ഇന്ത്യയെ പുനർനിർവചിക്കുന്ന മോദി യുഗം

നയപരമായ നിഷ്ക്രിയത്വത്തില്‍ നിന്ന് വികസിത ഇന്ത്യയിലേക്ക്
The Modi era that is redefining India

ഇന്ത്യയെ പുനർനിർവചിക്കുന്ന മോദി യുഗം

Updated on

പിയൂഷ് ഗോയൽ

ഇന്ത്യ 2014ന് ശേഷം കൈവരിച്ചത് ശ്രദ്ധേയമായ പുരോഗതിയാണ്. രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥ ഇന്ന് കൂടുതൽ കരുത്തുറ്റതായി മാറിയിരിക്കുന്നു. അടിസ്ഥാന സൗകര്യങ്ങൾ നിർണായക മികവ് കൈവരിക്കുകയും സ്ത്രീകൾ കൂടുതൽ ശാക്തീകരിക്കപ്പെടുകയും ചെയ്തു. കർഷകർക്ക് മികച്ച വില ലഭിക്കുന്നു. ദരിദ്രർ കൂടുതൽ സുരക്ഷിതരായിരിക്കുന്നു. ഈ പരിവർത്തനത്തിന് പിന്നിൽ ഒരു പൊതു പ്രമേയമുണ്ട്: പ്രധാനമന്ത്രി മോദിയുടെ ദീർഘവീക്ഷണവും നേതൃത്വവുമാണ്.

ആദ്യ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മുന്‍ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്‍റെ അധികാര കാലാവധി മറികടന്ന് 4,399 ദിവസത്തെ രാജ്യ സേവനം പൂർത്തിയാക്കി ജൂൺ 10ഓടെ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയായി ശ്രീ നരേന്ദ്ര മോദി മാറിയപ്പോൾ കരുതലിലും ദീർഘവീക്ഷണത്തിലുമൂന്നിയ അദ്ദേഹത്തിന്‍റെ ഭരണനേതൃത്വത്തിന് പിന്നിൽ രാജ്യത്തെ ജനങ്ങൾ ഒറ്റക്കെട്ടായി അണിനിരന്നു.

ഇന്ത്യയുടെ ജനാധിപത്യ യാത്രയിലെ സുപ്രധാന നിമിഷമാണ് ചരിത്രപരമായ ഈ നാഴികക്കല്ല്. രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥ തകര്‍ച്ചയുടെ വക്കിലെത്തിയതോടെ വിശ്വാസ്യത നഷ്ടപ്പെട്ട യു.പി.എ ഭരണകാലത്ത് നയപരമായ നിഷ്ക്രിയത്വത്തിലും അഴിമതിയിലും ആക്ഷേപങ്ങളിലും വിവാദങ്ങളിലും ജനങ്ങളുടെ അമർഷം വർധിച്ച സമയത്താണ് 2014ലെ നിർണായക വിധിയെഴുത്തിലൂടെ രാജ്യം മോദി സർക്കാരിനെ അധികാരത്തിലേറ്റിയത്.

കരുതലിന്‍റെ നേതൃത്വം

2014 മുതൽ വലിയൊരു പരിവർത്തന പാതയിലാണ് രാജ്യം. 81 കോടിയിലധികം ജനങ്ങള്‍ക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങൾ ഉറപ്പാക്കുകയും 58 കോടി ജൻധൻ ബാങ്ക് അക്കൗണ്ടുകളിലൂടെ സാമ്പത്തിക ഉൾച്ചേര്‍ക്കല്‍ സാധ്യമാക്കുകയും 16 കോടി വീടുകളിൽ പൈപ്പുവെള്ള കണക്‌ഷനുകൾ ലഭ്യമാക്കുകയും ചെയ്ത മോദി സർക്കാർ ലോകത്തെ ഏറ്റവും വലിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരതിലൂടെ 12 കോടി കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സയാണ് ഉറപ്പുനൽകുന്നത്.

ആദ്യം ഗുജറാത്ത് മുഖ്യമന്ത്രിയെന്ന നിലയിലും പിന്നീട് പ്രധാനമന്ത്രിയെന്ന നിലയിലും മോദി രാജ്യത്ത് കൊണ്ടുവന്ന പരിവർത്തനപരമായ മാറ്റങ്ങൾക്ക് മുന്‍പ് ജീവിതം എത്രത്തോളം വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്ന് സങ്കൽപ്പിക്കാൻ പോലും രാജ്യത്തെ യുവജനങ്ങളില്‍ പലര്‍ക്കും ഇന്ന് പ്രയാസമായിരിക്കും. ദീർഘവീക്ഷണത്തിലൂന്നിയ തീരുമാനങ്ങള്‍ക്കൊപ്പം കരുതലും കാരുണ്യവും നിറഞ്ഞ അദ്ദേഹത്തിന്‍റെ സമീപനം "2047ലെ വികസിത ഇന്ത്യ' എന്ന ലക്ഷ്യത്തിലേക്ക് രാജ്യത്തെ നയിക്കുന്നു. ഇന്ത്യയുടെ അഭിമാനകരമായ സമ്പന്ന പാരമ്പര്യത്തെയും അഭിലഷണീയമായ വികസന അജണ്ടയെയും ഒന്നിപ്പിക്കുന്ന ലക്ഷ്യമാണിത്.

നാരീശക്തി

പ്രധാനമന്ത്രിയെ സംബന്ധിച്ചിടത്തോളം സ്ത്രീകൾ സഹായങ്ങൾ കൈപ്പറ്റുന്ന കേവല ഗുണഭോക്താക്കളല്ല, മറിച്ച് രാഷ്‌ട്ര നിർമാതാക്കളാണ്. അതുകൊണ്ടുതന്നെ അടിസ്ഥാനപരമായ പ്രശ്നങ്ങൾക്കാണ് ആദ്യം പരിഹാരം കണ്ടത്. സ്വച്ഛ് ഭാരത് ദൗത്യത്തിന് കീഴിൽ 12 കോടിയിലധികം ശൗചാലയങ്ങള്‍ നിർമിച്ച് അവരുടെ സുരക്ഷയും അന്തസും വർധിപ്പിച്ചു. ഒപ്പം ഉജ്ജ്വല യോജനയിലൂടെ 10 കോടിയിലധികം സൗജന്യ പാചകവാതക കണക്‌ഷനുകൾ നൽകി പുക നിറഞ്ഞ അടുക്കളകളുടെ ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് സ്ത്രീകളെ മുക്തരാക്കുകയും ചെയ്തു.

"ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ' പദ്ധതി പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന്‍റെയും ക്ഷേമത്തിന്‍റെയും പ്രാധാന്യം കൂടുതൽ ശക്തിപ്പെടുത്തി. "നാരീശക്തി വന്ദൻ അധിനിയം' വഴി സ്ത്രീകളുടെ നേതൃത്വത്തില്‍ വികസനം മുന്നോട്ടുകൊണ്ടുപോകുന്നതിന് രാജ്യത്തെ നിയമനിർമാണ സഭകളിൽ ഉയര്‍ന്ന വനിതാപ്രാതിനിധ്യം ഉറപ്പാക്കാൻ പ്രധാനമന്ത്രിക്ക് സാധിച്ചു.

കർഷകക്ഷേമം

പ്രധാനമന്ത്രി മോദിയുടെ നയങ്ങളിലെ സുപ്രധാന സ്തംഭമാണ് കർഷകക്ഷേമം. കർഷകര്‍ രാജ്യത്തിന് നല്‍കുന്ന സംഭാവനകള്‍ക്ക് അംഗീകാരം നല്‍കി 'പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി' വഴി കോടിക്കണക്കിന് കർഷകർക്ക് നേരിട്ട് വരുമാന സഹായമെത്തിക്കുന്നു. പദ്ധതിക്ക് കീഴിൽ വിതരണം ചെയ്ത 4.28 ലക്ഷം കോടിയിലധികം രൂപയുടെ ആനുകൂല്യം ഏകദേശം 10 കോടി കർഷക കുടുംബങ്ങൾക്കാണ് ലഭിച്ചത്.

ഉല്പാദനച്ചെലവിന്‍റെ 1.5 മടങ്ങെങ്കിലും വർധന വരുത്തി കാര്‍ഷികോല്പന്നങ്ങളുടെ കുറഞ്ഞ താങ്ങുവിലയും സര്‍ക്കാര്‍ ഗണ്യമായി ഉയർത്തി. കൂടാതെ ആഗോളതലത്തിൽ രാസവള വില കുത്തനെ ഉയർന്നപ്പോഴും കൃഷിക്കാവശ്യമായ പോഷകങ്ങൾ താങ്ങാവുന്ന നിരക്കിൽ ലഭ്യമാക്കി കർഷകരെ പ്രതിസന്ധിയിൽ നിന്ന് സംരക്ഷിക്കാൻ സർക്കാരിന് സാധിച്ചു.

യുവജനങ്ങൾക്ക് അവസരങ്ങൾ

രാജ്യത്തെ യുവജനങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങൾ സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് "മെയ്ക്ക് ഇൻ ഇന്ത്യ', 'സ്റ്റാർട്ടപ്പ് ഇന്ത്യ' തുടങ്ങിയ സുപ്രധാന പദ്ധതികൾ രൂപകല്പന ചെയ്തിരിക്കുന്നത് . പ്രത്യേകം രൂപീകരിച്ച നൈപുണ്യ വികസനസംരംഭകത്വ മന്ത്രാലയം ആധുനിക സമ്പദ്‌വ്യവസ്ഥയ്ക്ക് അനുയോജ്യമായ കഴിവുകൾ യുവാക്കൾക്ക് പകർന്നുനൽകാൻ വഴിയൊരുക്കി. വളർന്നുവരുന്ന നിര്‍മിതബുദ്ധി (എഐ) വിപ്ലവത്തിന്‍റെ നേട്ടങ്ങൾ കൊയ്യാൻ ഇന്ത്യയെ സജ്ജമാക്കുന്നതിലും ഇത് സഹായിച്ചു.

"സ്റ്റാർട്ടപ്പ് ഇന്ത്യ' പദ്ധതിയ്ക്കൊപ്പം നൂതനാശയങ്ങള്‍ക്ക് വിപുലമായ പിന്തുണ ലഭിച്ചതോടെ നിരവധി യുവജനങ്ങള്‍ തൊഴിലന്വേഷകരിൽ നിന്ന് തൊഴിൽ ദാതാക്കളായി മാറി. സാമ്പത്തിക വളർച്ചയ്ക്കും തൊഴിലവസര സൃഷ്ടിക്കും ഗണ്യമായ സംഭാവന നൽകാനാവുന്ന നവ സംരംഭകത്വ തരംഗത്തിന് ഈ പദ്ധതികൾ ശക്തമായ അടിത്തറ പാകി.

സമ്പദ്‌വ്യവസ്ഥയും ജീവിത സൗകര്യങ്ങളും

നിക്ഷേപകരുടെ ആത്മവിശ്വാസം തകർന്ന നിലയിൽ ലോകത്തെ അഞ്ച് ദുർബല സമ്പദ്‌വ്യവസ്ഥകളിലൊന്നായാണ് 2014ന് മുന്‍പ് ഇന്ത്യയെ കണക്കാക്കിയിരുന്നത്. എന്നാൽ ശക്തമായ പരിഷ്കാരങ്ങള്‍ നടപ്പാക്കിയും നിക്ഷേപകസൗഹൃദ നയങ്ങള്‍ കൈക്കൊണ്ടും ധനപരമായ അച്ചടക്കം പാലിച്ചും കുറഞ്ഞ പണപ്പെരുപ്പം ഉറപ്പാക്കിയും ഇന്ത്യ ഇന്ന് ലോകത്ത് അതിവേഗം വളരുന്ന സുപ്രധാന സമ്പദ്‌വ്യവസ്ഥയും വ്യാപാര നിക്ഷേപ രംഗത്ത് കൂടുതൽ ആകർഷകമായ കേന്ദ്രവുമായി മാറിയിരിക്കുന്നു.

യു.പി.എ ഭരണകാലത്ത് ഒപ്പുവെച്ച ദീർഘവീക്ഷണമില്ലാത്ത ചില കരാറുകളിൽ നിന്ന് വ്യത്യസ്തമായി ഇന്ത്യയുടെ താല്പര്യങ്ങളിൽ ഒട്ടും വിട്ടുവീഴ്ച ചെയ്യാതെ രാജ്യത്തെ യുവജനങ്ങള്‍ക്കും കർഷകർക്കും ചെറുകിട വ്യാപാരികള്‍ക്കും കരകൗശല വിദഗ്ധര്‍ക്കും തൊഴിലാളികൾക്കും ആഗോള അവസരങ്ങൾ തുറന്നുനൽകി പല വികസിത രാജ്യങ്ങളുമായും ഇന്ത്യ സ്വതന്ത്ര വ്യാപാര കരാറുകളിൽ ഒപ്പുവെച്ചിട്ടുണ്ട്.

ചരക്കുസേവന നികുതിയും കുറഞ്ഞ നികുതി നിരക്കുകളും ഉൾപ്പെടെ വലിയ പരിഷ്കാരങ്ങളിലൂടെ വ്യാപാരികളുടെയും മധ്യവർഗത്തിന്‍റെയും ആത്മവിശ്വാസം ശക്തിപ്പെടുത്താൻ സർക്കാരിന് സാധിച്ചു. ഇന്‍റർനെറ്റ് ലഭ്യതയുടെയും ഡിജിറ്റൽ പണമിടപാട് സംവിധാനങ്ങളുടെയും അതിവേഗ വ്യാപനത്തിനൊപ്പം 'ഡിജിറ്റൽ ഇന്ത്യ' സംരംഭം രാജ്യത്തെ ജനങ്ങളുടെ ദൈനംദിന ജീവിതം സുഗമമാക്കുകയും സമ്പദ്‌വ്യവസ്ഥയില്‍ വലിയ സ്വാധീനം ചെലുത്തുകയും ചെയ്തു.

പഴയതും നിസാരവുമായ നിരവധി നിയമലംഘനങ്ങളെ ക്രിമിനൽ കുറ്റമല്ലാതാക്കി മാറ്റിയതും അനാവശ്യ ചട്ടങ്ങളുടെ ഭാരം ഒഴിവാക്കിയതും വ്യാപാരസംരംഭങ്ങള്‍ക്ക് കൂടുതൽ ഗുണം ചെയ്തു. പ്രതിവർഷം 12.75 ലക്ഷം രൂപ വരെ വരുമാനം ആദായനികുതിയിൽ നിന്ന് ഒഴിവാക്കിയത് മധ്യവർഗത്തിന് വലിയ ആശ്വാസം പകര്‍ന്നു.

ആധുനിക അടിസ്ഥാന സൗകര്യങ്ങൾ

ഇന്ത്യയുടെ അടിസ്ഥാന സൗകര്യങ്ങളെ അതിവേഗം പുനർനിർമിക്കുകയാണ് മോദി സർക്കാർ. 2014ൽ രാജ്യത്തെ പ്രവർത്തനക്ഷമമായ വിമാനത്താവളങ്ങളുടെ എണ്ണം 74 ആയിരുന്നു. ഇന്ന് അത് ഇരട്ടിയിലധികമായി വർധിച്ച് 160ൽ എത്തിനിൽക്കുന്നു.

റെയിൽവേയുടെ വിപുലമായ വൈദ്യുതീകരണം, അഭിലഷണീയ ബുള്ളറ്റ് ട്രെയ്ൻ പദ്ധതി, ദേശീയ പാതകളുടെയും എക്സ്പ്രസ് ഹൈവേകളുടെയും അതിവേഗ വികസനം എന്നിവ ലോകത്തെ ഏറ്റവും മികച്ച രാജ്യങ്ങളോട് കിടപിടിക്കുന്ന തരത്തിലേക്ക് ഇന്ത്യയുടെ അടിസ്ഥാന സൗകര്യങ്ങളെ ഉയർത്തിയിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ ചരിത്രപരമായ ഈ നാഴികക്കല്ലിന്‍റെ യഥാർഥ പ്രാധാന്യം അദ്ദേഹം രാജ്യം ഭരിച്ച ദിവസങ്ങളുടെ എണ്ണത്തിലല്ല, മറിച്ച് ഇന്ത്യ കൈവരിച്ച പരിവര്‍ത്തനത്തിന്‍റെ വ്യാപ്തിയിലാണ്. ദരിദ്രരുടെയും കർഷകരുടെയും ക്ഷേമവും മധ്യവർഗത്തിന്‍റെ അഭിലാഷങ്ങളും വളർന്നുവരുന്ന ഇന്ത്യയുടെ സ്വപ്നങ്ങളും ഭരണനിര്‍വഹണത്തിന്‍റെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിച്ചാണ് മോദി രാജ്യത്തെ മുന്നോട്ടുനയിച്ചത്. രാജ്യം മുന്നേറുമ്പോള്‍ 2047ഓടെ "വികസിത ഇന്ത്യ' കെട്ടിപ്പടുക്കുകയെന്ന പുതിയ നിശ്ചയദാര്‍ഢ്യത്തോടെ പരിവർത്തനത്തിന്‍റെ ഈ പ്രയാണം തുടരുന്നു.

(കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രിയാണ് ലേഖകൻ)

logo
Metro Vaartha
www.metrovaartha.com