ഇന്ത്യയുടെ ഭാവി വിദ്യാർഥികളുടെ കരുത്ത്

'ഓരോ യുവാക്കള്‍ക്കും ഇക്കാര്യത്തില്‍ ഞാനും ഉറപ്പു നല്‍കുകയാണ്. നിങ്ങളുടെ ഭാവിയെക്കുറിച്ച് പ്രധാനമന്ത്രി മോദിയേക്കാള്‍ കൂടുതല്‍ ആശങ്കയുള്ള ഒരാളുമില്ല"
 The strength of India's future students

ഇന്ത്യയുടെ ഭാവി വിദ്യാർഥികളുടെ കരുത്ത്

Updated on

"പരീക്ഷാ സംവിധാനം ശുദ്ധീകരിക്കാനും വിദ്യാഭ്യാസ സംവിധാനത്തെ ശക്തിപ്പെടുത്താനും നിങ്ങള്‍ക്കായി മെച്ചപ്പെട്ട അവസരങ്ങള്‍ സൃഷ്ടിക്കാനും ഉള്‍പ്പെടെ രാജ്യത്തെ കോടിക്കണക്കിന് വിദ്യാർഥികളുടെ ഭാവി സംരക്ഷിക്കാന്‍ ആവശ്യമായതെല്ലാം അദ്ദേഹം 12 വര്‍ഷമായി നിരന്തരം ചെയ്തുകൊണ്ടിരിക്കുകയാണ്. അക്കാര്യത്തില്‍ യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചയും അദ്ദേഹം ചെയ്യില്ല എന്നുറപ്പാണ്''

രാജീവ് ചന്ദ്രശേഖര്‍

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ച തീര്‍ത്തും അംഗീകരിക്കാനാവാത്തത് ആയിരുന്നു. അത് നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തിലുള്ള വിദ്യാർഥികളുടെ വിശ്വാസത്തെ തീര്‍ച്ചയായും ബാധിച്ചു. എന്നാല്‍ ചോര്‍ച്ച സംഭവിച്ച ഉടന്‍ തന്നെ ദൃഢനിശ്ചയത്തോടെയും അതിവേഗത്തിലുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവര്‍ത്തിച്ചത്. പുനഃപരീക്ഷ നടത്തി. സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ചോര്‍ച്ചയ്ക്ക് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്തു.

ഇത്തരം കേസുകള്‍ വേഗത്തില്‍ കൈകാര്യം ചെയ്യുന്നതിനായി ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. വ്യാഴാഴ്ച അർധരാത്രി പ്രധാനമന്ത്രി വിദ്യാർഥികളുടെ ആശങ്കകളെ നേരിട്ട് അഭിസംബോധന ചെയ്യുകയും ഉത്തരവാദികളായവരെ വെറുതെ വിടില്ലെന്ന് സാമൂഹ്യമാധ്യമ സന്ദേശത്തില്‍ ഉറപ്പു നല്‍കുകയും ചെയ്തു.

ഓരോ യുവാക്കള്‍ക്കും ഇക്കാര്യത്തില്‍ ഞാനും ഉറപ്പു നല്‍കുകയാണ്. നിങ്ങളുടെ ഭാവിയെക്കുറിച്ച് പ്രധാനമന്ത്രി മോദിയേക്കാള്‍ കൂടുതല്‍ ആശങ്കയുള്ള ഒരാളുമില്ല. പരീക്ഷാ സംവിധാനം ശുദ്ധീകരിക്കാനും വിദ്യാഭ്യാസ സംവിധാനത്തെ ശക്തിപ്പെടുത്താനും നിങ്ങള്‍ക്കായി മെച്ചപ്പെട്ട അവസരങ്ങള്‍ സൃഷ്ടിക്കാനും ഉള്‍പ്പെടെ രാജ്യത്തെ കോടിക്കണക്കിന് വിദ്യാർഥികളുടെ ഭാവി സംരക്ഷിക്കാന്‍ ആവശ്യമായതെല്ലാം അദ്ദേഹം 12 വര്‍ഷമായി നിരന്തരം ചെയ്തുകൊണ്ടിരിക്കുകയാണ്. അക്കാര്യത്തില്‍ യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചയും അദ്ദേഹം ചെയ്യില്ല എന്നുറപ്പാണ്.

ഒരു രാജ്യത്തിന്‍റെ ഭാവി നിര്‍ണയിക്കുന്നത് അവരുടെ സാമ്പത്തിക ശക്തിയോ ലഭ്യമായ അടിസ്ഥാന സൗകര്യങ്ങളോ കാര്‍ഷിക മേഖലയുടെ വളര്‍ച്ചയോ മാത്രമല്ല; മറിച്ച് സ്വപ്നം കാണാന്‍ ധൈര്യപ്പെടുന്ന യുവതലമുറയാണ്. ഓരോ വിദ്യാർഥിയും കുടുംബത്തിന്‍റെ പ്രതീക്ഷയും സമൂഹത്തിന്‍റെ പ്രത്യാശയും രാജ്യത്തിന്‍റെ നാളെയുമാണ്.

അവര്‍ പഠിക്കുന്നത് പാഠപുസ്തകങ്ങളിലെ പാഠങ്ങള്‍ മാത്രമല്ല; കഠിനാധ്വാനത്തിലൂടെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാമെന്ന വിശ്വാസവും സത്യസന്ധതയിലൂടെ വിജയം കൈവരിക്കാമെന്ന ആത്മവിശ്വാസവുമാണ്.ആ വിശ്വാസത്തെ തകര്‍ക്കുന്ന ഓരോ സംഭവവും അവരുടെ ആത്മവിശ്വാസത്തേയും ജീവിതത്തെയും മാത്രമല്ല, രാജ്യത്തിന്‍റെ ഭാവിയെ തന്നെയാണ് ബാധിക്കുന്നത്. ഓരോരുത്തരുടെയും ജീവിതം രാജ്യത്തിന്‍റെ ഭാവിയുമായി ചേര്‍ന്നു പോകുന്നതാണ്. അതുകൊണ്ട് വിദ്യാർഥികള്‍ക്ക് വേണ്ടത് പരിഹാരങ്ങളാണ്, ചിലര്‍ നടത്തുന്ന രാഷ്‌ട്രീയ നാടകങ്ങളല്ല.

നീറ്റ് ഉള്‍പ്പെടെയുള്ള മത്സരപരീക്ഷകളുടെ ചോദ്യപേപ്പര്‍ ചോര്‍ച്ചയെ നിസാരമായി കാണാന്‍ കഴിയില്ല. പണവും അധികാരവും ഉപയോഗിച്ച് ഒരു വിഭാഗം നടത്തിക്കൊണ്ടിരിക്കുന്ന ഈ അഴിമതിയെ വെറുമൊരു ഭരണപരമായ വീഴ്ചയെന്നതിലുപരി, ലക്ഷക്കണക്കിന് വിദ്യാർഥികളുടെ അധ്വാനത്തെ ചോദ്യം ചെയ്യുന്ന ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കണം.

വര്‍ഷങ്ങളോളം ഉറക്കമൊഴിഞ്ഞ് പഠിച്ച വിദ്യാർഥിക്കും പണംകൊണ്ടും സ്വാധീനവും ഉപയോഗിച്ച് അന്യായ നേട്ടം കൈവരിക്കാന്‍ ശ്രമിക്കുന്നവര്‍ക്കും ഒരേ അവസരം ലഭിക്കുന്ന സാഹചര്യം ഒരു ജനാധിപത്യ സമൂഹത്തിന് ഒരിക്കലും അംഗീകരിക്കാനാവില്ല. വിദ്യാഭ്യാസത്തിലെ നീതിബോധം നഷ്ടപ്പെടുന്ന നിമിഷം ഒരു രാഷ്‌ട്രത്തിന്‍റെ ഭാവി തന്നെ അപകടത്തിലാക്കി. അതു കൃത്യമായി മനസിലാക്കിയ കേന്ദ്ര സര്‍ക്കാര്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചു. നീറ്റ് പരീക്ഷ റദ്ദാക്കി. അസാധാരണമായ നടപടികളോടെ പുനഃപരീക്ഷ നടത്തി. ഫലം പ്രസിദ്ധീകരിച്ചു.

"ഒരു സാധാരണ വിഷയമല്ല' എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചോദ്യ പേപ്പര്‍ ചോര്‍ച്ചയെ വിശേഷിപ്പിച്ചത്. ഇത് വെറും ഒരു പരീക്ഷയുടെ പ്രശ്നമല്ല. രാജ്യത്തിന്‍റെ വിശ്വാസ്യതയുടെയും യുവജനങ്ങളുടെ ഭാവിയുടെയും പ്രശ്നമാണ്. ഈ സാഹചര്യത്തില്‍ ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാൻ കൂടുതല്‍ കര്‍ശനമായ നടപടികള്‍ കേന്ദ്ര മന്ത്രിസഭ ചര്‍ച്ച ചെയ്യുമെന്നും, കുറ്റക്കാര്‍ക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുമെന്നും, ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അതിവേഗം ശിക്ഷ ഉറപ്പാക്കാന്‍ ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കുമെന്നും പരീക്ഷാ സുരക്ഷ ശക്തിപ്പെടുത്തുന്ന പുതിയ നിയമ നിര്‍മാണം കൊണ്ടുവരുമെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. ഇത് ഒരു രാഷ്‌ട്രീയ പ്രഖ്യാപനമായി മാത്രം കാണരുത്. മറിച്ച് രാജ്യത്തിന്‍റെ ഭാവി സ്വപ്നങ്ങള്‍ നടപ്പിലാക്കാനുള്ള ഒരു ഭരണപരമായ പ്രതിബദ്ധതയായി തന്നെ കാണണം.

എന്നാല്‍ ഈ വിഷയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ എടുത്തു പറയേണ്ട മറ്റു ചിലതുണ്ട്. പ്രതിഷേധം ജനാധിപത്യത്തിന്‍റെ ഭാഗമാണ്. ഭരണഘടന ജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന ഉറപ്പാണ്. അതുകൊണ്ടു തന്നെ ഏതൊരു വിദ്യാർഥിക്കും തന്‍റെ ഭാവിയെ ബാധിക്കുന്ന വിഷയത്തെ ചോദ്യം ചോദിക്കാനുള്ള അവകാശമുണ്ട്. പരീക്ഷാ സംവിധാനത്തിലെ വീഴ്ചകള്‍ ചൂണ്ടിക്കാണിക്കാനുള്ള അവകാശമുണ്ട്.

സുതാര്യമായ അന്വേഷണം ആവശ്യപ്പെടാനുള്ള, കുറ്റവാളികള്‍ക്ക് മാതൃകാപരമായ ശിക്ഷ നൽകണമെന്ന് ആവശ്യപ്പെടാനുള്ള അവകാശമുണ്ട്. ജനാധിപത്യത്തില്‍ ഈ അവകാശങ്ങളെ ബഹുമാനിക്കണം. പക്ഷേ ഒന്നോര്‍ക്കണം: പ്രതിഷേധവും അരാജകത്വവും ഒരുപോലെയല്ല. ഡൽഹി ജന്തർമന്തറില്‍ നടന്ന വിദ്യാർഥി സമരത്തിന്‍റെ മറവില്‍ രാജ്യ തലസ്ഥാനത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള ബോധപൂര്‍വമായ ശ്രമം കോണ്‍ഗ്രസ് നടത്തുന്നതാണ് കണ്ടത്. ന്യായമായ പ്രതിഷേധ സമരങ്ങളെ ഈ രീതിയില്‍ വഴിതിരിച്ചുവിടാന്‍ ശ്രമിക്കുന്ന ശക്തികളെ ചരിത്രത്തില്‍ നാം പലവട്ടം കണ്ടിട്ടുണ്ട്. വിദ്യാർഥികളുടെ ആത്മാർഥമായ വികാരങ്ങളെ ചിലര്‍ തങ്ങളുടെ രാഷ്‌ട്രീയ അജൻഡകള്‍ക്കായി ഉപയോഗിക്കാന്‍ ശ്രമിച്ചോ എന്ന ചോദ്യം പലയിടങ്ങളില്‍ നിന്നും ഉയരുന്നു.

അതിനാലാണ് ഈ പ്രശ്നത്തെ രാഷ്‌ട്രീയ നേട്ടത്തിനുള്ള ആയുധമാക്കുന്നതിനേക്കാള്‍, ശാശ്വതമായ പരിഹാരം കണ്ടെത്തുന്നതിനാണ് പ്രാധാന്യം നല്‍കേണ്ടത്. പരീക്ഷകളുടെ വിശ്വാസ്യത തകരുമ്പോള്‍ നഷ്ടമാകുന്നത് ഒരു സര്‍ക്കാരിന്‍റെ പ്രതിച്ഛായയല്ല; ഒരു വിദ്യാർഥിയുടെ വര്‍ഷങ്ങളുടെ അധ്വാനവും ഒരു കുടുംബത്തിന്‍റെ പ്രതീക്ഷയും രാജ്യത്തിന്‍റെ ഭാവിയിലുള്ള വിശ്വാസവുമാണ്. അതുകൊണ്ട് ഈ വിഷയത്തില്‍ രാഷ്‌ട്രീയം ജയിക്കണമെന്നല്ല, രാജ്യം ജയിക്കണമെന്നാണ് ഓരോ ഇന്ത്യക്കാരനും ആഗ്രഹിക്കേണ്ടത്.

ഇത്തരം അക്രമാസക്തമായ പ്രതിഷേധങ്ങളിലൂടെ നേട്ടം കൊയ്യുന്നത് യഥാർഥത്തില്‍ രാജ്യവിരുദ്ധ ശക്തികളാണ്. കേന്ദ്ര സര്‍ക്കാര്‍ വിദ്യാർഥികള്‍ക്ക് എതിരാണെന്ന് അവര്‍ പ്രചരിപ്പിക്കുന്നു. ഒന്നാലോചിക്കൂ, ഒരു പതിറ്റാണ്ട് മുമ്പ് തൊഴില്‍വിപണിയുടെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള നൈപുണ്യം നേടിയ യുവാക്കളുടെ എണ്ണം പരിമിതമായിരുന്നുവെങ്കില്‍, കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ നൈപുണ്യ വികസനം, ഡിജിറ്റല്‍ വിദ്യാഭ്യാസം, സ്റ്റാര്‍ട്ടപ്പ് സംരംഭകത്വം എന്നിവയിലൂടെ കോടിക്കണക്കിന് യുവാക്കള്‍ക്ക് പുതിയ അവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. യുവജനങ്ങളെ തൊഴില്‍ അന്വേഷിക്കുന്നവരില്‍ നിന്ന് തൊഴില്‍ സൃഷ്ടിക്കുന്നവരാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസത്തെയും നൈപുണ്യ വികസനത്തെയും ബന്ധിപ്പിച്ചുകൊണ്ടുള്ള വലിയ മാറ്റങ്ങള്‍ക്ക് രാജ്യം സാക്ഷ്യം വഹിക്കുകയാണ്.

നീറ്റ് വിവാദം ഒരു വലിയ പാഠവും നമ്മെ പഠിപ്പിക്കുന്നുണ്ട് . പരീക്ഷാ സുരക്ഷ വെറും ചോദ്യ പേപ്പര്‍ സൂക്ഷിക്കുന്നതില്‍ അവസാനിക്കുന്നില്ല. അത് ഒരു സമഗ്ര സംവിധാനമാണ്. ചോദ്യ പേപ്പര്‍ തയ്യാറാക്കുന്ന ഘട്ടം മുതല്‍ വിതരണം, ഡിജിറ്റല്‍ സുരക്ഷ, പരീക്ഷാ കേന്ദ്രങ്ങളുടെ നിരീക്ഷണം, സാങ്കേതിക വിദ്യയുടെ ഉപയോഗം, കര്‍ശനമായ ശിക്ഷ... ഇവയെല്ലാം കൃത്യമായും ശക്തമായും നടപ്പിലാക്കണം. പരീക്ഷാ സംവിധാനത്തിന്‍റെ വിശ്വാസ്യത ഒരു രാജ്യത്തിന്‍റെ വിദ്യാഭ്യാസ നിലവാരത്തിന്‍റെ കണ്ണാടിയാണ്.

ഇന്ന് ഇന്ത്യ ഒരു പുതിയ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ലോകത്ത് ഏറ്റവും വലിയ യുവജനശക്തിയുള്ള രാജ്യമെന്ന നിലയില്‍ ഇന്ത്യയുടെ ഏറ്റവും വലിയ ദേശീയ നിക്ഷേപമാണ് വിദ്യാഭ്യാസം. ദേശീയ വിദ്യാഭ്യാസ നയം, ഡിജിറ്റല്‍ ഇന്ത്യ, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, സ്‌കില്‍ ഇന്ത്യ, ഗവേഷണ മേഖലകളിലെ നിക്ഷേപം, ആഗോള സര്‍വകലാശാലകളുമായുള്ള സഹകരണം- ഇവയെല്ലാം യുവജനങ്ങളെ കേന്ദ്രീകരിച്ചുള്ള വികസന കാഴ്ചപ്പാടിന്‍റെ ഭാഗമാണ്. എന്നാല്‍ ഈ ശ്രമങ്ങക്കെല്ലാം അടിത്തറ ഒരു കാര്യമാണ് വിശ്വാസ്യത. പരീക്ഷകളില്‍ വിശ്വാസമില്ലെങ്കില്‍ വിദ്യാഭ്യാസത്തിലുമുള്ള വിശ്വാസം നഷ്ടപ്പെടും. വിദ്യാഭ്യാസത്തില്‍ വിശ്വാസമില്ലെങ്കില്‍ രാജ്യത്തിന്‍റെ വികസന സ്വപ്നങ്ങള്‍ക്കും മങ്ങലേല്‍ക്കും.

അതുകൊണ്ടു തന്നെ പ്രധാനമന്ത്രി പ്രഖ്യാപിച്ച കര്‍ശന നടപടികള്‍ക്ക് പ്രത്യേക പ്രസക്തിയുണ്ട്. ചോദ്യ പേപ്പര്‍ ചോര്‍ച്ച തടയാന്‍ കൂടുതല്‍ ശക്തമായ നിയമ നിര്‍മാണം കൊണ്ടുവരാനുള്ള നീക്കം, സംഘടിത കുറ്റകൃത്യങ്ങളെ ലക്ഷ്യമിട്ടുള്ള അന്വേഷണങ്ങള്‍, സാങ്കേതിക സുരക്ഷാ സംവിധാനങ്ങളുടെ വിപുലീകരണം എന്നിവയെ രാഷ്‌ട്രീയ കണ്ണിലൂടെ മാത്രമല്ല, ഭരണപരമായ പരിഷ്‌കാരങ്ങളുടെ ഭാഗമായി വിലയിരുത്തണം. ഒരു സംവിധാനത്തിലെ വീഴ്ച തിരിച്ചറിഞ്ഞ ശേഷം അത് കൂടുതല്‍ ശക്തമാക്കാനുള്ള കഴിവാണ് നല്ല ഭരണത്തിന്‍റെ അടയാളം.

അതേസമയം, ഈ വിഷയത്തെ രാഷ്‌ട്രീയ ലാഭനഷ്ടങ്ങളുടെ കണ്ണിലൂടെ മാത്രം കാണുന്നതും ശരിയല്ല. പരീക്ഷാ സുരക്ഷ ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുടെ മാത്രം പ്രശ്നമല്ല. കേന്ദ്രസര്‍ക്കാരും സംസ്ഥാനങ്ങളും പരീക്ഷാ ഏജന്‍സികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സമൂഹവും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ട മേഖലയാണിത്. ഓരോ സംസ്ഥാനവും പരീക്ഷാ സുരക്ഷയ്ക്കുള്ള സംവിധാനങ്ങള്‍ മെച്ചപ്പെടുത്തണം. ഓരോ വിദ്യാഭ്യാസ സ്ഥാപനവും സുതാര്യത ഉറപ്പാക്കണം. ഓരോ പൗരനും ഇത്തരം കുറ്റകൃത്യങ്ങള്‍ക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കണം.

യുവജനങ്ങള്‍ അവരുടെ സ്വപ്നങ്ങളില്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യരുത്. അനീതിക്കെതിരേ ശബ്ദമുയര്‍ത്തണം. സത്യത്തിനുവേണ്ടി നിലകൊള്ളണം. പക്ഷേ നിങ്ങളുടെ ന്യായമായ വികാരങ്ങളെ അക്രമത്തിന്‍റെയും അരാജകത്വത്തിന്‍റെയും വഴിയിലേക്ക് നയിക്കാന്‍ ശ്രമിക്കുന്നവരില്‍ നിന്ന് ജാഗ്രത പാലിക്കുക. സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഓരോ സന്ദേശവും സത്യമാണെന്ന് കരുതരുത്. അഭ്യൂഹങ്ങള്‍ വിശ്വസിക്കരുത്. ദിവസങ്ങള്‍ നീണ്ട നിരാഹാരം അവസാനിപ്പിച്ചു കൊണ്ട് സോനം വാങ് ചുക്കും കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചകള്‍ ആരംഭിച്ച കോക്രോച്ച് ജനതാ പാര്‍ട്ടി നേതാക്കളും സ്വീകരിച്ച നടപടികള്‍ സ്വാഗതാര്‍ഹമാണ്.

ഇന്ത്യ ഇന്ന് "വികസിത ഭാരത്' എന്ന ലക്ഷ്യത്തിലേക്കാണ് യാത്ര ചെയ്യുന്നത്. ഈ യാത്രയില്‍ ഏറ്റവും വലിയ പങ്കു വഹിക്കേണ്ടത് യുവതലമുറയാണ്. ശാസ്ത്രജ്ഞരും ഡോക്റ്റര്‍മാരും എന്‍ജിനീയര്‍മാരും ഗവേഷകരും അധ്യാപകരും സംരംഭകരും ഭരണാധികാരികളും ഇന്നത്തെ ക്ലാസ് മുറികളില്‍ നിന്നാണ് ഉയര്‍ന്നുവരുന്നത്. അവരുടെ ഭാവിയെ സംരക്ഷിക്കുന്നത് ഒരു സര്‍ക്കാരിന്‍റെ മാത്രം ഉത്തരവാദിത്തമല്ല; അത് രാജ്യത്തിന്‍റെ കൂട്ടായ ഉത്തരവാദിത്തമാണ്.

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയെക്കുറിച്ചുള്ള ചര്‍ച്ചകളും കുറ്റവാളികളെ ശിക്ഷിക്കാനുള്ള നടപടികളും പുരോഗമിക്കുമ്പോള്‍, യുവാക്കള്‍ നേരിടുന്ന പുതിയ വെല്ലുവിളികളെയും അവസരങ്ങളെയും കുറിച്ച് ചിന്തിക്കുമ്പോള്‍, ഇന്ത്യയെ "വികസിത ഭാരതം' എന്ന ലക്ഷ്യത്തിലേക്ക് നയിച്ച പ്രധാനമന്ത്രിയുടെ കഠിനാധ്വാനവും സമര്‍പ്പണവും നാം മറക്കരുത്. ഞാന്‍ എന്നും എപ്പോഴും എന്‍റെ പ്രധാനമന്ത്രിക്കും രാജ്യത്തിനുമൊപ്പമാണ്. ഇന്ത്യയുടെ നേതൃത്വത്തെയും ജനാധിപത്യത്തെയും തകര്‍ക്കാന്‍ ശ്രമിക്കുന്ന ആര്‍ക്കെതിരേയും ഞാന്‍ നിലകൊള്ളും.

നമ്മുടെ യുവജനങ്ങള്‍ക്കുള്ള അവസരങ്ങള്‍ വികസിപ്പിക്കാനും ലോകോത്തര വിദ്യാഭ്യാസ സംവിധാനങ്ങള്‍ സൃഷ്ടിക്കാനും ഇന്ത്യ കഴിഞ്ഞ ഒരു ദശകമായി വലിയ ചുവടുവയ്പ്പുകള്‍ നടത്തിയിട്ടുണ്ട്. ആ നേട്ടങ്ങളെ ഒരു കുറ്റകൃത്യത്തിന്‍റെ പേരില്‍ സംശയത്തിന്‍റെ നിഴലിലാക്കാന്‍ അനുവദിക്കരുത്. കുറ്റവാളികള്‍ക്ക് കര്‍ശന ശിക്ഷ ലഭിക്കണം. പരീക്ഷാ സംവിധാനം കൂടുതല്‍ ശക്തമാകണം. ഒപ്പം രാജ്യത്തിന്‍റെ ജനാധിപത്യ സംവിധാനത്തിലുള്ള വിശ്വാസവും നിലനിര്‍ത്തണം.

വിദ്യാർഥികളുടെ പ്രതിഷേധം രാജ്യത്തെ ശക്തിപ്പെടുത്താനാകണം, ദുര്‍ബലപ്പെടുത്താനാകരുത്. നിങ്ങളുടെ ശബ്ദം വരും തലമുറയ്ക്ക് പ്രചോദനമാകണം; അരാജകത്വത്തിന് ഇന്ധനമാകരുത്. നിങ്ങളുടെ പ്രതിഷേധം നീതിക്കു വേണ്ടിയാകണം; നാശത്തിനു വേണ്ടിയാകരുത്.

(ബിജെപി കേരള സംസ്ഥാന അധ്യക്ഷനും നേമം എംഎൽഎയും മുൻ കേന്ദ്ര മന്ത്രിയുമാണ് ലേഖകൻ)

logo
Metro Vaartha
www.metrovaartha.com