അപ്പർ കുട്ടനാട്ടിലെ നാല് ഷട്ടറുകള്‍ ജനജീവിതം താറുമാറാക്കും

കിഴക്കുനിന്ന് ഒഴുകിവരുന്ന മലവെള്ളത്തിന്‍റെ ഏറിയ ഭാഗവും പമ്പ, അച്ചന്‍കോവില്‍, മണിമല നദികളിലൂടെ ഒഴുകി അപ്പര്‍ കുട്ടനാട്ടിലെ വീയപുരത്താണ് ഈ നദികള്‍ സംഗമിക്കുന്നതെന്ന പ്രത്യേകതയും അപ്പര്‍ കുട്ടനാടിനുണ്ട്
four shutters in upper Kuttanad is danger
ഗോപന്‍ ചെന്നിത്തല
Updated on

ഗോപന്‍ ചെന്നിത്തല

(അപ്പര്‍ കുട്ടനാട് കാര്‍ഷിക വികസന സമിതി ചെയർമാനും അപ്പര്‍ കുട്ടനാട് സ്വതന്ത്ര നെല്‍ കര്‍ഷക കൂട്ടായ്മ പ്രസിഡന്‍റ്)

ലോവര്‍ കുട്ടനാടിനെ രക്ഷിക്കാനെന്ന പേരില്‍ അപ്പര്‍ കുട്ടനാട്ടില്‍ ആരംഭിക്കാന്‍ കേരള സര്‍ക്കാർ ഏറ്റവും പുതിയതായി പദ്ധതിയിട്ടിരിക്കുന്ന നാല് തടയണ പരിപാടി അപ്പര്‍ കുട്ടനാടിനെ വെള്ളത്തിലാഴ്ത്താൻ വഴിയൊരുക്കും.

പമ്പ, അച്ചന്‍കോവില്‍ എന്നീ നദികളിലൂടെ ഒഴുകിവരുന്ന ജലത്തെ ലോവര്‍ കുട്ടനാട്ടില്‍ എത്തിക്കാതെ അറബിക്കടലിലേക്ക് നേരിട്ട് ഒഴിക്കിവിടാനാണന്ന പേരില്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന നീക്കം അപ്പര്‍ കുട്ടനാട്ടിലെ ജനങ്ങളെ കൂടുതല്‍ ദുരിതത്തിലേയേക്ക് തള്ളിവിടുകയേയുള്ളൂ.

പമ്പയുടെയും അച്ചന്‍കോവിലിന്‍റെയും ആഴക്കയങ്ങളുള്ള തിരുവന്‍വണ്ടൂര്‍- കുത്തിയതോട്, ഹരിപ്പാട് - ചെറുതന, തകഴി - കുന്നുമ്മ, അമ്പലപ്പുഴ - കരുമാടി എന്നിവിടങ്ങളിലായി നിർമിക്കാന്‍ പദ്ധതിയിട്ടിരിക്കുന്ന നാല് വലിയ ചെക്ക് ഡാം (ഷട്ടര്‍) പദ്ധതികളാണ് അപ്പര്‍ കുട്ടനാട്ടുകാരെ ആശങ്കപ്പെടുത്തുന്നത്. ചെന്നൈ ഐഐടിയുടെ സാങ്കേതികാനുമതി ലഭിച്ചെന്ന് അവകാശപ്പെടുന്ന പദ്ധതി വലിയ ജനകീയ പ്രക്ഷോഭങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിയൊരുക്കും.

കിഴക്കുനിന്ന് ഒഴുകിവരുന്ന മലവെള്ളത്തിന്‍റെ ഏറിയ ഭാഗവും പമ്പ, അച്ചന്‍കോവില്‍, മണിമല എന്നീ നദികളിലൂടെ ഒഴുകി വന്ന് അപ്പര്‍ കുട്ടനാട്ടിലെ വീയപുരത്താണ് ഈ നദികള്‍ സംഗമിക്കുന്നതെന്ന പ്രത്യേകതയും അപ്പര്‍ കുട്ടനാടിനുണ്ട്. ഇത് കൃത്യമായി അറബിക്കടലിലേക്ക് ഒഴുക്കിവിട്ടാല്‍ മാത്രമേ കുട്ടനാടിനെയും അപ്പര്‍ കുട്ടനാടിനെയും രക്ഷിക്കാന്‍ സാധിക്കുകയുള്ളൂ.

സമുദ്ര ജലനിരപ്പില്‍ നിന്ന് നാല് ഡിഗ്രി താഴ്ന്നു കിടക്കുന്ന ലോവര്‍ കുട്ടനാടിനെ രക്ഷിക്കാന്‍ കൊണ്ടുവന്ന തണ്ണീര്‍മുക്കത്ത് ബണ്ട് നിർമിച്ചിട്ടും ഇവിടെ കാര്യമായ പ്രയോജനം ലഭിച്ചിട്ടില്ലന്ന് കുട്ടനാട്ടിലെ കര്‍ഷകര്‍ ഒന്നടങ്കം പറയുന്ന കാര്യമാണ്. നാല് ചെക്ക് ഡാമുകളുടെ നിർമാണം വരുന്നതോടെ അപ്പര്‍ കുട്ടനാട് മേഖലയായ തിരുവല്ല, ചങ്ങനാശേരി, ആറന്മുള, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, ഹരിപ്പാട്, അമ്പലപ്പുഴ തുടങ്ങിയ പ്രദേശങ്ങളില്‍ വെള്ളപ്പൊക്ക ഭീഷണി ഏറുകയാണ്.

ഇത് കുട്ടനാടിനെ രക്ഷിക്കാന്‍ വേണ്ടി ചെയ്യുന്ന പദ്ധതിയാണ് എന്ന് പറയുമ്പോഴും ഈ പ്രവൃത്തി വരുന്നതോടെ കുട്ടനാട്ടില്‍ പാരിസ്ഥികമായ നിരവധി പ്രശ്‌നങ്ങള്‍ ഏറുകയേയുള്ളൂ. ഇവിടുത്തെ ജലനിര്‍ഗമനം തടസപ്പെട്ട് മാലിന്യ നിക്ഷേപങ്ങളുടെ കേന്ദ്രമായി കുട്ടനാട് മാറുമെന്ന കാര്യത്തില്‍ സംശയമില്ല.

സംസ്ഥാന പ്ലാനിങ് ബോര്‍ഡ് നിര്‍ദേശിച്ചിട്ടുള്ള ഈ മണ്ടന്‍ പദ്ധതി കുട്ടനാടിനെയും അപ്പര്‍ കുട്ടനാടിനെയും തകര്‍ത്തെറിയാനേ ഉപകരിക്കൂ. സര്‍ക്കാര്‍ ഈ കാര്യത്തില്‍ കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലയില്‍ നിന്ന് ജനങ്ങളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും അഭിപ്രായം തേടണ്ടതായിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.