ദരിദ്രമാകുന്ന നീതി; പിആറിന്‍റെ സമൃദ്ധി

മുഖ്യമന്ത്രിയുടെ ഈ വാക്കുകൾ യാഥാർഥ്യവുമായി പൊരുത്തപ്പെടുന്നുണ്ടോ? അതാണ് വിവാദത്തിന് അടിസ്ഥാനം.
ദരിദ്രമാകുന്ന നീതി; പിആറിന്‍റെ സമൃദ്ധി | Extreme poverty alleviation Kerala

മുഖ്യമന്ത്രിയുടെ വാക്കുകൾ യാഥാർഥ്യവുമായി പൊരുത്തപ്പെടുന്നുണ്ടോ?

Updated on

വീണ്ടുവിചാരം | ജോസഫ് എം. പുതുശേരി

നവംബർ 1 കേരളപ്പിറവി ദിനമായിരുന്നല്ലോ. മലയാളി അഭിമാനത്തോടെ ആഘോഷിക്കുന്ന ദിനം. 1956 നവംബർ ഒന്നിന് കേരളം രൂപീകൃതമായതിന്‍റെ 69 വർഷം പൂർത്തിയായി, ഇക്കഴിഞ്ഞ ശനിയാഴ്ച. ഇക്കാലയളവിൽ ഒട്ടേറെ നേട്ടങ്ങൾ സ്വന്തമാക്കുകയും വിസ്മയങ്ങൾക്ക് സാക്ഷിയാവുകയും ചെയ്ത സംസ്ഥാനം പ്രയാണം തുടരുകയാണ്.

അതിനിടെയാണ് പിണറായി സർക്കാരിന്‍റെ ഒരു പ്രഖ്യാപനം വൻ വിവാദത്തിന് തിരി കൊളുത്തിയിരിക്കുന്നത്. "അതിദാരിദ്ര്യമുക്ത കേരളം' എന്ന പ്രഖ്യാപനമാണ് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്.

ചരിത്രത്തിൽ സുവർണ ലിപികളാൽ എഴുതിച്ചേർക്കപ്പെടുന്ന സുപ്രധാന പ്രഖ്യാപനമെന്നാണ് മുഖ്യമന്ത്രി തന്നെ അവകാശപ്പെട്ടിരിക്കുന്നത്.

"ലോകത്തു തന്നെ വിരലിലെണ്ണാവുന്ന പ്രദേശങ്ങൾ മാത്രം കൈവരിച്ചതും ഏതൊരു പുരോഗമന സമൂഹവും സ്വപ്നം കാണുന്നതുമായ അതിദാരിദ്ര്യമുക്ത സംസ്ഥാനം എന്ന പദവിയിലേക്ക് കേരളം ഉയരുകയാണ്. കഴിക്കാൻ ഭക്ഷണമില്ലാത്ത, താമസിക്കാൻ വീടില്ലാത്ത, സൗജന്യ ചികിത്സ ലഭിക്കാത്ത ഒരാൾ പോലും കേരളത്തിലില്ല എന്ന് ഉറപ്പുവരുത്തുന്നതാണ് ഈ പ്രഖ്യാപനം. സംസ്ഥാനത്ത് 64,006 അതിദരിദ്ര കുടുംബങ്ങൾ ഉണ്ടെന്ന് കണ്ടെത്തി അവരെ അതിദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചു''.

മുഖ്യമന്ത്രിയുടെ ഈ വാക്കുകൾ യാഥാർഥ്യവുമായി പൊരുത്തപ്പെടുന്നുണ്ടോ? അതാണ് വിവാദത്തിന് അടിസ്ഥാനം.

ഏതൊരു പുരോഗമന സമൂഹവും സ്വപ്നം കാണുന്ന അതിദാരിദ്ര്യമുക്ത അവസ്ഥ എന്ന അവകാശവാദത്തോടു മാത്രമേ നമുക്ക് യോജിക്കാനാവൂ. ആ സ്വപ്നം കാണാനും അതിനുള്ള നടപടികൾ സ്വീകരിച്ച് ആ യാത്ര അന്യൂനം തുടരാനും നമുക്കാകണം. പക്ഷേ ലക്ഷ്യം നേടി എന്ന അത്തരമൊരു പ്രഖ്യാപനം നടത്താൻ നമുക്കായോ? സർക്കാരിന്‍റെ തന്നെ കണക്കുകൾ അതിനെ ന്യായീകരിക്കുന്നില്ല. ലോകത്തെ വിരലിലെണ്ണാവുന്ന പ്രദേശങ്ങൾ മാത്രം കൈവരിച്ചത് എന്നു മുഖ്യമന്ത്രി അവകാശപ്പെടുമ്പോൾ മറ്റു രാജ്യങ്ങളിലൊന്നും ഇങ്ങനെയൊരു പ്രഖ്യാപനം നടത്താറില്ല എന്നതാണ് വസ്തുത. കാരണം, ദാരിദ്ര്യമോ അതിദാരിദ്ര്യമോ ഏതെങ്കിലും ഘട്ടത്തിൽ പൂർണമായി ഇല്ലാതാക്കാൻ കഴിയുന്ന ഒന്നല്ല. അത് പെട്ടെന്നുണ്ടാകുന്ന ചില സാഹചര്യങ്ങളെയും ദുരന്തങ്ങളെയുമൊക്കെ ആശ്രയിച്ചാണിരിക്കുന്നത്. ദാരിദ്ര്യം വന്നും പോയുമിരിക്കും, ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുമെന്നു മാത്രം. അത് കഴിയുന്നത്ര കുറഞ്ഞ അളവിലേക്കു കൊണ്ടുവരാനാണ് എല്ലാ രാജ്യങ്ങളും ശ്രമിക്കുന്നതെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

സാമ്പത്തിക വിദഗ്ധരും വിവിധ മേഖലകളിലെ പ്രഗത്ഭരുമടക്കം ഒട്ടേറെപ്പേർ അതിദാരിദ്ര്യ നിർമാർജനം എന്ന പ്രഖ്യാപനത്തിന്‍റെ പൊള്ളത്തരം തുറന്നുകാട്ടുന്നു. അതിൽ ഇടതുപക്ഷ സഹയാത്രികർ പോലുമുണ്ട്. ഏതൊരു റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഈ പ്രഖ്യാപനം എന്ന അടിസ്ഥാന ചോദ്യത്തിനു പോലും ഉത്തരമില്ല. മുതിർന്ന സാമ്പത്തിക ശാസ്ത്രജ്ഞനായ ഡോ. എം.എ. ഉമ്മൻ, സിഡിഎസ് മുൻ ഡയറക്റ്റർ ഡോ. കെ.പി. കണ്ണൻ, ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ പ്രസിഡന്‍റ് ഡോ. ആർ.വി.ജി. മേനോൻ തുടങ്ങി പ്രഗത്ഭരുടെ വൻനിര ഉന്നയിച്ച സംശയങ്ങൾക്കും ചോദ്യങ്ങൾക്കും സർക്കാർ മറുപടി പറയുന്നതേയില്ല. അങ്ങനെ ചോദിക്കാനേ പാടില്ല എന്നാണു നിലപാട്. ദാരിദ്ര, അതിദാരിദ്ര്യ അവസ്ഥാവിശേഷങ്ങൾ കണ്ടെത്താൻ കേന്ദ്ര സർക്കാരും അംഗീകൃത ഏജൻസികളും സ്വീകരിക്കുന്ന മാനദണ്ഡങ്ങളാവേണ്ട നമ്മൾക്കും ബാധകം? അവ സ്വീകരിക്കാതെ മുഖ്യമന്ത്രി പറയുന്ന "മറ്റൊരിടത്തും ഇല്ലാത്ത നേട്ടം' എന്ന അവകാശവാദം എങ്ങനെ നിലനിൽക്കും?

അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറുക എന്നത് അഭിമാനകരം. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്യുന്നത് കള്ളക്കണക്കു കൊണ്ട് കൊട്ടാരം പണിയലാണ്. ഇരുട്ടു കൊണ്ട് ഓട്ടയടയ്ക്കുന്ന ചെപ്പടി വിദ്യ. ഭക്ഷണം, പാര്‍പ്പിടം, ആരോഗ്യം, വരുമാനം എന്നിവ ഇല്ലാത്തവരെയാണ് അതിദരിദ്രരായി കണക്കാക്കുന്നത്. ഇങ്ങനെയുള്ള ലക്ഷങ്ങൾ കേരളത്തിലിപ്പോഴുമുണ്ട്. ഇവരില്‍ ചിലരെ മാത്രം ഉള്‍പ്പെടുത്തി ലിസ്റ്റുണ്ടാക്കി അവര്‍ക്ക് ചില ആനുകൂല്യങ്ങള്‍ നല്‍കിയിരിക്കുകയാണ്.

എങ്ങനെ ദാരിദ്ര്യം ഇല്ലാതാക്കി എന്ന ചോദ്യത്തിന് വസ്തുതാപരമായ മറുപടിയല്ലേ സർക്കാർ നൽകേണ്ടത്? ഏതു റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഈ പ്രഖ്യാപനത്തിലേക്ക് എത്തിയതെന്നു വിശദീകരിക്കണ്ടേ? ഇത്തരം ബൃഹത്തായ സർവെ നടത്തണമെങ്കിൽ ആസൂത്രണ ബോർഡിനും സ്റ്റാറ്റിസ്റ്റിക്കൽ കമ്മിഷനും അതിൽ പങ്കാളിത്തം ഉണ്ടാവണം. അങ്ങനെ വരുമ്പോൾ സർവെയുടെ സമഗ്ര റിപ്പോർട്ട് തയാറാക്കി വിദഗ്ധ ഏജൻസിയെക്കൊണ്ടോ സംഘത്തെക്കൊണ്ടോ വിലയിരുത്താനും അവർക്കു ബാധ്യത ഉണ്ടാകും.

അഗതികളെ കണ്ടെത്താൻ ഉപയോഗിച്ച മാനദണ്ഡങ്ങൾ തന്നെയാണ് അതിദാരിദ്ര്യ നിർമാർജനത്തിനും സർക്കാർ ഉപയോഗിച്ചിട്ടുള്ളതെ ന്നാണ് തങ്ങൾ മനസിലാക്കുന്നത് എന്ന് ഡോ. കെ.പി. കണ്ണൻ പറയുന്നു. എ.കെ. ആന്‍റണി മുഖ്യമന്ത്രിയായിരിക്കെ 2002ൽ തുടങ്ങിയ ആശ്രയ പദ്ധതിയുടെ ഭാഗമായി സർക്കാർ അഗതികളെ കണ്ടെത്തിയിരുന്നു.

അഗതികളെ കണ്ടെത്താൻ അന്നു നടത്തിയ സർവെയ്ക്ക് ഉപയോഗിച്ച മാനദണ്ഡങ്ങൾ തന്നെയാണ് അതിദാരിദ്ര്യ നിർമാർജനത്തിനും ഉപയോഗിച്ചിട്ടുള്ളത്. ആ ആശ്രയ പദ്ധതിയിൽ ഒന്നരലക്ഷം കുടുംബങ്ങൾ ഇപ്പോഴുമുണ്ടെന്നു സാമ്പത്തിക സർവെ തന്നെ വ്യക്തമാക്കുന്നു. ആ പദ്ധതിയുടെ പ്രവർത്തനത്തിൽ മതിപ്പു തോന്നിയ കേന്ദ്ര സർക്കാർ 2007ൽ കേരളത്തിന് അതിന്‍റെ പേരിൽ പുരസ്കാരവും സമ്മാനിച്ചു. ആ പദ്ധതിയെക്കുറിച്ച് ഒന്നും പറയാതെ 2021ൽ തുടങ്ങിയ പദ്ധതിയെന്ന് ഇപ്പോൾ പറയുന്നതിലെ യുക്തിയും ചോദ്യം ചെയ്യപ്പെടുകയാണ്.

കേരളത്തില്‍ പരമ ദരിദ്രരായ 4.5 ലക്ഷം പേരുണ്ടെന്നാണ് എല്‍ഡിഎഫ് പ്രകടന പത്രികയിലെ 215ാമത്തെ ഐറ്റമായി പറഞ്ഞിരിക്കുന്നത്. അപ്പോള്‍, ഈ 4.5 ലക്ഷം പേരില്‍ നിന്നും അതിദരിദ്രരുടെ എണ്ണം എങ്ങനെയാണ് 64,006 ആയി മാറിയത്?

അന്ത്യോദയ അന്നയോജന (എഎവൈ) അഥവാ മഞ്ഞ റേഷൻ കാർഡുള്ള കുടുംബങ്ങളുടെ എണ്ണം 6 ലക്ഷത്തോളമാണ്. ദാരിദ്ര്യത്തിന്‍റെ ഏറ്റവും അടിത്തട്ടിലുള്ള ആളുകളെയാണ് അന്ത്യോദയ, അന്നയോജനയായി വേർതിരിച്ചിരിക്കുന്നത്. ഇത് ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം നമ്മുടെ സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും അംഗീകരിച്ച കണക്കാണ്. കേന്ദ്രം നിശ്ചയിച്ച മാനദണ്ഡ പ്രകാരം ദരിദ്രരില്‍ അതിദരിദ്രരായ 5,91,194 പേര്‍ക്ക് എഎവൈ കാര്‍ഡ് നല്‍കിയിട്ടുണ്ടെന്ന് സെപ്റ്റംബർ 30ന് ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ തന്നെ നിയമസഭയില്‍ മറുപടി നല്‍കിയിട്ടുണ്ട്. ഇവരെല്ലാം അതിദാരിദ്രത്തില്‍ നിന്നും മാറിയോ? ഈ 6 ലക്ഷം കുടുംബങ്ങൾക്ക് ഇനി റേഷൻ സബ്സിഡി നൽകില്ലെന്ന് കേന്ദ്രം പറഞ്ഞാൽ നമ്മൾ എന്തുചെയ്യും? എതിർത്താൽ, നിങ്ങൾ തന്നെയല്ലേ അതിദാരിദ്ര്യം നിർമാർജനം ചെയ്തെന്നു പ്രഖ്യാപിച്ചത് എന്നു തിരിച്ചുചോദിച്ചാൽ മറുപടി എന്താണ്? സങ്കുചിത രാഷ്‌ട്രീയ ലക്ഷ്യത്തിനു വേണ്ടി മേനി നടിക്കാൻ ഇത്തരം പ്രഖ്യാപനങ്ങൾ നടത്തുമ്പോൾ അതിന്‍റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ഒരു നിമിഷമെങ്കിലും ആലോചിച്ചിട്ടുണ്ടോ? പ്രത്യേകിച്ച് ആനുകൂല്യങ്ങൾ നൽകാതിരിക്കാൻ തൊടുന്യായങ്ങൾ കണ്ടുപിടിക്കുന്ന കേന്ദ്ര സർക്കാർ സമീപനം അനുഭവങ്ങളിലൂടെ വ്യക്തമായിരിക്കെ. ഇക്കാര്യം സാമ്പത്തിക വിദഗ്ധരും സാമൂഹിക പ്രവര്‍ത്തകരും നല്‍കിയ തുറന്ന കത്തില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത് ഗൗരവപൂർവം പരിഗണിക്കുകയല്ലേ വേണ്ടത്, അതിൽ അസഹിഷ്ണുത പൂണ്ട് അവരെ ശത്രുഗണത്തിൽ പ്രതിഷ്ഠിക്കുന്നതിനു പകരം.

ഇതിനും പുറമെയാണ് 2011ലെ സെന്‍സസ് പ്രകാരമുള്ള 1.16 ലക്ഷം കുടുംബങ്ങളിലായുള്ള 4.85 ലക്ഷം ആദിവാസികളുടെ കണക്ക്. എന്നാല്‍ സര്‍ക്കാര്‍ ഇപ്പോള്‍ ഉണ്ടാക്കിയ അതിദരിദ്രരുടെ പട്ടികയില്‍ ഇതിലെ 6,400 പേര്‍ മാത്രമേ ഉള്‍പ്പെട്ടിട്ടുള്ളൂ. ബാക്കിയുള്ളവരെല്ലാം വിദ്യാഭ്യാസത്തിലും പാര്‍പ്പിടത്തിലും ഭക്ഷണത്തിലും ആരോഗ്യത്തിലും സുരക്ഷിതരാണെന്നാണോ? പോഷകാഹാരമില്ലാതെ കുട്ടികളും, ഗർഭിണിയായിരിക്കെ അമ്മയും കുഞ്ഞും മരിക്കുന്ന സംഭവങ്ങൾ നിരന്തരം റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും. ഒരു മാനദണ്ഡവുമില്ലാതെ സര്‍ക്കാര്‍ തട്ടിക്കൂട്ടിയുണ്ടാക്കിയ പട്ടിക എന്നല്ലേ ഇതെല്ലാം വെളിവാക്കുന്നത്.

64,006 പേരുടെ പട്ടികയുടെ വിശ്വാസതയാണ് ചോദ്യം ചെയ്യപ്പെടുന്നത്. എന്ത് മാനദണ്ഡം ഉപയോഗിച്ചാണ് ഇതുണ്ടാക്കിയിരിക്കുന്നതെന്നു വ്യക്തമാക്കാൻ ഈ സാഹചര്യങ്ങളെല്ലാം സർക്കാരിനെ നിർബന്ധിതമാക്കുന്നു. ഇത്തരമൊരു പട്ടിക തയാറാക്കിയതില്‍ ആസൂത്രണ ബോര്‍ഡിനും സ്റ്റാറ്റിസ്റ്റിക്കല്‍ വകുപ്പിനും പങ്കുണ്ടോ? അവരുമായി കൂടിയാലോചിച്ചാണോ തയാറാക്കിയത്? എന്തായിരുന്നു മെതഡോളജി?

64,006 പേര്‍ക്കു സഹായം നല്‍കുന്നതില്‍ ഒരു തെറ്റുമില്ല. അതായിരുന്നു പ്രഖ്യാപനമെങ്കിൽ ഈ വിവാദം ഉണ്ടാകുമായിരുന്നുമില്ല. എന്നാൽ അവിടെയും ചില ചോദ്യങ്ങൾ ബാക്കി. ഇവരില്‍ എല്ലാവര്‍ക്കും വീട് നല്‍കിയോ? ലൈഫ് അപേക്ഷ നല്‍കിയിട്ടുള്ള 5,91,368 പേരില്‍ നല്ല പങ്കിനും ഇനിയും വീട് നല്‍കിയിട്ടില്ല. എന്നിട്ടാണ് തെരഞ്ഞെടുപ്പിനു മുമ്പ് ഈ പാവങ്ങളെ ഉപയോഗിച്ച് അതിദരിദ്രരില്ലാത്ത സംസ്ഥാനമെന്ന രാഷ്‌ട്രീയ പ്രചാരണം നടത്തുന്നത്. ഒരു വകയുമില്ലാതെ, ടാർപോളിൻ ഷീറ്റ് വലിച്ചു കെട്ടി, ഫ്ലക്സ് ബോർഡു കൊണ്ടു നാലുപുറവും മറച്ച് ജീവിക്കുന്നവരുടെ ചിത്രങ്ങൾ പുറത്തു വന്നുകൊണ്ടിരിക്കുന്നു. സർക്കാർ സംവിധാനങ്ങൾ ഇവരെ കണ്ടില്ലെങ്കിലും മാധ്യമങ്ങളും ദീനാനുകമ്പയുള്ളവരും ഇതൊക്കെ കാണുന്നു. സൗജന്യ ചികിത്സ ലഭിക്കാത്ത ഒരാൾ പോലും കേരളത്തിലില്ല എന്ന് പ്രഖ്യാപിക്കുമ്പോൾ ചികിത്സാ ചിലവിനു നെട്ടോട്ടമോടുന്ന പാവങ്ങളുടെ ദൈന്യചിത്രമാണ് തെളിയുന്നത്. സപ്ലൈ ചെയ്ത ചികിത്സാ ഉപകരണങ്ങളുടെ പണം സർക്കാർ നൽകാത്തതു കൊണ്ട് ആശുപത്രിയിൽ നിന്ന് ആ ഉപകരണങ്ങൾ തിരികെ വാങ്ങിക്കൊണ്ടുപോകുന്ന ദുരവസ്ഥയുടെ റിപ്പോർട്ടുകളാണ് ദിവസങ്ങളത്രയും നാം കണ്ടതും കേട്ടതും. ചികിത്സാ ചെലവ് താങ്ങാനാവാതെ പതിനായിരങ്ങൾ ദിവസേന ദാരിദ്ര്യരേഖയിലേക്ക് കൂപ്പുകുത്തുന്നു എന്ന നിതി ആയോഗ് പഠന റിപ്പോർട്ട് മുന്നിൽ നിലനിൽക്കുന്നു.

പാവങ്ങള്‍ക്കു നീതി നല്‍കാതെയും അവരോട് നീതിപൂര്‍വമായി പെരുമാറാതെയുമാണ് സര്‍ക്കാര്‍ രാഷ്‌ട്രീയ പ്രചരണവുമായി മുന്നോട്ടുപോകുന്നത്. ദാരിദ്ര്യം അതിനുള്ള ഉപാധിയായി ഉപയോഗിക്കുന്നതു നിന്ദ്യവും ഹീനവുമാണ്. തികച്ചും അശ്ലീലം.

പ്രഖ്യാപന കൊട്ടിഘോഷങ്ങൾക്ക് അരങ്ങൊരുങ്ങുകയും ആരവമുയരുകയും ചെയ്ത അതേ ദിവസം തന്നെയാണ് തിരുവനന്തപുരത്ത് വയോധികയായ വീട്ടമ്മ പട്ടിണി കിടന്നു മരിച്ച സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്. അതിദാരിദ്ര്യ മുക്തമായതിന്‍റെ ബാക്കിപത്രം! എന്നിട്ടും ഉത്തരവാദിത്തപ്പെട്ടവർക്ക് കൂസലോ ജാള്യതയോ ഉണ്ടോ!

പബ്ലിക് റിലേഷൻസ് സംവിധാനങ്ങളുടെ മറവിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് സർക്കാർ നിരന്തരമായി ശ്രമിക്കുന്നത്. അതിന്‍റെ ഒടുവിലത്തെ ഉദാഹരണമാണ് ഈ കള്ളക്കണക്കും അതിന്‍റെ ആഘോഷമായ പ്രഖ്യാപനവും.

ഗീബൽസിയൻ തന്ത്രത്തിന്‍റെ ആവർത്തനം. ചെല്ലും ചെലവും കൊടുത്തു പരിപാലിക്കുന്ന പി.ആർ ഏജൻസികൾ ഗീബൽസിന്‍റെ അഭിനവ രൂപങ്ങളായി വേഷം കെട്ടിയാടുന്നു. ജനങ്ങളുടെ ദാരിദ്ര്യമോ വേദനയോ ക്ഷേമമോ അവർക്ക് പ്രശ്നമല്ല.

അല്ലെങ്കിൽപ്പിന്നെ ഈ നിരർഥക പ്രഖ്യാപന കൊട്ടിഘോഷത്തിന് പാവങ്ങളുടെ പാത്രത്തിൽ നിന്ന് വീണ്ടും കൈയിട്ടു വാരുമോ? പ്രഖ്യാപന മാമാങ്കത്തിന്‍റെ ചെലവിന് വക മാറ്റിയത് അതിദരിദ്രരും നിരാലംബരുമായ പാവങ്ങൾക്ക് വീടു വയ്ക്കാൻ നീക്കിവച്ച ഇനത്തിൽ നിന്ന് ഒന്നരക്കോടി രൂപ. വീടില്ലെങ്കിലെന്താ, ദാരിദ്ര്യം മാറിയില്ലേ!

അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നേരത്തെ നടത്തിയ അഹമ്മദാബാദ് സന്ദർശനം മറക്കാനിടയില്ല. കടന്നുപോയ വീഥികൾക്കപ്പുറമുള്ള പാവങ്ങളുടെ ചേരികൾ കാണാതിരിക്കാൻ മതിലുണ്ടാക്കി മറച്ചതാണ് മറ്റേതിനേക്കാൾ ആ സന്ദർശനത്തെ ശ്രദ്ധേയമാക്കിയത്. ചേരിയിൽ കഴിയുന്നവരുടെ നിലവാരം ഉയർത്താനോ സൗകര്യങ്ങൾ വർധിപ്പിക്കാനോ അല്ല, അമെരിക്കൻ പ്രസിഡന്‍റ് ആ സ്ഥിതി കാണാതിരിക്കണം എന്നായിരുന്നു മുൻഗണന. മേനി നടിക്കാനുള്ള തത്രപ്പാട്. അതു തന്നെയാണ് പിണറായി സർക്കാരിന്‍റെ അതിദാരിദ്ര്യ നിർമാർജന പ്രഖ്യാപനത്തിലും അടങ്ങിയിരിക്കുന്നത്.

അധികാരത്തില്‍ വന്നാല്‍ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ 2,500 രൂപയാക്കുമെന്ന് 2021ല്‍ പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്ത എല്‍ഡിഎഫ് നാലരക്കൊല്ലവും ഒരു രൂപ പോലും കൂട്ടിയില്ല. എന്നിട്ടാണ് തെരഞ്ഞെടുപ്പിന്‍റെ തലേ ആഴ്ചയില്‍ പെന്‍ഷന്‍ 2,000 രൂപയാക്കിയെന്ന് ഘോഷിക്കുന്നത്. ഇപ്പോഴാണ് ആശാ വര്‍ക്കര്‍മാരെയും അങ്കണവാടി പ്രവര്‍ത്തകരെയും ക്ഷേമനിധി ഗുണഭോക്താക്കളെയും പാവങ്ങളെയുമൊക്കെ സര്‍ക്കാര്‍ ഓർമിക്കുന്നത്. സമരം ചെയ്ത ആശാ പ്രവര്‍ത്തകരെ ആക്ഷേപിച്ചതിനും പുച്ഛിച്ചതിനും കണക്കുണ്ടോ? എന്നിട്ടിപ്പോൾ ഉൾവിളി ഉണ്ടായതു പോലെ കൂട്ടിക്കൊടുത്തത് 33 രൂപ..! 233 രൂപ 266 ആയി. അവരും അതിദാരിദ്ര്യമുക്തരായി എന്ന് അഭിമാനിക്കാം! 700 രൂപ മിനിമം കൂലിയായി നൽകുമെന്ന് 21ലെ പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്തിടത്താണ് കണ്ണിൽ പൊടിയിടാനുള്ള ഈ നാമമാത്ര വർധന. എന്നിട്ടോ, ഇതു നൽകിയ മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും പടം വച്ച് ഫ്ലക്സ് അടിക്കാൻ ആശാ വർക്കർമാരോട് സിഐടിയു നേതാവിന്‍റെ നിർദേശം. ഗീബൽസിന്‍റെ അഭിനവ പതിപ്പായ പി.ആർ ഏജൻസികളെയും വെല്ലുന്ന യൂണിയൻ നേതാക്കൾ! മലയാളികളുടെ സാമാന്യ ബുദ്ധിയെയാണ് ചോദ്യം ചെയ്യുന്നത് എന്നത് ഇവർ വിസ്മരിക്കുന്നു.

അതിദരിദ്രരെ മാറ്റിനിര്‍ത്തി ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുകയാണു സര്‍ക്കാര്‍ ചെയ്തത്. സാധാരണ ഇത്തരം പട്ടികകള്‍ തയാറാക്കുന്നത് കണക്കുകളുടെ അടിസ്ഥാനത്തിലാണ്. ഇവിടെ അതിദാരിദ്ര്യ പ്രഖ്യാപനം നുണകൾ കൊണ്ടു കെട്ടിപ്പൊക്കിയതാണ്.

നവകേരളം എന്ന ലക്ഷ്യത്തിലേക്ക് ഈ പ്രഖ്യാപനത്തിലൂടെ ലോകത്തിനു മുന്നിൽ ഒരു പുതിയ മാതൃക കൂടി സ്ഥാപിച്ചിരിക്കുന്നു എന്നാണ് മുഖ്യമന്ത്രി അവകാശപ്പെട്ടിരിക്കുന്നത്. "ബഹു' മുഖ്യമന്ത്രീ, ഇതു മാതൃകയല്ല, അവമതിപ്പും അവഹേളനപാത്രവുമാകുന്ന തരം താഴ്ന്ന നടപടിയായിപ്പോയി. അമെരിക്കൻ പ്രസിഡന്‍റിന്‍റെ സന്ദർശനത്തിന് തീർത്ത മതിൽ പോലെ. ഇതു കാണുന്നവർ മൂക്കത്തു വിരൽ വച്ച്, രാഷ്‌ട്രീയ മൂല്യങ്ങളിലെ അതിദാരിദ്ര്യം മാറുമോ എന്ന ചോദ്യം കൂടി ഉയർത്തുന്നു. വേണ്ടത് പ്രഖ്യാപനമല്ലാ, നിശബ്ദ വിപ്ലവമാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com