിയമസഭയില്‍ പ്രതിപക്ഷ നേതാവായി സേവനമനുഷ്ഠിക്കുകയും ചെയ്ത ഒരേയൊരു അഭിനേതാവാണ്. രാഷ്‌ട്രീയ രംഗത്ത് മൂന്നാം ശക്തിയായി ഡിഎംഡികെ ഉയര്‍ന്നുവന്നു. വിജയകാന്തിന്‍റെ മരണശേഷം പ്രേമലത വിജയകാന്താണ് പാര്‍ട്ടിയെ നയിക്കുന്നത്.
2007ല്‍ അഖിലേന്ത്യാ സമത്വ മക്കള്‍ കക്ഷി (എഐഎസ്എംകെ) സ്ഥാപിച്ചു കൊണ്ടാണ് നടന്‍ ശരത്കുമാര്‍ രാഷ്‌ട്രീയ രംഗത്തേയ്ക്ക് വന്നത്. എംഎല്‍എയും എംപിയുമായി സേവനമനുഷ്ഠിക്കുകയും പ്രധാന ദ്രാവിഡ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുകയും ചെയ്ത ശരത്കുമാര്‍ 2024ല്‍ ബിജെപിയില്‍ ലയിക്കാന്‍ തീരുമാനിച്ചു. ശക്തമായ ഒരു കേഡര്‍ അടിത്തറ കെട്ടിപ്പടുക്കുന്നതിനോ സ്ഥിരമായി തെരഞ്ഞെടുപ്പ് വിജയങ്ങള്‍ നേടുന്നതിനോ തമിഴ്‌നാട് രാഷ്‌ട്രീയ രംഗത്ത് നിലനില്‍ക്കാനുള്ള പോരാട്ടം നടത്തുവാനോ പാര്‍ട്ടിക്കു സാധിച്ചില്ല. ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുടെ വിജയത്തിന് താരപരിവേഷം മാത്രം പോരാ എന്ന് ഇതിലൂടെ വ്യക്തമായി.
തമിഴ്‌നാട് രാഷ്‌ട്രീയത്തിലെ ഏറ്റവും പ്രതീക്ഷയുള്ള ഒന്നായിരുന്നു രജനീകാന്തിന്‍റെ രാഷ്ട്രീയ പ്രവേശനം. എന്നാല്‍ അത് പൂര്‍ത്തീകരിക്കപ്പെടാത്ത ഒരു അധ്യായമായി. 2017 ഡിസംബറില്‍, രാഷ്‌ട്രീയത്തില്‍ പ്രവേശിക്കാനുള്ള തീരുമാനം രജനീകാന്ത് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും 2020 ല്‍ തന്‍റെ രാഷ്‌ട്രീയ പാര്‍ട്ടിയായ രജനി മക്കള്‍ മണ്‍ട്രം ആരംഭിക്കുകയും ചെയ്തു. എന്നാല്‍ 2021 ഡിസംബറില്‍ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആരോഗ്യപരമായ കാരണങ്ങളാല്‍ താന്‍ രാഷ്‌ട്രീയം ഉപേക്ഷിക്കുകയാണെന്നു രജനികാന്ത് പ്രഖ്യാപിച്ചു.
2018ല്‍ തമിഴ് സിനിമയിലെ മറ്റൊരു വലിയ താരമായ കമല്‍ഹാസനും തന്‍റെ രാഷ്‌ട്രീയ അരങ്ങേറ്റം പ്രഖ്യാപിക്കുകയും മക്കള്‍ നീതി മയ്യം (എംഎന്‍എം) എന്ന പാര്‍ട്ടിക്ക് തുടക്കമിടുകയും ചെയ്തു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും 2021 ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിലും എംഎന്‍എം മത്സരിച്ചെങ്കിലും ഒരു സീറ്റ് പോലും നേടാന്‍ കഴിഞ്ഞില്ല. പിന്നീട് തനിക്കും തന്‍റെ പാര്‍ട്ടിക്കും മികച്ച രാഷ്‌ട്രീയ ഭാവി നേടിയെടുക്കാന്‍ അദ്ദേഹം ഡിഎംകെയുമായി സഖ്യത്തിലേര്‍പ്പെട്ടു.
കമല്‍ഹാസന്‍ ഒരിക്കലും സിനിമയിലൂടെ കൈവന്ന താരപദവി രാഷ്‌ട്രീയത്തില്‍ പയറ്റാന്‍ ശ്രമിച്ചില്ല. പകരം തനിക്കുള്ള ഇമേജിനേക്കാള്‍ സദ്ഭരണം വാഗ്ദാനം ചെയ്യാന്‍ കെല്‍പ്പുള്ള ഒരു പാര്‍ട്ടിയെ സൃഷ്ടിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. തമിഴ്‌നാട്ടില്‍ ഇനി പഴയതു പോലെ സിനിമയിലൂടെ മാത്രം അധികാരത്തിലെത്താന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന്‍റെ രാഷ്ട്രീയ യാത്ര.
കലൈഞ്ജര്‍ കരുണാനിധി സിനിമകള്‍ക്ക് തിരക്കഥ എഴുതിയിരുന്നുവെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. അദ്ദേഹത്തിന്‍റെ മകനും ഇപ്പോള്‍ തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിന്‍ ' മക്കള്‍ ആണൈയിട്ടാല്‍' , ' ഒരേ രഥം ' തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുമുണ്ട്. എങ്കിലും സ്റ്റാലിന്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത് രാഷ്‌ട്രീയത്തില്‍ മാത്രമാണ്.
ഖുഷ്ബു സുന്ദര്‍, ഗൗതമി തുടങ്ങിയ നടിമാരും രാഷ്‌ട്രീയത്തില്‍ പ്രവേശിക്കുകയും രാഷ്‌ട്രീയ പാര്‍ട്ടിയില്‍ സ്ഥാനങ്ങള്‍ വഹിക്കുകയും സജീവമായി പ്രചാരണം നടത്തുകയും ചെയ്യുന്നവരാണ്. ഇന്ന് എല്ലാ കണ്ണുകളും ദളപതി വിജയിലും അദ്ദേഹത്തിന്‍റെ പാര്‍ട്ടിയായ ടിവികെയിലുമാണ്. വിജയ്‌യുടെ സിനിമാ ജീവിതത്തിലെ അവസാന ചിത്രമെന്നു വിശേഷിപ്പിക്കുന്ന ' ജനനായകന്‍ ' ഉടന്‍ റിലീസ് ചെയ്യാനിരിക്കുകയുമാണ്. തമിഴ് പ്രേക്ഷകരും രാഷ്‌ട്രീയ എതിരാളികളും വെള്ളിത്തിരയില്‍ എന്തായിരിക്കും വിജയ്‌യുടെ രാഷ്‌ട്രീയ സന്ദേശം എന്നു കാണാന്‍ കാത്തിരിക്കുകയാണ്.
ഭരണം, അഴിമതി, വിദ്യാഭ്യാസം, സാമൂഹിക ഉത്തരവാദിത്തം എന്നിവയെക്കുറിച്ചുള്ള ആശങ്കകളാണ് വിജയ് സിനിമകളില്‍ കൂടുതലായി പ്രതിഫലിക്കുന്നത്. വിജയ്ക്ക് വലിയൊരു ആരാധകവൃന്ദമുണ്ട്. അദ്ദേഹത്തിന്‍റെ താരപദവിക്കും യുവാക്കളടങ്ങിയ വലിയ ആരാധകവൃന്ദത്തിനും തമിഴ്നാട്ടിലെ ഡിഎംകെ-എഐഎഡിഎംകെ ശക്തികളെ തകര്‍ക്കാന്‍ കഴിയുമോ ?
പക്ഷേ വലിയ ചോദ്യം എംജിആറിന്‍റെയും ജയലളിതയുടെയും കാര്യത്തിലെന്ന പോലെ വിജയ്യുടെ മാസ് സിനിമാറ്റിക് അപ്പീലിന് രാഷ്‌ട്രീയ ശക്തിയായി മാറാന്‍ കഴിയുമോ എന്നതാണ്. അതിന് തമിഴ്‌നാട് രാഷ്‌ട്രീയത്തില്‍ ഒരു പുതു യുഗത്തിന് തുടക്കം കുറിക്കാന്‍ കഴിയുമോ ? കാത്തിരിക്കാം.