'ഇന്ത്യ'യും 'ഭാരതും' തെരഞ്ഞെടുപ്പും

പ്രതിപക്ഷ മുന്നണിക്ക് ഇന്ത്യയെന്ന പേരു സ്വീകരിച്ചതാണ് രാജ്യത്തിന്‍റെ പേര് "ഭാരത്' എന്നു മാറ്റാൻ ബിജെപി ആലോചിക്കുന്നുവെന്ന അഭ്യൂഹങ്ങൾക്കു കരുത്തുപകരുന്നത്.
'ഇന്ത്യ'യും 'ഭാരതും' തെരഞ്ഞെടുപ്പും

വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് സവിശേഷമായൊരു പ്രാധാന്യമുണ്ട്. തുടർച്ചയായി രണ്ടു ടേമും പൂർത്തിയാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടവേളയില്ലാതെ മൂന്നാം ടേമും ലക്ഷ്യമിടുന്നു എന്നതാണത്. സ്വതന്ത്ര ഇന്ത്യയിൽ ജവഹർ ലാൽ നെഹ്റുവിനു ശേഷം മറ്റൊരു പ്രധാനമന്ത്രിക്കും ഈ നേട്ടം സ്വന്തമായിട്ടില്ല. സുദീർഘമായ കോൺഗ്രസ് ഭരണകാലത്തിനു ശേഷമാണ് 1977ൽ ആദ്യമായി പ്രതിപക്ഷം അധികാരത്തിലെത്തുന്നത്. പിന്നീട് പലവട്ടം കോൺഗ്രസ് ഇതര സർക്കാരുകളുണ്ടായിട്ടുണ്ടെങ്കിലും രണ്ടു ടേമും കാലാവധി തികച്ചു ഭരിക്കുന്ന ആദ്യ കോൺഗ്രസ് ഇതര പ്രധാനമന്ത്രിയും മോദിയാണ്. ലോക്സഭയിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ പത്തു വർഷവും ഭരിച്ചു കഴിഞ്ഞ് വീണ്ടും അധികാരത്തിലേറാൻ ശ്രമിക്കുന്നു എന്നത് ബിജെപിയെ സംബന്ധിച്ചിടത്തോളവും ചരിത്രമാണ്.

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ പ്രധാനമന്ത്രിയായ ജവഹർ ലാൽ നെഹ്റു ഒന്നര പതിറ്റാണ്ടിലേറെക്കാലം രാജ്യത്തെ നയിച്ചു. 1951-52ലെ ആദ്യ പൊതുതെരഞ്ഞെടുപ്പിലും 1957ലെ രണ്ടാം തെരഞ്ഞെടുപ്പിലും 1962ലെ മൂന്നാം തെരഞ്ഞെടുപ്പിലും നെഹ്റുവിന് അനായാസ വിജയമായിരുന്നു. പ്രതിപക്ഷം തീർത്തും ശുഷ്കമായ കാലം. 1964ൽ നെഹ്റുവിന്‍റെ നിര്യാണത്തിനു ശേഷം അധികാരത്തിലെത്തിയ ലാൽ ബഹദൂർ ശാസ്ത്രി 1966ൽ അന്തരിച്ചപ്പോഴാണ് ഇന്ദിര ഗാന്ധി പ്രധാനമന്ത്രി സ്ഥാനത്തെത്തുന്നത്. 1967, 1971 തെരഞ്ഞെടുപ്പുകളിൽ ഇന്ദിര വിജയം കരസ്ഥമാക്കി. എന്നാൽ, അടിയന്തരാവസ്ഥയ്ക്കു ശേഷം 1977ൽ ജനതാ പാർട്ടി അധികാരത്തിലെത്തിയത് ഇന്ദിരയുടെ തുടർച്ച നഷ്ടപ്പെടുത്തി. 1980ലെ തെരഞ്ഞെടുപ്പിൽ തിരിച്ചെത്തിയ അവർ 1984 ഒക്റ്റോബർ 31നാണ് അംഗരക്ഷകരുടെ വെടിയേറ്റു മരിക്കുന്നത്.

പിന്നീട് വന്ന പ്രധാനമന്ത്രിമാരിൽ മോദിക്കു മുൻപ് ഒന്നിലേറെ തവണ അധികാരത്തിലെത്തിയത് വാജ്പേയിയും മൻമോഹൻ സിങ്ങും മാത്രമാണ്. അതിൽ വാജ്പേയി പത്തുവർഷം തികച്ചു ഭരിച്ചിട്ടുമില്ല. 1996ൽ 16 ദിവസം മാത്രം അധികാരത്തിലിരുന്നു. 1998ലെയും 1999ലെയും തെരഞ്ഞെടുപ്പുകളിൽ വാജ്പേയിയുടെ നേതൃത്വത്തിൽ എൻഡിഎ അധികാരത്തിലേറി. നെഹ്റു കുടുംബത്തിനു പുറത്തുനിന്ന് തുടർച്ചയായി പത്തു വർഷം ഭരിച്ച രണ്ടു പ്രധാനമന്ത്രിമാർ ഇപ്പോഴുണ്ടായിരിക്കുന്നു. മൻമോഹൻ സിങ്ങും നരേന്ദ്ര മോദിയും. ഭരണകാലാവധിയിൽ ഇനി മൻമോഹനെ മറികടക്കാനുള്ള അവസരമാണ് മോദിക്കു മുന്നിലുള്ളത്.

ഇനിയൊരു ടേം കൂടി മോദിക്കും ബിജെപിക്കും ലഭിച്ചാൽ പ്രതിപക്ഷ പാർട്ടികളുടെ അവസ്ഥ എന്താവുമെന്ന ആശങ്ക തീർച്ചയായും ആ പാർട്ടികൾക്കെല്ലാമുണ്ട്. കോൺഗ്രസും ഇടതുപക്ഷവും നിരവധിയായ പ്രാദേശിക കക്ഷികളും അതിൽ ആശങ്കപ്പെടുന്നവരാണ്. പത്തുവർഷം മുൻപു വരെ രാഷ്‌ട്രീയത്തിൽ നിർണായക പങ്കുണ്ടായിരുന്ന പല കക്ഷികളുടെയും അവസ്ഥ ഇന്നു പരിതാപകരമാണ്. ആദ്യ കാലങ്ങളിൽ 350നു മുകളിൽ സീറ്റ് നേടിക്കൊണ്ടിരുന്ന കോൺഗ്രസ് ഇപ്പോൾ 50 സീറ്റിൽ താഴെയാണ് തുടർച്ചയായി രണ്ടു തെരഞ്ഞെടുപ്പുകളിൽ കരസ്ഥമാക്കിയത്! ഇടതുപക്ഷം കേരളത്തിൽ മാത്രമായി ഒതുങ്ങിപ്പോയിരിക്കുന്നു. ഉത്തർപ്രദേശിൽ എസ്പിയും ബിഎസ്പിയും ബിജെപിക്കു മുന്നിൽ നിഷ്പ്രഭമായി. മുഖ്യമന്ത്രി നിതീഷ് കുമാർ ബിജെപി ബന്ധം വിട്ടതോടെ ബിഹാറിൽ അധികാരത്തിൽ തിരിച്ചെത്തിയ വിശാല സഖ്യവും തമിഴ്നാട്ടിൽ ഭരണം പിടിച്ച ഡിഎംകെയും ‌കേന്ദ്ര ഭരണത്തിൽ ബിജെപി തുടരുന്നത് തങ്ങൾക്കു നല്ലതല്ലെന്നു കരുതുന്നുണ്ട്.

കേന്ദ്രത്തിലെ ബിജെപിയുടെ ഭരണത്തുടർച്ച പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സർക്കാരുകളുടെ കെട്ടുറപ്പിനെപ്പോലും ബാധിച്ചേക്കാമെന്ന് അവർ ആശങ്കപ്പെടുന്നുണ്ടാവും. എങ്ങനെയും ബിജെപിയെ അധികാരത്തിൽ നിന്നു പുറത്താക്കണമെന്ന ആഗ്രഹമാണ് "ഇന്ത്യ' എന്ന പ്രതിപക്ഷ മുന്നണിയിൽ കാണുന്നത്. "ഇന്ത്യ' എന്ന പേരിന്‍റെ തെരഞ്ഞെടുപ്പിൽ തന്നെ പ്രത്യേകതയുണ്ട്. രാജ്യത്തിന്‍റെ പേര് രാഷ്‌ട്രീയ കക്ഷികളുടെ മുന്നണിയുടെ ചുരുക്ക രൂപമാക്കുന്നത് വലിയ കണക്കുകൂട്ടലുകളോടെയാണ്. യഥാർഥ ഇന്ത്യയ്ക്കു വേണ്ടി പ്രവർത്തിക്കുന്നത് തങ്ങളാണ് എന്നു ജനങ്ങളെ ബോധ്യപ്പെടുത്താൻ പ്രതിപക്ഷ മുന്നണിയിലെ കക്ഷികൾ ആഗ്രഹിക്കുന്നു. ബിജെപിയുടെ "വിഭജന' രാഷ്‌ട്രീയത്തിനെതിരേ ഇന്ത്യയെ ഒറ്റക്കെട്ടായി കാണുകയാണ് ഈ മുന്നണിയത്രേ.

പ്രതിപക്ഷ മുന്നണിക്ക് ഇന്ത്യയെന്ന പേരു സ്വീകരിച്ചതാണ് രാജ്യത്തിന്‍റെ പേര് "ഭാരത്' എന്നു മാറ്റാൻ ബിജെപി ആലോചിക്കുന്നുവെന്ന അഭ്യൂഹങ്ങൾക്കു കരുത്തുപകരുന്നത്. രാജ്യത്തിന്‍റെ പേര് രാഷ്‌ട്രീയ നേട്ടങ്ങൾക്ക് ഉപയോഗിക്കാമോ എന്നു ചോദിച്ചാൽ അതു പ്രതിപക്ഷത്തിനും ബാധകമാണ് എന്നു സാരം. "ഭാരത്' എന്ന പേരുമാറ്റം സംഘപരിവാർ അജൻഡയാണ് എന്നത്രേ ഇപ്പോൾ പ്രതിപക്ഷ കക്ഷികൾ അവകാശപ്പെടുന്നത്. ഇന്ത്യയ്ക്കു പകരം "ഭാരത്' എന്നു രാജ്യത്തെ വിളിച്ചു തുടങ്ങണമെന്ന് അടുത്തിടെ ആർഎസ്എസ് മേധാവി മോഹൻ ഭഗവത് നിർദേശിച്ചിരുന്നു. പണ്ടുകാലം മുതൽ രാജ്യത്തിന്‍റെ പേര് "ഭാരത്' എന്നാണ്. പറയുന്നത് ഏതു ഭാഷയിലായാലും പേര് ഒന്നു തന്നെയാവണം- അദ്ദേഹം നിർദേശിക്കുകയുണ്ടായി.

എന്തായാലും "ഭാരത്' എന്ന പേരിനു കൂടുതൽ പ്രാധാന്യം കേന്ദ്ര സർക്കാർ നൽകിവരുകയാണ് ഈ ദിനങ്ങളിൽ. ജി 20 ഉച്ചകോടിയുടെ ഭാഗമായ അത്താഴ വിരുന്നിന്‍റെ ക്ഷണക്കത്തിൽ രാഷ്‌ട്രപതി ദ്രൗപതി മുർമു "പ്രസിഡന്‍റ് ഒഫ് ഇന്ത്യ' എന്നതിനു പകരം "പ്രസിഡന്‍റ് ഒഫ് ഭാരത്' എന്നാണു രേഖപ്പെടുത്തിയത്. ആസിയാന്‍ ഉച്ചകോടിക്കായി ഇന്തോനേഷ്യയിലേക്കു പോകുന്നതിന്‍റെ ഔദ്യോഗിക കുറിപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും "പ്രൈം മിനിസ്റ്റര്‍ ഓഫ് ഭാരത്' എന്നു രേഖപ്പെടുത്തിയിരിക്കുന്നു. ജി 20 ഉച്ചകോടിയിലെ വിദേശ പ്രതിനിധികൾക്കായി പുറത്തിറക്കിയ ലഘുലേഖയിൽ "ഭാരത്' എന്നത് രാജ്യത്തിന്‍റെ ഔദ്യോഗിക നാമമാണ് എന്നു വ്യക്തമാക്കുന്നുണ്ട്. ഭരണഘടനയിലും ഈ പരാമർശമുണ്ടെന്നും ലഘുലേഖ വിശദീകരിക്കുന്നു. ലഘുലേഖയുടെ തലക്കെട്ട് തന്നെ ""ഭാരത്, ജനാധിപത്യത്തിന്‍റെ മാതാവ്'' എന്നതാണ്. ജി 20 ഉച്ചകോടിക്കുള്ള ഇന്ത്യൻ ഉദ്യോഗസ്ഥരുടെ തിരിച്ചറിയൽ കാർഡുകളിലും "ഭാരത്' എന്നാണ് ഉള്ളതത്രേ. അമെരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനും യുകെ പ്രധാനമന്ത്രി ഋഷി സുനാക്കും അടക്കം ലോക നേതാക്കൾ പങ്കെടുക്കുന്ന ഉച്ചകോടിയിൽ "ഭാരത് ' എന്ന പേരിന് പരമാവധി പ്രാധാന്യം നൽകാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. ഉച്ചകോടിയിൽ അധ്യക്ഷത വഹിച്ച നരേന്ദ്ര മോദിയുടെ മുന്നിൽ വച്ച നെയിം ബോർഡിൽ "ഭാരത് ' എന്നാണ് രേഖപ്പെടുത്തിയത് എന്നതു ശ്രദ്ധേയം.

ഇന്ത്യ, അതായത് ഭാരത് എന്നു ഭരണഘടനയിൽ തന്നെ പറഞ്ഞിട്ടുണ്ടെന്നാണ് ബിജെപിയുടെ പ്രതികരണം. കൊളോണിയൽ മാനസികാവസ്ഥയ്ക്ക് എതിരാണ് "ഭാരത്' എന്നു പറയുന്നത്. അതിൽ അഭിമാനിക്കുകയാണു വേണ്ടത്- ബിജെപി വാദിക്കുന്നു. വരുന്ന പ്രത്യേക പാർലമെന്‍റ് സമ്മേളനത്തിൽ രാജ്യത്തിന്‍റെ പേര് "ഭാരത്' എന്നാക്കാൻ നീക്കമുണ്ടാവുമെന്നാണ് അഭ്യൂഹങ്ങൾ. അതുണ്ടായാലും ഇല്ലെങ്കിലും ഇനി "ഭാരത്' എന്നതിനാവും ബിജെപി ഊന്നൽ നൽകുക. തെരഞ്ഞെടുപ്പു കാലത്ത് "ഭാരത്' എന്നതിലൂടെ ദേശീയ വികാരം ജ്വലിപ്പിക്കാനാവാം ബിജെപിയുടെ പദ്ധതി. നൂറ്റാണ്ടുകൾക്കു മുൻപേ രാജ്യത്തിനുള്ള പേരാണ് ഭാരത് എന്നത്. അതു പറയുന്നതിൽ എന്താണു തെറ്റ് എന്നതാവും ചോദ്യം. പ്രതിപക്ഷത്തിന് ഭാരതത്തോടു വിരോധമാണ് എന്ന തരത്തിലുള്ള വ്യാഖ്യാനങ്ങളുമുണ്ടാവും.

ചർച്ചയായിരിക്കുന്ന മറ്റൊരു വിഷയം ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്നതാണ്. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്ഗഡ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പും ലോക്സഭാ തെരഞ്ഞെടുപ്പും ഒന്നിച്ചു നടത്താൻ ഒരുപക്ഷേ കേന്ദ്ര സർക്കാരിന്‍റെ ഭാഗത്തുനിന്നു ശ്രമങ്ങളുണ്ടായേക്കാം. അങ്ങനെ വരുമ്പോൾ ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് മുദ്രാവാക്യത്തിനു കൂടുതൽ പ്രാധാന്യം ലഭിക്കും. വനിതാ സംവരണം പോലുള്ള വിഷയങ്ങളും തെരഞ്ഞെടുപ്പു കാലത്ത് ഉയർന്നുവന്നേക്കാം. സർക്കാർ ഭാഗത്തുനിന്ന് എന്തൊക്കെ അപ്രതീക്ഷിത നീക്കങ്ങളാണ് ഉണ്ടാവാനിരിക്കുന്നതെന്നു വരും നാളുകളിൽ അറിയാം.

ഭരണത്തുടർച്ചയ്ക്ക് എന്തു നടപടികളൊക്കെയാണ് ഉപകരിക്കുകയെന്ന് ബിജെപി നേതാക്കൾ കൃത്യമായി ആലോചിച്ച് ഉറപ്പിച്ചിട്ടുണ്ടാവണം. രണ്ടു ടേം ഭരിച്ച ശേഷവും പാർട്ടി സംവിധാനങ്ങൾ തളരാതെ സൂക്ഷിക്കാൻ ബിജെപിക്കു കഴിഞ്ഞിട്ടുണ്ട്. രണ്ടു ടേമിലെ യുപിഎ ഭരണം കോൺഗ്രസിനെ തകർത്ത സ്ഥിതിവിശേഷമല്ല ബിജെപിയുടെ കാര്യത്തിലുള്ളത്. അതൊരു പ്രധാന ഘടകം തന്നെയാണ്. ബിജെപി- സംഘപരിവാർ സംവിധാനങ്ങളെ ചെറുതായി കാണാനേ കഴിയില്ല, പ്രതിപക്ഷത്തിന്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com