നരേന്ദ്ര മോദിയും വലിയ ചിന്തകളുടെ കരുത്തും

യുവാക്കളെ സംരംഭകരാക്കി മാറ്റുന്നതിലും അദ്ദേഹം അത്രതന്നെ നിശ്ചയദാര്‍ഢ്യം പുലര്‍ത്തിയിരുന്നു.
 Narendra Modi and the power of big ideas

നരേന്ദ്ര മോദിയും വലിയ ചിന്തകളുടെ കരുത്തും

Updated on

അമിതാഭ് കാന്ത്

ഇന്ത്യയുടെ പ്രഥമ ഗ്രീൻ ഫീൽഡ് നഗരം വികസിപ്പിക്കുകയെന്ന സ്വപ്നം എന്നെങ്കിലും യാഥാർഥ്യമാകുമോ എന്ന കാര്യത്തിൽ എനിക്ക് പ്രതീക്ഷ നഷ്ടപ്പെട്ടു തുടങ്ങിയിരുന്നു. അക്കാലത്ത് ഡൽഹി - മുംബൈ വ്യാവസായിക ഇടനാഴി വികസന കോർപ്പറേഷന്‍റെ (ഡിഎംഐഡിസി) സിഇഒ ആയിരുന്ന എനിക്കായിരുന്നു ഇന്ത്യയുടെ അടുത്ത ഘട്ട വ്യാവസായിക നഗരവത്കരണത്തിന് നേതൃത്വം നൽകാനുള്ള ചുമതല. ഇത്തരമൊരു പദ്ധതിക്ക് 150 ചതുരശ്ര കിലോമീറ്റർ മാറ്റിവയ്ക്കുന്നത് അപകടസാധ്യതയേറിയതും സങ്കീർണവുമാണെന്ന് ചൂണ്ടിക്കാട്ടി എല്ലാ മുഖ്യമന്ത്രിമാരും ആ നിർദേശം നിരസിച്ചു.

അങ്ങനെയിരിക്കെയാണ് ഞാൻ ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഓഫിസിലെത്തുന്നത്. എന്നെ ക്ഷമയോടെ കേട്ട നരേന്ദ്ര മോദി 5 മിനിറ്റോളം ചിന്തിച്ച ശേഷം പറഞ്ഞു:

"150 ചതുരശ്ര കിലോമീറ്റർ തീരെ ചെറുതാണ്. നിങ്ങൾ സ്വപ്നം കാണാനൊരുങ്ങുകയാണെങ്കിൽ, വലുതായിത്തന്നെ സ്വപ്നം കാണുക'.

മുഖ്യമന്ത്രി മോദി 750 ചതുരശ്ര കിലോമീറ്റർ സ്ഥലമാണ് വാഗ്ദാനം ചെയ്തത്. തുടർന്ന് 2009ഓടെ ഗുജറാത്ത് ഗവണ്‍മെന്‍റ് പ്രത്യേക നിക്ഷേപ മേഖല (എസ്ഐആർ) നിയമം പാസാക്കുകയും മാസ്റ്റർ പ്ലാനിനൊപ്പം ധോലേര എസ്ഐആർ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു.

ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ അദ്ദേഹത്തിന്‍റെ ചിന്തയുടെ വ്യാപ്തി എനിക്ക് ബോധ്യമായി. അദ്ദേഹത്തിന്‍റെ കാഴ്ചപ്പാട് വിശാലമായിരുന്നു. അദ്ദേഹം ഭൂമിയെ ഒരു പ്രതിബന്ധമായോ ഈ പദ്ധതിയെ ഒറ്റപ്പെട്ട ഇടപെടലായോ കണ്ടില്ല. മറിച്ച് ഗുജറാത്തിനും കാലക്രമേണ ഇന്ത്യയ്ക്കും വേണ്ടി പുതിയൊരു വളർച്ചായന്ത്രം നിർമിക്കാനുള്ള സാധ്യതയാണ് കണ്ടത്. ഔദ്യോഗിക ജീവിതത്തിൽ ഞാൻ കണ്ടുമുട്ടിയതില്‍ ഏറ്റവുമധികം ദീർഘവീക്ഷണവും പുരോഗമന ചിന്താഗതിയുമുള്ള നേതാക്കളിലൊരാളാണ് അദ്ദേഹം; ഇന്നും അങ്ങനെ തന്നെ തുടരുകയും ചെയ്യുന്നു.

തൊട്ടുപിന്നാലെ രണ്ട് വൈബ്രന്‍റ് ഗുജറാത്ത് ഉച്ചകോടികളിൽ പങ്കെടുത്ത എനിക്ക് വികസിതവും ചലനാത്മകവും ലോകോത്തരവുമായ ഒരു സംസ്ഥാനം കെട്ടിപ്പടുക്കാനുള്ള അദ്ദേഹത്തിന്‍റെ അചഞ്ചലമായ അഭിനിവേശം നേരിട്ട് കാണാനായി. ഗുജറാത്തിനെ ഇന്ത്യയിലെ ഏറ്റവും പുരോഗതി കൈവരിച്ച സംസ്ഥാനമാക്കി മാറ്റാനാഗ്രഹിച്ച അദ്ദേഹം കൃത്യമായ ആസൂത്രണത്തോടെയും ഊർജസ്വലതയോടെയും ആ ലക്ഷ്യത്തിന് പിന്നാലെ സഞ്ചരിച്ചു.

2014ഓടെ കേന്ദ്രത്തിൽ പുതിയ ഗവണ്‍മെന്‍റ് അധികാരത്തിൽ വരികയും മോദി പ്രധാനമന്ത്രിയായി മാറുകയും ചെയ്തു. വ്യാവസായിക നയ- പ്രോത്സാഹന വകുപ്പിന്‍റെ (ഡിഐപിപി) അന്നത്തെ സെക്രട്ടറിയെന്ന നിലയിൽ അദ്ദേഹത്തിന് മുന്നിൽ അവതരണം നടത്തിയ ആദ്യ ഉദ്യോഗസ്ഥരിൽ ഒരാളായിരുന്നു ഞാൻ. ലോക ബാങ്കിന്‍റെ ഈസ് ഓഫ് ഡൂയിങ് ബിസിനസ്' റാങ്കിങിൽ ഇന്ത്യ 142ാം സ്ഥാനത്താണെന്ന് കണ്ടപ്പോൾ നിരാശ പ്രകടിപ്പിച്ച അദ്ദേഹം ഒരു ഏകലക്ഷ്യത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ ഞങ്ങളോട് ആവശ്യപ്പെട്ടു- പൗരന്മാർക്കും വ്യാപാര സംരംഭങ്ങള്‍ക്കും ഇന്ത്യയെ കൂടുതൽ സുഗമവും ലളിതവും കാര്യക്ഷമവുമാക്കി മാറ്റുക എന്നതായിരുന്നു ആ ലക്ഷ്യം.

അങ്ങനെയാണ് വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലും കഠിന പ്രയത്നം ആരംഭിച്ചത്. പാപ്പരത്ത നിയമം, ചരക്കുസേവന നികുതി (ജിഎസ്ടി), കാലഹരണപ്പെട്ട നിയമങ്ങളും ചട്ടങ്ങളും നടപടിക്രമങ്ങളും ഒഴിവാക്കൽ എന്നിവയിലെല്ലാം ഞങ്ങൾ ഒന്നിച്ചു പ്രവർത്തിച്ചു. വകുപ്പുകളുടെ പരമ്പരാഗത മനോഭാവം മാറ്റിയെടുക്കുക പ്രയാസമായിരുന്നു. എങ്കിലും ഞങ്ങൾ ഉറച്ചുനിന്നു; ഒടുവിൽ വിജയിക്കുകയും ചെയ്തു. കാരണം, പ്രധാനമന്ത്രി തന്നെയായിരുന്നു ഏറ്റവും മുകളിൽനിന്ന് ഈ പരിശ്രമങ്ങൾക്ക് നേതൃത്വം നൽകിയത്. ഒടുവിൽ റാങ്കിങിൽ ഇന്ത്യ 79 സ്ഥാനങ്ങൾ മുന്നിലെത്തി.

തുടര്‍ന്ന് "മെയ്ക്ക് ഇൻ ഇന്ത്യ'യെക്കുറിച്ച് പ്രധാനമന്ത്രിക്ക് മുന്നിൽ ഞങ്ങള്‍ നിരവധി അവതരണങ്ങൾ നടത്തി. ഇന്ത്യ ഒരു നിര്‍മാണ രാഷ്‌ട്രമായി മാറണമെങ്കിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും സമൃദ്ധി കൈവരിക്കുകയും ഉയർന്ന വളർച്ച നിലനിർത്തുകയും വേണമെന്ന കാര്യത്തില്‍ അദ്ദേഹത്തിന് നിശ്ചയദാര്‍ഢ്യമുണ്ടായിരുന്നു. ആ വിശ്വാസത്തിൽ നിന്നാണ് "മെയ്ക്ക് ഇൻ ഇന്ത്യ' ദൗത്യത്തിന് തുടക്കം കുറിച്ചത്. ഇന്ന് ആ കാഴ്ചപ്പാട് വിവിധ മേഖലകളിലെ വൻകിട നിർമാണ ശേഷിയായി വികസിച്ചിരിക്കുന്നു- ആഗോളതലത്തിൽ രണ്ടാം സ്ഥാനത്തുള്ള മൊബൈൽ ഫോണുകളും ഇലക്‌ട്രോണിക്സും മുതൽ വാഹനങ്ങള്‍, ഇലക്‌ട്രിക് വാഹനങ്ങൾ, ഔഷധങ്ങൾ, പ്രതിരോധ ഉപകരണങ്ങൾ, സൗരോര്‍ജ സംവിധാനങ്ങള്‍, ടെലികമ്യൂണിക്കേഷൻ, എൻജിനീയറിങ് ഉത്പന്നങ്ങൾ എന്നിവയിലെല്ലാം ആ മുന്നേറ്റം കാണാം.

യുവാക്കളെ സംരംഭകരാക്കി മാറ്റുന്നതിലും അദ്ദേഹം അത്രതന്നെ നിശ്ചയദാര്‍ഢ്യം പുലര്‍ത്തിയിരുന്നു. "സ്റ്റാർട്ടപ്പ് ഇന്ത്യ' പ്രസ്ഥാനം ആരംഭിക്കുമ്പോൾ രാജ്യത്ത് 356 അംഗീകൃത സ്റ്റാർട്ടപ്പുകൾ മാത്രമാണുണ്ടായിരുന്നത്. ഇന്ന് ആ സംഖ്യ മൂന്നുലക്ഷം കടന്നിരിക്കുന്നു. പദ്ധതിയുടെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി ഒരു ദിവസം മുഴുവൻ ചെലവഴിച്ചത് യുവ സംരംഭകരുമായി സംവദിക്കാനായിരുന്നു; അവരുടെ ആശയങ്ങൾ കേൾക്കാനും ഉത്കണ്ഠകൾ മനസിലാക്കാനും പരമ്പരാഗത പരിമിതികൾക്കപ്പുറം ചിന്തിക്കാൻ അവരെ പ്രോത്സാഹിപ്പിക്കാനുമായിരുന്നു അത്. അന്നുമുതൽ ഇന്നുവരെ അദ്ദേഹം സ്റ്റാർട്ടപ്പുകളുമായി നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്നു. പ്രശ്നങ്ങൾ പരിഹരിക്കാനും അപകടസാധ്യതകൾ ഏറ്റെടുക്കാനും സ്വന്തം നിലപാടുകളിൽ ഭാവി കെട്ടിപ്പടുക്കാനുമുള്ള ആത്മവിശ്വാസം യുവ ഇന്ത്യക്കാർക്ക് പകരാന്‍ സംരംഭകത്വത്തിന് സാധിക്കുമെന്ന് അദ്ദേഹം തിരിച്ചറിയുന്നു.

മോദിയെ സംബന്ധിച്ചിടത്തോളം സാധ്യമെന്ന് കരുതുന്നതിന് ആകാശം പോലും പരിധിയല്ല. അത്യാധുനിക സാങ്കേതികവിദ്യകളെ വേഗത്തിൽ ഉൾക്കൊള്ളാനും അവയുമായി ക്രിയാത്മകമായി ഇടപെടാനും ശ്രദ്ധേയമായ കഴിവുള്ള, സാങ്കേതിക വിദ്യയിൽ ഏറെ അവഗാഹമുള്ള നേതാക്കളിലൊരാളാണ് അദ്ദേഹം. വളർച്ചയുടെ പുതുമേഖലകളിൽ ഇന്ത്യൻ സംരംഭകർക്ക് മുന്നേറാൻ നയപരവും സ്ഥാപനപരവുമായ അനുയോജ്യ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതില്‍ പുത്തൻ സാങ്കേതികവിദ്യകളിലെ അദ്ദേഹത്തിന്‍റെ വിശ്വാസം എന്നും നിലകൊണ്ടു. നിര്‍മിത ബുദ്ധി, ക്വാണ്ടം കംപ്യൂട്ടിങ്, ജിയോസ്പേഷ്യൽ സാങ്കേതികവിദ്യ, ഡ്രോണുകൾ, പ്രതിരോധം, ബഹിരാകാശ പര്യവേഷണം എന്നിവയിൽ അദ്ദേഹത്തിന് കീഴിൽ ഇന്ത്യ വൻ അവസരങ്ങൾ സൃഷ്ടിച്ചു. ചന്ദ്രയാൻ-3, ആദിത്യ എൽ1 എന്നിവയുൾപ്പെടെ ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങളുടെ വിജയത്തിനൊപ്പം സജീവ സ്വകാര്യ ബഹിരാകാശ ആവാസ വ്യവസ്ഥയുടെ ആവിർഭാവവുമുണ്ടായി. ഇതിന് സമാന്തരമായി ഇന്ത്യയുടെ "ഇന്ത്യ എ.ഐ മിഷനും' "ദേശീയ ക്വാണ്ടം മിഷനും' നിർമിത ബുദ്ധിയിലും ക്വാണ്ടം സാങ്കേതികവിദ്യകളിലും തദ്ദേശീയ ശേഷികൾ വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. സാങ്കേതികവിദ്യയുടെ മുൻനിരയിൽ മത്സരിക്കാനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഗവേഷണ ആവാസവ്യവസ്ഥയും പ്രതിഭകളും ഇതിലൂടെ ഇന്ത്യ കൈവരിക്കുന്നു. "ദേശീയ ഹരിത ഹൈഡ്രജൻ മിഷൻ' പോലുള്ള സംരംഭങ്ങളിലൂടെ സുസ്ഥിരതയിലെ ഇന്ത്യയുടെ നേതൃത്വം രാജ്യത്തിന്‍റെ വികസനവും വ്യാവസായിക വളർച്ചയും ഭൂമിയുടെ നിലനിൽപ്പിന് കോട്ടം വരുത്തുന്നില്ലെന്ന് ഉറപ്പാക്കുന്നു.

ഡിജിറ്റൽ പണമിടപാട് രംഗത്തേക്ക് നടത്തിയ അഭൂതപൂർവമായ കുതിപ്പാണ് നിരവധി ഇന്ത്യക്കാരുടെ സംരംഭകത്വ കാഴ്ചപ്പാടുകള്‍ യാഥാർഥ്യമാക്കിയത്. ഒരു പതിറ്റാണ്ട് മുൻപ് വരെ ദൈനംദിന ഇടപാടുകളിൽ പണവും സങ്കീർണമായ കാർഡുകളുമായിരുന്നു. മന്ദഗതിയിലായിരുന്ന ഡിജിറ്റൽ ഇടപാടുകള്‍ അന്ന് ചെലവേറിയതും ഭൂരിഭാഗം ചെറുകിട വ്യാപാരികൾക്കും ആദ്യമായി സ്മാർട്ട്‌ഫോൺ ഉപയോഗിക്കുന്നവർക്കും അപ്രാപ്യവുമായിരുന്നു. സമഗ്രവും സംഘടിതവുമായ പ്രയത്നമാണ് ഇതിൽ മാറ്റം കൊണ്ടുവന്നത്. കറൻസി ഉപയോഗം കുറഞ്ഞ സമ്പദ്‌വ്യവസ്ഥയ്ക്കു വേണ്ടി പ്രധാനമന്ത്രി നിലകൊണ്ടു; റിസർവ് ബാങ്ക് ഇതിനായി നിയന്ത്രണ ചട്ടക്കൂട് ശക്തിപ്പെടുത്തി; നാഷണല്‍ പേയ്മെന്‍റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ യുപിഐ സംവിധാനം പുറത്തിറക്കി; ബാങ്കുകൾ, ഫിൻടെക് കമ്പനികൾ, ടെലികോം സ്ഥാപനങ്ങൾ, വ്യാപാരികൾ എന്നിവർ ചേർന്ന് പരസ്പരം ബന്ധിപ്പിക്കാവുന്ന സ്വതന്ത്ര പണമിടപാട് ശൃംഖലയൊരുക്കി. 100 ദിവസത്തിനകം 100 ഡിജിറ്റൽ മേളകൾ സംഘടിപ്പിക്കാനുള്ള പ്രധാനമന്ത്രിയുടെ വെല്ലുവിളിയുടെ അടിസ്ഥാനത്തില്‍ നടത്തിയ വലിയ പരിശ്രമമാണ് യുപിഐയുടെ വിസ്മയ വളർച്ചയ്ക്ക് ചാലകശക്തിയായി മാറിയത്. 2016–17 സാമ്പത്തിക വർഷം വെറും 1.78 കോടി യുപിഐ ഇടപാടുകൾ നടന്ന സ്ഥാനത്ത് ഇന്ന് ഈ സംവിധാനം പ്രതിവർഷം 24,000 കോടിയിലധികം ഇടപാടുകളാണ് കൈകാര്യം ചെയ്യുന്നത്- ഇടപാടുകളുടെ എണ്ണത്തിൽ 13,000 മടങ്ങിലേറെയും മൂല്യത്തിൽ 4,000 മടങ്ങും വർധന. മറ്റിടങ്ങളില്‍ 50 വർഷം കൊണ്ട് സംഭവിക്കുമായിരുന്ന നേട്ടമാണ് ഇന്ത്യ കേവലം 7 വർഷം കൊണ്ട് കൈവരിച്ചത്.

2016ഓടെ ഞാന്‍ ഇന്ത്യയുടെ പരമോന്നത നയരൂപീകരണ സ്ഥാപനമായ നിതി ആയോഗിന്‍റെ തലപ്പത്തെത്തി. ഒരു കേന്ദ്ര മന്ത്രിസഭാ യോഗത്തിനിടെ പ്രധാനമന്ത്രി മോദി എന്നെ പ്രത്യേകം വിളിച്ച് സംസാരിക്കുകയും ഏറ്റവും പിന്നാക്ക ജില്ലകളിൽ പ്രവർത്തനമാരംഭിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. സങ്കീർണമായ പ്രശ്നങ്ങൾ ആദ്യം പരിഹരിക്കാനും സമൂഹത്തില്‍ അവസാനത്തെ വ്യക്തിയിലേക്ക് വരെ വികസനമെത്തുന്നുവെന്ന് ഉറപ്പാക്കാനുമായിരുന്നു അദ്ദേഹം ആഗ്രഹിച്ചത്. ആ സംഭാഷണമാണ് "അഭിലഷണീയ ജില്ലാകൾ - ആസ്പിരേഷണൽ ഡിസ്ട്രിക്റ്റ് ' പരിപാടിയിലേക്ക് വഴിതുറന്നത്; തത്സമയ വിവര ശേഖരണത്തിലും നിര്‍ണായക ഫലങ്ങളിലും യുവ ഉദ്യോഗസ്ഥരുടെ കരുത്തിലും പ്രധാനമന്ത്രി പുലര്‍ത്തുന്ന അടിയുറച്ച വിശ്വാസമാണ് ഈ പദ്ധതിയിലൂടെ ഞാൻ കണ്ടത്. ഈ ജില്ലകളെ പരിവർത്തനം ചെയ്യുന്നത് ഇന്ത്യയെത്തന്നെ മാറ്റും എന്നതിൽ അദ്ദേഹത്തിന് ബോധ്യമുണ്ടായിരുന്നു. കൂടാതെ, അദ്ദേഹം തന്നെയാണ് "ആസ്പിരേഷണൽ' എന്ന പദം നിർദേശിച്ചതും. കുറവുകളുടെ അടിസ്ഥാനത്തിലല്ല, മറിച്ച് അവര്‍ക്ക് എന്തൊക്കെ നേട്ടങ്ങള്‍ കൈവരിക്കാനാവുമോ അതുകൊണ്ടായിരിക്കണം ഈ ജില്ലകൾ അടയാളപ്പെടുത്തപ്പെടേണ്ടത് എന്ന് അദ്ദേഹം ആഗ്രഹിച്ചു.

ഫലങ്ങൾ അദ്ദേഹത്തിന്‍റെ ഉൾക്കാഴ്ചയെ ശരിവച്ചു. ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, സാമ്പത്തിക ഉൾച്ചേർക്കൽ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിലുടനീളം ഈ ജില്ലകൾ പ്രവർത്തനം മെച്ചപ്പെടുത്താൻ തുടങ്ങി. പല സൂചികകളിലും രാജ്യത്തെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന മറ്റ് ജില്ലകളെപ്പോലും അവ മറികടന്നു. പദ്ധതിയെ നിരീക്ഷിച്ചുകൊണ്ടിരുന്ന പ്രധാനമന്ത്രി താഴേത്തട്ടിലെ യഥാർഥ ഫലങ്ങളിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നിര്‍ദേശിച്ചു.

അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചതിൽ എനിക്ക് ലഭിച്ച ഏറ്റവും വലിയ പാഠങ്ങളിലൊന്ന് അടിസ്ഥാന സൗകര്യ മേഖലകളിൽ അദ്ദേഹം നടത്തിയ അവലോകനങ്ങളായിരുന്നു. കാര്യങ്ങൾ കൃത്യമായി പഠിച്ചുവരാനും വിവിധ മന്ത്രാലയങ്ങളുടെ പ്രവർത്തനങ്ങൾ വിലയിരുത്തി വിശദമായ അവതരണങ്ങൾ നടത്താനും നിതി ആയോഗിനോട് ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രി എപ്പോഴും കാര്യങ്ങൾ ശ്രദ്ധാപൂർവം കേൾക്കുകയും വിവരങ്ങൾ ഉൾക്കൊള്ളുകയും തുടർന്ന് പല ചുവടുകൾ മുന്നിൽ കണ്ട് ചിന്തിക്കുകയും ചെയ്യുമായിരുന്നു. കാര്യങ്ങളുടെ മർമമറിഞ്ഞായിരുന്നു അദ്ദേഹത്തിന്‍റെ ചോദ്യങ്ങൾ. ഒരു പദ്ധതിയെ തടസപ്പെടുത്തുന്നത് എന്താണെന്നും ആരാണ് അതിന് ഉത്തരവാദിയെന്നും ഉടനടി എന്തെല്ലാം ചെയ്യാൻ കഴിയുമെന്നും ഇതേ പ്രശ്നം മറ്റെവിടെയെങ്കിലും ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ എന്തുചെയ്യണമെന്നും അദ്ദേഹം കൃത്യമായി ചോദിച്ചറിഞ്ഞിരുന്നു.

പ്രഗതി പ്ലാറ്റ്‌ഫോമിലൂടെ ചീഫ് സെക്രട്ടറിമാരുമായി അദ്ദേഹം നടത്തിയ വെർച്വൽ അവലോകനങ്ങളുടെയും പിഎം ഗതിശക്തി വഴി സംയോജിതവും വിവരധിഷ്ഠിതവുമായ അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കിയതിന്‍റെയും ഫലമായി പദ്ധതികൾക്ക് അതിവേഗ അനുമതികൾ ലഭിച്ചു. ഭൂമി ഏറ്റെടുക്കൽ പ്രശ്നങ്ങൾ പരിഹരിക്കപ്പെടാനും പദ്ധതികളില്‍ സാധ്യതയുള്ള തടസങ്ങൾ പ്രതിസന്ധികളായി മാറുന്നതിന് മുൻപ് തന്നെ തിരിച്ചറിയപ്പെടാനും ഇത് സഹായിച്ചു. ഉത്പാദന ബന്ധിത പ്രോത്സാഹന (പിഎല്‍ഐ) പദ്ധതി കൂടി ചേർന്നതോടെ അടിസ്ഥാന സൗകര്യങ്ങളുടെയും നിർമാണ ശേഷിയുടെയും സജീവ വിപുലീകരണമെന്ന നിലയിലേക്ക് ഈ മുന്നേറ്റത്തെ മാറ്റാൻ ഇന്ത്യക്കു സാധിച്ചു.

വർഷങ്ങളായി അദ്ദേഹത്തിന് മുന്നിൽ ഒരു പക്ഷേ മറ്റേത് ഉദ്യോഗസ്ഥനെക്കാള്‍ കൂടുതൽ അവതരണങ്ങൾ നടത്താൻ കഴിഞ്ഞത് ഒരു സുകൃതമായി ഞാൻ കാണുന്നു. ബൗദ്ധികമായ ആഴത്തിന്‍റെയും അച്ചടക്കത്തിന്‍റെയും ജിജ്ഞാസയുടെയും ചേരുവയാണ് ഓരോ കൂടിക്കാഴ്ചയിലും എനിക്ക് കാണാനായത്. ഒപ്പം, അധികമാരും ചർച്ച ചെയ്യാത്ത മറ്റൊരു കാര്യം കൂടി ഞാൻ ശ്രദ്ധിച്ചു; അസാധാരണമാം വിധം ക്ഷമയോടെ കേട്ടിരിക്കുന്ന ഒരാളാണ് മോദി. ആരെയും നിശബ്ദരാക്കാതെ ഒരു മുറിയെ മുഴുവൻ നിയന്ത്രിക്കാൻ അദ്ദേഹത്തിന് സാധിക്കും. യോഗങ്ങളിൽ സ്വന്തം അഭിപ്രായങ്ങൾ പറയുന്നതിന് മുൻപ് മറ്റുള്ളവരുടെ കാഴ്ചപ്പാടുകള്‍ അദ്ദേഹം പൂർണമായി ഉൾക്കൊള്ളുന്നു. ഇന്ത്യയുടെ ജി-20 ഷെർപ്പയായി പ്രവർത്തിച്ച കാലയളവിൽ അദ്ദേഹത്തിൽ കണ്ട ആ ശീലം പകർത്താൻ ഞാൻ ശ്രമിച്ചിരുന്നു- ഇടപെടും മുൻപ് യോഗത്തിന്‍റെ ഭൂരിഭാഗം സമയവും മറ്റുള്ളവരെ ശ്രദ്ധാപൂർവം കേൾക്കുക എന്ന ശീലം.

നിതി ആയോഗിൽ നിന്ന് പടിയിറങ്ങുമ്പോൾ നന്ദി അറിയിക്കാനാണ് ഞാൻ പ്രധാനമന്ത്രിയെ കാണാൻ ചെന്നത്. എന്നാൽ അതിന് പകരം ഇന്ത്യയുടെ ജി-20 ഷെർപ്പ ചുമതല ഏറ്റെടുക്കാൻ അദ്ദേഹം ആവശ്യപ്പെട്ടതോടെ എന്‍റെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ചുമതലയിലേക്ക് ഞാനെത്തി. ലോകം കടുത്ത ഭിന്നതയിലായിരുന്നു; ഭൗമരാഷ്‌ട്രീയ സംഘർഷങ്ങൾ ഉച്ചസ്ഥായിയിലായിരുന്നു; ഒരു സമവായത്തിലെത്തുക എന്നത് ഏതാണ്ട് അസാധ്യമായി തോന്നിയിരുന്നു. എങ്കിലും, രാജ്യങ്ങളെ ഒന്നിപ്പിക്കാൻ ഇന്ത്യയ്ക്കു കഴിയുമെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു.

ആ നിശ്ചയദാര്‍ഢ്യത്തിന്‍റെ കരുത്തിലാണ് "ന്യൂഡൽഹി ലീഡേഴ്സ് ഡിക്ലറേഷൻ' രൂപകല്പന ചെയ്തതും ഐകകണ്ഠേന പാസായതും. ചര്‍ച്ചകള്‍ പലപ്പോഴും ശ്രമകരവും സമ്മര്‍ദമുണ്ടാക്കുന്നതുമായിരുന്നു. അർധരാത്രികൾ നീണ്ട ആ പ്രയത്നങ്ങളിലെല്ലാം നേതൃത്വത്തിൽ നിന്ന് മാതൃകയായി മുന്നിൽ കണ്ട ക്ഷമയും മനസാന്നിധ്യവും ഞങ്ങൾ തുടർന്നു. കടുത്ത സമ്മർദങ്ങൾക്കിടയിലും പ്രധാനമന്ത്രി ശബ്ദമുയർത്തുന്നതോ അദ്ദേഹത്തിന്‍റെ സംയമനം നഷ്ടപ്പെടുന്നതോ ഞാൻ ഒരിക്കലും കണ്ടിട്ടില്ല. ആത്മസംയമനത്തിലാണ് അദ്ദേഹത്തിന്‍റെ കരുത്ത്; പ്രധാനമന്ത്രിയുടെ ശുഭാപ്തിവിശ്വാസം ഒപ്പം പ്രവർത്തിക്കുന്നവർക്ക് സ്വന്തം തത്വങ്ങളിൽ ഉറച്ചുനിൽക്കാന്‍ ധൈര്യം പകരുന്നു.

പ്രധാനമന്ത്രി മോദിക്കൊപ്പം പ്രവർത്തിച്ചത് നേതൃത്വത്തെക്കുറിച്ചുള്ള എന്‍റെ ധാരണകളെ അടിമുടി മാറ്റിമറിച്ചു. വിശാലമായി ചിന്തിക്കാനും ആഴത്തിൽ കേൾക്കാനും സമ്മർദങ്ങൾക്കിടയില്‍ ശാന്തത പാലിക്കാനും സാഹചര്യങ്ങൾ പ്രതികൂലമായി തോന്നുമ്പോള്‍ പുരോഗതിയുടെ സാധ്യതകളിൽ മുറുകെപ്പിടിക്കാനും അദ്ദേഹത്തിൽ നിന്ന് ഞാന്‍ പഠിച്ചു. നിലവിലില്ലാത്ത ഒന്നിനെ സങ്കൽപ്പിക്കാനും തുടർന്ന് ആ സങ്കൽപ്പത്തിന് പിന്നിൽ ഭരണകൂടത്തിന്‍റെയും ഭരണ സംവിധാനത്തിന്‍റെയും രാജ്യത്തിന്‍റെയും മുഴുവൻ ശക്തിയും അണിനിരത്താനും ഒരു നേതാവ് തയാറാകണമെന്ന് ഞാൻ തിരിച്ചറിഞ്ഞു.

150 ചതുരശ്ര കിലോമീറ്ററിനെക്കുറിച്ചുള്ള സംഭാഷണത്തോടെയാണ് അദ്ദേഹവുമായി എന്‍റെ ബന്ധം ആരംഭിച്ചത്. ആധുനിക ഇന്ത്യയിലെ ഏറ്റവും നിർണായകമായ ചില പരിവർത്തനങ്ങളിലൂടെ അത് തുടർന്നു; പദ്ധതികളും ദൗത്യങ്ങളും വളരെ പ്രാധാന്യമർഹിക്കുന്നവയാണെങ്കിലും ഇന്ത്യയെ പൂർണമായി ഒരു വികസിത സമ്പദ്‌വ്യവസ്ഥയാക്കി മാറ്റുക എന്നതും സര്‍വോപരി ഓരോ ഇന്ത്യക്കാരന്‍റെയും ജീവിതം മെച്ചപ്പെടുത്തുക എന്നതും സുപ്രധാന ലക്ഷ്യമായി കാണുന്ന ഒരു നേതാവിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞ അനുഭവമാണ് ഞാൻ ഹൃദയത്തോട് ചേർത്തുവയ്ക്കുന്നത്.

(ഇന്ത്യൻ ജി20 മുൻ ഷെർപ്പയും നിതി ആയോഗ് മുൻ സിഇഒയും വ്യാവസായിക നയ പ്രോത്സാഹന വകുപ്പ് മുൻ സെക്രട്ടറിയുമായ ലേഖകൻ, കേരളത്തിൽ കോഴിക്കോട് കലക്റ്റർ, ടൂറിസം സെക്രട്ടറി അടക്കം ഒട്ടേറെ സുപ്രധാന പദവികൾ വഹിച്ചിട്ടുണ്ട്)

logo
Metro Vaartha
www.metrovaartha.com