പ്രളയവും ഉരുൾപൊട്ടലുകളും അവഗണിക്കപ്പെടുന്ന അപായമണികളും

2018-ലെയും 2019-ലെയും വിനാശകരമായ പ്രളയങ്ങൾക്കു ശേഷം, ആവർത്തിക്കുന്ന വെള്ളക്കെട്ടുകളും ഇടതടവില്ലാത്ത ഉരുൾപൊട്ടലുകളും നേരിടുന്ന കേരളത്തിന് അതിന്‍റെ വനങ്ങളെ വച്ച് ചൂതുകളിക്കാനാവില്ല
Floods, landslips and Kerala’s blurred red lines

കള്ളാടിയിൽ ഉരുൾ‌പൊട്ടലുണ്ടായ സ്ഥലം.

Google Maps

Updated on

അജയൻ

ഈ മൺസൂൺ സീസണിൽ ഇതുവരെ 23 ശതമാനം കുറവാണ് മഴയുടെ അളവിൽ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നിട്ടും പ്രളയം ആർത്തലച്ചെത്തി. കാലാവസ്ഥാ വ്യതിയാനം കേരളത്തെ ശക്തമായി പിടിമുറുക്കിക്കഴിഞ്ഞു. ഇപ്പോൾ, ഏറ്റവും പുതിയ പരിസ്ഥിതിലോല പ്രദേശ (ESA) കരട് റിപ്പോർട്ട് പ്രകാരം, കൂടുതൽ വനഭൂമി സംരക്ഷണവലയത്തിനു പുറത്താകുമെന്ന ഭീഷണി ഉയരുന്നു. കാലാവസ്ഥയുടെ തീക്ഷ്ണഭാവങ്ങൾ കണ്ടുകൊണ്ടിരിക്കെ, കേരളത്തിന്‍റെ പ്രകൃതിദത്ത പ്രതിരോധങ്ങളെ ദുർബലപ്പെടുത്തുന്ന അപകടകരമായ ഇരട്ട പ്രഹരമാണിത്. 2018-ലെയും 2019-ലെയും വിനാശകരമായ പ്രളയങ്ങൾക്കു ശേഷം, ആവർത്തിക്കുന്ന വെള്ളക്കെട്ടുകളും ഇടതടവില്ലാത്ത ഉരുൾപൊട്ടലുകളും നേരിടുന്ന കേരളത്തിന് അതിന്‍റെ വനങ്ങളെ വച്ച് ചൂതുകളിക്കാനാവില്ല. പ്രകൃതിയുടെ അപായ മണികൾ ഉച്ചത്തിൽ മുഴങ്ങുമ്പോൾ, ഉള്ള പ്രതിരോധം കൂടി തകർക്കുന്നത് മണ്ടത്തരമല്ലാതെ മറ്റൊന്നുമല്ല.

പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം രണ്ടാഴ്ച മുൻപാണ് ഇഎസ്എ കരട് പുറത്തിറക്കിയത്. എന്നാൽ, പരിസ്ഥിതി സംരക്ഷണത്തിന്‍റെ ദീർഘകാല വക്താവായ വി.ഡി. സതീശന്‍റെ നേതൃത്വത്തിലുള്ള കേരള സർക്കാർ ഇതിൽ മൗനം പാലിക്കുകയാണ്. കോൺഗ്രസുകാർ 'വന്ദേമാതരം' മുഴുവൻ പാടണോ അതോ രണ്ടു ഖണ്ഡിക മതിയോ എന്ന ദേശീയ വിവാദത്തിൽ മുഴുകിയ പ്രതിപക്ഷവും ഇഎസ്എ കരടിനെക്കുറിച്ച് അറിഞ്ഞ മട്ടില്ല. 'വിശ്വാസികളുടെ' ഭൂമി താത്പര്യങ്ങളുടെ കണ്ണിലൂടെ ഇഎസ്എയെ കാണുന്ന ക്രിസ്ത്യൻ സഭയാണ് ഇതിനോട് ശബ്ദമുയർത്തി പ്രതികരിച്ച ഏക വിഭാഗം. കേരളത്തിന്‍റെ ഭാവി തന്നെ മാറ്റിമറിക്കാൻ കഴിയുന്ന ഒരു പാരിസ്ഥിതിക പ്രതിസന്ധിയിൽ, ഏറ്റവും ഉറക്കെ സംസാരിക്കേണ്ടവർ പാലിക്കുന്ന മൗനം, ബധിരർക്കു മുന്നിലെ സംഗീതം പോലെയാണ്.

മാധവ് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നപ്പോൾ പരിസ്ഥിതി സംരക്ഷണത്തോടുള്ള സഭയുടെ എതിർപ്പ് പ്രകടമായിരുന്നു. പ്രാദേശിക സമൂഹങ്ങളെ സംരക്ഷണത്തിന്‍റെ കേന്ദ്രസ്ഥാനത്ത് നിർത്തുക, ദുർബലമായ ആവാസവ്യവസ്ഥകൾ എങ്ങനെ സംരക്ഷിക്കണമെന്ന് താഴേത്തട്ടിലുള്ള തദ്ദേശ സ്ഥാപനങ്ങളിലൂടെ ജനങ്ങൾക്ക് തന്നെ തീരുമാനിക്കാൻ അനുവദിക്കുക എന്നതായിരുന്നു ഗാഡ്ഗിലിന്‍റെ വിപ്ലവകരമായ ആശയം. എന്നാൽ, നിക്ഷിപ്ത താത്പര്യങ്ങളും സഭയുടെ ശക്തമായ വോട്ട് ബാങ്ക് രാഷ്ട്രീയവും വിജയിച്ചു. പരിസ്ഥിതിക്കു വേണ്ടി ഉറച്ചുനിന്ന അപൂർവം കോൺഗ്രസ് നേതാക്കളിൽ ഒരാളായ അന്തരിച്ച പി.ടി. തോമസ് ആണ് അന്നത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ അതിനുള്ള വില നൽകിയത്. പരിസ്ഥിതിയും വോട്ട് ബാങ്കും തമ്മിലുള്ള പോരാട്ടത്തിൽ തോറ്റുപോയത് പി.ടി. മാത്രമല്ല, കേരളം കൂടിയാണെന്ന് പിൽക്കാലം തെളിയിച്ചു.

കേരളത്തിന്‍റെ പാരിസ്ഥിതിക പ്രതിസന്ധിക്ക് ആഴമേറുമ്പോഴും, സംരക്ഷിത പ്രദേശം ശക്തിപ്പെടുത്തുന്നതിന് പകരം ചുരുക്കിക്കൊണ്ടിരിക്കുന്നു എന്നതാണ് ഏറ്റവും പുതിയ ഇഎസ്എ കരടിനെക്കുറിച്ചുള്ള പ്രധാന ആശങ്ക. മലനിരകളുടെ 75 ശതമാനത്തോളം വരുന്ന 1,29,037 ചതുരശ്ര കിലോമീറ്റർ പ്രദേശം ഇഎസ്എ ആയി ഗാഡ്ഗിൽ കമ്മിറ്റി നിർദേശിച്ചിരുന്നു. പിന്നീട് അത് പകുതിയിലധികം കുറച്ച് 59,940 ചതുരശ്ര കിലോമീറ്ററായി വെട്ടിച്ചുരുക്കി. ഏറ്റവും പുതിയ കരട് അതിനെ വീണ്ടും 56,826 ചതുരശ്ര കിലോമീറ്ററായി കുറയ്ക്കുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഗാഡ്ഗിലിന്‍റെ നിർദേശത്തിനു ശേഷം കേരളത്തിന്‍റെ ഇക്കോളജിക്കൽ റെഡ് സോൺ 72,000 ചതുരശ്ര കിലോമീറ്ററിലധികം ചുരുങ്ങിയിരിക്കുന്നു. വെള്ളപ്പൊക്കവും ഉരുൾപൊട്ടലും നവ സാധാരണത്വമായി മാറുന്ന കാലത്ത്, കേരളം അതിന്‍റെ ചുവന്ന വരകൾ മാറ്റിവരയ്ക്കുകയല്ല, മറിച്ച് അവയെ മായ്ച്ചുകളയുക തന്നെയാണ്.

2018-ലെയും 2019-ലെയും വിനാശകരമായ പ്രളയകാലം ഉൾപ്പെടുന്ന ഒരു ദശാബ്ധക്കാലം കേരളം ഭരിച്ച എൽഡിഎഫിന് പരിസ്ഥിതിയെച്ചൊല്ലി അഭിമാനിക്കാൻ കാര്യമായ വകയൊന്നുമില്ല. പിണറായി വിജയന്‍റെ ഏറെ കൊട്ടിഘോഷിക്കപ്പെട്ട 'റൂം ഫോർ റിവർ' അക്ഷരാർഥത്തിൽ നടപ്പായിരിക്കുന്നു- കേരളത്തിൽ വെള്ളപ്പൊക്കമുണ്ടാക്കാൻ നദികൾക്ക് വിശാലമായ ഇടമുണ്ടിപ്പോൾ! വയനാട്ടിലെ തുരങ്ക പദ്ധതി അപകടകരമായ മറ്റൊരു ചൂതുകളിയായിരുന്നു. രണ്ട് വലിയ ഉരുൾപൊട്ടലുകളിലൂടെ കവളപ്പാറയും പുത്തുമലയും മുറിവേൽപ്പിച്ച ഒരു ജില്ലയിലാണ്, സ്ഫോടനവും ആർപ്പുവിളികളുമായി തുരങ്ക നിർമാണം തുടങ്ങിയത്. പ്രവേശന കവാടത്തിൽ ഇപ്പോൾ മൂന്നാമതൊരു സ്ഫോടനം കൂടി ഉണ്ടായിരിക്കുന്നു, ഇത്തവണ അതു പ്രകൃതിദത്തമായിരുന്നു എന്നു മാത്രം! പ്രകൃതി ആവർത്തിച്ച് നൽകുന്ന മുന്നറിയിപ്പുകൾക്കിടയിലൂടെ സ്ഫോടനം നടത്തി മുന്നേറുന്നത് വികസനമല്ല; അത് ശിക്ഷാർഹമായ അഹന്തയാണ്.

നീരൊഴുക്ക് തടയാൻ വലിയ ബ്ലോക്കുകൾ നിർമിച്ച അശാസ്ത്രീയ ദേശീയപാത പദ്ധതിയും തുല്യ ദുരന്തമായി മാറി. പലയിടത്തും ഹൈവേ ഇടിഞ്ഞുതാഴുന്നു. ദുരന്തം ഉണ്ടായപ്പോൾ, ദേശീയപാത അഥോറിറ്റിയുടെ മേൽ കുറ്റം ചാരി എൽഡിഎഫ് സർക്കാർ കൈകഴുകുകയും ചെയ്തിരുന്നല്ലോ.

അധികാരമേറ്റ് മൂന്ന് മാസം മാത്രം പിന്നിട്ട യുഡിഎഫ് സർക്കാരിനെ സംബന്ധിച്ചിടത്തോളം, കാര്യമായ ഐക്യമോ വ്യക്തതയോ ഉള്ളതായി കാണുന്നില്ല. സർക്കാർ എന്താണ് ചെയ്യാൻ ഉദ്ദേശിക്കുന്നതെന്നോ, എന്ത് ചെയ്യണമെന്നോ മന്ത്രിമാർക്കും നിയമസഭാംഗങ്ങൾക്കോ പോലും ഉറപ്പില്ലാത്ത അവസ്ഥയാണ്. ഇപ്പോൾ ഭൂരിഭാഗവും വി.ഡി. സതീശനെ ആശ്രയിച്ചാണിരിക്കുന്നത്. അദ്ദേഹം ദീർഘകാലമായി പ്രസംഗിച്ചുപോരുന്ന പാരിസ്ഥിതിക യോഗ്യതകൾ പ്രവൃത്തിപഥത്തിൽ കൊണ്ടുവരുകയും, തെരഞ്ഞെടുപ്പ് സമ്മർദങ്ങൾക്കു വഴങ്ങിക്കൊടുക്കാതിരിക്കുകയും ചെയ്താൽ, തിരുത്തലുകൾ വരുത്താമെന്ന പ്രതീക്ഷ ഇപ്പോഴും ശേഷിക്കുന്നുണ്ട്. എന്നാൽ, യുഡിഎഫ് സർക്കാരിന്‍റെ പ്രാരംഭം കാണുമ്പോൾ, ആ പ്രതീക്ഷ അപകടകരമാവിധം മങ്ങുകയും ചെയ്യുന്നു.

സൂപ്പർ എൽ നിനോയുടെ ഭീഷണി കൂടിയാകുമ്പോൾ, കാലാവസ്ഥാ വ്യതിയാനം കേരളത്തെ പ്രളയത്തിനും വരൾച്ചയ്ക്കും ഇടയിൽ കുടുക്കിയിരിക്കുകയാണ്. നിർമാണങ്ങളും ലാൻഡ്‌ഫില്ലുകളും കാരണം സമതലങ്ങൾ അപ്രത്യക്ഷമായി, ഇത് മഴവെള്ളത്തിന്‍റെ സ്വാഭാവിക ഒഴുക്കിനെ തടസപ്പെടുത്തുന്നു. ഇപ്പോൾ മറ്റൊരു കാലാവസ്ഥാ മുന്നറിയിപ്പ് കൂടി വരുന്നു: മുൻപ് ദിവസങ്ങൾകൊണ്ട് പെയ്തിരുന്ന അളവിലുള്ള മഴ ഇപ്പോൾ മണിക്കൂറുകൾക്കുള്ളിൽ പെയ്തുതീരുന്നു. ഇത് നദികളെയും ഓടകളെയും നഗരങ്ങളെയും ഒരുപോലെ താറുമാറാക്കുന്നു. തെറ്റായ വേഗത്തിലും വിനാശകരമായ ശക്തിയിലുമാണ് കേരളത്തിൽ ഇപ്പോൾ മഴ പെയ്യുന്നത്. കാലാവസ്ഥാ വ്യതിയാനവുമായി നേരിട്ടു ബന്ധിപ്പിക്കാവുന്ന ഒരു പ്രതിഭാസമാണിത്.

പ്രളയവും ഉരുൾപൊട്ടലുകളും ഇനി ഒറ്റപ്പെട്ട സംഭവങ്ങളല്ല; വരാനിരിക്കുന്ന വലിയ അപകടങ്ങളുടെ മുന്നറിയിപ്പുകളാണവ. കാലഹരണപ്പെട്ട വികസന സങ്കൽപ്പങ്ങൾ ഉപേക്ഷിച്ച് കേരളം അതിന്‍റെ പാത പുനർവിചിന്തനം ചെയ്യണം. ഇതിനകം തന്നെ കടുത്ത സമ്മർദത്തിലായിക്കഴിഞ്ഞ പശ്ചിമഘട്ടത്തിന് രാഷ്ട്രീയ ഒത്തുതീർപ്പുകളല്ല ആവശ്യം, മറിച്ച് സംരക്ഷണമാണ്.

ദുർബലമായ ഇഎസ്എ ഇനിയും ലഘൂകരിക്കുന്നതിനെ സർക്കാർ എതിർക്കുമോ എന്നതാണ് ശേഷിക്കുന്ന ചോദ്യം. ക്വാറികളും ഖനനവും പെരുകുന്ന സമയത്ത് കർശനവും പരിസ്ഥിതിസൗഹാർദപരവുമായ നിയന്ത്രണങ്ങളാണ് ആവശ്യം; അവ കർക്കശമായി നടപ്പാക്കുകയും വേണം. ദുർബലമായ ആവാസവ്യവസ്ഥയെ നശിപ്പിക്കുന്ന നിർമാണങ്ങ പ്രവർത്തനങ്ങളെ വികസനമെന്നു വിളിക്കാനാവില്ല. സമതലങ്ങൾ സംരക്ഷിക്കപ്പെടണം. കേരളത്തിന്‍റെ വരുംതലമുറകൾക്ക് വേണ്ടത്, വാസയോഗ്യമായൊരു നാടാണ്, അല്ലാതെ പരിസ്ഥിതിയുടെ ചാരം മൂടിയ ശ്മശാനങ്ങളല്ല. എന്നാൽ, കാലാവസ്ഥയുടെ വർധിച്ചുവരുന്ന പ്രവചനാതീത സ്വഭാവം പോലെ കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷവും അനിശ്ചിതമായി തുടരുകയാണ്. പ്രകൃതിയെ സംരക്ഷിക്കാൻ കേരളത്തിനു കഴിയുമോ എന്നതല്ല ചോദ്യം, മറിച്ച് അതിനുള്ള ഇച്ഛാശക്തി സർക്കാരിനുണ്ടോ എന്നതാണ്.

logo
Metro Vaartha
www.metrovaartha.com