ഇടുക്കി പിടിക്കുമോ തമിഴകം?

ഇടുക്കി കയ്യേറ്റങ്ങളിലെ ഒളിവും മറവും പരമ്പര 5 കേരളം തമിഴനു വിട്ടു കൊടുത്തത് 15,768.48 ഹെക്റ്റർ വനഭൂമി!
Will Tamil take Idukki?

ഇടുക്കി പിടിക്കുമോ തമിഴകം

file photo

Updated on

സുഗന്ധപൂരിതയായ, പൊന്നു വിളയുന്ന മണ്ണുളള, സുന്ദരമായ കാലാവസ്ഥയുള്ള ഇടുക്കിപ്പെണ്ണിന്‍റെ മേൽ പണ്ടേയുണ്ട് തമിഴകത്തിന് ഒരു കണ്ണ്. ആ കൊതി അതിരു കടക്കുന്നു എന്നു മനസിലായപ്പോഴാണ് പണ്ടു പട്ടം താണുപിള്ള ഉണർന്നു പ്രവർത്തിച്ചതും മലയാളികളെ അവിടേയ്ക്ക് വൻ തോതിൽ കുടിയേറ്റിയതും

റീന വർഗീസ് കണ്ണിമല

. ദശാബ്ദങ്ങൾ കഴിഞ്ഞിരിക്കുന്നു. ഇന്നും ഇടുക്കി തമിഴകത്തിന് ഒരു മോഹന സ്വപ്നമാണ് എന്നാണ് സമീപകാലത്തെ ചില ചരടുവലികൾ വ്യക്തമാക്കുന്നത്. ദശാബ്ദങ്ങളായി അവിടെ സ്ഥിരതാമസമാക്കിയ തമിഴ് തൊഴിലാളികൾ തദ്ദേശീയരായ മലയാളികളെക്കാൾ കൂടുതലാണ് ഇടുക്കിയിലെ തേയിലത്തോട്ടങ്ങളിലും ഏലക്കാടുകളിലും. ഈ തൊഴിലാളികളുടെ സ്വാധീനം തങ്ങൾക്കു ഗുണം ചെയ്യുമെന്ന കണക്കു കൂട്ടലിലാണ് ഇപ്പോൾ ഇടുക്കിയിൽ ഒറ്റയ്ക്കു മത്സരിക്കാൻ ഡിഎംകെ തയാറായി മുന്നോട്ടു വന്നിരിക്കുന്നത്. ഇത് അത്ര നിസാരമായി തള്ളിക്കളയാനാകില്ല. കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ഡിഎംകെ ഒറ്റയ്ക്കു മത്സരിക്കുകയാണ് ഇത്തവണ ഇടുക്കിയിൽ.

ഡിഎംകെയുടെ പാർട്ടി ചിഹ്നത്തിലാണ് ഇടുക്കിയിലെ പീരുമേട്, ദേവികുളം താലൂക്കുകളിലെ പഞ്ചായത്തുകളിൽ ഡിഎംകെ ഇത്തവണ സ്ഥാനാർഥികളെ നിർത്തിയിരിക്കുന്നത്. ഉപ്പുതറ പഞ്ചായത്തിൽ ആറു വാർഡുകളിലും ദേവികുളത്തെ ചിന്നക്കനാൽ പഞ്ചായത്തിൽ അഞ്ചു വാർഡുകളിലുമാണ് ഡിഎംകെയുടെ നോട്ടം. തമിഴ്നാട് സർക്കാരിന്‍റെ ആനുകൂല്യങ്ങൾ തോട്ടം തൊഴിലാളികൾക്ക് നൽകാനുള്ള ശ്രമവും അവർ തുടങ്ങിക്കഴിഞ്ഞു. പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി പ്രവർത്തനം ശക്തിപ്പെടുത്താൻ മൂന്നാറിലും ഉപ്പുതറയിലും ഡിഎംകെ പ്രാദേശിക പാർട്ടി ഓഫീസുകളും തുറന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ജോയ്സ് ജോർജിനെ പിന്തുണച്ച ഡിഎംകെ ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്കാണ് മത്സരിക്കുന്നത്.

കൈയേറ്റം വേറെ; കുടിയേറ്റം വേറെ:

കുടിയേറ്റക്കാരുടെ സംരക്ഷണത്തിനെന്ന മറയിലാണ് കൈയേറ്റമാഫിയ ഇവിടെ അടക്കി ഭരിക്കുന്നത്. 1971നു മുമ്പ് അവിടെയെത്തിയവരാണ് കുടിയേറ്റക്കാർ . അവരാകട്ടെ കാടിനോടും ഹിംസ്രമൃഗങ്ങളോടും പ്രകൃതിശക്തികളോടും മല്ലിട്ട് ജീവിതം കരുപ്പിടിപ്പിച്ചവരും . അവരുടെ പേരിലാണ് ഭൂമാഫിയ കർഷകസംഘം പോലുള്ള സംഘടനകൾ സൃഷ്ടിക്കുന്നതും കർഷക ദ്രോഹമെന്ന മറവിൽ വൻ കൈയേറ്റത്തെ ന്യായീകരിക്കാൻ ശ്രമിക്കുന്നതും. കണക്കുകൾ പറയുന്നത് എൺപതു ശതമാനവും കൈയേറ്റമാഫിയയുടേതാണ് പട്ടയങ്ങളെന്നാണ്.യഥാർഥ കർഷകർ അന്തക വൃക്ഷങ്ങൾക്കെതിരാണ് . മാഫിയസംഘങ്ങളാണ് അതിനെ വളർത്തുന്നത് . തദ്ദേശീയരായ കർഷകരാരും തന്നെ ഭൂഗർഭജലം വറ്റിക്കുന്ന , കാലാവസ്ഥാവ്യതിയാനം സൃഷ്ടിക്കുന്ന അന്തക വൃക്ഷക്കൃഷിയെ അനുകൂലിക്കുന്നില്ല എന്നതു പ്രത്യേകം ശ്രദ്ധിക്കണം.

കുടിയേറ്റക്കാരായ സാധാരണക്കാർക്ക് പട്ടയം നൽകി അവരെ യഥാസ്ഥാനപ്പെടുത്തണമെന്ന ആവശ്യത്തിന് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. അത് ആവശ്യക്കാർക്കു നൽകാൻ പരിശ്രമിക്കുന്നതിനു പകരം തങ്ങളുടെ ആൾക്കാർക്ക് സർക്കാർ ഭൂമി എത്രത്തോളം കൈയേറാമെന്ന ഗവേഷണത്തിലാണ് എല്ലാ പാർട്ടിക്കാരും. ഹൈറേഞ്ചിൽ കുടിയേറ്റക്കാരെക്കാൾ ഭൂമിയിന്നുള്ളത് കൈയേറ്റക്കാർക്കാണ്. അതു സർക്കാരേറ്റെടുക്കാൻ ആർജവത്വം കാണിക്കണം. ഈ ഭൂമിയാകട്ടെ അന്യസംസ്ഥാനക്കാരും മറ്റു ജില്ലക്കാരും കൈയടക്കിയിരിക്കുന്നു. ഇവിടെ കോൺക്രീറ്റ് സൗധങ്ങൾ പണിയുന്നതിനു വിലക്കേർപ്പെടുത്തിയാൽ, അന്തക വൃക്ഷങ്ങൾ ഇവിടെ നിരോധിച്ചാൽ വലിയൊരു പരിധി വരെ കൈയേറ്റമാഫിയയുടെ നിക്ഷിപ്ത താൽപര്യങ്ങൾക്കു വിലക്കു വീണേക്കാം. എന്നാൽ മുഖ്യമന്ത്രി നേരിട്ടാവശ്യപ്പെട്ടിട്ടും അന്തകവൃക്ഷക്കൃഷിയിൽ നിന്നു പിന്നോട്ടില്ലെന്ന മട്ടിലാണ് കൈയേറ്റമാഫിയകൾ.

കുടിയിറക്കപ്പെടുമോ 210000 ഏക്കര്‍ ഭൂമിയില്‍ നിന്നും ?

കട്ടപ്പനയിലും കാഞ്ചിയാറിലും പട്ടയം കൊടുക്കാന്‍ പറ്റാത്ത അവസ്ഥയാണ്. 1993ലെ നിയമമനുസരിച്ച് പ്രത്യേകം കടമുറിയുള്ളവർക്ക് പട്ടയം നൽകാൻ വ്യവസ്ഥയുണ്ട്. കടമുറിയുടെ വിസ്തീർണം സർക്കാർ തീരുമാനിച്ചിരുന്നെങ്കിൽ ഇത് ആയിരങ്ങൾക്ക് പ്രയോജനമായേനെ. ഏലം കുത്തക പാട്ടവും പുതുക്കി കൊടുക്കുന്നില്ല. ദുരന്തനിവാരണ നിയമം അനുസരിച്ച് ഇടുക്കിയിലെ 13 പഞ്ചായത്തുകളിൽ ഇന്നും വൈദ്യുത കണക്ഷൻ എടുക്കുന്നതിനു പോലും എൻഒസി വേണം. എന്നാൽ തമിഴ്നാട്ടിലെ കയ്യേറ്റ മാഫിയയുടെ മുമ്പിൽ ഈ വക നയങ്ങളൊന്നും കേരളത്തിനില്ല.

നിലവിൽ ഇടുക്കി ജില്ലയിലെ സിഎച്ച്ആർ വനഭൂമി 15000 ഏക്കർ മാത്രമാണ്. അതാകട്ടെ സിഎച്ച് ആറിനു പുറത്തുള്ളതല്ല. ഇതിനെതിരായി വിധി വന്നാൽ210000 ഏക്കര്‍ ഭൂമിയില്‍ നിന്നും ആളുകള്‍ കുടിയിറക്കപ്പെടും. സത്യത്തിൽ ആർക്കു വേണ്ടിയാണ് വോട്ടു ചെയ്ത് ഈ ജനപ്രതിനിധികളെ വിജയിപ്പിച്ചു വിട്ടത്? ഉറക്കെ ചിന്തിക്കണം നമ്മൾ. ഇടുക്കിയിലെ കർഷകരെ ഏതുവിധേനയും കുടിയൊഴിപ്പിക്കാനും വനവിസ്തൃതി വർധിപ്പിക്കാനും ശ്രമിക്കുന്ന കേരള സർക്കാർ ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ അന്തർസംസ്ഥാന കയ്യേറ്റത്തിനു വശംവദമായ സംസ്ഥാനമാണെന്ന് കേന്ദ്രം അടിവരയിടുന്നു.

കേരളം തമിഴനു വിട്ടു കൊടുത്തത് 15,768.48ഹെക്റ്റർ വനഭൂമി!

തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ അന്തർ സംസ്ഥാന കയ്യേറ്റത്തിന് വിധേയമായ ഭൂമി കേരളത്തിന്‍റേത്! കേരളത്തിൽ 2024 മാർച്ച് വരെ 4,975.52 ഹെക്റ്റർ വനഭൂമിയാണ് കയ്യേറ്റത്തിന് വിധേയമായിട്ടുള്ളതെന്ന് വ്യക്തമാക്കിയിരിക്കുന്നത് കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണ്. ഇത് സംസ്ഥാനത്തിന്‍റെ മൊത്തം വന വിസ്തൃതിയുടെ 43 ശതമാനമാണ്. വർഷങ്ങളായി നിരീക്ഷിച്ചിട്ടും കയ്യേറ്റം ചെയ്യപ്പെട്ട വനഭൂമി തിരിച്ചുപിടിക്കാത്ത സംസ്ഥാനങ്ങളിൽ ഒന്നാമതാണ് കേരളം എന്ന് പാർലമെന്‍റിൽ രേഖാമൂലം നൽകിയ മറുപടിയിൽ കേന്ദ്രമന്ത്രി കീർത്തി വർധൻ സിങ് സ്ഥിരീകരിച്ചിരിക്കുന്നു. മൂന്നാർ, കോതമംഗലം, കോട്ടയം, മാങ്കുളം, നിലമ്പൂർ, മണ്ണാർക്കാട്, വയനാട് എന്നിവിടങ്ങളിൽ വൻ കയ്യേറ്റങ്ങളാണ് നിലവിലുള്ളതെന്നും കേന്ദ്ര റിപ്പോർട്ടിലുണ്ട്.

മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ തങ്ങളുടെ കയ്യേറ്റ ഭൂമി തിരിച്ചെടുക്കാൻ കാട്ടുന്ന ആർജവം കേരളം കാട്ടുന്നില്ല. ഉദാഹരണത്തിന് തമിഴ്നാട് കേരളത്തിന്‍റെ15,768.48 ഹെക്റ്റർ ഭൂമി കയ്യേറിയിട്ട് നാളിതുവരെ തിരിച്ചെടുത്തിട്ടില്ല എന്ന് കേന്ദ്ര റിപ്പോർട്ട് അടിവരയിട്ടു പറയുന്നു. എന്നാൽ കർണാടകത്തിലാകട്ടെ 86,308.44 ഹെക്റ്റർ ഭൂമി കയ്യേറ്റമുണ്ടായതിൽ 11,196.64 ഹെക്റ്റർ അവർ തിരിച്ചു പിടിച്ചു.

അവസാനിപ്പിക്കണം വനം വകുപ്പിന്‍റെ പകൽക്കൊള്ള

വേലി കെട്ടിയും അതിർത്തികളുടെ ഡിജിറ്റലൈസേഷൻ നടത്തിയും ജിപിഎസ് മാപ്പിങ്ങിലൂടെയും വനം വകുപ്പ് അതിർത്തി ഗ്രാമങ്ങളിലെ കർഷകരെ കുടിയൊഴിപ്പിച്ച് വനവിസ്തൃതി വർധിപ്പിക്കാനുള്ള കൂലങ്കഷമായ ശ്രമത്തിലാണ് ഇവിടെ. കേരളത്തിൽ സിഎച്ച്ആറിലെ 15000 ഏക്കർ മാത്രമാണ് യഥാർഥത്തിൽ വനഭൂമിയായിട്ടുള്ളു. അതാകട്ടെ സിഎച്ച് ആറിനു പുറത്തുള്ള ഭൂമിയല്ല താനും.

ഇതാണ് വാസ്തവമെന്നിരിക്കെ ഇതിനെതിരായി വിധി വന്നാൽ 210000 ഏക്കർ ഭൂമിയിൽ നിന്നും ആളുകൾ കുടിയിറക്കപ്പെടും. തമിഴ്നാട് കയ്യേറിയ ഭൂമി തിരിച്ചു പിടിക്കാൻ ഉത്തരവാദിത്തം കാണിക്കേണ്ട കേരള സർക്കാർ സ്വന്തം ജനതയോടു കാണിക്കുന്ന കിരാത നടപടികളാണിത്. ഇതിനു പുറമേയാണ് അനിയന്ത്രിതമായ വന്യമൃഗശല്യം. ഇതു മൂലം നാളിതുവരെ 818 കുടുംബങ്ങളാണ് വനാതിർത്തി മേഖലകളിലെ തങ്ങളുടെ ഭൂമി സ്വമേധയാ വിട്ടുപേക്ഷിച്ചു പോകേണ്ടി വന്നത്. കേരളത്തിലെ ഭരണകർത്താക്കളെ തെരഞ്ഞെടുത്തിരിക്കുന്നത് ഇടുക്കിയിലെ കർഷകർക്കു വേണ്ടിക്കൂടിയാണ്, അല്ലാതെ തമിഴനും കാർബൺ ന്യൂട്രൽ ഫണ്ട് മാഫിയയ്ക്കും വേണ്ടിയല്ല..ഓർമ വേണം സർക്കാരിന്...

(അവസാനിച്ചു)

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com