

സൂക്ഷ്മ നിരീക്ഷണത്തിനിടയിൽ ഡോ. എസ്. കലേഷ്.
രണ്ടു പതിറ്റാണ്ടിലേറെയായി ഡോ. എസ്. കലേഷ് എന്ന പ്ലാസ്റ്റിക് സർജന്‍റെ ജീവിതം മുറിവുകൾ തുന്നിക്കെട്ടുന്നതിനും ജീവൻ നിലനിർത്തുന്നതിനും ഒപ്പം, മണ്ണും ചെളിയും പുരണ്ട ബൂട്ടുകളുമായി പ്രകൃതിയെ തൊട്ടറിയുന്നതിനും വേണ്ടിയുള്ളതാണ്. പക്ഷികൾ, ചിത്രശലഭങ്ങൾ, പച്ചക്കുതിരകൾ എന്നിവയെ പിന്തുടർന്ന അദ്ദേഹം ഇപ്പോൾ ഉറുമ്പുകളുടെ ലോകത്താണ്. തന്‍റെ പ്രായത്തെക്കാൾ കൂടുതൽ ജീവിവർഗങ്ങളെ അദ്ദേഹം ഇതിനകം തിരിച്ചറിഞ്ഞു കഴിഞ്ഞു. പരസ്പരം പുലബന്ധമില്ലെന്നു തോന്നിക്കുന്ന രണ്ടു ലോകങ്ങൾ അദ്ദേഹത്തിൽ അങ്ങേയറ്റം സ്വാഭാവികമായി ഇഴചേർന്നു നിൽക്കുന്നു.
അജയൻ
വിവാഹ വസ്ത്രങ്ങൾ വാങ്ങാൻ മാതാപിതാക്കൾക്കും ബന്ധുക്കൾക്കുമൊപ്പം പോയതായിരുന്നു ആ യുവ ഡോക്റ്റർ. തുണിക്കടയ്ക്ക് സമീപം കണ്ട ഒരു ചിറകടി ഡോ. കലേഷിന്‍റെ ശ്രദ്ധ കവർന്നു. അതൊരു 'വെസ്റ്റേൺ സ്‌ട്രൈപ്പ്ഡ് ആൽബട്രോസ്' (Western Striped Albatross) ചിത്രശലഭമായിരുന്നു. വീട്ടുകാർ പട്ടുതുണികളുടെയും വസ്ത്രങ്ങളുടെയും ലോകത്ത് മുഴുകിയപ്പോൾ, ഡോ. കലേഷ് നിശബ്ദനായി ആ മനോഹര ജീവിയുടെ ലാർവകളെ ശേഖരിക്കുന്ന തിരക്കിലായിരുന്നു.
പക്ഷിനിരീക്ഷകൻ, നൂറിലധികം ഇനങ്ങളെ രേഖപ്പെടുത്തിയ ചിത്രശലഭ പ്രേമി, ചിലന്തികളെയും ചീവീടുകളെയും തിരിച്ചറിയുന്നതിൽ വിദഗ്ധൻ - ഈ നിശബ്ദ തീർഥാടകൻ ഇപ്പോൾ തന്‍റെ ലെൻസ് തിരിച്ചിരിക്കുന്നത് ഉറുമ്പുകളുടെ ലോകത്തേക്കാണ്. തൃശൂർ ഗവൺമെന്‍റ് മെഡിക്കൽ കോളേജിലെ പ്ലാസ്റ്റിക് ആൻഡ് റീകൺസ്ട്രക്റ്റീവ് സർജറി വിഭാഗം മേധാവിയായ ഡോ. കലേഷിന്‍റെ ഔദ്യോഗിക ജീവിതത്തിന് ഈ ഇഷ്ടങ്ങളുമായി പ്രത്യക്ഷത്തിൽ ബന്ധമൊന്നുമില്ല. അദ്ദേഹം ശരീരത്തിലെ മുറിവുകൾ ഉണക്കുകയും രൂപഭംഗി വീണ്ടെടുത്തു കൊടുക്കുകയും ചെയ്യുന്നു. എന്നാൽ, സഹജവാസന കൊണ്ട് അദ്ദേഹം ഇന്നും വന്യതയുടെ ഭാഗമാണ്.
തിരക്കേറിയ വൈദ്യശാസ്ത്ര ജീവിതവും പ്രകൃതിയോടുള്ള ഈ അഭിനിവേശവും എങ്ങനെ ഒത്തുപോകുന്നു എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി അദ്ദേഹത്തിനുണ്ട്. 'അസോസിയേഷൻ ഫോർ അഡ്വാൻസ്മെന്‍റ് ഓഫ് എൻറമോളജി' പുറത്തിറക്കുന്ന 'എന്‍റമോൺ' (Entomon) എന്ന ജേണലിൽ അടുത്തിടെ പ്രസിദ്ധീകരിച്ച പഠനം ഇതിനു തെളിവാണ്. കേരളത്തിലെ വനങ്ങളിലും തണ്ണീർത്തടങ്ങളിലും മലമ്പ്രദേശങ്ങളിലുമായി കാണപ്പെടുന്ന 328 ഇനം ചിത്രശലഭങ്ങളുടെ പട്ടിക തയാറാക്കിയ ഗവേഷണ സംഘത്തെ നയിച്ചത് ഡോ. കലേഷ് ആയിരുന്നു.
ഈ ശീലം തന്‍റെ കുട്ടിക്കാലത്തു നിന്നാണ് ലഭിച്ചതെന്ന് അദ്ദേഹം കരുതുന്നു. ആലപ്പുഴ അതിർത്തിയിലെ മാന്നാറിൽ വലിയ കൃഷിയിടങ്ങളുണ്ടായിരുന്ന അപ്പൂപ്പന്‍റെയും അമ്മൂമ്മയുടെയും കൂടെയായിരുന്നു ബാല്യം. 'പാടങ്ങൾ, കന്നുകാലികൾ, പക്ഷികൾ, പുഴക്കൾ, മീൻപിടിത്തം - ഇവയെല്ലാമാണ് എന്‍റെ പ്രകൃതിബോധത്തെ രൂപപ്പെടുത്തിയത്,' അദ്ദേഹം ഓർക്കുന്നു. 'അഞ്ചാം വയസിൽ തിരുവനന്തപുരത്തിന്‍റെ ഹൃദയഭാഗത്തേക്കു മാറിയെങ്കിലും ആ അടിത്തറ എന്നിലുണ്ടായിരുന്നു. ഒരു ചികിത്സകൻ എന്ന നിലയിൽ ജോലി ചെയ്യുമ്പോഴും അത് ഉള്ളിൽ പ്രവർത്തിക്കുന്നുണ്ട്.'
ഏഴാം ക്ലാസ് കഴിഞ്ഞ് അവധിക്കാലത്ത്, ഉദ്യോഗസ്ഥനായിരുന്ന പിതാവ് അദ്ദേഹത്തിന് കുറച്ചു പുസ്തകങ്ങൾ നൽകി. വായനാശീലം വളർത്താനായി നൽകിയ ആ പുസ്തകങ്ങളിൽ ധർമകുമാർസിങ്ജിയുടെ 'Sixty Indian Birds' എന്ന പുസ്തകം കലേഷിന്‍റെ ജീവിതത്തിൽ നിർണായകമായി. പക്ഷികൾക്ക് മാഗ്‌പൈ (Magpie) എന്നും റോളർ (Roller) എന്നും പൊതുവായ പേരുകളുണ്ടെന്ന് അദ്ദേഹം അതുവരെ അറിഞ്ഞിരുന്നില്ല. പെട്ടെന്ന് ചുറ്റുമുള്ള ലോകം അദ്ദേഹത്തിന് വായിച്ചെടുക്കാവുന്ന ഒന്നായി മാറി. പുസ്തകത്തിൽനിന്നു കിട്ടിയ അറിവുകൾ വച്ച് പക്ഷികളെ തിരിച്ചറിയുന്നത് അദ്ദേഹം വേഗത്തിൽ വശമാക്കി. സഹപാഠിയും ഉറ്റസുഹൃത്തുമായ സത്യയും കൂടെ ചേർന്നതോടെ സ്‌കൂൾ പഠനം അവസാനിക്കുമ്പോഴേക്കും ഇരുവരും സമർപ്പിതരായ പക്ഷിനിരീക്ഷകരായി മാറിയിരുന്നു.
എന്നാൽ, കുറച്ചു കാലം കഴിഞ്ഞപ്പോൾ ആവേശത്തിന് മങ്ങലേറ്റു; കൂടുതൽ വെല്ലുവിളികൾ അദ്ദേഹം ആഗ്രഹിച്ചു. ആ സമയത്താണ് ഐസക് കെഹിംകർ, തോമസ് ഗേ, ജെ.സി. പുനേത്ത എന്നിവർ ചേർന്നഴുതിയ 'Common Butterflies of India' എന്ന പുസ്തകം ഒരു പ്രദർശനത്തിൽ കാണുന്നത്. 'പക്ഷിനിരീക്ഷണത്തിന് യാത്രകൾ അനിവാര്യമാണ്, എന്നാൽ ചിത്രശലഭങ്ങൾ എല്ലായിടത്തുമുണ്ട്,' അദ്ദേഹം പറയുന്നു. അങ്ങനെ സുഹൃത്തിനൊപ്പം പക്ഷികളിൽ നിന്ന് ചിത്രശലഭങ്ങളിലേക്ക് അദ്ദേഹം ശ്രദ്ധ മാറ്റി. തുടർന്ന് വിന്‍റർ ബ്ലിത്ത് എഴുതിയ 'Butterflies of India' തേടിയെത്തി. കഠിനമായ 'സ്കിപ്പേഴ്സ്' (Skippers) എന്ന വിഭാഗത്തെക്കുറിച്ചുള്ള അധ്യായത്തിൽ നിന്നാണ് അദ്ദേഹം പഠനം തുടങ്ങിയത്. 2001-ൽ ഒരാൾ മെഡിക്കൽ കോളെജിലും മറ്റൊരാൾ എൻജിനീയറിങ് കോളെജിലും ചേർന്നുവെങ്കിലും പ്രഭാതങ്ങൾ ചിത്രശലഭങ്ങൾക്കായി മാറ്റിവച്ചു. ബൈക്കിൽ ആക്കുളത്തും പൊന്മുടിയിലുമൊക്കെ അവർ യാത്ര പോയി. വൈകുന്നേരം ക്ലാസുകൾ കഴിയുന്നതിന് തൊട്ടുമുൻപ് ക്യാമ്പസിൽ തിരിച്ചെത്തും; കോളെജിൽനിന്നെന്ന പോലെ വീടുകളിലേക്ക് മടങ്ങിപ്പോകും.
ക്യാമറകൾ അന്ന് അപ്രാപ്യമായിരുന്നതിനാൽ അവർ ചിത്രകലയെ കൂട്ടുപിടിച്ചു. പെൻസിലും ബ്രഷും ഒരുപോലെ വഴങ്ങുന്ന ഇരുവരും ലാർവകളുടെ ചിത്രം വരയ്ക്കുകയും അവ നിറങ്ങളുള്ള ചിത്രശലഭങ്ങളായി മാറുന്ന വിദ്യ നിരീക്ഷിക്കുകയും ചെയ്തു. എഴുപതിലധികം ഇനം സ്കിപ്പേഴ്സിനെ തിരിച്ചറിഞ്ഞ് അവർ ഒരു പുസ്തകത്തിൽ രേഖപ്പെടുത്തി. ചിറകുകൾക്കപ്പുറം അവ തേൻ നുകരുന്ന ചെടികളെക്കുറിച്ചും (Nectar plants) അവർ പഠിച്ചു. ആക്കുളം ബോട്ട് ക്ലബ്ബിലെ 'ജമൈക്കൻ ബ്ലൂ സ്പൈക്ക്' (Jamaican Blue Spike) എന്ന ചെടിയിൽ ശലഭങ്ങൾ കൂട്ടത്തോടെ എത്തുന്നത് അവർ കണ്ടെത്തി.
Dr Kalesh S
പിന്നീട് സത്യയ്ക്ക് തന്‍റെ അപ്പൂപ്പന്‍റെ പക്കൽ നിന്ന് ഒരു ഫിലിം റോൾ ക്യാമറ ലഭിച്ചത് വലിയ വഴിത്തിരിവായി. മുട്ട വിരിയുന്നത് മുതൽ ചിത്രശലഭമാകുന്നതു വരെയുള്ള ഘട്ടങ്ങൾ ക്യാമറയിൽ പകർത്തിയതോടെ പഠനം കൂടുതൽ ആഴത്തിലുള്ളതായി. 'ഞങ്ങൾ വെറുതെ ശലഭങ്ങളെ രേഖപ്പെടുത്തുകയല്ലായിരുന്നു. ലാർവകളിൽ തുടങ്ങി അവയുടെ ജീവിതചക്രം പഠിച്ചു. ചെടികളും മുട്ടകളും ലാർവകളും, ഒടുവിൽ വിരിയുന്ന ശലഭവും ചേർന്ന സമ്പൂർണമായ ഒരു യാത്രയായിരുന്നു അത്,' ഡോ. കലേഷ് ആവേശത്തോടെ ഓർക്കുന്നു.
പഠനശേഷം കുറച്ചുകാലം എൻജിഒയിൽ പ്രവർത്തിച്ചെങ്കിലും അക്കാഡമിക് മേഖലയോടുള്ള താത്പര്യം അവരെ തിരികെ വിളിച്ചു. ഇതിനിടയിൽ ഡോ. കലേഷ് തന്‍റെ സഹപാഠിയോട് വിവാഹാഭ്യർഥന നടത്തി. 2006ൽ ഹൗസ് സർജൻസി കാലത്ത് വിവാഹം. ഇരുവരും ചേർന്ന് ഉപരിപഠനത്തിനുള്ള തയാറെടുപ്പുകൾ തുടങ്ങി. വീടിന്‍റെ ടെറസ് ക്ലാസ് മുറിയായി മാറി. ഭാര്യ പഠിക്കുമ്പോൾ അദ്ദേഹം കേട്ടിരിക്കും. അത്തരമൊരു രാത്രിയിൽ തെങ്ങിന്‍റെ ഓലയിൽ കണ്ട അപൂർവമായ ഒരു ചിത്രശലഭം ശ്രദ്ധയിൽപ്പെട്ടു. അദ്ദേഹം അതിനെ ക്യാമറയിൽ പകർത്തി, ലാർവകൾ ശേഖരിച്ച് നിരീക്ഷിച്ചു.
25 വർഷം മുൻപ് ഡോ. കലേഷ് വരച്ച് സൂക്ഷിച്ച സ്കെച്ചുകൾ.
ആ ചിത്രങ്ങൾ വിദേശത്തുള്ള വിദഗ്ധർക്ക് അയച്ചു കൊടുത്തപ്പോഴാണ് അതൊരു 'പ്ലെയിൻ പാം ഡാർട്ട്' (Plain Palm Dart) എന്ന സ്കിപ്പർ ശലഭമാണെന്ന് തിരിച്ചറിഞ്ഞത്. ആ ശലഭത്തിന്‍റെ ജീവിതം മുഴുവൻ തെങ്ങിന്‍റെ മുകളിലാണ്; അവിടെ മുട്ടയിടുന്നു, പൂക്കളിൽ നിന്ന് തേൻ കുടിക്കുന്നു. താഴേക്ക് വരാത്തതുകൊണ്ട് തന്നെ മനുഷ്യന്‍റെ കണ്ണിൽപ്പെടാതെ ജീവിക്കുന്നു.
എൻട്രൻസ് പരീക്ഷയിൽ മികച്ച വിജയം നേടിയ കലേഷ് സർജറി തെരഞ്ഞെടുത്തു. തന്‍റെ ഇഷ്ടപ്രകാരം പ്ലാസ്റ്റിക് സർജറിയിൽ സ്പെഷ്യലൈസേഷൻ നേടി. പ്രകൃതി നൽകുന്നതിനെ മുറിച്ചു മാറ്റുന്നതും തുന്നിച്ചേർക്കുന്നതുമാണ് ശസ്ത്രക്രിയയെങ്കിൽ, പ്ലാസ്റ്റിക് സർജറി എന്നത് ഒരു കലയാണ് - ഭാവനയും സർഗാത്മകതയും ഒത്തുചേരുന്ന ഒരു പ്രവൃത്തി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രൊഫസറായിരുന്ന അദ്ദേഹം ഇപ്പോൾ തൃശൂർ മെഡിക്കൽ കോളേജിൽ വകുപ്പ് മേധാവിയാണ്. ഭാര്യ ഗൈനക്കോളജിസ്റ്റായി ജോലി ചെയ്യുന്നു. പ്രകൃതിയെയും ദൈനംദിന ജീവിതത്തെയും ബന്ധിപ്പിക്കുന്ന 'ട്രാവൻകൂർ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി'യുടെ സ്ഥാപകരിലൊരാളാണ് ഡോ. കലേഷ്.
അദ്ദേഹത്തിന്‍റെ രണ്ട് പഠനങ്ങൾ ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി (BNHS) പ്രസിദ്ധീകരിച്ചു. ഹൗസ് സർജൻസി കാലത്ത് ഡ്യൂട്ടി കഴിഞ്ഞ് വരുമ്പോൾ വിരിഞ്ഞുവന്ന ഒരു അപൂർവ ചിത്രശലഭത്തെക്കുറിച്ചായിരുന്നു അതിലൊന്ന്. വന്യജീവി ഫോട്ടോഗ്രാഫർ സുരേഷ് ഇളമണിന്‍റെ സഹായത്തോടെ 'ട്രാവൻകൂർ ഈവനിങ് ബ്രൗൺ' (Travancore Evening Brown), 'വെസ്റ്റേൺ സ്‌ട്രൈപ്പ്ഡ് ആൽബട്രോസ്' എന്നിവയെക്കുറിച്ചുള്ള പ്രബന്ധങ്ങൾ 2011-ൽ പുറത്തുവന്നു.
ചീവീട്, ചിലന്തി, കടന്നൽ, പച്ചക്കുതിര, ഉറുമ്പ് എന്നിവയിലെല്ലാം പുതിയ ഇനങ്ങളെ അദ്ദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. ചീവീടുകളുടെ ശബ്ദം തിരിച്ചറിഞ്ഞ് അവയെ വർഗീകരിക്കുന്ന പഠനത്തിലാണ് അദ്ദേഹം ഇപ്പോൾ. അദ്ദേഹത്തോടുള്ള ആദരസൂചകമായി സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞർ തങ്ങൾ കണ്ടെത്തിയ ഒരു കടന്നലിന് 'മിസ്‌കോഫസ് കലേഷി' (Miscophus kaleshi) എന്ന് പേരിട്ടു. ശസ്ത്രക്രിയയ്ക്കുള്ള കത്തിയും നിരീക്ഷണത്തിനുള്ള സൂക്ഷ്മദർശിനിയും ഒരുപോലെ കൈകാര്യം ചെയ്യുന്ന അദ്ദേഹത്തെ സുരേഷ് ഇളമൺ വിശേഷിപ്പിക്കുന്നത് 'അതിശയകരമായ കഴിവുകളുള്ള മനുഷ്യൻ' എന്നാണ്.