
രാസവളം കിട്ടാനില്ല; കാർഷിക മേഖലയിൽ പ്രതിസന്ധി
ബിസിനസ് ലേഖകൻ
കൊച്ചി: രാസവള ക്ഷാമവും വിലക്കയറ്റവും രാജ്യത്തെ കാര്‍ഷിക മേഖലയ്ക്ക് പുതിയ വെല്ലുവിളി സൃഷ്ടിക്കുന്നു. കാലവര്‍ഷത്തിന്‍റെ ലഭ്യത ഇത്തവണ ഗണ്യമായി ഉയര്‍ന്നതോടെ ഗ്രാമീണ കാര്‍ഷിക മേഖലകളില്‍ രാസവള ഉപയോഗം കുത്തനെ കൂടുകയാണ്. ഇതോടൊപ്പം കഴിഞ്ഞ വര്‍ഷങ്ങളില്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ മികച്ച വില ലഭിച്ചതോടെ കൃഷിയോടുള്ള താത്പര്യം കൂടുന്നതും രാസവളത്തിന് ആവശ്യം വർധിപ്പിക്കുകയാണ്.
റബര്‍, നാളികേരം, കുരുമുളക്, ഏലം തുടങ്ങിയവയുടെ വില കുതിച്ചുയര്‍ന്നതോടെ കേരളത്തിലും രാസവളങ്ങള്‍ക്ക് ആവശ്യമേറുകയാണെന്ന് രാസവള വ്യാപാരികള്‍ പറയുന്നു. എന്നാല്‍ വിപണിയിലെ ആവശ്യം പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ രാസവളം ലഭ്യമാക്കാന്‍ കമ്പനികള്‍ക്ക് കഴിയുന്നില്ല. രാജ്യത്തെ നാണയപ്പെരുപ്പം ആറ് വര്‍ഷത്തിനിടെയിലെ താഴ്ന്ന തലത്തിലെത്തിയതിന്‍റെ ആവേശം കെടുത്താന്‍ വളം വിലയിലെ വർധന കാരണമാകുമെന്ന ആശങ്ക ശക്തമാണ്. ഉത്പാദന ചെലവേറുന്നതോടെ ഭക്ഷ്യ ഉത്പന്നങ്ങളുടെ വില ഉയര്‍ത്താന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാകുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
രാസവളങ്ങളുടെ കയറ്റുമതിക്ക് ചൈനയും ഇസ്രയേലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതാണ് വിപണിയെ പ്രതിസന്ധിയിലാക്കിയത്. ഇന്ത്യന്‍ കാര്‍ഷിക മേഖലയില്‍ വ്യാപകമായി ഉപയോഗിക്കുന്ന യൂറിയ, ഡൈ അമോണിയം ഫോസ്ഫേറ്റ് (ഡിഎപി) തുടങ്ങിയ രാസവളങ്ങളുടെ കയറ്റുമതിക്ക് ചൈന അപ്രഖ്യാപിത വിലക്കേര്‍പ്പെടുത്തിയിരുന്നു. മറ്റൊരു പ്രധാന കയറ്റുമതിക്കാരായ ഇസ്രയേലിലെ യുദ്ധമാണ് ഇറക്കുമതിക്ക് തിരിച്ചടിയായത്.
ലോകത്ത് ഏറ്റവും കൂടുതല്‍ ഡിഎപി ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. യൂറിയ കഴിഞ്ഞാല്‍ ഇന്ത്യയില്‍ വ്യാപകമായി ഉപയോഗിക്കുന്ന ഡൈ അമോണിയം പോസ്ഫേറ്റ് ചൈനയില്‍ നിന്നാണ് എത്തുന്നത്. പഴങ്ങളും പച്ചക്കറികളും പോലുള്ള തോട്ടവിളകള്‍ക്ക് അനിവാര്യമായ സ്പെഷ്യാലിറ്റി വളങ്ങളുടെ എണ്‍പത് ശതമാനവും ചൈനയില്‍ നിന്നാണ് വരുന്നത്.
ഖാരിഫ് സീസണ്‍ (ജൂണ്‍- ജൂലൈ) ആരംഭിച്ചതോടെ ഡിഎപിയുടെയും സ്പെഷ്യാലിറ്റി വളങ്ങളുടെയും ക്ഷാമം രൂക്ഷമായി. ഇതോടെയാണ് ഇന്ത്യയില്‍ എല്ലാത്തരം രാസവളങ്ങള്‍ക്കും വില കുത്തനെ കൂടുന്നത്.
ഇതിനിടെ രാസവളങ്ങളുടെ ക്ഷാമവും വിലക്കയറ്റവും നേരിടാന്‍ ഇന്ത്യന്‍ കമ്പനികള്‍ യൂറോപ്പ്, റഷ്യ, പശ്ചിമേഷ്യ തുടങ്ങിയ മേഖലകളില്‍ നിന്ന് രാസവളങ്ങള്‍ ഇറക്കുമതി നടത്താന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. വിപണിയില്‍ വളം ക്ഷാമവും വിലക്കയറ്റവും രൂക്ഷമാകുമ്പോഴും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ വിപണി ഇടപെടലിന് തയ്യാറാകുന്നില്ലെന്ന് കര്‍ഷകര്‍ കുറ്റപ്പെടുത്തുന്നു.