ലോകത്തിലെ ഏറ്റവും സന്തോഷവാനായ അച്ഛൻ: തുർക്കിയിൽ നിന്നും കണ്ണുനനയിക്കുന്ന ജീവിതചിത്രം

ആ വേദനകൾക്കിടയിലേക്കാണു ജീവിതത്തിലേക്കു പിടിച്ചുയർത്താൻ ഒരു കൈ നീണ്ടു വന്നത്. ദൈവത്തിന്‍റെ കൈ എന്നതിന് ഇങ്ങനെയുമൊരു അർഥമുണ്ടാകുന്നു
ലോകത്തിലെ ഏറ്റവും സന്തോഷവാനായ അച്ഛൻ: തുർക്കിയിൽ നിന്നും കണ്ണുനനയിക്കുന്ന ജീവിതചിത്രം
Updated on

ലോകം ഈ ചിത്രത്തിനു മുന്നിൽ കണ്ണീരണിയുന്നുണ്ട്. സ്വന്തം പെൺകുഞ്ഞിന്‍റെ നെറ്റിയിൽ ആദ്യമായി ഉമ്മ വയ്ക്കുന്ന അച്ഛൻ. തുർക്കിയിലെ ഭൂകമ്പാവശിഷ്ടങ്ങളിൽ ഈ അച്ഛൻ കുടുങ്ങിക്കിടന്നതു പതിനൊന്നു ദിവസം. 261 മണിക്കൂർ. തിരികെ ജീവിതത്തിലേക്കു വരാനാകുമെന്നു ചിന്തിക്കാൻ പോലും കഴിയാത്ത മണിക്കൂറുകൾ. തകർന്നുവീണ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കിടക്കുമ്പോഴും ഒരു ഭർത്താവിന്‍റെ, അച്ഛന്‍റെ, മകന്‍റെ ആശങ്കകളും വേദനകളുമായിരുന്നു മുസ്തഫ അവ്സിയുടെ മനസിൽ. ആ വേദനകൾക്കിടയിലേക്കാണു ജീവിതത്തിലേക്കു പിടിച്ചുയർത്താൻ ഒരു കൈ നീണ്ടു വന്നത്. ദൈവത്തിന്‍റെ കൈ എന്നതിന് ഇങ്ങനെയുമൊരു അർഥമുണ്ടാകുന്നു.

ഫെബ്രുവരി ആറിനു മുപ്പത്തിമൂന്നുകാരൻ മുസ്തഫ അന്താക്യയിലെ ആശുപത്രിയിൽ നിൽക്കുമ്പോഴാണു തുർക്കിയിൽ ഭൂകമ്പമുണ്ടായത്. പൂർണഗർഭിണിയായിരുന്നു മുസ്തഫയുടെ ഭാര്യ ബിൽജ്. മുസ്തഫ മരണപ്പെട്ടുവെന്നു നാട്ടുകാരും വീട്ടുകാരും വിധിയെഴുതിയ ആ പതിനൊന്നു ദിവസങ്ങൾക്കിടയിൽ ബിൽജ് ഒരു പെൺകുട്ടിയെ പ്രസവിച്ചു. അച്ഛനില്ലാത്ത കുഞ്ഞെന്ന വേദനയും പേറി ജീവിക്കാൻ വിധിക്കപ്പെട്ടുവെന്നു കരുതിയിരിക്കുമ്പോൾ മുസ്തഫയുടെ ജീവിതത്തിലേക്കു അത്ഭുതകരമായി മടങ്ങിവന്നു. അവശിഷ്ടങ്ങൾക്കിടയിൽ ജീവിതമൊടുങ്ങുമെന്ന ചിന്തയിൽ നിന്നും ഉറ്റവരുടെ അരികിലേക്കൊരു മടക്കം. 

ദുരന്തസ്ഥലത്തു നിന്നും ആശുപത്രിയിലേക്കു കൊണ്ടു പോകുമ്പോൾ, ഫോണിൽ സുഹൃത്തിനെ വിളിച്ച് ഉറ്റവരെക്കുറിച്ച് അന്വേഷിക്കുന്ന മുസ്തഫയുടെ വീഡിയോ കണ്ണുനനയിക്കും. എല്ലാവരും ജീവിച്ചിരിപ്പുണ്ടെന്നറിയുമ്പോൾ മുസ്തഫയുടെ മുഖത്തു പുഞ്ചിരി വിരിയുന്നു. നിന്‍റെ കുഞ്ഞ് കാത്തിരിക്കുകയാണെന്നും ആ സുഹൃത്ത് മുസ്തഫയോടു പറയുന്നുണ്ട്. പിന്നെയും വൈകാരിക ജീവിതമുഹൂർത്തങ്ങൾ കാത്തിരിക്കുകയായിരുന്നു. ആശുപത്രിയിൽ ആദ്യമായി കുഞ്ഞിനെ കാണുന്ന മുസ്തഫയുടെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ നിറയുന്നുണ്ട്. ജീവൻ നിലനിർത്താൻ ഘടിപ്പിച്ച ട്യൂബുകൾക്കിടയിലൂടെ മകളെ ചുംബിക്കുന്ന അച്ഛൻ. ലോകത്തിലെ ഏറ്റവും സന്തോഷവാനായ അച്ഛൻ എന്നതിനു മുസ്തഫ അവ്സി എന്നൊരു മറുപടി കൂടിയുണ്ടാവുന്നു. 

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com