
ഏതാനും ദിവസം മുമ്പ് നടന്ന ഈ സംഭവത്തിലെ നായകൻ നടൻ വിനായകൻ. അതെ, നമ്മളിലൊരുപാടു പേർ കണ്ട, വൈറലായ വീഡിയോ ദൃശ്യങ്ങൾ തന്നെ.
വിനായകൻ: സാറാണ് എന്നോട് പറഞ്ഞത് ഇനി എന്ത് പ്രശ്നമുണ്ടെങ്കിലും പൊലീസിനെ വിളിച്ചാൽ മതിയെന്ന്, സ്റ്റേഷനിൽ വന്നാൽ മതിയെന്ന്, അതുകൊണ്ടാണ് ഞാൻ വന്നത്.
പൊലീസ്: പൊലീസ് വന്നില്ലേ... നീ വിളിച്ചപ്പൊ പൊലീസ് വന്നില്ലേ..?
വിനായകൻ: അതിന് സാറെന്തിനാണ് ഒച്ചയെടുക്കുന്നത്? ഞാൻ കാര്യം പറയുവല്ലേ. അതുപോലെ, എന്റെ ഫോൺ ആരെയോ മോശം പറഞ്ഞെന്നു പറഞ്ഞ് സാറുമ്മാര് വന്ന് കട്ടോണ്ട് പോയി... ഇല്ലേ..?
പൊലീസ്: കട്ടോണ്ട് പോയെന്നോ, അത് കോടതിയിലുണ്ട്... കോടതിയിൽ പോയി ചോദിക്കണം...
വിനായകൻ: ആട്ടെ, സാറുമ്മാരത് എടുത്തോണ്ട് പോയി, എന്നെ തെറിവിളിച്ച അഞ്ച് പേരുടെ പേരിൽ പരാതി തന്നിട്ട് സാറുമ്മാർ അവർടെ ഫോൺ പിടിക്കാൻ പോകാത്തതെന്താ?
പൊലീസ്: നീ വനിതാ പൊലീസുകാരോട് അപമര്യാദയായി പെരുമാറി... ഇല്ലേ... നീയെന്താണ് അവരോട് ചെയ്തത്..?
വിനായകൻ: ഞാനൊന്നും ചെയ്തില്ല സാറേ, അവര്‍ യൂണിഫോമും ഒന്നും ഇല്ലാതെയാണ് വന്നത്, അതോണ്ട് നിങ്ങളാരാ, എന്താ കാര്യം, ഐഡി കാർഡ് വല്ലതും ഉണ്ടോന്ന് ചോദിച്ചു, ഇത്രയേ ഉള്ളൂ, രണ്ട് പെണ്ണുങ്ങൾ പെട്ടെന്ന് വീട്ടിൽ വന്ന് കയറിയാൽ ആരാ എന്താ എന്നറിയേണ്ടേ?
പൊലീസ്: നിനക്ക് ഐഡി കാർഡ് കാണണോ, നിന്നെ ഐഡി കാർഡ് കാണിക്കാൻ നീയാരാടാ...?
അതാണ്..! യൂണിഫോമൊന്നുമില്ലാതെ ഒരു വീട്ടിലേക്ക് ഇരച്ചുകയറിയാൽ ആരാണെന്നറിയാൻ ഐഡി കാർഡ് ചോദിക്കുന്നത് ക്രിമിനൽ കുറ്റമാണെന്ന്, ഇന്ത്യ മുഴുവൻ അറിയുന്ന നടനാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, അയാൾക്കറിയില്ല. ഇത്തരം "മോൻ'മാരെ ജനമൈത്രി കാക്കി സാറമ്മാർ അറിയിക്കുക തന്നെ വേണം. ഈ പൊലീസേമ്മാൻ തുടക്കം മുതൽ ആക്രോശിക്കുകയാണ്.
***
ഇനി രണ്ടുമൂന്നു ദിവസം മുമ്പ് വായിച്ചു "കളഞ്ഞ' ഒരു വാർത്തയിലേക്ക്:
പതിനാലുകാരി ഗർഭിണിയായതുമായി ബന്ധപ്പെട്ട പോക്സോ കേസിൽ 98 ദിവസം ജയിലിൽ കഴിഞ്ഞ ആദിവാസി യുവാവ് നിരപരാധി. ഡിഎൻഎ ഫലം വന്നപ്പോഴാണ് യുവാവ് നിരപരാധിയെന്ന് തെളിഞ്ഞത്. നിയമ പോരാട്ടത്തിനൊടുവിൽ യഥാർഥ കുറ്റവാളിയെയും കണ്ടെത്തി. ഉപ്പുതറ കണ്ണംപടി ഇന്തിനാൽ ഇ.എം. വിനീതിനെയാണ് (24) കട്ടപ്പന ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി വി. മഞ്ജു കുറ്റവിമുക്തനാക്കിയത്.
2019 ഒക്ടോബർ 14നാണ് കേസിനാസ്പദമായ സംഭവം. വയറുവേദനയുമായി ഉപ്പുതറ ഗവ. ആശുപത്രിയിൽ എത്തിയ പതിനാലുകാരി പരിശോധനയിൽ 4 മാസം ഗർഭിണിയാണെന്ന് തെളിഞ്ഞു. തന്നെ പീഡിപ്പിച്ചത് ആരെന്ന് ആദ്യം പെൺകുട്ടി പറഞ്ഞില്ല. എന്നിട്ടും, കൂലിപ്പണിക്ക് പോയ തന്നെ ഉപ്പുതറ പൊലീസ് ബലമായി പിടികൂടി ആശുപത്രിയിൽ എത്തിക്കുകയായിരുന്നുവെന്ന് വിനീത് പറയുന്നു.
വിനീതല്ല ഉത്തരവാദിയെന്ന് പെൺകുട്ടിയും അമ്മയും പൊലീസിനോട് പറഞ്ഞു. ഇതോടെ വിനീതിനെ പറഞ്ഞുവിട്ടു. എന്നാൽ, പീഡിപ്പിച്ചത് വിനീതാണെന്ന് പെൺകുട്ടി മൊഴി നൽകിയെന്നു പറഞ്ഞ് പിന്നീട് അറസ്റ്റ് ചെയ്തു.
ഇതിലെ പൊലീസിന്റെ കള്ളക്കളി ഒരിക്കലും പുറത്തുവരില്ല. കാരണം, മൊഴി എന്തെന്നോ അത് എങ്ങനെ വന്നെന്നോ ഒന്നും അറിയാത്ത പാവത്തുങ്ങളാണല്ലോ, ഇവർ. ഇതേ കേസിൽ വേറൊരു പാവവും ജയിൽ ശിക്ഷ അനുഭവിച്ചു. അയാൾക്കും അത് സഹായകമായി എന്നതാവും പൊലീസിന്റെ വാദം. കാരണം, അവർക്ക് കൃത്യസമയത്ത് (ജയിലിൽ) ആഹാരം കിട്ടിയല്ലോ! ഇനി അതിന്റെ പേരിൽ ആ "ജനമൈത്രി'ക്ക് വീരശൃംഖല കിട്ടുമോ, ആവോ!
***
കാട്ടിറച്ചി കൈവശം വെച്ചെന്നാരോപിച്ച് ആദിവാസി യുവാവിനെ വനം വകുപ്പ് കള്ളക്കേസിൽ കുടുക്കിയത് കഴിഞ്ഞ കൊല്ലമാണ്. അതിലെ പ്രതികൾക്കെല്ലാം മുൻകൂർ ജാമ്യം നേടാൻ പൊലീസ് ഒത്താശ ചെയ്തെങ്കിലും കോടതി "ചതിച്ചു'. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അങ്ങനെ ഒരുദ്യോഗസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്തപ്പോള്‍ രണ്ടാമത് ഉദ്യോഗസ്ഥന് പൊലീസില്‍ ഹാജരായി.
ഇടുക്കി കണ്ണംപടി മുല്ല ആദിവാസി കോളനിയിലെ പുത്തൻപുരയ്ക്കൽ സരുൺ സജിക്കെതിരെയാണ് (24) വനം വകുപ്പ് ഉദ്യോഗസ്ഥർ കള്ളക്കേസ് ചുമത്തിയത്. സെപ്തംബർ 20ന് കിഴുകാനം സെക്ഷൻ ഫോറസ്റ്റ് ഓഫിസറുടെ നേതൃത്വത്തിലായിരുന്നു ഇത്. ഓട്ടൊറിക്ഷയിൽ കാട്ടിറച്ചി കടത്തിക്കൊണ്ടുവന്ന് വിൽപന നടത്തി എന്നാരോപിച്ചായിരുന്നു അറസ്റ്റ്. 10 ദിവസത്തെ റിമാൻഡ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് തന്നെ കള്ളക്കേസിൽ കുടുക്കിയ വിവരം യുവാവ് നാട്ടുകാരോട് പറഞ്ഞത്. തുടർന്നു നടത്തിയ സമരങ്ങളുടെയും നിയമ പോരാട്ടങ്ങളുടെയും ഭാഗമായി ഉദ്യോഗസ്ഥർക്കെതിരേ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
തനിക്കെതിരേ കള്ളക്കേസെടുത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ടാണ് സരുൺ സജി എസ്സി-എസ്ടി കമ്മിഷന് പരാതി നൽകി. പിന്നാലെയാണ് സരുണിന് എതിരെ ചുമത്തിയത് കള്ളക്കേസാണെന്ന് കണ്ടെത്തിയത്. സരുണിന് എതിരായത് കള്ളക്കേസാണെന്നു കാണിച്ച് ഇടുക്കി റേഞ്ച് ഓഫിസര്‍ മുജീബ് റഹ്മാനും ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്കി. സരുണിനെ വനം ഉദ്യോഗസ്ഥര്‍ മര്‍ദിച്ചതിന് ദൃക്സാക്ഷികളുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
കേസില്‍ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ അടക്കം ഏഴ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് സസ്പെൻഡും ചെയ്തു. കള്ളക്കേസെടുത്ത നടപടിയിൽ അന്വേഷണം ആവശ്യപ്പെട്ട് സരുൺ സജി നൽകിയ പരാതിയിൽ 13 വനം വകുപ്പ് ഉദ്യോഗസ്ഥരെ പ്രതിചേര്‍ത്ത് പൊലീസ് കേസെടുക്കുകയും ചെയ്തു. പിന്നീട് സസ്പെൻഷൻ നേരിട്ട ഉദ്യോഗസ്ഥരെ സർവീസിൽ തിരിച്ചെടുക്കുകയും ചെയ്തിരുന്നു. കണ്ണിൽ പൊടിയിടുന്ന നടപടികളല്ലാതെ ഇത്തരക്കാർക്കെതിരേ എന്തു നടപടിയെടുക്കാനാണ്?
അതോടെ, നേരത്തെ നടപടി നേരിട്ട വനം ഉദ്യോഗസ്ഥന് കേസ് ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമം ആരംഭിച്ചു. കുറ്റക്കാരായ ഉദ്യോഗസ്ഥര്ക്കെതിരേ നിയമ നടപടിയെടുക്കണമെന്നും കേസ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് രൂപീകരിച്ച സമര സമിതിയിലേക്ക് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ 5,000 രൂപ അയച്ചുനൽകി. സമര സമിതി ചെയര്മാന് അത് തിരിച്ചയച്ചു. പണം നല്കി കേസ് ഒതുക്കി തീര്‍ക്കാനാണ് ഉദ്യോഗസ്ഥന്റെ ശ്രമമെന്ന് കാണിച്ചായിരുന്നു അത്. യുവാവിന്റെ ചികിത്സയ്ക്കാവശ്യമായ പണമാണ് അയച്ചതെന്നാണ് വനം വകുപ്പ് നല്കിയ വിശദീകരണം. എന്തൊരു ഹൃദയാലുക്കളാണ് ഈ ഉദ്യോഗസ്ഥർ! ഇവർക്കും കൊടുക്കണേ, എന്തെങ്കിലും "വന്യ' പുരസ്കാരങ്ങൾ!
***
ഇതൊക്കെ നടക്കുന്നത് കേരളത്തിലാണ്, സമ്പൂർണ സാക്ഷര സുന്ദര കേരളത്തിൽ! ഗോത്ര വിദ്യാർഥികൾക്ക് കൊമേഴ്സ്യൽ പൈലറ്റ് കിട്ടാൻ 33 ലക്ഷം വീതമാണ് പട്ടികവർഗക്ഷേമ വകുപ്പ് ചെലവാക്കിയത്. 315 പേരെ 100 കോടി ചെലവഴിച്ചു വിദേശ സർവകലാശാലയിൽ പഠിപ്പിക്കുന്നുണ്ട്. അവർ നാട്ടിൽ തിരിച്ചെത്തിയാലോ? വിനായകന് കിട്ടാത്ത നീതി അവർക്ക് കിട്ടുമോ? എന്തിന്, ദേവസ്വം മന്ത്രിയായ പട്ടികവിഭാഗക്കാരന് അയിത്തം കല്പിച്ച നാടാണ്!
കോടികൾ പ്രതിഫലം വാങ്ങുന്ന, രജനീകാന്തിന്റേതു പോലെ പാൻ ഇന്ത്യൻ സിനിമയിൽ അഭിനയിക്കുന്ന, കൊച്ചി പോലെ ഒരു കോസ്മോപൊളിറ്റൻ നഗരത്തിൽ ആഡംബര ഫ്ലാറ്റിൽ താമസിക്കുന്ന വിനായകൻ മുതൽ അക്ഷരമറിയാത്ത ആദിവാസിക്കു വരെ നീതി എന്നത് കേട്ടുകേൾവി മാത്രമാണെന്നതിന് ഈ ഉദാഹരണങ്ങൾ ധാരാളമാണ്. വിശപ്പ് "കുറ്റ'മായപ്പോൾ തല്ലിക്കൊല്ലപ്പെട്ട മധു ആരുടെയും ഉറക്കം കെടുത്താത്ത നാടാണല്ലോ, ഇത്.
ദളിതന് നീതി ഇന്നും ഏട്ടിൽ മാത്രമേ ഉള്ളൂ. കെ.ആർ. നാരായണൻ മുതൽ ദ്രൗപദി മുർമു വരെ രാഷ്ട്രപതിയായെങ്കിലും ദളിത് ജീവിതം ഇന്നും അരികുവൽക്കരിക്കപ്പെട്ടിരിക്കുക തന്നെയാണ്. ഭാവികേരളത്തിന് വഴിമരുന്നിടുന്നെന്ന് മേനി നടിക്കുന്ന "കേരളീയ'ത്തിൽ പോലും അവർ കേവലം കെട്ടുകാഴ്ച! പന്തളം സുധാകരൻ ഭരിച്ചപ്പോഴായാലും കെ. രാധാകൃഷ്ണന് ഭരിക്കുമ്പോഴായാലും അതിൽ മാറ്റമൊന്നുമില്ല. ചാത്തൻ വാണാലും ചങ്കരൻ വാണാലും കോരന് കുമ്പിളിൽ തന്നെയാണ് ഇപ്പോഴും കഞ്ഞി..!