മെയ് ഒന്നിന്‍റെ ചില ചിന്തകൾ!

അമെരിക്ക കണ്ടുപിടിച്ച കൊളംബസിനു പോലും തൊഴിലാളിക്കൂറില്‍ പങ്കാളിത്തമുണ്ട് എന്നതു കൗതുകം ഉണര്‍ത്തുന്നു
Some thoughts on May 1st

മെയ് ഒന്നിന്‍റെ ചില ചിന്തകൾ

Updated on

ചേറൂക്കാരന്‍ ജോയി

പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രു ഭാരതീയ തൊഴിലാളി മധ്യസ്ഥനായിരുന്നു എന്നു വീമ്പടിച്ചാല്‍ മാലോകര്‍ ചിരിക്കും. കാരണം അദ്ദേഹത്തിന്‍റെ പിതാവ് മോത്തിലാല്‍ അക്കാലത്ത് ലോകമറിയപ്പെടുന്ന ധനികരില്‍ ഒരാളായിരുന്നു. ബ്രിട്ടീഷുകാരോട് ഇന്ത്യ വിലയ്ക്കു തരാമോ എന്നു ചോദിച്ച വ്യക്തിയാണ്. അതിനും കാരണമുണ്ട്. മകന്‍ ജവഹര്‍ സ്വാതന്ത്ര്യസമര സേനാനിയായി തുള്ളിച്ചാടി വല്ല കടുംകയ്യും കാട്ടുമോ എന്ന ഉള്‍ഭയം. ആ ബൂര്‍ഷാവാദി ബ്രിട്ടീഷുകാരോട് ചുമ്മാ വാഗ്വാദം നടത്തുകയായിരുന്നില്ല.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ തലപ്പത്തിരുന്നപ്പോൾ പാര്‍ട്ടി മുറവിളി കൂട്ടുന്ന എല്ലാ സമത്വ സംഘര്‍ഷ സമരങ്ങള്‍ക്കും നേതൃത്വം നല്‍കിയ ധീര ജവാന്‍! നെഹ്രു പലകുറി ജയില്‍വാസവും അനുഭവിച്ചു. എല്ലാ സഹനങ്ങള്‍ക്കും പ്രതിഫലം പറ്റിയതു പോലെ പാര്‍ട്ടി അദ്ദേഹത്തെ ആദ്യ പ്രധാനമന്ത്രിയായി ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തു. പകരം ജവഹര്‍ലാല്‍ ജനങ്ങളോടും കൂറു കാട്ടി. അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് പ്രത്യേക മുന്‍ഗണനയേകി.

ഭരണഘടന എഴുതിയ, ദളിതരുടെ കാണപ്പെടുന്ന ദൈവമായ ഡോ. ബാബാ സാഹേബ് അംബേദ്ക്കറെ തൊഴിലാളിപക്ഷം ചേര്‍ത്തു. തൊഴിലാളി ആനുകൂല്യങ്ങളില്‍ ബഹുമുഖ സംവരണങ്ങള്‍ വരുത്തി. പാവം തൊഴിലാളി എന്ത് അഹമ്മതി കാട്ടിയാലും അത് സാഹചര്യ മാപ്പാക്കും തരത്തിലെ നിയമ സംഹിതകള്‍ വന്നു. ഈ ഉദ്ദേശ്യ ശുദ്ധി വമ്പന്‍ ട്രേഡ് യൂണിയന്‍ നേതാക്കള്‍ വളച്ചൊടിച്ചു. തൊഴിലാളിവര്‍ഗത്തെ അഭംഗുരം ചൂഷണം ചെയ്യുന്ന അവസ്ഥയിലുമെത്തിച്ചു. കൈയൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന നിലയിലെത്തി സംഘടനകളുടെ എണ്ണക്കൂടുതലും പരസ്പര പോരും പൊരുതലും. നിഷ്‌കളങ്കരായ തൊഴിലാളികളെ വച്ച് ട്രേഡ് യൂണിയന്‍ നേതാക്കന്മാര്‍ ചൂതാട്ടം നടത്തുന്നു. നിര്‍ദയര്‍ പണസമ്പാദന മോഹവുമായി വ്യവസായികളേയും മുതലാളിത്തത്തേയും സംരക്ഷിക്കുന്നു.

കൈകോര്‍ത്ത് തോൾ ചേര്‍ന്നു നടന്നു ശീലിച്ച തൊഴിലാളികള്‍ പരസ്പരം വിരല്‍ ചൂണ്ടി വൈരികളാകുന്നു. ഒളിഞ്ഞും മറഞ്ഞും ഉറ്റമിത്രത്തെ ഇല്ലാതാക്കുന്നു. വെടിയുതിര്‍ത്തോ മൂര്‍ച്ചയേറിയ കത്തിക്കു കോര്‍ത്തോ പെട്രോളൊഴിച്ച് പച്ചക്ക് കത്തിച്ചോ കൊന്ന സംഭവങ്ങള്‍ സാക്ഷി തെളിവില്ലാതെ പോകുന്നു. ലോഹ്യത്തില്‍ സല്‍ക്കരിക്കുന്ന മദ്യ- മയക്കുമരുന്നു സേവകളില്‍ വിഷം കലര്‍ത്തിയും ദോസ്തിനെ അരുംകൊലയ്ക്കു കൊടുക്കുന്നു. എല്ലാവര്‍ക്കും വേണ്ടത് സ്ഥാനമാനങ്ങളും പണവും പദവികളും മാത്രം.

1984ല്‍ ഇറങ്ങിയ അടൂര്‍ ഗോപാലകൃഷ്ണന്‍റെ സിനിമ "മുഖാമുഖം' തലമുറ മറന്നു കാണില്ല. കമ്യൂണിസ്റ്റ് വിപ്ലവ രാഷ്‌ട്രീയമാണ് ഇതിവൃത്തം. പാര്‍ട്ടി പാളിച്ചകളെ എതിര്‍ത്താരും ഒച്ച വയ്ക്കരുത്. അച്ചടക്ക ലംഘനം സഖാവിന്‍റെ ജീവഹാനിക്കും ഇടവരുത്താം. കണ്ണുള്ളവര്‍ കലഹിക്കാതിരിക്കട്ടെ. കാതുള്ളവര്‍ ഭാവി സംഘടനയെ വടിത്തല്ലുകളൊഴിവാക്കി നേര്‍വഴി നയിക്കട്ടേ എന്ന് ആശംസിക്കാം. തമ്മില്‍ തമ്മില്‍ കൊന്ന് കുടിപ്പക തീര്‍ക്കുന്നതല്ല അഹിംസാ പാരമ്പര്യം!

ലോക തൊഴിലാളി ദിനം

ലോക തൊഴിലാളി ദിനം അതിവിപുലമായി ആഘോഷിക്കല്‍ ആരംഭിച്ചിട്ട് ഒട്ടേറെ സംവത്സരങ്ങളായി. പല രാജ്യങ്ങളില്‍ പല വിധമായിരുന്നു അവധികള്‍. വട്ടമേശ സമ്മേളനങ്ങളാല്‍ ആഗോള തലത്തില്‍ മെയ് ഒന്ന് എന്ന് അതിന് ഉചിതമായ തീയതിയും ഉറപ്പിച്ചു. അഹോരാത്രം അധ്വാനിക്കുന്ന ജനവിഭാഗത്തെ ഒരു കുടക്കീഴിലാക്കി ആഘോഷം. മതമോ രാജ്യമോ പാര്‍ട്ടിയോ ഗൗനിക്കാതെ ഒരുമയുടെ ജയ് വിളി. മലയാളത്തിലത് തര്‍ജമ ചെയ്താല്‍ തൊഴിലാളി ഐക്യം സിന്ദാബാദ്!

തൊഴിലാളി പദത്തിന്‍റെ നിര്‍വചനം പല വിധത്തില്‍ നിർണയിച്ചിരുന്നു. പ്രത്യക്ഷത്തില്‍ ചോര വിയര്‍ക്കുന്നവര്‍ ഏറ്റവും അര്‍ഹരായ മുന്‍നിരക്കാര്‍. എന്നാല്‍ കായിക ബലം ഊറ്റി അന്നം പിഴയ്ക്കുന്ന വേറെയും തസ്തികകളുണ്ട്. അന്തര്‍ദേശീയമായും ഈ അഭിപ്രായത്തോട് യെസ് മൂളേണ്ടി വന്നു. അങ്ങിനെ ജോലിയുടെ പല ശാഖകളെ തൊഴിലാളി വര്‍ഗത്തോട് ഒന്നിപ്പിച്ചു. അക്കൂട്ടത്തില്‍ ബുദ്ധി വിയര്‍ത്ത് അന്നം തേടുന്നവനും സ്ഥാനം കിട്ടി. ഇത്തരം അനുമാനങ്ങളെ സ്ഥിരീകരിച്ചതോടെ ലോക ജനസംഖ്യയുടെ നേര്‍പാതി ഈ ന്യൂനപക്ഷത്തിലെത്തി. ഓഫിസ് ജീവനക്കാരനും ലേബറാണെന്ന കമ്യൂണലിസം ഫെഡറലിസത്തെ ചുമ്മാ കവച്ചു വച്ചു. പേരിനു പോലും കോട്ടും ടൈയ്യും കെട്ടിയവന്‍ ബൂര്‍ഷ്വാവാദിയാണെന്ന മാവോയുടെ അടിസ്ഥാന തത്വം മാറ്റിവച്ചു. മുഷ്ടിയില്‍ ചുടു ചോരയുടെ കൊടി പിടിച്ച അനുയോജ്യ സ്തംഭങ്ങളും സ്ഥാപിക്കപ്പെട്ടു.

തൊഴിലാളി മാര്‍ഗദര്‍ശികളെല്ലാം ഒരേ രക്തവിപ്ലവ വീര്യക്കാരാണ്. നേതൃത്വവാദികൾ ചൈനയിലും റഷ്യയിലും പിറവിയെടുത്തവര്‍. പിറകേ പോളണ്ടിലെ അരിഷ്ടത മുക്രയിട്ടു ധ്വനിച്ചു. ഫ്രഞ്ച് വിപ്ലവ ചിന്തകളും സമാന്തരമായി പില്‍ക്കാലത്ത് ഫലിച്ചു. ഇപ്പോള്‍ ഈ അജയ്യ സഖ്യം വെറും പേരിനെങ്കിലും ഒറ്റ സംഘടനയായി. തൊഴിലാളി വര്‍ഗത്തിനു ജയ് വിളിക്കുന്ന വക്താക്കളായി മുതലാളിസത്തെ മുട്ടു കുത്തിച്ചു. മുതലാളികൾക്ക് മുടക്കെടുത്ത് കൊട്ടിഘോഷിക്കാന്‍ ജനസമ്മതമായ ഒരു സുദിനമില്ല താനും.

മനസില്ലാമനസോടെ ഒരു സ്വരുമ. വിജയകാഹള പെരുമയാര്‍ന്ന സെലബ്രേഷനായി മെയ് ഫസ്റ്റ്. അതുകൊണ്ട് അന്ന് ആഗോള അവധി ദിവസമായി ആചരിക്കാന്‍ കുചേലനും കുബേരനും മടിയില്ല. ലോകജനതയുടെ നല്ലൊരു ശീലവും കീഴ്വഴക്കവുമാണല്ലോ അത്! അനാവശ്യ കൂത്താട്ടം ഒഴിവാക്കാനും നിയന്ത്രിക്കാനും കണ്ടറഞ്ഞ് കേരളമടക്കം ചില സര്‍ക്കാരുകള്‍ അന്നേ ദിവസം ഡ്രൈ ഡേയായി പ്രഖ്യാപിച്ചിട്ടുണ്ട്.

മെയ് ദിന വിചാരങ്ങള്‍

അമെരിക്ക കണ്ടുപിടിച്ച കൊളംബസിനു പോലും തൊഴിലാളിക്കൂറില്‍ പങ്കാളിത്തമുണ്ട് എന്നതു കൗതുകം ഉണര്‍ത്തുന്നു. അദ്ദേഹത്തിന്‍റെ പ്രവര്‍ത്തന വിജയങ്ങളുടെ ആകെത്തുക അഹോരാത്രം വിയര്‍ക്കുന്ന തൊഴിലാളിവര്‍ഗ ക്ഷേമമാക്കി കണ്ണടച്ച് വിശ്വസിക്കുകയല്ല.

1886ല്‍ നടന്ന ചിക്കാഗോ ലഹള നാനാ ദേശങ്ങളില്‍ തൊഴിലാളി ശക്തിയുടെ തീപ്പൊരി വീഴ്ത്തി. 1889ല്‍ ജര്‍മന്‍ നാസികള്‍ ഇന്‍റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് സോഷ്യലിസ്റ്റ് ഗ്രൂപ്പ് ട്രേഡ് യൂണിയന്‍ പടുത്തുയര്‍ത്തി. ചോരനീരൊഴുക്കുന്ന തൊഴിലാളികളുടെ പ്രശ്‌ന പരിഹാരം കണ്ടെത്തി. മെയ് ദിനം പുനരുദ്ധാരണത്തിലെ ദേശീയ ഉത്സവമാക്കി ദീപശിഖ പൊക്കി. യൂറോപ്യന്‍ പ്രവിശ്യകളും അനുകൂലിച്ചു. ഇംഗ്ലണ്ടുകാരും സ്വരച്ചേര്‍ച്ചക്കാരായി. ചൈന, റഷ്യ തുടങ്ങിവച്ച വിപ്ലവ കമ്യൂണിസത്തിന്‍റെ പങ്കാളിത്തം അതോടെ എല്ലാ അർഥത്തിലും പൂർണമായി, മോസ്‌കോ സ്‌ക്വയറിലെ തൊഴിലാളി പുരുഷാരം മറ്റു രാജ്യക്കാര്‍ക്ക് മാതൃകയും. ദേശീയ സമ്മേളന സ്‌ക്വയറുകളിലും തൊഴിലാളി സേന തടിച്ചു കൂടി ആരവമുയര്‍ത്തി. ഇത്തരം തൊഴിലാളിശക്തി ലോക ശ്രദ്ധയാകര്‍ഷിച്ചു.

ഇന്ത്യയില്‍ മെയ് ദിന സ്വാധീനത്തിനു വേരു പാകിയത് ബ്രിട്ടീഷുകാരല്ല. പ്രമുഖ സ്വാതന്ത്ര സമര നേതാവായ മഹാത്മാ ഗാന്ധിയടക്കം ഈ ഐകമത്യ മഹാബലത്തിലെ വക്താക്കളായി. ഇന്ത്യക്കാര്‍ ചേക്കേറിയ ചുരുക്കം ചില അറേബ്യന്‍ രാജ്യങ്ങളേ തൊഴിലാളി കെട്ടുറപ്പിനെ പരിപോഷിക്കുന്നുള്ളൂ. അതും യൂറോപ്പുകാരുടെ സമ്മര്‍ദത്തിനു വഴങ്ങി. ബഹുഭൂരിഭാഗം ഗള്‍ഫ് മേഖല ഈ തൊഴിലാളി സഖ്യത്തില്‍ നിന്ന് ഇന്നും വിട്ടുനില്‍ക്കുന്നു.

കേരള ചരിത്രവും വിഭിന്നമല്ല. ചുമട്ടു തൊഴിലാളി സംഘടനകള്‍ വിവിധ ചിന്താഗതിക്കാരാണ്. പക്ഷേ പാര്‍ട്ടി ഭിന്നിപ്പു മാറ്റി ഒറ്റ കുടക്കീഴില്‍ മെയ് ദിനത്തില്‍ അണിനിരക്കും. പൂര്‍വകാല ട്രേഡ് യൂണിയന്‍ ശില്പികളായ മണ്‍മറഞ്ഞ കെ. കരുണാകരനേയും, ഇ.എം.എസ്. നമ്പൂതിരിപ്പാടിനേയും കൈയടിച്ച് അനുമോദിച്ചാലേ സ്മരണിക പൂർണമാവൂ. മഹാ നഗരമായ ബോംബെയില്‍ കാംഗര്‍ അംഘാടി ട്രേഡ് യൂണിയന്‍ സ്ഥാപിച്ച ദത്താ സാമന്ത് ലക്ഷക്കണക്കിന് മില്‍ തൊഴിലാളികളുടെ തലവനായി ദശാബ്ദങ്ങള്‍ വാണു ഭരിച്ചു. ജോര്‍ജ് ഫെര്‍ണാണ്ടസ് ഒരൊറ്റ വിസിലില്‍ റെയ്ല്‍ പാളങ്ങള്‍ നിശ്ചലമാക്കി മറ്റൊരു തൊഴില്‍ പ്രതിഭാസ ശക്തിയായി.

കേരളത്തില്‍ അധ്വാനിക്കുന്ന ജനവിഭാഗമായി തൊഴിലുറപ്പുകാരും പരിഗണന നേടിക്കഴിഞ്ഞു. മാവേലി മന്നന്‍റെ ഓണം പോലെ മലയാളി തൊഴിലാളി വേഷമണിയുന്ന ആഘോഷാരവം എന്ന് മെയ് ഒന്നിനെ ചുരുക്കി വിശേഷിപ്പിക്കാം!

കാര്‍ഷിക ലഹളകള്‍

ലോകത്തിന്‍റെ സമ്പദ്സമൃദ്ധി തന്നെ കൃഷിയും ഖനനവുമാണ്. രണ്ടും ഭൂമിയോട് മല്ലിടുക എന്നർഥം. യഥാർഥ തൊഴിലാളികൾ അവരാണ്. ഈ അടിസ്ഥാന തത്വം ഭരണഘടന എഴുതിയ ഭരണ സാരഥികളും മറവി കൂടാതെ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. എന്നാല്‍ ഇവരുടെ വിഷയം കാലാകാല ബജറ്റില്‍ പരാമര്‍ശിക്കുക മാത്രമാണ് ബുദ്ധിജീവികളെന്നറിയപ്പെടുന്ന ധനകാര്യ മന്ത്രിമാര്‍ ചെയ്യുന്നത്. വസ്തുനിഷ്ഠമായി കര്‍ഷക അവകാശങ്ങള്‍ നടപ്പിലാക്കാതെ വരുമ്പോഴാണ് കഷകര്‍ക്ക് കലി കയറുന്നത്. അവര്‍ സിന്ദാബാദ് വിളിച്ച് കൂട്ട സത്യഗ്രഹങ്ങള്‍ക്കിറങ്ങുന്നത്. അതും സായുധ സേനയെ നിരത്തി അടിച്ചമര്‍ത്തുന്ന ദൃക്സാക്ഷി വിവരണങ്ങളും കണ്ടുകൊണ്ടിരിക്കുന്നു. കര്‍ഷകരെ അമിതമായി ചൂഷണം ചെയ്യാത്ത സംസ്ഥാനം സാക്ഷരതയുള്ള കേരളം മാത്രമാണെന്ന് മലയാളികള്‍ക്ക് അഭിമാനിക്കാം.

കൃഷി വായ്പകള്‍ സഹായ സഹകരണ സംഘങ്ങള്‍ വഴി ഉദാരം. വെള്ളവും വെളിച്ചവും ആധുനിക കൃഷി സൗകര്യങ്ങളും ഏത് ഓണം കേറാമൂലയിലും സുലഭം. കാര്‍ഷിക വിഭവങ്ങൾ സര്‍ക്കാര്‍ തറവില നിശ്ചയിച്ച് ഏറ്റെടുക്കുന്നുമുണ്ട്. ഇനി അഥവാ കൃഷി നശിച്ചാലോ പിഴച്ചാലോ കൂട്ട ആത്മഹത്യയ്ക്കു മുതിരേണ്ടാ. അവരെ സംരക്ഷിക്കാനും നാട്ടാരും നേതാക്കളും മീഡിയയും ഓടിപ്പാഞ്ഞെത്തും. നേരിട്ട് വകുപ്പു മന്ത്രി തുണയ്ക്കും. മുഖ്യമന്ത്രി വരെ സിസി ക്യാമറയില്‍ നിരീക്ഷിക്കും.

ഇതൊക്കെ നമ്മുടെ വോട്ടു പിടിക്കാനുള്ള ചട്ടവട്ടങ്ങള്‍ കൂടിയാണ്. അതുകൊണ്ടാണ് ഇതര സംസ്ഥാനക്കാർ കൂലിക്കാരായെത്തിയത്. അനീതി തീണ്ടാത്ത തൊഴില്‍ വ്യവസ്ഥകള്‍ കാരണം അവർക്ക് ദുബായ് മോഡൽ എണ്ണപ്പണ നാടായി കേരളം. പണിയിപ്പിച്ച് മേലനങ്ങാതെ നമ്മള്‍ മടിയന്മാരായി പിത്ത രോഗികളായി തീരുമോയെന്ന് ആരോഗ്യ കാര്യാലയത്തിന്‍റെ ആശങ്ക. അതു പരിഹരിക്കാന്‍ വീട്ടില്‍ വിനോദ മീന്‍ വളര്‍ത്തലിനു കടം കൊടുക്കലും പരീക്ഷിക്കുന്നു!

ഇതര സംസ്ഥാനങ്ങളുടെ അവസ്ഥ ശോചനീയമാണ്. കൃഷിനിലങ്ങള്‍ പാട്ടത്തിനെടുത്തത്. കൃഷിയിറക്കല്‍ ചെലവു വഹിക്കാന്‍ വിദ്യാഭ്യാസമില്ലാത്തവര്‍ ജന്മിമാരില്‍ നിന്നും കടം കൊള്ളണം. മുദ്ര പേപ്പറിലെ കൂട്ടുപലിശാ ക്രമം കേട്ടാല്‍ തലചുറ്റി വീഴും. വസൂലാക്കലില്‍ പെണ്ണുങ്ങളടക്കം നിരതദ്രവ്യം! ഇങ്ങനെ പലവിധ പറയാന്‍ കൊള്ളാത്ത മാനഹാനി സഹിച്ച പാവം കര്‍ഷകരാണ് അവകാശ വാദങ്ങളുമായി ഇന്ദ്രപ്രസ്ഥമായ ഡൽഹിയില്‍ ഒരിക്കല്‍ പൊട്ടിത്തെറിച്ചത്. എല്ലാ തരത്തിലും കബളിപ്പിക്കപ്പെടുന്ന പട്ടിണിപ്പാവങ്ങള്‍ക്കൊപ്പം കണ്ണീര്‍ വാര്‍ത്ത് അവരെ സമുദ്ധരിക്കാന്‍ ഈ തൊഴിലാളി ദിനം കാവലായിത്തീരട്ടെ.

കത്തോലിക്കരുടെ കടമുള്ള ദിവസം

ആഗോള കത്തോലിക്കാ സഭയുടെ തൊഴിലാളി മധ്യസ്ഥനാണ് ഔസേഫ് പിതാവ്. ദൈവപുത്രനായ ഉണ്ണി യേശുവിനെ വളര്‍ത്തി വലുതാക്കാന്‍ തച്ചന്‍റെ ജോലി സ്വീകരിച്ചു. ആത്മാർഥമായി കൂലിവേല ചെയ്ത് ഔസേഫ് പിതാവ് തിരുകുടുംബം പുലര്‍ത്തി. ജോലിയുടെ അഭിമാനം നിലനിര്‍ത്തിയവനോടുള്ള ആദരവും വണക്കവും തിരുസഭ മെയ് ദിനത്തില്‍ കുര്‍ബാന കടമുള്ള ദിവസമായി നീക്കിവച്ച് ആചരിക്കുന്നു. ജോസഫ് എന്നു പേരുള്ള വിശ്വസികള്‍ക്ക് തിരുനാളിന്‍റെ മംഗളം ആശംസിക്കട്ടെ...

logo
Metro Vaartha
www.metrovaartha.com