
Imthiyas Aboobacker
നമിത മോഹനൻ
ധൈര്യമുള്ളവരെ ഭാഗ്യം പിന്തുണയ്ക്കുമെന്നു പറയാറുണ്ട്. കഴിവുള്ളവർ കഠിനാധ്വാനം ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകുമെന്നാണ് ഇംതിയാസ് അബൂബക്കറിന്‍റെ ജീവിതവും നമ്മളെ പഠിപ്പിക്കുന്നത്. കഷ്ടപ്പാടുകൾ നീന്തിക്കയറി ലോകമറിയുന്ന കലാകാരനായി വളർന്ന ഒരു മനുഷ്യൻ, തന്‍റെ വിരലുകൾ കൊണ്ട് ലോകത്തോടു സംസാരിച്ച് ഈ ഭൂമിയിൽ തന്‍റേതായ ഒരിടം കുറിച്ചിട്ടയാൾ... ഫിംഗർ ഡാൻസറായ ഇംതിയാസിനെക്കുറിച്ച് പറഞ്ഞു തുടങ്ങിയാൽ തീരാത്തത്ര വിശേഷണങ്ങളുണ്ട്....
ഇന്ന് മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിൽ സിനിമ മേഖലയിൽ സുപ്രധാന പങ്കുവഹിക്കുന്ന നൃത്ത സംവിധായകനാണ് ഇംതിയാസ്. ഇന്ത്യയിൽ ഫിംഗർ ഡാൻസിന്‍റെ തുടക്കക്കാരൻ, മൂന്ന് ലോക റെക്കോഡുകൾക്ക് ഉടമ, എട്ട് ദേശീയ റെക്കോഡുകൾ സ്വന്തം, ഏഷ്യൻ ബുക്ക് ഓഫ് റെക്കോഡ്സിലും ഇടം. അങ്ങനെ വലിയ നേട്ടത്തിന്‍റെ കഥകളാണ് ഇംതിയാസ് അബൂബക്കറിന്‍റെ കരിയർ.
സാധാരണ കുടുംബത്തിൽ ജനിച്ചുവളർന്ന് നൃത്തം എന്ന കലാരൂപത്തോടു തോന്നിയ ഇഷ്ടം കൊണ്ടു മാത്രം പണത്തിന്‍റെയോ പ്രതാപത്തിന്‍റെയോ പിൻബലമില്ലാതെ ജീവിത വിജയം നേടിയ ഇംതിയാസ്, നിലവിൽ അൻപതോളം സിനിമകളിലും നിരവധി ആൽബങ്ങളിലും കൊറിയോഗ്രാഫറായി പ്രവർത്തിച്ചുകഴിഞ്ഞു.
നൃത്തത്തിന്‍റെ ലോകത്തേക്ക്
മാസ്റ്റേഴ്സായ ബന്ധുക്കളുടെ അടുത്തു നിന്നാണ് നൃത്തം പഠിക്കുന്നത്. പ്രീഡിഗ്രി (പ്ലസ് ടു) കഴിഞ്ഞാണ് താൻ നൃത്ത മേഖലയിലേക്ക് കടക്കുന്നതെന്ന് ഇംതിയാസ് പറയുന്നു. പിന്നീട് കൊച്ചിയിലൊരു ഡാൻസ് ട്രൂപ്പ് സ്ഥാപിച്ചിരുന്നു. അവിടെ നിന്നു വിവിധ സ്കൂളുകളിൽ കോറിയോഗ്രാഫറായി ജോലിചെയ്തു വരുകയായിരുന്നു. ഇതിനിടെ പ്രൈം ടൈം എന്ന കമ്പനിയിൽ ജോലിക്കു ചേർന്നു. ആ സമയത്താണ് ഒരു ഇന്‍റർനാഷണൽ കമ്പനിയായ പാഷ ഘോഷ പ്രൊഡക്ഷൻസ് കൊച്ചിയിലേക്കെത്തുന്നത്. അവരുടെ ഭാരതി എന്ന പരിപാടിക്കു വേണ്ടി ഡാൻസർമാരെ കണ്ടെത്തുകയായിരുന്നു ലക്ഷ്യം.
അന്ന് ആ പരിപാടിയുടെ ഇവന്‍റ് മാനെജ്മെന്‍റ് വർക്കുകൾ ചെയ്തിരുന്നത് പ്രൈം ടൈം ആയിരുന്നു. അങ്ങനെ ആ ടീമിന്‍റെ ഭാഗമായി പ്രവർത്തിക്കുമ്പോഴാണ് ഒരു ദിവസം തന്‍റെ ഡാൻസ് ഭാരതിയുടെ സംഘാടകർ കാണുകയും തന്നെ പരിപാടിയിലേക്ക് തെരഞ്ഞെടുക്കുകയും ചെയ്തതെന്ന് ഇംതിയാസ്. അവിടെനിന്നങ്ങോട്ട് സ്വപ്നം കാണും പോലൊരു ജീവിതമായിരുന്നു. നിരവധി രാജ്യങ്ങൾ സന്ദർശിച്ചു, ജീവിത നിലവാരം മാറി... ഡാൻസിനെക്കുറിച്ച് കൂടുതൽ അറിയുകയും പഠിക്കുകയും ചെയ്തു.
ബാക്ക്ഗ്രൗണ്ട് ഡാൻസറായാണ് സിനിമയിലെ തുടക്കം. പിന്നീട് അസിസ്റ്റന്‍റായി, കൊറിയോഗ്രാഫറായി, അസോസിയേറ്റ് ഡയറക്‌റ്ററായി, പിന്നീട് ഡയറക്ഷനിലേക്കും കടന്നു... ഇങ്ങനെ നീളുന്നു സിനിമാ വിശേഷങ്ങൾ.
ഫിംഗർ ഡാൻസിലേക്ക്
തിരക്കുകളുടെ ഇടവേളയിൽ നാട്ടിലെത്തിയപ്പോഴാണ് തന്നെ നാട്ടുകാർക്കൊന്നും അത്ര പരിചയമില്ലെന്ന് ഇംതിയാസിനു മനസിലാവുന്നത്. അങ്ങനെയായാൽ ശരിയാവില്ലല്ലോ എന്നു ചിന്തിച്ച് പുതിയ എന്തെങ്കിലുമൊന്ന് തുടങ്ങണമെന്നാലോചിച്ച് ഇരിക്കുമ്പോളാണ്, എന്തുകൊണ്ട് ഫിംഗർ ഡാൻസ് പരീക്ഷിച്ചു കൂടാ എന്ന ചിന്തയുണ്ടാകുന്നത്. അങ്ങനെയാണ് ആദ്യമായി ഫിംഗർ ഡാൻസ് പരീക്ഷിക്കുന്നത്. ആറു സുന്ദരികളുടെ കഥ എന്ന സിനിമയിലായിരുന്നു ആദ്യ പരീക്ഷണം. പിന്നീടങ്ങോട്ട് നിരവധി സിനിമകളുടെ ഭാഗമായി.
കാണുന്നത്ര എളുപ്പമല്ല ഫിംഗർ ഡാൻസ്
കാണുന്നവർക്ക് വിരലിന്‍റെ ചലനം ഈസിയായി തോന്നും. പക്ഷേ, സാധാരണ നൃത്തം ചെയ്യുന്നതിന്‍റെ പല മടങ്ങ് കായികാധ്വാനം ആവശ്യമുള്ള കാര്യമാണത്. തല കീഴായി തൂങ്ങിക്കിടന്നും മറ്റുമാണ് വിരലുകൾ കൃത്യമായി ഫ്രെയിമിൽ കൊണ്ടുവരുന്നത്. മൂക്കിൽ കൂടി രക്തം വരും. ഒരാഴ്ചയോളം കിടപ്പായ അവസ്ഥ വരെയുണ്ടായി. ആ സമയത്തൊക്കെ കുടുംബത്തിന്‍റെ മുഴുവൻ പിന്തുണ കൊണ്ടാണ് പിടിച്ചുനിന്നതെന്ന് ഇംതിയാസ് പറയുന്നു.
മറ്റൊരു പ്രതിസന്ധി, ഇതിനാവശ്യമായ സാധനങ്ങൾ സംഘടിപ്പിക്കുക എന്നതാണ്. ഒരു പാട്ടിനു വേണ്ടിയുള്ള ഡ്രസ് തയാറാക്കാനൊക്കെ അഞ്ച് കോസ്റ്റ്യൂമർമാരുടെ സേവനം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഷൂസ് കിട്ടാനായിരുന്നു കൂടുതൽ ബുദ്ധിമുട്ട്. കാണുമ്പോൾ വളരെ ചെറിയ ഷൂസാണെങ്കിലും, ഇതിൽ പലതിന്‍റെയും വില പതിനായിരം രൂപയ്ക്കു മുകളിലാണ്. ഷൂസ് നിർമിക്കുന്ന ഒറിജിനൽ ബ്രാൻഡുകൾ തന്നെയാണ് ഇത്തരം കുഞ്ഞൻ ഷൂസുകളും നിർമിക്കുന്നത്. പലതും യുഎസിൽ നിന്ന് ഓർഡർ ചെയ്ത് ദുബായിലെത്തിച്ച്, അവിടെനിന്ന് ഇങ്ങോട്ട് കൊണ്ടുവരുകയാണ് ചെയ്യുന്നത്.
മൈൻഡ് തെറാപ്പി
''ഭിന്നശേഷിക്കാരനായ ഒരു ബന്ധുവുണ്ടെനിക്ക്. ഞാൻ ഫിംഗർ ഡാൻസ് ചെയ്ത് തുടങ്ങിയ കാലത്ത് 2010 സമയത്ത്, ഒരു ദിവസം അവൻ എന്നെ ഒരു ഫിംഗർ മൂവ്മെന്‍റ് കാണിച്ചു തന്നു. ടിവിയിൽ കണ്ട് എന്‍റെ ഫിംഗർ ഡാൻസ് പഠിച്ചതാണെന്ന് പറഞ്ഞു. വിരലുകളുടെ ചലനം ശരിയാക്കാനുള്ള വ്യായാമങ്ങൾ ചെയ്യാൻ മടിയുള്ള കുട്ടി ഫിംഗർ ഡാൻസിലെ കഥാപാത്രങ്ങളായി സ്വന്തം കൈവിരലുകളെ അനായാസം വിട്ടുകൊടുക്കുന്നതു കണ്ട് അവന്‍റെ അമ്മ പോലും അമ്പരന്നു.''
അവിടെ നിന്നാണ് ഫിംഗർ ഡാൻസ് ഭിന്നശേഷി കുട്ടികൾക്കായി എന്തുകൊണ്ട് പ്രയോജനപ്പെടുത്തിക്കൂടാ എന്ന ആശയം ജനിച്ചതെന്ന് ഇംതിയാസ് പറയുന്നു.
തുടർന്ന് ഡോക്‌റ്ററുമായി ആശയവിനിമയം നടത്തി തലച്ചോറിനെ ഉത്തേജിപ്പിക്കാനും ഏകാഗ്രത വർധിപ്പിക്കാനും ഫിംഗർ ഡാൻസിനു സാധിക്കുമെന്ന് ഇംതിയാസ് മനസിലാക്കി. അതിനുശേഷം 10 വർഷത്തോളമെടുത്ത് പരിശീലനങ്ങൾക്കു ശേഷം ഫിംഗർ ഡാൻസ് അധിഷ്ഠിതമായ ബ്രെയിൻ തെറാപ്പി രൂപീകരിക്കുകയായിരുന്നു. അങ്ങനെ കേരളത്തിലെ വിവിധ സ്കൂളുകളിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്കുവേണ്ടി ഇന്ന് ഇംതിയാസ് മൈൻഡ് തെറാതപ്പി നടത്തുന്നുണ്ട്.
പ്രതിസന്ധികൾ
ഓരോ കുട്ടിക്കും വേണ്ടി പ്രത്യേകം പരിശീലന പാറ്റേണുകൾ തയാറാക്കുന്നതാണ് മൈൻഡ് മൂവ്സിന്‍റെ ആദ്യ ഘട്ടം. അതിനായി ഓരോ കുട്ടിയുമായും പ്രത്യേകം സംസാരിക്കേണ്ടി വരും. ഓരോരുത്തരെയും ആകർഷിക്കാൻ, അവർക്കു താത്പര്യമുള്ള മേഖലകൾ കണ്ടെത്തി അതിനനുസരിച്ചുള്ള മിനിയേച്ചർ മോഡലുകൾ ഉപയോഗിക്കും. ലിറ്റിൽ ബ്രെയിൻ എന്നാണ് ഈ മോഡലുകൾക്കു നൽകിയിരിക്കുന്ന പേര്.
എന്നാൽ, ഇക്കാര്യത്തിൽ ഇവരുടെ രക്ഷിതാക്കൾക്കും അധ്യാപകർക്കും തന്നെയാണ് കൂടുതൽ കാര്യങ്ങൾ ചെയ്യാനുള്ളതെന്നു കൂടി ഇംതിയാസ് കൂട്ടിച്ചേർക്കുന്നു. രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി ഒന്നര മണിക്കൂറോളം നീളുന്ന ക്ലാസാണ് നൽകിവരുന്നത്. അതുവഴി 7-8 മാസത്തോളം കുട്ടികളെ പരിശീലിപ്പിക്കാനുള്ള മാർഗനിർദേശങ്ങൾ അവർക്കു ലഭിക്കും. തുടർന്ന് അവർ നൽകുന്ന പരിശീലനത്തിന് മേൽനോട്ടം വഹിക്കുന്നതും മൈൻഡ് മൂവ്സ് തന്നെയായിരിക്കുമെന്ന് ഇംതിയാസ് പറയുന്നു.
സിനിമയിലെ റെക്കോഡുകൾ
ഇന്ത്യൻ സിനിമയിൽ രണ്ട് റെക്കോഡുകളാണ് ഇംതിയാസ് സ്വന്തമാക്കിയിട്ടുള്ളത്. ലിംക ബുക്ക് ഓഫ് റെക്കോർഡിൽ 2013ൽ തന്നെ ഇടംപിടിച്ചിരുന്നു. ആറു സുന്ദരികളുടെ കഥ എന്ന മലയാളം സിനിമയിൽ ഫിംഗർ ഡാൻസിന് ആദ്യമായി പുരസ്കാരം ലഭിച്ചു.
2024ൽ ബെസ്റ്റ് ഓഫ് ഇന്ത്യൻ റെക്കോഡ് ലഭിച്ചു. ലോക സിനിമയിലെ ആദ്യ റെക്കോഡാണിത്. വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി എന്ന മലയാളം സിനിമയിൽ 3.25 മിനിറ്റ് നീണ്ടു നിൽക്കുന്ന ടൈറ്റിൽ ഡാൻസിനാണ് ബെസ്റ്റ് ഓഫ് ഇന്ത്യൻ റെക്കോഡ് ലഭിച്ചത്.