
ഏതു മതവിശ്വാസമുള്ളയാള്‍ക്കും ഈ ക്ഷേത്രത്തില്‍ പ്രവേശിക്കാം. ക്രിസ്മസും ദീപാവലിയും റംസാനും ദസറയുമൊക്കെ ഒരേപോലെ ആഘോഷിക്കുന്ന ക്ഷേത്രം. വിജയവാഡ-ഹൈദരാബാദ് ദേശീയപാതയില്‍, ചിറ്റിയാര പര്‍വതനിരകളുടെ താഴ്‌വരയില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ ഗാന്ധിജിയാണ്. നാല് ഏക്കറിലായി ഗോശാലയും ധ്യാനമന്ദിരവും ആരാധനായിടങ്ങളുമുള്ള ക്ഷേത്രത്തില്‍ ഗാന്ധിജിയുടെ വാക്യങ്ങള്‍ എഴുതിവച്ചിട്ടുമുണ്ട്.
മഹാത്മാ ഗാന്ധിയുടെ ദര്‍ശനങ്ങളില്‍ ആകൃഷ്ടരായ പത്ത് അധ്യാപകരാണ് ഈ ക്ഷേത്രത്തിന്‍റെ ശില്‍പികള്‍. 2014-ലാണു പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തത്. ഗാന്ധിജിയുടെ ആദര്‍ശങ്ങളും ആത്മീയജീവിതവും അടുത്ത തലമുറയിലേക്ക് കൂടി എത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ക്ഷേത്രം ആരംഭിച്ചത്. ഇപ്പോള്‍ നിരവധി പേര്‍ ദിനവും ഇവിടേക്ക് എത്തുന്നു.
എല്ലാ ദിവസവും സൗജന്യമായി ഭക്ഷണം നല്‍കുന്ന പുത്‌ലിഭായ് അന്ന പ്രസാദം പദ്ധതിയും ക്ഷേത്രത്തിലുണ്ട്. നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നു. സമീപത്തുള്ള വിദ്യാലയത്തിലേക്ക് ഉപകരണങ്ങള്‍ വാങ്ങി നല്‍കിയും, അടുത്തുള്ള ഗ്രാമങ്ങളിലെ കുട്ടികള്‍ക്ക് ക്രിക്കറ്റ് കിറ്റ് നല്‍കിയുമൊക്കെ സേവനങ്ങള്‍ തുടരുന്നു. മെഡിക്കല്‍ ക്യാംപുകളും ക്ഷേത്ര അധികൃതരുടെ നേതൃത്വത്തില്‍ നടത്തിവരാറുണ്ട്.