ഇന്ത്യൻ നഗരങ്ങൾ കൊച്ചിയെ മാതൃകയാക്കണമെന്ന് വിദഗ്ധർ

ഇ - മൊബിലിറ്റി സേവനങ്ങളുടെ കാര്യത്തിൽ ഇന്ത്യൻ നഗരങ്ങൾ കൊച്ചിയെ മാതൃകയാക്കണമെന്ന് സെന്‍റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്‍റ് എക്സിക്യുട്ടീവ് ഡയറക്റ്റർ അനുമിത റോയ് ചൗധരി
Experts urge Indian cities to emulate Kochi

അനിൽ അഗർവാൾ ഡയലോഗിൽ ഇ- മൊബിലിറ്റി സെഷനിൽ സെഷനിൽ അനുമിത റോയ്‌ചൗധരി സംസാരിക്കുന്നു. മഹുവ ആചാര്യ സമീപം.

Updated on

ജിബി സദാശിവൻ

നിംലി (രാജസ്ഥാൻ): ഇ - മൊബിലിറ്റി സേവനങ്ങളുടെ കാര്യത്തിൽ ഇന്ത്യൻ നഗരങ്ങൾ കൊച്ചിയെ മാതൃകയാക്കണമെന്ന് സെന്‍റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്‍റ് എക്സിക്യുട്ടീവ് ഡയറക്റ്റർ അനുമിത റോയ് ചൗധരി. നിംലിയിൽ നടക്കുന്ന അനിൽ അഗർവാൾ ഡയലോഗിൽ "ഇ- മൊബിലിറ്റി എങ്ങോട്ട്?' എന്ന വിഷയത്തിൽ സംസാരിക്കുമ്പോഴാണ് പരിസ്ഥിതി വിദഗ്ധർ കൊച്ചിയെ പ്രകീർത്തിച്ചത്.

കാലഘട്ടത്തിന്‍റെ ഗൗരവം മനസിലാക്കി പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന രാജ്യാന്തര വിമാനത്താവളവും, മെട്രോ സംവിധാനവുമായി വിമാനത്താവളത്തെ ബഡിപ്പിച്ച്, 40 ശതമാനം പുനരുപയോഗ ഇന്ധനം ഉപയോഗിക്കുന്ന ഇലക്‌ട്രിക് ബസുകളും ഇന്ത്യയിലെ മറ്റു നഗരങ്ങളും മാതൃകയ്ക്കണമെന്ന് സെഷനിൽ പങ്കെടുത്ത വിദഗ്ധർ ചൂണ്ടിക്കാട്ടി.

ദ്വീപുകളെ കരയുമായി ബന്ധിപ്പിക്കുന്ന ഇലക്‌ട്രിക് വാട്ടർ മെട്രൊയും കൊച്ചി മെട്രൊ റെയ്‌ലും പരിസ്ഥിതി, ഊർജ സംരക്ഷണത്തിന്‍റെ മഹത്തായ മാതൃകകളാണ്. സീറോ എമിഷൻ ട്രാവലിന് ഏറ്റവും മികച്ച ഉദാഹരണമാണ് കൊച്ചിയെന്നും പരിസ്ഥിതി, ഊർജ വിദഗ്ധർ ഏകസ്വരത്തിൽ ചൂണ്ടിക്കാട്ടി. ഇ - യാത്രാ സൗകര്യങ്ങളിൽ കുറഞ്ഞ കാലത്തിനുള്ളിൽ യാത്രക്കാരുടെ എണ്ണം വർധിച്ചത് ജനങ്ങളും പരിസ്ഥിതി സൗഹൃദ യാത്രകൾ ഇരു കൈയ്യും നീട്ടി സ്വീകരിച്ചതിന് തെളിവാണെന്നും സെഷനിൽ അഭിപ്രായമുയർന്നു.

ഇന്‍റെന്‍റ് സ്ഥാപക മഹുവ ആചാര്യ രാജ്യത്തെ ഇ- മൊബിലിറ്റിയെക്കുറിച്ച് സംസാരിച്ചു. സി‌എസ്‌ഇയിലെ റിന്യൂവബിൾ എനർജി പ്രോഗ്രാം മാനെജർ ബിനിത് ദാസും രാജസ്ഥാനിലെ റിന്യൂവബിൾ എനർജി അസോസിയേഷൻ പ്രസിഡന്‍റ് അജയ് യാദവും ഇന്ത്യയുടെ 500 ജിഗാവാട്ട് സ്വപ്നം സാക്ഷാത്കരിക്കുന്നതിനുള്ള മാർഗങ്ങൾ വിശദീകരിച്ചു.

ഇന്ത്യ ഇലക്‌ട്രിക് വാഹനങ്ങളുടെ (ഇവി) പ്രാദേശിക നിർമ്മാണത്തെ പിന്തുണയ്ക്കുകയും ചാർജിങ് അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുകയും വേണമെന്ന് വിദഗ്ധർ ആവശ്യപ്പെട്ടു.

കാർബൺ ന്യൂട്രൽ എന്ന ഇന്ത്യയുടെ ലക്ഷ്യത്തിലേക്കെത്താൻ ഇലക്‌ട്രിക് ബസുകൾ പ്രധാനമാണ്. കാർ കേന്ദ്രീകൃത വൈദ്യുതീകരണത്തിൽ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്ന യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി, ബസുകൾ ഉൾപ്പെടെയുള്ള പൊതുഗതാഗത സേവനങ്ങളെയും ഓട്ടോകൾ, ക്യാബുകൾ തുടങ്ങിയ ഇന്‍റർമീഡിയറ്റ് പാരാ ട്രാൻസിറ്റിനെയും ഇലക്‌ട്രിക് ആക്കി മാറ്റുന്നതിലാണ് ഇന്ത്യ കൂടുതൽ താൽപ്പര്യപ്പെടുന്നത്. ഇന്ത്യയ്ക്ക് 637 ജിഗാവാട്ട് റെസിഡൻഷ്യൽ റൂഫ്‌ടോപ്പ് സോളാർ ശേഷിയുണ്ടെന്ന് യാദവ് പറഞ്ഞു. വികേന്ദ്രീകൃത ഉത്പാദനമാണ് ഇനിയുള്ള വഴിയെന്ന് ബിനിത് ദാസ് ചൂണ്ടിക്കാട്ടി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com