ഇതൊട്ടും ഭൂഷണമല്ല...!

കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ഇപ്രാവശ്യവും കേരളത്തിൽ അധികാരത്തിൽ വന്നില്ലെങ്കിൽ അവർ ഇന്ത്യയിൽതന്നെ ബലഹീനമാകും
As for the Congress, if it does not come to power in Kerala this time too, they will be weak in India itself.

കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ഇപ്രാവശ്യവും കേരളത്തിൽ അധികാരത്തിൽ വന്നില്ലെങ്കിൽ അവർ ഇന്ത്യയിൽതന്നെ ബലഹീനമാകും

credit: metro vaartha

Updated on

ജ്യോത്സ്യൻ| ഗ്രഹനില

ഇന്ത്യയുടെ രാഷ്‌ട്രീയ ചരിത്രത്തിൽ ശക്തമായ ജനപിന്തുണ നേടിയ പ്രധാനമന്ത്രിമാരിൽ ഒരാളാണ് നരേന്ദ്രമോദി. രാജ്യത്തിനകത്തും അന്താരാഷ്‌ട്ര തലത്തിലും ഇന്ത്യയുടെ പ്രതിച്ഛായ ഉയർത്താൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട് എന്നതിൽ തർക്കമില്ല. പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിനെ പോലും കടത്തി വെട്ടി ദീർഘകാലം പ്രധാനമന്ത്രിയായി തുടരാനുള്ള അവസരവും അദ്ദേഹത്തിന് ലഭിച്ചു. എന്നാൽ, ഇന്ത്യൻ ഫെഡറൽ സംവിധാനത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ സമീപനം പലപ്പോഴും വിമർശനങ്ങൾക്ക് വിധേയമായിട്ടുണ്ട്.

ഇന്ത്യയിൽ വിവിധ രാഷ്‌ട്രീയ ആശയങ്ങളും കാഴ്ചപ്പാടുകളും ഉള്ള സംസ്ഥാന സർക്കാരുകളുമായി സഹകരിച്ച് പ്രവർത്തിക്കേണ്ടത് കേന്ദ്രസർക്കാരിന്‍റെ അടിസ്ഥാന ഉത്തരവാദിത്വമാണ്. മുൻ പ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്റു മുതൽ ഇന്ദിരാഗാന്ധി വരെ പലരും കടുത്ത രാഷ്‌ട്രീയ ഭിന്നതകൾ നേരിട്ടിരുന്നെങ്കിലും ഫെഡറൽ സംവിധാനത്തിന്‍റെ അടിസ്ഥാന മാന്യത കാത്തുസൂക്ഷിച്ചിരുന്നു.

എന്നാൽ നരേന്ദ്ര മോദി സർക്കാർ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളോട് അമിത താത്പര്യമാണ് പ്രകടിപ്പിക്കുന്നത്. അവർക്കെല്ലാം വാരിക്കോരി നൽകുമ്പോൾ ബിജെപി ഇതര സംസ്ഥാനങ്ങളെ പൂർണമായും അവഗണിക്കുന്നു.

2026 ലെ നിയമസഭ തെരഞ്ഞെടുപ്പ് കേരളത്തെക്കാളും ഉപരി ദേശീയ രാഷ്‌ട്രീയത്തിലും പ്രതിഫലനമുണ്ടാക്കുന്ന ഒന്നാണ്. ഇടതുമുന്നണി മൂന്നാം തവണയും അധികാരത്തിൽ വരാൻ സാധ്യതയുണ്ട്. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ഇപ്രാവശ്യവും കേരളത്തിൽ അധികാരത്തിൽ വന്നില്ലെങ്കിൽ അവർ ഇന്ത്യയിൽതന്നെ ബലഹീനമാകും.

അത് ബിജെപിക്ക് ഗുണം ചെയ്യും. ഈ രാഷ്‌ട്രീയ പശ്ചാത്തലം അറിഞ്ഞിട്ടും നരേന്ദ്രമോദി സർക്കാർ കേരളത്തിനെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് മനഃപൂർവം തള്ളിവിടുന്നു. നാൽപ്പതിനായിരം കോടി രൂപയോളം കേന്ദ്ര വിഹിതം ന്യായമായി ലഭിക്കേണ്ടതുണ്ടെന്നാണ് സംസ്ഥാന സർക്കാർ അവകാശപ്പെടുന്നത്.

വികസന പദ്ധതികളുമായി ബന്ധപ്പെട്ടും സമാനമായ ചർച്ചകൾ ഉയരുന്നുണ്ട്. ദേശീയപാത വികസനം, വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖവുമായി ബന്ധപ്പെട്ട സാമ്പത്തിക പിന്തുണ, അതിവേഗ റെയ്‌ൽപാത പദ്ധതി തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്രത്തിന്‍റെ നിലപാട് നിഷേധാത്മകമാണ് എന്ന വിമർശനം സംസ്ഥാന സർക്കാർ ഇടയ്ക്കിടെ ഉന്നയിക്കുന്നുണ്ട്. കൂടാതെ പല സംസ്ഥാനങ്ങൾക്കും എയിംസ് അനുവദിച്ചിട്ടും കേരളത്തിന് ഇതുവരെ എയിംസ് ലഭിക്കാത്തതും ചർച്ചാവിഷയമായി തുടരുകയാണ്. കേരള ഹൈക്കോടതി പോലും കേന്ദ്രസർക്കാരിനെ ഇക്കാര്യത്തിൽ അതിരൂക്ഷമായി വിമർശിച്ചിട്ടുണ്ട്.

ഇങ്ങനെയുള്ള പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ കൊച്ചി സന്ദർശനം വലിയ പ്രതീക്ഷകൾ ഉയർത്തിയത്. സാഗർമാല പദ്ധതിയുടെ ഭാഗമായി ആയിരക്കണക്കിന് കോടികളുടെ പദ്ധതികളും സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി നിരവധി വികസന പ്രവർത്തനങ്ങളും പ്രഖ്യാപിച്ചെങ്കിലും കേരളം ഏറെ പ്രതീക്ഷിച്ചിരുന്ന മറ്റു പ്രധാന വിഷയങ്ങൾ പ്രസംഗത്തിൽ പരാമർശിക്കപ്പെട്ടില്ലെന്ന വിമർശനമാണ് ഉയർന്നത്.

രാഷ്‌ട്രീയ വിമർശനങ്ങളാണ് പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ നിറഞ്ഞു നിന്നത്. രാഷ്‌ട്രീയ ഭിന്നതകൾക്കിടയിലും ജനങ്ങൾ തെരഞ്ഞെടുത്ത് അധികാരത്തിലിരിക്കുന്ന സംസ്ഥാന സർക്കാരിനെ അന്ധമായി എതിർത്തല്ല പ്രധാനമന്ത്രി പ്രസംഗിക്കേണ്ടത്. സ്ഥാനത്തിന് യോജിച്ച രീതിയിലല്ല പ്രധാനമന്ത്രി പ്രസംഗം നടത്തിയതെന്ന അഭിപ്രായമാണ് പലർക്കും ഉള്ളത്.

കൊച്ചിയിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത വിവിധ പദ്ധതികൾക്ക് സംസ്ഥാനം നൽകിയ സംഭാവനകൾ വിസ്മരിക്കാൻ പാടില്ല. മാത്രമല്ല, പരിപാടിയിൽ അഭിമാനത്തോടുകൂടി പങ്കെടുക്കേണ്ട കേരള മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാരെ മാന്യമായി ക്ഷണിക്കാതിരുന്നതും അപമാനിക്കുന്ന വിധത്തിൽ പ്രസംഗിച്ചതും പ്രധാനമന്ത്രിക്ക് ഒട്ടും ഭൂഷണമായില്ല.

സ്വന്തം പാർട്ടിയിലെ നേതാക്കളെ പ്രോത്സാഹിപ്പിക്കുന്നതും അഭിനന്ദിക്കുന്നതും നല്ലതാണ്. പക്ഷേ അത് പാർട്ടി മീറ്റിങ്ങിൽ ആയിരിക്കണം. ബിജെപി സംസ്ഥാന പ്രസിഡന്‍റ് രാജിവ് ചന്ദ്രശേഖറെ എന്തടിസ്ഥാനത്തിലാണ് പ്രധാനമന്ത്രിയുടെ പരിപാടികളിൽ സംസ്ഥാനത്തെ മറ്റു മന്ത്രിമാരെ അവഗണിക്കുകയും അപമാനിക്കുകയും ചെയ്തു കൊണ്ട് പങ്കെടുപ്പിച്ചത്. പ്രധാനമന്ത്രിയുടെ കൊച്ചി സന്ദർശനം നിരാശയാണുളവാക്കിയതെന്ന് മാത്രമല്ല, കേരളത്തെ അപമാനിക്കുകയും ചെയ്തു.

ഇന്ത്യയുടെ ശക്തി അതിന്‍റെ വൈവിധ്യത്തിലാണ്. ആ വൈവിധ്യത്തെ ഏകോപിപ്പിക്കുന്ന സംവിധാനമാണ് ഫെഡറലിസം. ആ സംവിധാനത്തിന്‍റെ മാന്യത കാത്തുസൂക്ഷിക്കുമ്പോഴേ കേന്ദ്രത്തിന്‍റെയും സംസ്ഥാനങ്ങളുടെയും ബന്ധം ജനാധിപത്യത്തിന്‍റെ ആത്മാവിനൊത്ത് മുന്നോട്ട് പോകുകയുള്ളു എന്നാണ് ജോത്സ്യന് ഇവിടെ എടുത്തു പറയാനുള്ളത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com