

ഏറ്റുമാനൂർ ക്ഷേത്ര മൈതാനത്തെ അനാവശ്യ നിർമിതിക്കെതിരേ ഹിന്ദു സംഘടനകൾ
filephoto
കോട്ടയം: ഏറ്റുമാനൂർ ക്ഷേത്ര മൈതാനത്ത് താൽക്കാലിക വേലികെട്ടി തിരിച്ച സ്ഥലത്തിനുള്ളിൽ ചിറപ്പ് പന്തൽ, പിൽഗ്രിം ഷെൽട്ടർ എന്നിവയുടെ നിർമാണത്തിന് എന്ന പേരിൽ നടക്കുന്ന നിർമാണ പ്രവർത്തനങ്ങളിൽ നിന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പിന്തിരിയണമെന്ന് വിവിധ ഹൈന്ദവ സംഘടനകൾ ആവശ്യപ്പെട്ടു.
ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിന്‍റെ കിഴക്കും, തെക്കും ഭാഗത്ത് പൂർത്തീകരിക്കാത്ത നടപ്പന്തൽ നിർമാണം, ക്ഷേത്ര മൈതാന ചുറ്റുമതിലിന്‍റെ ശോച്യാവസ്ഥ, ഗോശാലയുടെ ജീർണാവസ്ഥ, ഭക്തജന ആവശ്യാർഥം കൂടുതൽ ശൗചാലയങ്ങൾ എന്നിവയ്ക്കൊന്നും പരിഹാരം കാണാത്ത ദേവസ്വം ബോർഡ് ലക്ഷങ്ങൾ മുടക്കി നടത്താൻ നിശ്ചയിച്ച അനാവശ്യ നിർമാണങ്ങൾ ധൂർത്തിനും അഴിമതിക്കും സാഹചര്യം ഒരുക്കാനാണ്. ക്ഷേത്രത്തിന് ചുറ്റുമായി നാലു വശങ്ങളെയും ബന്ധിപ്പിക്കുന്ന രീതിയിലുള്ള റോഡിന്‍റെ നിർമാണത്തിനു യാതൊരു നടപടികളും സ്വീകരിക്കാത്ത ബോർഡാണ് അനാവശ്യ നിർമാണത്തിന് മുതിരുന്നത്.
ദേവഹിതം മാനിക്കാതെ, കല്യാണ മണ്ഡപത്തിൽ നിന്ന് 10 മീറ്റർ പടിഞ്ഞാറോട്ട് മാറി യാതൊരു നിർമിതികളും പാടില്ല എന്ന 2015ലെ ഹൈക്കോടതി ഉത്തരവ് അനുസരിക്കാതെ നടത്തുന്ന നിർമിതികൾ ദേവഹിതത്തിന് വിരുദ്ധവും, കോടതി ഉത്തരവിന്‍റെ ലംഘനവുമാണ്. ഉത്സവ ദിവസങ്ങളിലും മറ്റ് ആട്ട വിശേഷങ്ങൾക്കും ക്ഷേത്രത്തിലെത്തുന്ന ആയിരക്കണക്കിന് ഭക്തജനങ്ങളെ ഉൾക്കൊള്ളാൻ നിലവിലുള്ള തുറസായ സ്ഥലം പോലും തികയില്ല എന്നിരിക്കെ ക്ഷേത്ര മൈതാനത്ത് ഒരു നിർമാണവും പാടില്ലാത്തതാണ്.
ഉത്സവ ദിവസങ്ങളിൽ ഒമ്പത് ആനകളെ വരെ ഒരേ സമയം എഴുന്നള്ളിക്കുന്നതും, കൂടാതെ ഉത്സവത്തിന്‍റെ പ്രധാന ചടങ്ങുകളായ വേലകളി, സേവ എന്നിവ നടക്കുന്നതും പ്രസ്‌തുത സ്ഥലത്താണ്. ആനകളുടെ എഴുന്നള്ളത്തിനുള്ള മാനദണ്ഡം പ്രകാരം ആനകൾ തമ്മിലുള്ള അകലം മൂന്നു മീറ്ററും ആനകളും ആൾക്കൂട്ടവും തമ്മിലുള്ള അകലം എട്ടു മീറ്ററും ആയിരിക്കും. അതിനാൽ നിർമിതികൾ അപകടകരവും ഭക്തജനങ്ങൾക്ക് തികച്ചും അസൗകര്യം സൃഷ്ടിക്കുകയും ചെയ്യും. അതിനാൽ തന്നെ ആൽത്തറ വരെയുള്ള സ്ഥലങ്ങൾ താത്കാലിക വേലികെട്ടി വേർതിരിച്ചിരിക്കുകയാണ്. പുതിയതായി വരുന്ന അശാസ്ത്രീയ നിർമിതി കൃഷ്‌ണൻ കോവിലിനെ മറയ്ക്കുകയും പുറത്തു നിന്നു ഗണപതി ഭഗവാനെ വന്ദിക്കുന്നതിന് തടസമാവുകയും ചെയ്യും.
നിർമാണ അനുവദിക്കായി മുനിസിപ്പാലിറ്റിയിൽ ദേവസ്വം നൽകിയിട്ടുള്ള കെട്ടിട നിർമാണ അനുമതി അപേക്ഷയോടൊപ്പം കെട്ടിടത്തിന്‍റെ അളവ് രേഖപ്പെടുത്തി സമർപ്പിച്ചിട്ടില്ല, മറ്റ് അനുമതികളും നൽകിയിട്ടില്ല. സാനിറ്റേഷൻ ഫെസിലിറ്റി, യൂറിനൽ, വാഷ് ബേസിൻ എന്നിവ ഉണ്ടായിരിക്കണം എന്ന വ്യവസ്ഥ സാധാരണ നിർമാണങ്ങളിൽ പാലിക്കണം എന്നിരിക്കെ പിൽഗ്രിം സെന്‍ററിൽ ശൗചാലയവും മൂത്രപ്പുരയും സ്ഥാപിക്കുന്നത് ക്ഷേത്രത്ത അശുദ്ധമാക്കുകയും ചൈതന്യ ലോപം സംഭവിക്കുന്നതിന് കാരണമാവുകയും ചെയ്യും. ദേവഹിതം നോക്കാതെ, നിർമാണത്തിനുള്ള ടെൻഡർ വിളിക്കാതെ, കോടതി ഉത്തരവു മാനിക്കാതെ, മുനിസിപ്പാലിറ്റി അംഗീകാരം വാങ്ങാതെ ക്ഷേത്ര ചൈതന്യത്തിന് ഹാനി വരുത്തുന്നതും ഉപക്ഷേത്ര കവാടമടച്ച് കെട്ടിടം നിർമിക്കാൻ ഉദ്ദേശിക്കുന്നത് ദുരുദ്ദേശപരമാണ്. ഏറ്റുമാനൂർ ക്ഷേത്രത്തിലെ ഉത്സവം, ആട്ടവിശേഷം, മറ്റു ചടങ്ങുകൾ ഉണ്ടാക്കുന്ന ഭക്തജന സാന്നിധ്യത്തെ ഉൾക്കൊള്ളാൻ ക്ഷേത്ര മൈതാനത്തിന് ആവശ്യമായ വിസ്തൃതി പോലും ഇല്ലെന്നിരിക്കെ ഈ സ്ഥലത്ത് നടത്തുന്ന നിർമാണം അപകടസാധ്യത വർദ്ധിപ്പിക്കും.
നാമജപം, ഭജന മുതലായവ ഒഴിച്ച് പുറത്തുവച്ച് മറ്റുപാധികളോ ഫോട്ടൊകളോ വച്ചുള്ള ആരാധനകൾ നടത്താൻ പാടില്ലാത്തതാണെന്ന് ദേവപ്രശ്‌ന വിധിയുടെ ചാർത്തിൽ 68ാമത് നമ്പരായി ചേർത്തിരിക്കുന്നു. ആനപ്പുറത്ത് ഭഗവാന്‍റെ എഴുന്നെള്ളത്ത് കല്യാണ മണ്ഡപത്തിലാണ് നടക്കുന്നത് എന്നതിനാൽ നിർമാണം പൂർത്തികരിക്കപ്പെട്ടാൽ മണ്ഡപത്തിന് വലം വയ്ക്കാൻ എഴുന്നള്ളത്തിന് സാധ്യമല്ലാതെ വന്നാൽ അനുഷ്ഠാനവും, ആചാരവും മുടങ്ങും. ദേവഹിതം നോക്കാതെ, കോടതി ഉത്തരവുമാനിക്കാതെ, ഭക്തജന അഭിപ്രായങ്ങൾ ശേഖരിക്കാതെ നടത്തുന്ന ദേവസ്വം ബോർഡിന്‍റെ പ്രവർത്തിക്കെതിരെ ഭക്തജന സംഘടനകൾ ശക്തമായ പ്രതിഷേധം ഉയർത്തും. ക്ഷേത്ര മൈതാനത്ത് അനാവശ്യ നിർമാണം അനുവദിക്കില്ലെന്ന് നേതാക്കൾ പറഞ്ഞു.
ദേവസ്വം ബോർഡിന്‍റെ ധിക്കാരത്തിനും, ക്ഷേത്ര വിരുദ്ധ നടപടിക്കുമെതിരേ 14ന് ക്ഷേത്രത്തിന്‍റെ തെക്കേ നടയിൽ ഭക്തജനങ്ങൾ ഉപവസിക്കും. ദേവസ്വം ബോർഡ് നടപടിയിൽ നിന്ന് പിന്മാറാത്ത പക്ഷം തുടർ പ്രക്ഷോഭങ്ങൾക്ക് ഹൈന്ദവ ഭക്ത ജനസംഘടനകൾ രൂപം നൽകുമെന്നും നേതാക്കൾ പറഞ്ഞു.
പത്ര സമ്മേളനത്തിൽ ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡണ്ട് ഇ.എസ്. ബിജു, ശ്രീ മഹാദേവ ക്ഷേത്ര സംരക്ഷണസമിതി പ്രസിഡന്‍റ് പി. രാജഗോപാൽ, ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ പ്രസിഡന്‍റ് കെ.പി. സഹദേവൻ, വിശ്വഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറി സി. മോഹൻ ചന്ദ്രൻ, ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി അംഗം വി.എൻ. സോമൻ, ആറാട്ട് എതിരേൽപ് സമിതി പ്രസിഡന്‍റ് ശ്രീജിത്ത് കൃഷ്‌ണൻ എന്നിവർ പങ്കെടുത്തു.