​ഗുരുദേവനെ കണ്ട ഗാന്ധിജി

സത്യദര്‍ശിയായ ഗുരുദോവനും സത്യാന്വേഷകനായ ഗാന്ധിജിയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയുടെ ശതാബ്ദി രാജ്യത്തിനകത്തും പുറത്തുമായി അനുസ്മരിച്ചു വരികയാണ്.
Gandhiji met Gurudev

​ഗുരുദേവനെ കണ്ട ഗാന്ധിജി

Updated on

വിജയ് ചൗക്ക്

സുധീര്‍ നാഥ്

ശ്രീനാരായണ ഗുരുദേവനും മഹാത്മാ ഗാന്ധിയും തമ്മില്‍ കണ്ടുമുട്ടിയ ചരിത്രം സംഭവിച്ചിട്ട് 100 വര്‍ഷം തികഞ്ഞതിന്‍റെ ആഘോഷം നടക്കുകയാണല്ലോ. ഗുരുദേവനും ഗാന്ധിജിയും ശിവഗിരിയില്‍ 1925 മാര്‍ച്ച് 12ന് വൈകിട്ട് 3 മണിക്കാണ് കണ്ടുമുട്ടിയത്. ഈ സമാഗമം ചരിത്രത്തിന്‍റെ ഭാഗം തന്നെയാണ്. എന്‍. കുമാരനാണ് നാരായണ ഗുരുവിന്‍റെ മലയാളത്തിലുള്ള സംഭാഷണം ഗാന്ധിജിക്ക് ഇംഗ്ലീഷിലും, തിരിച്ച് മലയാളത്തിലും തര്‍ജമ ചെയ്തു കൊടുത്തത്.

സത്യദര്‍ശിയായ ഗുരുദോവനും സത്യാന്വേഷകനായ ഗാന്ധിജിയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയുടെ ശതാബ്ദി രാജ്യത്തിനകത്തും പുറത്തുമായി അനുസ്മരിച്ചു വരികയാണ്. ഇതിന്‍റെ ഭാഗമായി 24ന് രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലെ പ്രസിദ്ധമായ വിഖ്യാന്‍ ഭവനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള പ്രമുഖര്‍ പങ്കെടുക്കുന്ന ഒരു വലിയ സമ്മേളനം നടക്കുന്നുണ്ട്. അവിടെ ഗാന്ധിജിയും ഗുരുദേവനും തമ്മിലുള്ള കൂടിച്ചേരലുകളും, അവരുടെ സംഭാഷണവും, അവരുടെ ആശയ സംവാദവും ചര്‍ച്ച ചെയ്യപ്പെടും. അത് വര്‍ത്തമാനകാലത്തെ സാഹചര്യങ്ങളോട് സംവദിക്കും.

ഗാന്ധിജി ശിവഗിരി സന്ദര്‍ശിച്ച് ഗുരുദേവനെ കണ്ടത് എം.കെ. ഗോവിന്ദ ദാസിന്‍റെ കെട്ടിടത്തിലായിരുന്നു. ഈ കെട്ടിടം പിന്നീട് ഗാന്ധി ആശ്രമം എന്ന പേരിലാണ് അറിയപ്പെടുന്നത്. വൈക്കം സത്യഗ്രഹം, അക്രമരാഹിത്യം, മതം, പിന്നാക്കക്കാരുടെ ഉന്നമനത്തിനുള്ള മാര്‍ഗം തുടങ്ങിയ വിഷയങ്ങളായിരുന്നു അവരുടെ സംഭാഷണം. ഇരുവരും തമ്മില്‍ ഒട്ടേറെ സമാനതകള്‍ ഉണ്ടായിരുന്നതും, ഇരുവരുടേയും കൂടികാഴ്ച്ചയും സംഭാഷണങ്ങളും നവോത്ഥാന ആശയങ്ങള്‍ക്ക് ശക്തി പകരാനും സാധിച്ചു എന്ന് പറയുന്നതില്‍ തെറ്റില്ല.

അയിത്തത്തിന് ഗാന്ധിജി എതിരാണെങ്കിലും വര്‍ണ വ്യവസ്ഥ നിലനില്‍ക്കണമെന്ന പക്ഷക്കാരനായിരുന്നു. ജാതിയുടെ എതിര്‍വര ഇല്ലാതാക്കാന്‍ ജാതി ലക്ഷണങ്ങളെത്തന്നെ മായ്ച്ചു കളയണം എന്ന് ഗുരു ഗാന്ധിജിയെ ഓര്‍മപ്പെടുത്തിയതും ഈ ഒരു കൂടിക്കാഴ്ചയിലാണ്. ജാതിയാണ് ഇന്ത്യയിലെ ഏറ്റവും വലിയ സാമൂഹിക അനീതിയെന്നതില്‍ ഗാന്ധിജിക്കോ ഗുരുദേവനോ തര്‍ക്കമുണ്ടായിരുന്നില്ല.

മനുഷ്യരെല്ലാം ഒരു ജാതി എന്ന ഗുരു ദര്‍ശനം മഹാത്മജിക്ക് ആദ്യം സ്വീകാര്യമായിരുന്നില്ല. ശാരദാ മഠത്തിന് മുന്നിലെ മാവിലെ ശാഖകളിലും ഉപശാഖകളിലും കാണുന്ന ഇലകളുടെ വലുപ്പം വ്യത്യാസമാണെന്നും, അതുപോലെ മനുഷ്യരിലും വ്യത്യാസമുണ്ടെന്നും ഗാന്ധിജി ഗുരുദേവനോട് പറഞ്ഞിരുന്നു. ഇലകളുടെ വലുപ്പം വ്യത്യാസമായിരുന്നാലും അവയില്‍ അടങ്ങിയിരിക്കുന്ന നീരിന്‍റെ രുചി ഒന്നുതന്നെയാണെന്ന മറുപടിയാണ് ഗാന്ധിജിക്ക് ഗുരു നല്‍കിയത് പ്രസിദ്ധമാണ്.

മനുഷ്യരുടെ ജാതി മനുഷ്യത്വമാണെന്നും ഗുരുദേവന്‍ സമർഥിച്ചു. മതം ഒന്നേയുള്ളൂ എന്ന വാദത്തോട് യോജിച്ച ഗാന്ധിജി, ഭിന്ന മനുഷ്യരിള്ളിടത്തോളം വിഭിന്ന മതങ്ങള്‍ ഉണ്ടാകും എന്നും, സഹിഷ്ണുതയാണ് വേണ്ടതെന്നും വാദിച്ചു.

അന്ന് അവര്‍ തമ്മില്‍ നടത്തിയ സംഭാഷണങ്ങള്‍ പ്രശസ്തമാണ്. അവരുടെ സംഭാഷണത്തിലെ പ്രസക്ത ഭാഗങ്ങള്‍ ഇപ്രകാരമായിരുന്നു. മഹാത്മാ ഗാന്ധി: ഹിന്ദുക്കളുടെ പ്രമാണ ഗ്രന്ഥങ്ങളില്‍ അയിത്താചാരം വിധിച്ചിട്ടുള്ളതായി സ്വാമിജിക്ക് അറിവുണ്ടോ?

ശ്രീനാരായണ ഗുരു: ഇല്ല.

ഗാന്ധി: ആ പ്രസ്ഥാനത്തില്‍ കൂടുതലായി വല്ലതും ചേര്‍ക്കണമെന്നോ, വല്ല മാറ്റവും വരുത്തണമെന്നോ സ്വാമിജിക്ക് അഭിപ്രായമുണ്ടോ?

ഗുരു: അത് ഭംഗിയായി നടക്കുന്നുണ്ടെന്നാണറിവ്. അതില്‍ മാറ്റം വല്ലതും വരുത്തണമെന്ന് അഭിപ്രായമില്ല.

ഗാന്ധി: അധഃകൃത വര്‍ഗക്കാരുടെ അവശതകള്‍ തീര്‍ക്കുന്നതിന് അയിത്തോച്ചാടനത്തിനു പുറമേ, എന്തെല്ലാം വേണമെന്നാണ് സ്വാമിജിയുടെ അഭിപ്രായം?

ഗുരു: അവര്‍ക്കു വിദ്യാഭ്യാസവും ധനവും ഉണ്ടാകണം. മിശ്ര ഭോജനമോ മിശ്ര വിവാഹമോ ഉടനടി വേണമെന്ന് പക്ഷമില്ല. നന്നാകാനുള്ള സൗകര്യം എല്ലാവര്‍ക്കുമെന്ന പോലെ അവര്‍ക്കും ഉണ്ടാകണം.

ഗാന്ധി: അക്രമരഹിതമായ സത്യഗ്രഹം കൊണ്ട് ഉപയോഗമില്ലെന്നും അവകാശ സ്ഥാപനത്തിനു ബലപ്രയോഗം തന്നെയാണ് വേണ്ടതെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. സ്വാമിജിയുടെ അഭിപ്രായം എന്താണ്?

ഗുരു: ബലപ്രയോഗം നല്ലതാണെന്നു നാം കരുതുന്നില്ല.

ഗാന്ധി: ബലപ്രയോഗം ഹൈന്ദവ ശാസ്ത്രങ്ങളില്‍ വിധിച്ചിട്ടുണ്ടോ?

ഗുരു: രാജാക്കന്മാര്‍ക്കും മറ്റും അത് ആവശ്യമാണെന്നും അവര്‍ അതിനെ ഉപയോഗിച്ചിട്ടുണ്ടെന്നും പുരാണങ്ങളില്‍ കാണുന്നു. എന്നാല്‍ സാധാരണ ജനങ്ങളെ സംബന്ധിച്ചിടത്തോളം ബലപ്രയോഗം ന്യായമായിരിക്കില്ല.

ഗാന്ധി: മതപരിവര്‍ത്തനം ചെയ്യണമെന്നും സ്വാതന്ത്ര്യ ലബ്ധിക്ക് അതാണ് ശരിയായ വഴിയെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. സ്വാമിജി അതിന് അനുവാദം നല്‍കുന്നുണ്ടോ?

ഗുരു: മതപരിവര്‍ത്തനം ചെയ്യുന്നവര്‍ക്ക് സ്വാതന്ത്ര്യം ലഭിച്ചുവരുന്നതായി കാണുന്നുണ്ട്. അതു കാണുമ്പോള്‍ ജനങ്ങള്‍ മതപരിവര്‍ത്തനം നന്നെന്നു പറയുന്നതില്‍ അവരെ കുറ്റപ്പെടുത്താനില്ല.

ഗാന്ധി: ആധ്യാത്മികമായ മോക്ഷലാഭത്തിനു ഹിന്ദുമതം മതിയാകുമെന്ന് സ്വാമിജി വിചാരിക്കുന്നുണ്ടോ?

ഗുരു: അന്യ മതങ്ങളിലും മോക്ഷമാര്‍ഗമുണ്ടല്ലോ?

ഗാന്ധി: അന്യ മതങ്ങളുടെ കാര്യം ഇരിക്കട്ടെ. ഹിന്ദുമതം മോക്ഷലാഭത്തിനു പര്യാപ്തമെന്നു തന്നെയോ സ്വാമിജിയുടെ അഭിപ്രായം?

ഗുരു: ധാരാളം പര്യാപ്തം തന്നെ. ലൗകികമായ സ്വാതന്ത്ര്യത്തെയാണല്ലോ ജനങ്ങള്‍ അധികം ഇഷ്ടപ്പെടുന്നത്.

ഗാന്ധി: അയിത്താചാരവും മറ്റും കൊണ്ടുള്ള അസ്വാതന്ത്ര്യമല്ലെ? അതിരിക്കട്ടെ. ആധ്യാത്മിക മോക്ഷത്തിന് മതപരിവര്‍ത്തനം ആവശ്യമാണെന്ന് സ്വാമിജിക്ക് അഭിപ്രായമുണ്ടോ?

ഗുരു: ആധ്യാത്മികമായ മോക്ഷത്തിനായി മതപരിവര്‍ത്തനം ആവശ്യമില്ല.

ഗാന്ധി: ലൗകിക സ്വാതന്ത്ര്യത്തിനാണല്ലോ നാം പരിശ്രമിക്കുന്നത് അത് സഫലമാകാതെ വരുമോ?

ഗുരു: അത് സഫലമാകാതെ വരികയില്ല. അതിന്‍റെ രൂഢമൂലത ഓര്‍ത്താല്‍ പൂര്‍ണഫലപ്രാപ്തിക്ക് മഹാത്മജി വീണ്ടും ഇവിടെ വരേണ്ടിവരും.

ഗാന്ധി: (ചിരിച്ചു കൊണ്ട്) എന്‍റെ ആയുഷ്‌കാലത്തിൽ തന്നെ അത് സഫലമാകുമെന്നാണ് എന്‍റെ വിശ്വാസം. അധഃകൃതവര്‍ഗക്കാരിൽ തന്നെ അയിത്താചാരം ഉണ്ടല്ലോ. സ്വാമിജിയുടെ ക്ഷേത്രങ്ങളില്‍ എല്ലാവര്‍ക്കും പ്രവേശനം അനുവദിച്ചിട്ടുണ്ടോ?

ഗുരു: എല്ലാവര്‍ക്കും പ്രവേശനം അനുവദിച്ചിട്ടുണ്ട്. അവശ സമുദായങ്ങളിലെ ബാലന്മാര്‍ മറ്റുള്ളവരോടൊപ്പം ശിവഗിരി മഠത്തില്‍ താമസിച്ച് പഠിച്ചുവരുന്നു. ആരാധനാ കാര്യങ്ങളില്‍ സംബന്ധിക്കുന്നുമുണ്ട്.

ഗാന്ധി: വളരെ സന്തോഷം.

ഗാന്ധിജിയും ഗുരുദേവനും തമ്മില്‍ നടന്ന ഈ ലളിതമായ സംവാദം വര്‍ണ സമ്പ്രദായത്തെക്കുറിച്ചുള്ള ഗാന്ധിജിയുടെ വീക്ഷണത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കിയതായി പറയപ്പെടുന്നു. അന്ന് ഗാന്ധിജി ശിവഗിരി ആശ്രമത്തിലെ വൈദിക മഠത്തില്‍ വിശ്രമിക്കുകയും ശാരദാ മഠത്തിലെ സന്ധ്യാ ജപത്തില്‍ പങ്കെടുക്കുകയും ചെയ്തു. വൈദിക മഠത്തില്‍ പറയ വിദ്യാർഥികള്‍ ഗുരുദേവന്‍ രചിച്ച "ദൈവ ദശകം' പാടുന്നത് കേള്‍ക്കുകയും അതിന്‍റെ അർഥം മനസിലാക്കിയ ഗാന്ധിജി ആശയങ്ങളെ പ്രകീര്‍ത്തിക്കുകയുമുണ്ടായി. ഗാന്ധിജി പറയ വിദ്യാർഥികളോട് സംഭാഷണത്തില്‍ ഏര്‍പ്പെട്ടു. അവരില്‍ ഉപനിഷത്തുകളെക്കുറിച്ചുള്ള അറിവില്‍ ഗാന്ധിജി അതിശയപ്പെടുകയും ചെയ്തു.

പിറ്റേന്ന് 1925 മാര്‍ച്ച് 13ന് ശ്രീനാരായണ ഗുരു വൈദിക മഠത്തില്‍ ചെന്ന് ഗാന്ധിജിയെ വീണ്ടും കണ്ടു. ഇരുവരും ഒന്നിച്ച് ശാരദാ മഠം വീണ്ടും സന്ദര്‍ശിക്കുകയും ചെയ്തു. ശിവഗിരി മഠത്തിന്‍റെ മനോഹാരിതയും ശുചിത്വവും ഗാന്ധി പ്രകീര്‍ത്തിച്ചു. അന്നേ ദിവസം ഒരു വലിയ ജനക്കൂട്ടം ഉണ്ടായിരുന്നതിനാല്‍ ഗുരുദേവനോടൊപ്പം ഗാന്ധിജി ജനങ്ങളെ അഭിസംബോധന ചെയ്ത് പ്രസംഗിക്കുകയുണ്ടായി. നെയ്ത്ത് പഠിക്കാനും സ്വയം നെയ്യുവാനും അദ്ദേഹം ജനങ്ങളെ ഉപദേശിക്കുകയും, സത്യഗ്രഹത്തെ കുറിച്ച് അവരെ ബോധവാന്മാരാക്കുകയും ചെയ്തു. ഗാന്ധിജിയുടെ ഉപദേശത്തെ പിന്തുടരാന്‍ ജനങ്ങളോട് നാരായണ ഗുരുവും ആഹ്വാനം ചെയ്ത് പ്രസംഗിച്ചു.

വര്‍ത്തമാനകാല രാഷ്‌ട്രീയ സാഹചര്യത്തില്‍ ഗാന്ധിജിയും ശ്രീനാരായണ ഗുരുദേവനും തമ്മില്‍ കണ്ടുമുട്ടിയതും അവര്‍ നടത്തിയ ചര്‍ച്ചകളും അന്നത്തെക്കാള്‍ കൂടുതല്‍ ശക്തമായി ഇന്നും പ്രസക്തമാണ്. ഗാന്ധിജിയുടെ വീക്ഷണങ്ങളില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ട് എന്നത് വ്യക്തമാണ്. 1924 ഗാന്ധിജിക്ക് ഉണ്ടായിരുന്ന വീക്ഷണമല്ല, 1948ലുള്ളത് എന്ന് കാണാം. ഗാന്ധിജി അടക്കമുള്ളവര്‍ വര്‍ണവ്യവസ്ഥയെ പിന്തുണച്ചിരുന്നു എന്നത് യാഥാർഥ്യമാണ്. അതാണ് പിന്നീട് മാറിയത്. സാഹചര്യം ഗാന്ധിജിയില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട് എന്ന് പരിശോധിച്ചാല്‍ മനസിലാക്കുവാന്‍ സാധിക്കും. അവസാനകാലങ്ങളില്‍ മതവും രാഷ്‌ട്രീയവും തമ്മില്‍ യാതൊരു ബന്ധവും ഉണ്ടാകാന്‍ പാടില്ല എന്ന് ഖണ്ഡിതമായി ഗാന്ധി പറയുന്നുണ്ട്.

ഇന്ത്യന്‍ ദേശിയ പ്രസ്ഥാനത്തിന് ആദ്യകാലങ്ങളില്‍ മതമായിരുന്നു അടിസ്ഥാനം. അതിനെ തിരുത്തി മതനിരപേക്ഷമെന്ന തലത്തിലേക്ക് വഴിതിരിച്ചുവിട്ടത് ഗാന്ധിജിയാണ്. മതാധിഷ്ഠിതമായിരുന്ന ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തെ മതനിരപേക്ഷ കേന്ദ്രമാക്കി എന്നിടത്താണ് ഗാന്ധിജിയുടെ മഹത്വം. അതിന് നാരായണ ഗുരുവിന്‍റെ സ്വാധീനം ഉണ്ടായിട്ടുണ്ട് എന്നതില്‍ സംശയമില്ല. ഇവര്‍ തമ്മില്‍ കണ്ടുമുട്ടിയതും സംവാദം നടത്തിയതിന്‍റെയും പ്രാധാന്യം അവിടെയാണ്. ഗുരുവിന്‍റെ തത്വദര്‍ശനം "ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്,' "മാനവരൊക്കെയും ഒന്ന്, അതാണ് നമ്മുടെ മതം' എന്ന ഏകലോക വ്യവസ്ഥയില്‍ അധിഷ്ഠിതമാണ്. ഗാന്ധിജി അവസാനകാലത്ത് ഈ ദര്‍ശനത്തില്‍ എത്തിച്ചേരുന്നുവെങ്കിലും ജീവിതകാലം ഒരു സനാതന ഹിന്ദുവായി തന്നെ ജീവിതം നയിച്ചു.

ശ്രീനാരായണ ഗുരുവിന് മതമുണ്ടായിരുന്നോ എന്നു ചോദിച്ചാല്‍ അദ്ദേഹം മതത്തിന് എതിരായിരുന്നില്ല എന്ന് പറയണം. ഗുരുവിന് മതമുണ്ടായിരുന്നില്ല. ജാതി വേണ്ട എന്ന് ശക്തമായ നിലപാടെടുത്ത ഗുരുവിനെ ജാതിയുടെ വക്താവായി ചിലര്‍ കാണുന്നുണ്ട്. ഗുരുദേവന്‍ അവശ ജനവിഭാഗത്തെ കൈപിടിച്ചുയര്‍ത്തുവാന്‍ വന്ന അവതാര പുരുഷനായിരുന്നു. "നമ്മെ ഒരവതാരമായി ആരെങ്കിലും കാണുന്നുണ്ടെങ്കില്‍ അത് ജാതിഭേദത്തെ ഇല്ലായ്മ ചെയ്യാന്‍ വന്ന അവതാരം എന്നുകൂടി പറഞ്ഞുകൊള്ളണ'മെന്ന് ഗുരുദേവന്‍ അഭിപ്രായപ്പെട്ടിരുന്നു. ജാതി- ചാതുര്‍വര്‍ണ്യ വ്യവസ്ഥയ്ക്കു പുറത്തുള്ള ആത്മസാഹോദര്യത്തെക്കുറിച്ച് ഗുരുദേവന്‍ ഗാന്ധിജിയുമായി സംവദിക്കുന്നുണ്ട്. അത് ഇന്നിന്‍റെയും നാളെയുടെയും ദര്‍ശനമാണ്. ഗുരു തന്നെ പറയുന്നത് ഇപ്രകാരമാണ്.

"മനമലര്‍ കൊയ്തു മഹേശപൂജ ചെയ്യും

മനുജനു മറ്റൊരു വേല ചെയ്തിടേണ്ട

വനമലര്‍ കൊയ്തുമതല്ലയായ്കില്‍ മായാ

മനുവുരുവിട്ടുമിരിക്കില്‍ മായ മാറും'.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com