Ganpati the last Maoist leader hiding for 47 years

മുപ്പള ലക്ഷ്മണ റാവു എന്ന ഗണപതി.

AI - Enhanced photo

ഒരൊറ്റ ഫോട്ടോ, കൈവിട്ട നൂറ് അവസരങ്ങൾ: ഗണപതി- അര നൂറ്റാണ്ടിന്‍റെ അജ്ഞാതവാസം

ഇന്ത്യയിൽ മാവോയിസ്റ്റ് പ്രവർത്തനം അവസാനിച്ചെന്ന് സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞു. പ്രമുഖ നേതാക്കളെല്ലാം ശിക്ഷിക്കപ്പെടുകയോ കീഴടങ്ങുകയോ കൊല്ലപ്പെടുകയോ ചെയ്തുകഴിഞ്ഞു, ഒരാളൊഴികെ...

പ്രത്യേക ലേഖകൻ

"ഗണപതി എവിടെയാണ്?"

ജഗ്ദൽപൂരിലെ ആ മുറിയിൽ ഇന്‍റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥർ ആ ചോദ്യം ചോദിക്കുന്നത് എത്രാമത്തെ തവണയാണെന്ന് രൂപേഷിന് ഓർമയില്ല. നേപ്പാളിലാണോ? തെലങ്കാനയിലോ ബസ്തറിലോ വ്യാജ പേരിൽ ജീവിക്കുകയാണോ? കീഴടങ്ങുന്നതിനെക്കുറിച്ച് ആരോടെങ്കിലും സൂചന നൽകിയിട്ടുണ്ടോ?

മറുപടി എപ്പോഴും ഒന്നു തന്നെ: "എനിക്കറിയില്ല."

നാൽപ്പത്തേഴ് വർഷം. അതാണ് ആ അറിവില്ലായ്മയുടെ പ്രായം!

1979-ൽ ഒരു സ്കൂൾ അധ്യാപകൻ ജാമ്യം ലംഘിച്ച് ഒളിവിൽ പോയി. ഇന്ത്യ കണ്ട ഏറ്റവും ദൈർഘ്യമേറിയ സായുധ കലാപത്തിന്‍റെ ശിൽപ്പിയായി അയാൾ മാറി. ഗ്രാമീണരെ ഗറില്ലാ പോരാളികളാക്കി. ബോംബുണ്ടാക്കാൻ പഠിപ്പിച്ചു. ഒളിക്കാൻ പഠിപ്പിച്ച ആ അധ്യാപകൻ ഇന്ന് സ്വന്തം പാഠങ്ങളിൽ ഒളിച്ചു കഴിയുന്നു. പ്രസ്ഥാനം അവശിഷ്ടമായി, കൂടെയുണ്ടായിരുന്നവരെല്ലാം പിടിയിലായി, എന്നിട്ടും അയാൾ മാത്രം അജ്ഞാതനായി തുടരുന്നു.

മുപ്പള ലക്ഷ്മണ റാവു. ഗണപതി എന്ന് വിളിപ്പേര്. ഒരു ഫോട്ടോ മാത്രമേ കൈയിലുള്ളൂ, അതും 2000-ത്തിലേത്. അതാണ് ഇന്ത്യൻ രഹസ്യാന്വേഷണ സംവിധാനത്തിനു മുന്നിലുള്ള ഏക തെളിവ്.

വിടപറഞ്ഞ സഖാക്കൾ

ഇക്കഴിഞ്ഞ ബുധനാഴ്ച റായ്പുർ കോടതി പത്ത് മാവോയിസ്റ്റുകൾക്ക് വധശിക്ഷ വിധിച്ചു—2013-ലെ ജീരം വാലി കൂട്ടക്കൊല കേസിലായിരുന്നു വിധി. അതേ ദിവസം തന്നെ, മണിക്കൂറുകൾക്കകം, പശ്ചിമ ബംഗാളിൽ അസിം മണ്ഡൽ കീഴടങ്ങി— മുപ്പതു വർഷത്തെ ഒളിവുജീവിതത്തിന് അന്ത്യം. ജൂലൈയിൽ മിസിർ ബെസ്ര ഝാർഖണ്ഡിലെ ഒളിത്താവളത്തിൽനിന്ന് ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പിടിയിലായി.

എല്ലാം ഗണപതി വാർത്തെടുത്തവർ. ജീരം വാലി പോലുള്ള ആക്രമണങ്ങൾക്ക് ഉത്തരവിട്ടതും അയാൾ തന്നെ.

മാർച്ച് 30-ന് നക്സൽ കലാപത്തിന്‍റെ അന്ത്യം ഇന്ത്യ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ആറു പതിറ്റാണ്ടിനിടെ ആദ്യമായി തോക്കുകൾ നിശബ്ദമായി. ഒരൊറ്റ ആക്രമണം പോലും പിന്നീട് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. പക്ഷേ, ഒരു വേട്ട മാത്രം ബാക്കി—ഇന്ത്യ ഏറ്റവും കൂടുതൽ കാലമായി തിരയുന്ന മനുഷ്യൻ- ഗണപതി.

"കാട് ഇനി അയാളുടേതല്ല"

മൂന്നു പതിറ്റാണ്ട് ബസ്തർ കാടുകളിൽ പോരാടിയ കണ്ടഗട്‌ല യാദഗിരി—രാജ്‌മാൻ എന്ന പേരിൽ അറിയപ്പെട്ടയാൾ—ഒരു കാര്യം ഉറപ്പിച്ചു പറയുന്നു: ഗണപതി ഇപ്പോൾ കാട്ടിലില്ല.

"ബസ്തറും മറ്റു സംസ്ഥാനങ്ങളിലെ കാടുകളും സർക്കാർ അക്ഷരാർഥത്തിൽ കാലിയാക്കി. സന്യാസിയെ പോലെ ജീവിക്കാൻ പോലും ഇനി അയാൾക്കാവില്ല, സേന എത്താത്ത ഒരിടം ബാക്കിയില്ല. 2023-ൽ ഒരു യോഗത്തിനു വന്നപ്പോഴാണ് ഞാൻ അയാളെ അവസാനമായി കണ്ടത്. അന്ന് അയാൾ പാർട്ടിയുടെ തലവനല്ലായിരുന്നു," രാജ്‌മാൻ പറയുന്നു.

ആരോഗ്യം ക്ഷയിച്ചു എന്ന മാധ്യമ കഥകൾ അയാൾ തള്ളിക്കളയുന്നു—"മാവോയിസ്റ്റുകൾ കാട്ടിൽ അതിജീവിക്കാൻ പരിശീലിപ്പിക്കപ്പെട്ടവരാണ്. ജീവിതരീതി തന്നെ വേറെയാണ്."

റെയിൽവേ സ്റ്റേഷനിലെ ആൾക്കൂട്ടം

മൂന്നു പതിറ്റാണ്ട് യൂണിഫോമിൽ, മാവോയിസ്റ്റ് ബാധിത മേഖലകളിൽ സേവനമനുഷ്ഠിച്ച വിരമിച്ച സിആർപിഎഫ് അഡീഷനൽ ഡയറക്റ്റർ ജനറൽ എച്ച്.ആർ. സിങ്ങിന് ഗണപതിയുടെ പേര് കേൾക്കുമ്പോൾ ഓർമ വരുന്ന ഒരു രംഗമുണ്ട്.

"ബറ്റാലിയൻ കമാൻഡന്‍റ് ആയിരുന്ന കാലം. ഒരു റെയിൽവേ സ്റ്റേഷനിൽ അയാളുണ്ടെന്ന വിവരം കിട്ടി. ഞങ്ങൾ എത്തുമ്പോൾ ട്രെയിൻ വന്നു നിന്നിരുന്നു. എന്തോ പന്തികേട് മണത്ത മാവോയിസ്റ്റുകൾ നാട്ടുകാരെ വിളിച്ചുകൂട്ടി—അയാളിറങ്ങിയ കോച്ചിനു ചുറ്റും ഒരു നിമിഷം കൊണ്ട് ജനക്കൂട്ടം. നാട്ടുകാരുടെ പിന്തുണയോടെ അയാൾ അപ്രത്യക്ഷനായി," സിങ് ഓർത്തെടുക്കുന്നു.

76 സുരക്ഷാ ഭടന്മാർ കൊല്ലപ്പെട്ട 2010-ലെ ദന്തേവാഡ ആക്രമണം. 38 ഗ്രേഹൗണ്ട് കമാൻഡോകൾ വീരമൃത്യു വരിച്ച മൽകൻഗിരി ഏറ്റുമുട്ടൽ. ഇവയ്ക്കെല്ലാം ഗണപതി ഉത്തരം പറയേണ്ടതുണ്ടെന്ന് സിങ് പറയുന്നു. ഒരിക്കൽ മാവോയിസ്റ്റുകൾക്ക് ഏറ്റവും വലിയ കവചമായിരുന്ന ഗ്രാമീണർ ഇന്ന് അവർക്കൊപ്പമില്ല.

"എന്‍റെ മനസ് പറയുന്നു, ഗണപതിയെക്കുറിച്ച് ഉടനെ എന്തെങ്കിലും കേൾക്കാൻ പോകുന്നു എന്ന്," സിങ് പറയുന്നു. പക്ഷേ, ഈ വാചകം അയാൾ പറഞ്ഞിട്ട് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു!

നാഥനില്ലാക്കളരിക്ക് തണലാവാത്തവൻ

1992 മുതൽ 2018 വരെ കാടിനുള്ളിൽനിന്ന് നിരോധിത പാർട്ടിയെ നയിച്ച ഗണപതി, ബസവരാജു എന്ന നമ്പാല കേശവ റാവുവിന് ചുമതല കൈമാറി അരങ്ങൊഴിഞ്ഞു. 2025 മേയിൽ ബസ്തറിൽ ബസവരാജു ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.

തലവനില്ലാതായ പ്രസ്ഥാനത്തെ നിയന്ത്രിക്കാൻ ഗണപതി മടങ്ങിവരുമെന്ന് സേന ഉറപ്പിച്ചിരുന്നു.

അയാൾ വന്നില്ല.

"ബസവരാജുവിന്‍റെ മരണശേഷം അയാൾ തിരിച്ചുവരുമെന്നാണ് ഞങ്ങൾ കരുതിയത്. പക്ഷേ വന്നില്ല. വർഷങ്ങളായി കാട്ടിൽ അയാളെ ആരും കണ്ടിട്ടില്ല. മാവോയിസ്റ്റുകൾ കാട്ടിൽ ഏറ്റവും ശക്തരായിരുന്ന കാലത്തു തന്നെ അയാൾ ഊരുവിട്ടു കഴിഞ്ഞിരുന്നു," മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ പി. സുന്ദർരാജ് പറയുന്നു.

ഒരു സാമ്രാജ്യം തലവനില്ലാതെ വീണപ്പോൾ, അതിന്‍റെ സ്ഥാപകൻ അതിനെ രക്ഷിക്കാൻ തിരിച്ചുവന്നില്ല. എന്തുകൊണ്ട്? ആർക്കും കൃത്യമായ ഉത്തരമില്ല.

പത്ത് പേരുകൾ, ഒരു ഫോട്ടൊ

ജഗ്ദൽപൂരിലിരുന്ന് രൂപേഷ് കണ്ടു—താൻ ഒരിക്കൽ ഭാഗമായിരുന്ന പ്രസ്ഥാനം ഒന്നൊന്നായി തകർന്നടിയുന്നത്. അറസ്റ്റുകൾ. കീഴടങ്ങലുകൾ. പഴയ സഖാക്കളുടെ മരണം. ഇപ്പോൾ ഒരു വധശിക്ഷയും.

എന്നിട്ടും ഗണപതി എവിടെയാണെന്ന ചോദ്യത്തിന് അയാൾക്കും ഉത്തരമില്ല. സർക്കാർ രേഖകളിൽ പത്ത് വ്യാജ പേരുകൾ. ഒരൊറ്റ ഫോട്ടൊ.

"ഗണപതി പാർട്ടിയെ വളർത്തി, എല്ലാവരെയും ഒളിപ്പോര് പഠിപ്പിച്ചു. സജീവമായാൽ മാത്രമേ അയാൾ പിടിക്കപ്പെടൂ. ഇപ്പോൾ അയാൾ ഒളിച്ചിരിക്കുകയാണ്—അതാണയാൾ പഠിപ്പിച്ചതും പഠിച്ചതും. അതിലയാൾ ഏറ്റവും മികച്ചവനുമാണ്," രൂപേഷ് പറയുന്നു.

ഇന്ത്യ അതിവിശാലമാണ്. പുതിയൊരു പേരിൽ, ഒരുപക്ഷേ ഏതോ നഗരത്തിരക്കിൽ, ഗണപതി ഇപ്പോഴുമുണ്ടാകാം. നാൽപ്പത്തേഴ് വർഷമായി പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത പാഠം അയാൾക്കൊപ്പമുണ്ട്—ഒളിവ്...!

logo
Metro Vaartha
www.metrovaartha.com