

സ്വതന്ത്രമായി നിലകൊള്ളുന്ന ട്രൈബ്യൂണൽ
നമ്മുടെ പൊതു നിയമത്തിൽ ട്രൈബ്യൂണലുകളുടെ രൂപീകരണം പോലെ ഇത്രയധികം ചർച്ച ചെയ്യപ്പെട്ടിട്ടുള്ള മറ്റു വിഷയങ്ങൾ വിരളമാണ്. 1987ലെ എസ്.പി. സമ്പത്ത് കുമാർ കേസ് മുതൽ മദ്രാസ് ബാർ അസോസിയേഷൻ കേസ് പരമ്പരയിലെ 2025 നവംബറിലെ വിധി വരെ, കോടതികൾ നിയമങ്ങൾ റദ്ദാക്കുകയും നിർദേശങ്ങൾ പുറപ്പെടുവിക്കുകയും, പിന്നീട് അതേ വിഷയം ആസ്പദമാക്കിയുള്ള പുതിയ നിയമ നിർമാണങ്ങൾ വീണ്ടും പരിശോധിക്കുകയും ചെയ്തിട്ടുണ്ട്.
ഈ വിഷയം ഇത്രയധികം ഘട്ടങ്ങളിലൂടെ കടന്നുപോയി എന്നത് പ്രശ്നം എത്രത്തോളം സങ്കീർണമായിരുന്നുവെന്നു വ്യക്തമാക്കുന്നു. 2026ലെ ട്രൈബ്യൂണൽ പരിഷ്കരണ ബിൽ പ്രത്യേക ശ്രദ്ധ അർഹിക്കുന്നു; കാരണം, യഥാർഥ പ്രശ്നം എന്താണെന്ന് ഒടുവിൽ തിരിച്ചറിയാനും, അതിനുള്ള ഉത്തരം കണ്ടെത്താനും ഇതിനു സാധിച്ചിട്ടുണ്ടെന്നാണു കരുതുന്നത്.
അനുഭവങ്ങളിൽ നിന്നള്ള പാഠം
ഈ പ്രശ്നം ഇന്ത്യയിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നല്ല. മറ്റു രാജ്യങ്ങളും ഇതു നേരിട്ടിട്ടുണ്ട്; അവരുടെ കണ്ടെത്തലുകൾ ശ്രദ്ധേയമാണ്. 2001ൽ ബ്രിട്ടനിൽ സർ ആൻഡ്രൂ ലെഗ്ഗട്ട് ഈ മേഖല അവലോകനം ചെയ്തപ്പോൾ കണ്ടെത്തിയ കാര്യം ഇതാണ്: ഏതു വകുപ്പുകളുടെ തീരുമാനങ്ങളാണോ വിധിയെഴുതുന്നത്, അതേ വകുപ്പുകളുടെ ഭരണത്തിൻ കീഴിലാണ് 70ലധികം ട്രൈബ്യൂണലുകൾ പ്രവർത്തിക്കുന്നത്. ഇതിനെ അദ്ദേഹം പ്രധാന പോരായ്മയായി തിരിച്ചറിഞ്ഞു. അദ്ദേഹത്തിന്‍റെ പരിഹാരം കാലാവധി ക്രമീകരിക്കലോ യോഗ്യതകൾ പരിഷ്കരിക്കലോ ആയിരുന്നില്ല. പകരം, ട്രൈബ്യൂണലുകളെ മാതൃ വകുപ്പുകളിൽ നിന്നു മാറ്റി, അവയുടെ ഭരണം ഒറ്റ ഏജൻസിയുടെ കീഴിലാക്കുക എന്നതായിരുന്നു. അത് 2007ലെ നിയമമായി മാറി.
ഇന്ത്യ ട്രൈബ്യൂണൽ സംവിധാനത്തിലേക്കു നേരത്തേ തന്നെ കടന്നുവരികയും പൊതുവെ വലിയ വിജയം നേടുകയും ചെയ്തു. 1941ൽ സ്ഥാപിതമായ ഇൻകം ടാക്സ് അപ്പലറ്റ് ട്രൈബ്യൂണൽ പ്രത്യേക വിഷയങ്ങളിലെ വിധിനിർണയത്തിന്‍റെ ഏറ്റവും മികച്ച മാതൃകയായി ഇപ്പോഴും നിലകൊള്ളുന്നു. 323എ, 323ബി അനുച്ഛേദങ്ങളിലൂടെയും 1985ലെ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽസ് ആക്റ്റ് വഴിയും, തുടർന്ന് നിയന്ത്രണ മേഖലകളിലുടനീളവും ഈ മാതൃക വിപുലീകരിച്ചു; ഹൈക്കോടതികൾക്ക് ഉൾക്കൊള്ളാൻ കഴിയാത്തത്ര വലിയ അളവിലായിരുന്നു അത്. എന്നാൽ നമ്മുടെ പ്രശ്നം വേറൊരു തരത്തിലായിരുന്നു. ട്രൈബ്യൂണലുകൾക്ക് എക്സിക്യൂട്ടീവിനെ ചാരി നിൽക്കേണ്ടി വരാതിരിക്കുമ്പോൾ മാത്രമേ സ്വാതന്ത്ര്യം ഉറപ്പാക്കാൻ കഴിയൂ എന്ന് 2020ൽ കോടതി നിരീക്ഷിച്ചിരുന്നു.
മുൻകാല ശ്രമങ്ങൾ പാളിയതെന്ത്?
ഒന്നിലധികം തവണ പരിഷ്കരണത്തിനു ശ്രമിച്ചിട്ടുണ്ട്. ഓരോ തവണയും നല്ല ഉദ്ദേശ്യത്തോടെയാണ് അതു ചെയ്തത്. എന്നാൽ, അതിനു ശേഷമുണ്ടായ നിയമ പോരാട്ടങ്ങളിൽ ഭൂരിഭാഗവും, കാലാവധി 3 വർഷമാണോ നാലാണോ അഞ്ചാണോ ആയിരിക്കേണ്ടത്, കുറഞ്ഞ പ്രായപരിധി 50 വയസ് അനുവദനീയമാണോ, ഒന്നോ രണ്ടോ പേരുകൾ വീതമുള്ള പാനലാണോ ശുപാർശ ചെയ്യേണ്ടത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചായിരുന്നു.
ഇതൊന്നും പ്രശ്നത്തിന്‍റെ മൂല കാരണത്തിലേക്കു കടന്നു ചെന്നില്ല. സ്വാതന്ത്ര്യം എന്നതു കണക്കുകളെ ആശ്രയിച്ചുള്ളതല്ല. കാലാവധിയും പ്രായവും പേരുകളുടെ എണ്ണവുമെല്ലാം രോഗം നിർണയിക്കാൻ സഹായിക്കുന്ന ലക്ഷണങ്ങൾ മാത്രമാണ്; യഥാർഥ രോഗം അവയല്ല.
പ്രശ്നത്തിന്‍റെ മൂലകാരണം
ട്രൈബ്യൂണൽ എന്നതു സ്വയം പര്യാപ്തമായ സ്ഥാപനമായിരിക്കണം എന്നതാണു പ്രശ്നത്തിന്‍റെ മൂലകാരണം. സ്വന്തമായ അടിത്തറ, അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള സ്വന്തം മാർഗങ്ങൾ, അവരുടെ മേൽനോട്ടം വഹിക്കാനും അച്ചടക്ക നടപടികൾ സ്വീകരിക്കാനുമുള്ള സ്വന്തം സംവിധാനം, കെട്ടിടത്തിനും ജീവനക്കാർക്കും ധനസ്ഥിതിക്കുമുള്ള സ്വന്തം വ്യവസ്ഥകൾ എന്നിവ അതിനുണ്ടായിരിക്കണം. ഇവ ലഭ്യമാകുന്നിടത്ത്, സ്വാഭാവികമായും സ്വാതന്ത്ര്യം കൈവരും.
പുതിയ ബിൽ കോടതി ഉന്നയിച്ച വിഷയങ്ങൾക്കു കൃത്യമായ മറുപടി നൽകുന്നു. ഈ ഉത്തരങ്ങൾ സ്വയം നടപ്പാക്കാൻ ശേഷിയുള്ള സ്ഥാപനം കെട്ടിപ്പടുക്കാനും അതു ശ്രമിക്കുന്നു. നിയമപ്രകാരം ദേശീയ ട്രൈബ്യൂണൽസ് കമ്മിഷൻ രൂപീകരിക്കുന്നു. ഏതെങ്കിലും എക്സിക്യൂട്ടീവ് ഉത്തരവിൽ നിന്നല്ല, മറിച്ച് ഈ ആക്റ്റിൽ നിന്നാണ് അത് അതിന്‍റെ നിലനിൽപ്പും ഘടനയും ചുമതലകളും കൈവരിക്കുന്നത്. തെരഞ്ഞെടുപ്പ്, മേൽനോട്ടം, അച്ചടക്കം, ട്രൈബ്യൂണലുകൾക്ക് ആവശ്യമായ കാര്യങ്ങളുടെ നിർണയം എന്നിവയുടെ ചുമതലയും ഇതിനാണ്. ഇതിനൊപ്പം സ്ഥിരം പ്രൊഫഷണൽ സെക്രട്ടറിയറ്റും നിലകൊള്ളുന്നു.
മുൻഗണന, തുല്യ അകലം, നിയന്ത്രണങ്ങളും
പ്രധാനപ്പെട്ട എല്ലാ ഘട്ടങ്ങളിലും ബിൽ ജുഡീഷ്യൽ മുൻഗണന നിലനിർത്തുന്നു. സുപ്രീം കോടതിയിലെ വിരമിച്ച ജഡ്ജിയോ ഹൈക്കോടതി ചീഫ് ജസ്റ്റിസോ ആണ് കമ്മിഷന്‍റെ തലവൻ, ഇതിൽ ഭൂരിഭാഗവും ജുഡീഷ്യൽ അംഗങ്ങളാണ്. സമിതികളുടെ അധ്യക്ഷ സ്ഥാനം ജുഡീഷ്യറിക്കാണ്; നിർണായക വോട്ടവകാശവും ജുഡീഷ്യൽ അധ്യക്ഷനുണ്ട്. തെരഞ്ഞെടുപ്പ്, മേൽനോട്ടം, അച്ചടക്കം, പ്രകടനം എന്നിവയെല്ലാം നയിക്കുന്നതു ജുഡീഷ്യൽ വിഭാഗമാണ്. കേസിൽ ഉൾപ്പെടുന്ന ഏറ്റവും വലിയ കക്ഷി എക്സിക്യൂട്ടീവ് ആയതിനാൽ, വിധി പറയുന്നവരെ തെരഞ്ഞെടുക്കുന്നതിൽ എക്സിക്യൂട്ടീവിന് ആധിപത്യം ഉണ്ടാകാൻ പാടില്ലെന്ന തത്വത്തിന് അനുസൃതമാണിത്. ആർ. ഗാന്ധി കേസ് മുതൽ കോടതി പറഞ്ഞുപോരുന്ന കാര്യമാണിത്.
അത്ര തന്നെ പ്രാധാന്യമുള്ള മറ്റൊന്ന്, മുൻഗണന എന്നതു പൂർണമായ നിയന്ത്രണത്തിനു തുല്യമല്ല എന്നതാണ്. പൂർണമായും ജുഡീഷ്യറിയുടെ കൈകളിലേക്കു നൽകപ്പെടുന്ന സംവിധാനവും വെല്ലുവിളികളോടെയാണു വീക്ഷിക്കപ്പെടുന്നത്. അതിനാൽ, ഈ ബിൽ ട്രൈബ്യൂണലിനെ എക്സിക്യൂട്ടീവിൽ നിന്നും ജുഡീഷ്യറിയിൽ നിന്നും തുല്യ അകലത്തിൽ നിർത്തുന്നു; മൂന്നു തലങ്ങളിലൂടെ അതു സാധ്യമാക്കുന്നു. കേന്ദ്ര ഗവണ്മെന്‍റ് ചട്ടങ്ങളിലൂടെ പൊതു തത്വങ്ങൾ നിർദേശിക്കുന്നു. പ്രവർത്തനം എങ്ങനെ നടക്കണമെന്നു നിയന്ത്രിക്കുന്ന റെഗുലേഷൻസ് കമ്മിഷനു രൂപംനൽകുന്നു. ഈ ചട്ടക്കൂടിനുള്ളിൽ നിന്നു സെക്രട്ടറിയറ്റ് അതു നടപ്പാക്കുന്നു. അതിന്‍റെ പ്രവർത്തനരീതിയിൽ വഴികാട്ടലുകൾ നൽകുന്നുണ്ടെങ്കിലും പ്രവർത്തന തലത്തിൽ ഇടപെടലുകൾ ഉണ്ടാകുന്നില്ല. അതിന്‍റെ ചുമതലകൾ കണ്ടെത്തുന്നത് അധികാര കൈമാറ്റത്തിലൂടെയല്ല; നിയമത്തിൽ നിന്നാണ്.
കമ്മിഷൻ, സെക്രട്ടേറിയറ്റ്, എക്സിക്യൂട്ടീവ് എന്നിവയുടെ പരസ്പര സഹകരണത്തിലൂടെ ഉയർന്നുവരുന്ന യഥാർഥ നിയന്ത്രണ- സന്തുലന സംവിധാനമാണ് ഇതിന്‍റെ ഫലം. അർഹതാ നിർണയം നടത്തുകയും ഓരോ തീരുമാനത്തിനും ആധാരമായ രേഖകൾ തയ്യാറാക്കുകയും ചെയ്യുന്നതു സെക്രട്ടേറിയറ്റാണ്. റെഗുലേഷൻസിനു വിധേയമായി പ്രവർത്തിക്കുന്ന സെക്രട്ടേറിയറ്റ് കാര്യങ്ങളുടെ രേഖകൾ സൂക്ഷിക്കും. ഈ ബിൽ മുന്നോട്ടുവയ്ക്കുന്ന സൂക്ഷ്മമായ സന്തുലിതാവസ്ഥ ഇതാണ്.
ഇതിൽ ഭരണപരമായ കാര്യങ്ങളിൽ ജുഡീഷ്യൽ ഇടപെടലോ എക്സിക്യൂട്ടീവിനെ ആശ്രയിക്കുന്ന അവസ്ഥയോ ഇല്ല; അതേസമയം തെരഞ്ഞെടുപ്പ്, മേൽനോട്ടം, അച്ചടക്കം, പ്രകടനം എന്നിവയിൽ ജുഡീഷ്യൽ മുൻഗണന നിലനിൽക്കുകയും ചെയ്യും. ട്രൈബ്യൂണലുകളുടെ വിധിനിർണയ സ്വാതന്ത്ര്യം നിലനിർത്തി, അനുബന്ധ സേവനങ്ങളെ ഒറ്റ ഏജൻസിക്കു കീഴിലാക്കി, 2014ൽ ക്യാനഡയും സമാനമായ നിഗമനത്തിലാണ് എത്തിച്ചേർന്നത്.
നിയമ നിർമാണങ്ങളെ വിലയിരുത്തേണ്ടത്, അവ നിയമപരമായ ചോദ്യം ചെയ്യലുകൾ അതിജീവിക്കുന്നുണ്ടോ എന്നു നോക്കി മാത്രമല്ല; ഇത്തരം ചോദ്യം ചെയ്യലുകൾക്കു കാരണമായ സാഹചര്യങ്ങളെ അത് ഇല്ലാതാക്കുന്നുണ്ടോ എന്നു നോക്കിയാണ്. ആ പരിശോധനയിൽ ഈ ബിൽ വിജയിക്കുന്നു. വിഭാവന ചെയ്ത രീതിയിൽ ഇതു പ്രവർത്തിക്കുകയാണെങ്കിൽ ട്രൈബ്യൂണൽ സംവിധാനത്തെ വൻ തോതിൽ മെച്ചപ്പെടുത്താൻ ഇതിനു സാധിക്കും.
ശരിയായ രീതിയിൽ രൂപം നൽകിയ, ആവശ്യത്തിനു കെട്ടിട സൗകര്യമുള്ള, ഒഴിവുകൾ വേഗത്തിൽ നികത്തുന്ന, സ്വന്തം പ്രവർത്തനത്തിൽ ഉത്തരവാദിത്വമുള്ള ഒരു വേദി കേസുകളുമായി എത്തുന്ന വ്യക്തികൾക്കു ലഭിക്കും. ഇവിടെ തയാറാക്കിയ മാതൃക വിജയകരമെന്നു കണ്ടാൽ, ഭാവിയിലെ മറ്റു തെരഞ്ഞെടുപ്പുകൾക്കും ഇതു പ്രയോജനപ്പെട്ടേക്കാം.
(ഇന്ത്യയുടെ അഡീഷണൽ സോളിസിറ്റർ ജനറലാണു ലേഖകൻ. അഭിപ്രായങ്ങൾ വ്യക്തിപരം.)