കേരളത്തിൽ വരൾച്ചാ വർഷങ്ങൾ വർധിക്കുന്നു

വയനാട് ജില്ലയിലെ ഇടവപ്പാതി മഴയിൽ കുറവ് വരുന്നത് ഗുരുതരമായ സാഹചര്യമാണെന്നും, സർക്കാർ ഇതുമായി ബന്ധപ്പെട്ട് ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്നും പഠനത്തിൽ ശുപാർശ ചെയ്യുന്നു
Drought
Drought
Updated on

അജയൻ

കാലാവസ്ഥാ വ്യതിയാനത്തിന്‍റെ പ്രത്യോക്ഷോദാഹരണമായി കേരളത്തിൽ ആവർത്തിക്കുന്ന വരൾച്ചാ വർഷങ്ങൾ. കേരളത്തിൽ സമീപകാലത്ത് ഏറ്റവും രൂക്ഷമായ വരൾച്ച് രേഖപ്പെടുത്തിയത് 2016ൽ ആയിരുന്നു. ഇപ്പോഴത്തെ മൺസൂൺ സീസണിൽ ഇതിനകം തന്നെ 35% ശതമാനം കുറവാണ് മഴയുടെ അളവിൽ രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തെ സംബന്ധിച്ച് അത്ര ശുഭകരമല്ല കാര്യങ്ങൾ എന്നുവേണം മനസിലാക്കാൻ.

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലാ ഗവേഷകരായ എസ്. അഭിലാഷ്, ഇ.കെ. കൃഷ്ണകുമാർ, പി. വിജയകുമാർ, എ.കെ. സഹായ്, ബി. ചക്രപാണി, ഗിരീഷ് ഗോപിനാഥ് എന്നിവർ ചേർന്ന് 'Changing Characteristics of Droughts over Kerala, India: Inter-Annual Variability and Trend' എന്ന പേരിൽ നടത്തിയ പഠനത്തിൽ പറയുന്നതനുസരിച്ച്, വരൾച്ചാ വർഷങ്ങൾ ആവർത്തിക്കാൻ കാലാവസ്ഥാ വ്യതിയാനം ഒരു പ്രധാന കാരണമാണ്.

കഴിഞ്ഞ പതിറ്റാണ്ടുകളിൽ തെക്കൻ കേരളത്തിൽ തെക്കുപടിഞ്ഞാറൻ മൺസൂണിലെ മഴ കുറയുന്ന പ്രവണതയാണ് കണ്ടുവരുന്നത്. പസഫിക് സമുദ്രത്തിന്‍റെ ഉപരിതല താപനിയും കേരളത്തിലെ മഴയും തമ്മിൽ വിദൂര ബന്ധവുമുണ്ട്.

ഏതെങ്കിലും മേഖലയിൽ ദീർഘമായ കാലയളവിലുള്ള മഴയുടെയും താപനിലയുടെയും ഘടനയിലെ വ്യത്യാസങ്ങൾ കാലാവസ്ഥാ വ്യതിയാനത്തിന്‍റെ സൂചനകങ്ങളാണ്. സമുദ്രനിരപ്പിൽ നിന്നുള്ള ഉയരത്തിന്‍റെ അടിസ്ഥാനത്തിൽ കേരളത്തിന്‍റെ ഭൂപ്രകൃതിയെ മൂന്നായി തിരിച്ചിട്ടുണ്ട്, തീരദേശം, ഇടനാട്, മലനാട്. കേരളത്തിലും പശ്ചിമഘട്ട മേഖലയിലും കൃത്യമായ ഇടവേളകളിൽ സന്തുലിതമായി ലഭിക്കുന്ന മഴയാണ് ഇവിടത്തെ സസ്യജന്തുജാല വൈവിധ്യത്തിനു കാരണം.

2016ലെ വരൾച്ച കാർഷിക മേഖലയ്ക്കും ഭൂഗർഭ ജലവിതാനത്തിനും കടുത്ത ഭീഷണികൾ ഉയർത്തിയിരുന്നു. ഇതിനു പുറമേ സംസ്ഥാനത്തിന്‍റെ സാമൂഹിക-സാമ്പത്തിക മേഖലയിലും തുടർച്ചയായ വരൾച്ചാ വർഷങ്ങൾ വ്യത്യസ്ത രീതിയിൽ സ്വാധീനം ചെലുത്തുന്നുണ്ട്.

2015ലും കേരളത്തിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ ദുർബലമായിരുന്നെങ്കിലും, വാർഷിക കണക്കെടുപ്പിൽ അതു വരൾച്ചയ്ക്ക് കാരണമായിരുന്നില്ല. 2015ൽ രാജ്യത്തെ മഴ ലഭ്യതയും ശരാശരിയിൽ താഴെയായിരുന്നു എന്നത് ശ്രദ്ധേയം. 2016ൽ രാജ്യത്ത് വേനൽ മഴ സാധാരണഗതിയിലായിരുന്നെങ്കിലും സംസ്ഥാനത്ത് ഗണ്യമായി കുറഞ്ഞു. കേരളത്തിന്‍റെ കാർഷിക മേഖല ഏറിയ പങ്കും മഴയെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്;30% മാത്രമാണ് ജലസേചനത്തെ ആശ്രയിച്ചു നിലനിൽക്കുന്നത്.

300 സെന്‍റീമീറ്ററാണ് കേരളത്തിന്‍റെ ശരാശരി വാർഷിക മഴ ലഭ്യത. 15% ശതമാനം വരെ ഏറ്റക്കുറച്ചിലുകൾ സാധാരണമാണ്. വാർഷിക മഴ ലഭ്യതയിൽ 65-70% തെക്കുപടിഞ്ഞാറൻ മൺസൂൺ (ഇടവപ്പാതി) കാലത്താണ്. 15-20% മഴ കിട്ടുന്നത് വടക്കുകിഴക്കൻ മൺസൂണിലും (തുലാവർഷം) ബാക്കി ചെറിയ പങ്ക് വേനൽക്കാലത്തും. അതിനാൽത്തന്നെ തെക്കുപടിഞ്ഞാറൻ മൺസൂണിലും വടക്കുകിഴക്കൻ മൺസൂണിലും പെയ്യുന്ന മഴയിലെ കുറവാണ് വരൾച്ചാ സാധ്യത നിർണയിക്കുന്നത്. ഇടവപ്പാതിയിൽ കുറയുന്ന മഴ പലപ്പോഴും തുലാവർഷത്തിൽ നികത്തപ്പെടാറുണ്ട്. അങ്ങനെയാണ് വാർഷിക മഴ ലഭ്യത സാധാരണനിലയിൽ തുടരുക.

നിലവിൽ ഇടവപ്പാതിയുടെ ശക്തി കുറയുകയും തുലാവർഷത്തിന്‍റെ ശക്തി കൂടുകയും ചെയ്യുന്ന സ്ഥിതിയാണ് കേരളത്തിൽ കണ്ടുവരുന്നത്.

ഇടവപ്പാതിയിൽ വരുന്ന കുറവാണ് പൊതുവേ വാർഷിക മഴ ലഭ്യതയെ കാര്യമായി ബാധിക്കുന്നതും, സംസ്ഥാനത്തെ വരൾച്ചയിലേക്കു നയിക്കുന്നതും. കിഴക്കൻ ഉഷ്ണമേഖലാ ശാന്ത സമുദ്രത്തിലെ ഉപരിതല താപനില ക്രമാതീതമായി വർധിക്കുന്ന എൽ നിനോ പ്രതിഭാസവും ഇതിലൊരു ഘടകമാണ്. അതേസമയം, തുലാവർഷത്തിലെ കുറവ് ഇത്രയും നിർണായകമാകാറില്ല. ശാന്ത സമുദ്രോപരിതലത്തിലെ താപനില കുത്തനെ കുറയുന്ന ലാ നിന പ്രതിഭാസത്തിന്‍റെ സമയത്താണ് തുലാവർഷം ക്രമാതീതമായി കുറയുന്നത്.

എൽ നിനോ, ലാ നിന വർഷങ്ങളിൽ കേരളത്തിലെ കാലവർഷത്തിൽ ശാന്ത സമുദ്രത്തിന്‍റെ ഉപരിതല താപനില സ്വാധീനം ചെലുത്തുന്നുണ്ടെന്ന് ചുരുക്കം.

വിശേഷിച്ച് വയനാട് ജില്ലയിലെ ഇടവപ്പാതി മഴയിൽ കുറവ് വരുന്നത് ഗുരുതരമായ സാഹചര്യമാണെന്നും, സർക്കാർ ഇതുമായി ബന്ധപ്പെട്ട് ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്നും പഠനത്തിൽ ശുപാർശ ചെയ്യുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com