

നീതി ലഭ്യതയിലെ ലാളിത്യം: പരിഷ്‌കരണ പരിവർത്തന യാത്ര
കേന്ദ്ര നിയമ- നീതി സഹമന്ത്രി (സ്വതന്ത്ര ചുമതല)
നീതി എപ്പോഴും മനുഷ്യ നാഗരികതയുടെ സുപ്രധാനവും അവിഭാജ്യവുമായ ഒരു സ്തംഭമാണ്. സാംസ്കാരിക പൈതൃകത്തിന്‍റെ സമ്പന്നമായ പശ്ചാത്തലവും അതിന്‍റെ പ്രതീകങ്ങളും മാനവികതയുടെ പ്രയാണത്തെ രൂപപ്പെടുത്തുകയും നയിക്കുകയും വളർത്തുകയും ചെയ്ത സ്ഥാപനപരമായ ചട്ടക്കൂടുകളെയാണ് അതു പ്രതിഫലിപ്പിക്കുന്നത്.
ജ്ഞാനോദയം, നവോത്ഥാനം, തുടർച്ചയായ വ്യവസായ വിപ്ലവങ്ങൾ എന്നിവയിലൂടെ ആധുനിക സമൂഹം വികസിച്ചപ്പോൾ വൈവിധ്യമാർന്ന പ്രത്യയ ശാസ്ത്രങ്ങളിലൂടെയും ചിന്താധാരകളിലൂടെയും വ്യക്തികളും സമൂഹങ്ങളും പരസ്പരം ഇടപഴകുന്ന രീതികളും മാറി. ശാസ്ത്രീയ പുരോഗതിയും സാങ്കേതിക മുന്നേറ്റങ്ങളും അതിരുകൾക്കപ്പുറം ആശയ കൈമാറ്റത്തിന് കരുത്തേകി. ഒരു ആശയത്തിന് മറ്റൊന്നിനു മേലുള്ള മേധാവിത്വം സ്ഥാപിക്കാനുള്ള അന്വേഷണം പ്രാചീന കാലം മുതൽക്കേ നിയമ ശാസ്ത്രത്തിന്‍റെ പരിണാമത്തിന് അടിത്തറയായി വർത്തിച്ചിട്ടുണ്ട്.
പരസ്പരം മത്സരിക്കുന്ന ആശയങ്ങളുടെയും മൂല്യങ്ങളുടെയും ഈ ഇടപെടൽ യുഗങ്ങളിലൂടെ നിലനിന്നപ്പോഴും, നീതിയിലും ന്യായത്തിലും നിയമവാഴ്ചയിലുമുള്ള വിശ്വാസം വീണ്ടെടുക്കാനുള്ള ഉത്തരവാദിത്തം ജുഡീഷ്യൽ സ്ഥാപനങ്ങൾ നിർവഹിച്ചു പോന്നു.
തങ്ങളെ അകറ്റി നിർത്തിയിരിക്കുന്നതായി തോന്നുന്നവർക്കു പോലും ഒരു വിശ്വാസവും ഉൾച്ചേരലും ബന്ധവും വളർത്തിയെടുക്കാൻ സഹായിക്കുന്ന പാലമായി അവ പ്രവർത്തിച്ചിട്ടുണ്ട്. നീതിയിലേക്കുള്ള പ്രവേശനം ഉറപ്പാക്കുക മാത്രമല്ല, ഒപ്പം ഓരോ പൗരന്‍റെയും ജീവിതം സുഗമമാക്കാൻ സഹായിക്കുകയും ചെയ്യുന്ന ശക്തമായ നീതിന്യായ വ്യവസ്ഥ സൃഷ്ടിക്കേണ്ടത് സ്ഥാപനങ്ങളുടെ ഈ പ്രതിബദ്ധത കൊണ്ടാണ്.
ഇപ്പോൾ വികസിതമായ ഭാരതീയ നിയമ ശാസ്ത്രം ആധുനിക വെല്ലുവിളികൾക്കും ലഭ്യമായ അവസരങ്ങൾക്കും അനുസൃതമായി സ്വയം പരിവർത്തനപ്പെട്ടിരിക്കുന്നു. ഒരു സമത്വാധിഷ്ഠിത സമൂഹം കെട്ടിപ്പടുക്കാൻ, സ്വാതന്ത്ര്യസമര സേനാനികളുടെയും രാഷ്‌ട്രശിൽപ്പികളുടെയും വാക്കുകൾ പ്രാവർത്തികമാക്കാൻ നമ്മുടെ ഭരണഘടനാ പൈതൃകം എക്കാലത്തും മാർഗനിർദേശം നൽകുന്നു.
ഭരണഘടനയുടെ ആമുഖത്തിൽ പ്രതിപാദിച്ചിരിക്കുന്ന രാഷ്‌ട്രീയവും സാമൂഹികവും സാമ്പത്തികവുമായ നീതിയുടെ ത്രയവും സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ആദർശങ്ങളും വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ദൈനംദിന കാര്യങ്ങളെ പുനഃക്രമീകരിക്കാനുള്ള ധാർമിക ദിശാസൂചകമാണ്.
സ്വതന്ത്ര രാഷ്‌ട്രമെന്ന നിലയിൽ നമ്മുടെ മുന്നോട്ടുള്ള പ്രയാണത്തെ നയിക്കാൻ ഭരണഘടനയുടെ രൂപത്തിൽ ഏറ്റവും മികച്ച മാർഗരേഖ ലഭിച്ച നാം ഭാഗ്യവാന്മാരാണ്. രാഷ്‌ട്രീയ സ്വാതന്ത്ര്യം നേടിയെങ്കിലും, ആഴത്തിൽ വേരൂന്നിയ കൊളോണിയൽ മാനസികാവസ്ഥ ഇന്ത്യൻ സത്തയ്ക്ക് ഒരു ബൗദ്ധിക തടസമായി തുടർന്നു.
മെക്കാളെ പ്രഭുവിന്‍റെ വിദ്യാഭ്യാസ നയവും തുടർന്നു വന്ന ശിക്ഷാ നിയമങ്ങളുടെ ക്രോഡീകരണവും തുടർച്ചയായ നയങ്ങളും ചേർന്ന് സ്വാതന്ത്ര്യത്തിന്‍റെ വ്യാപ്തിയെ പരിമിതപ്പെടുത്തുന്ന നിയന്ത്രണങ്ങളുടെ സങ്കീർണമായ ഒരു വലയം തന്നെ സൃഷ്ടിച്ചു. 19ാം നൂറ്റാണ്ടിലെ മാനസികാവസ്ഥയ്ക്കും 20ാം നൂറ്റാണ്ടിലെ നിയമങ്ങൾക്കും 21ാം നൂറ്റാണ്ടിന്‍റെ ആഗ്രഹങ്ങളെയും പ്രതീക്ഷകളെയും പൂർത്തീകരിക്കാൻ കഴിയില്ല.
നമ്മുടെ ദേശീയ നേട്ടങ്ങളിൽ നാം ഏറെ അഭിമാനിക്കുന്നു; എന്നിരുന്നാലും, കഴിഞ്ഞ 12 വർഷത്തെ യാത്രയിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ, ഭരണരംഗത്തുണ്ടായ വ്യക്തവും പോസിറ്റീവുമായ ഒരു പരിവർത്തനം ദൃശ്യമാണ്- ഇത് പൗര ജീവിതത്തെ പല തലങ്ങളിൽ സ്പർശിച്ചിട്ടുണ്ട്. വളർന്നു വരുന്ന ഇന്ത്യയുടെ പൂർണ സാധ്യതകൾ സാക്ഷാത്കരിക്കാൻ നയപരമായ ഇടപെടലുകളുടെ വ്യാപ്തിയും അളവും വർധിപ്പിച്ച, ജനാധിപത്യ യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലായി 2014 എന്ന വർഷം ഓർമിക്കപ്പെടും; നമ്മുടെ "ജനസംഖ്യാപരമായ നേട്ടത്തെ' ഒരു "വികസന നേട്ടമായി' കാണുന്ന ഒന്നാണ് ഈ വികാസം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചലനാത്മകവും ദീർഘവീക്ഷണത്തോടു കൂടിയതുമായ നേതൃത്വത്തിനു കീഴിൽ പരിഷ്‌കരണ എക്സ്പ്രസ് എന്ന എൻജിനിലൂടെ മുന്നേറി ഭരണ സംവിധാനം മൊത്തത്തിൽ "ശാക്തീകരിക്കാനുള്ള കരുത്ത്' പ്രകടിപ്പിച്ചിട്ടുണ്ട്. മുകളിൽ നിന്നു താഴേക്ക് "രാഷ്‌ട്രം പ്രഥമം' എന്ന സമീപനം നടപ്പിലാക്കുമ്പോൾ തന്നെ, താഴെത്തട്ടിൽ നിന്ന് മുകളിലേക്ക് എല്ലാവരുടെയും "ജീവിതം സുഗമമാക്കാനുള്ള' ഒരു ശ്രമമായി ഈ യാത്രയെ സംഗ്രഹിക്കാം.
അതുപോലെ, രാജ്യത്തിന്‍റെ നീതിന്യായ പരിഷ്‌കരണങ്ങളുടെ യാത്രയും വലിയ തോതിലുള്ള വ്യാപ്തിയുടെയും നവീകരണത്തിന്‍റെയും ആഴത്തിലുള്ള സാമൂഹിക- സാംസ്‌കാരിക പ്രതിബദ്ധതയുടെയും കഥയാണ്. നിയമനിർമാണ പരിഷ്‌കരണങ്ങൾ, സ്ഥാപനങ്ങളെ ശക്തിപ്പെടുത്തൽ, ഡിജിറ്റൽ നവീകരണം എന്നിവ ഉൾക്കൊള്ളുന്ന സമഗ്രവും ബഹുതലങ്ങളിലുള്ളതുമായ ഒരു സമീപനത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.
"നീതി ലഭ്യതയിലെ ലാളിത്യം' എന്നത് നമുക്ക് വെറുമൊരു വാചകം മാത്രമല്ല; അത് കക്ഷികൾക്ക് "ഇടപെടലുകളിലെ ലാളിത്യവും' അഭിഭാഷകർക്കും ജഡ്ജിമാർക്കും "ജോലി ചെയ്യുന്നതിലെ ലാളിത്യവും' പൗരന്മാർക്ക് "മനസിലാക്കുന്നതിലെ ലാളിത്യവും' ഉൾക്കൊള്ളുന്ന ഒരു പരിഷ്‌കരണ മന്ത്രമാണ്.
കക്ഷികളുടെ കാഴ്ചപ്പാടിൽ നോക്കുമ്പോൾ "ദിശ' (DISHA- Designing Innovative Solutions for Holistic Access to Justice) പദ്ധതിക്ക് കീഴിലുള്ള പൗര കേന്ദ്രീകൃത സേവനങ്ങളായ ടെലി- ലോ, ന്യായ് ബന്ധു, പ്രോ ബോണോ എന്നിവയുടെ വ്യാപ്തി വർധിപ്പിച്ചത് നീതി വിതരണത്തെ എളുപ്പത്തിൽ പ്രാപ്യവും ചെലവു കുറഞ്ഞതുമാക്കി മാറ്റി. പൊതു സേവന കേന്ദ്രങ്ങളുടെ വിപുലമായ ശൃംഖല വഴി നടപ്പിലാക്കുന്ന ടെലി- ലോ പരിപാടിയിലൂടെ ഗ്രാമീണ- വിദൂര പ്രദേശങ്ങളിലെ 1.12 കോടിയിലധികം ഗുണഭോക്താക്കൾക്ക് കേസിന് മുൻപുള്ള സൗജന്യ നിയമോപദേശങ്ങളുടെ പ്രയോജനം ലഭിച്ചു.
ഇ- ഫയലിങ്, ഇ- സേവാ കേന്ദ്രങ്ങൾ എന്നീ സേവനങ്ങളിലൂടെ നീതിന്യായ വ്യവസ്ഥയുമായുള്ള കക്ഷികളുടെ പതിവ് ഇടപഴകലുകൾ കൂടുതൽ ലളിതമായി. ആധുനിക സാങ്കേതികവിദ്യയെ കമ്മ്യൂണിറ്റി പങ്കാളിത്തവുമായി സമന്വയിപ്പിക്കുന്ന ഇന്ത്യയുടെ സവിശേഷമായ മാതൃക ഇന്ന് ആഗോളതലത്തിൽ തന്നെ ഒരു മാനദണ്ഡമായി ഉയർന്നുവരികയാണ്.
അഭിഭാഷകർക്കും ജഡ്ജിമാർക്കും ഡിജിറ്റൽ- ഭൗതിക അടിസ്ഥാന സൗകര്യങ്ങൾക്ക് നൽകിയ വൻ പിന്തുണയിലൂടെ "ജോലി ചെയ്യുന്നതിലെ ലാളിത്യം' ഗണ്യമായി വർധിച്ചിട്ടുണ്ട്. ബഹുഭൂരിപക്ഷം പൗരന്മാരുടെയും ആദ്യ ആശ്രയ കേന്ദ്രം ജില്ലാ- കീഴ്ക്കോടതികൾ ആയതിനാൽ, അവയെ ശക്തിപ്പെടുത്തുക എന്നത് അനിവാര്യവും പ്രായോഗികവുമായ മുൻഗണനയായി തുടരുന്നു. അതനുസരിച്ച് കേന്ദ്രാവിഷ്കൃത പദ്ധതിക്ക് കീഴിൽ കോടതി ഹാളുകൾ, അഭിഭാഷകർക്കുള്ള ഹാളുകൾ, റസിഡൻഷ്യൽ യൂണിറ്റുകൾ, ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുടെ നിർമാണത്തിന് വലിയ പ്രാധാന്യം നൽകി. അതിന്‍റെ ഫലമായി, അത്യാധുനിക സംയോജിത കോടതി സമുച്ചയങ്ങളുടെ വികസനത്തിനായി 2014 മുതൽ ₹9,400.40 കോടി അനുവദിച്ചതോടെ കോടതി ഹാളുകളുടെ എണ്ണം 2014ലെ 15,818ൽ നിന്ന് 22,712 ആയി.
കൂടാതെ, ₹7,200 കോടിയുടെ ബജറ്റ് വിഹിതത്തോടെയുള്ള ഇ- കോടതി മൂന്നാം ഘട്ട പദ്ധതി കോടതികളെ പൂർണമായും ഡിജിറ്റലും പേപ്പർരഹിതവും നിർമിത ബുദ്ധി അധിഷ്ഠിതവുമായ നീതി വിതരണ സ്ഥാപനങ്ങളാക്കി മാറ്റാൻ ലക്ഷ്യമിടുന്നു. വീഡിയൊ കോൺഫറൻസിങ് സൗകര്യങ്ങൾ, വെർച്വൽ കോടതികൾ, കോടതി നടപടികളുടെ തത്സമയ സംപ്രേക്ഷണം തുടങ്ങിയ സംരംഭങ്ങൾ നീതിന്യായ വ്യവസ്ഥയെ ജനങ്ങളിലേക്ക് കൂടുതൽ അടുപ്പിക്കുകയും നീതി ലഭ്യത കൂടുതൽ സുതാര്യവും കാര്യക്ഷമവും എളുപ്പത്തിൽ പ്രാപ്യവുമാക്കുകയും ചെയ്തിട്ടുണ്ട്.
ഭാഷാപരമായ വൈവിധ്യമുള്ള ഈ രാജ്യത്ത്, പൗരന്മാർക്ക് നിയമ കാര്യങ്ങൾ "മനസിലാക്കുന്നതിലെ ലാളിത്യം' എന്നത് വിപുലമായ നീതി ലഭ്യമാക്കൽ ചട്ടക്കൂടിന്‍റെ അത്യാവശ്യ സ്തംഭമാണ്. ഈ ലക്ഷ്യത്തിനായി സുപ്രീം കോർട്ട് വിധിക് അനുവാദ് സോഫ്റ്റ്‌വെയർ (SUVAS), ഭാഷിണി തുടങ്ങിയ നിർമിത ബുദ്ധി അധിഷ്ഠിത സ്വാഭാവിക ഭാഷാ വിവർത്തന സംവിധാനങ്ങൾ സുപ്രീം കോടതി വിധികളും ഉത്തരവുകളും 18 ഇന്ത്യൻ ഭാഷകളിലേക്ക് വിവർത്തനം ചെയ്യുന്നുണ്ട്.
ഇത് നിയമപരമായ വിവരങ്ങൾ പൗരന്മാർക്ക് കൂടുതൽ പ്രാപ്യമാക്കുന്നു. ഈ ശ്രമങ്ങൾക്ക് പൂരകമായി, സ്റ്റാറ്റിസ്റ്റിക്കൽ- അനലിറ്റിക്കൽ പ്ലാറ്റ്‌ഫോമായ നാഷണൽ ജുഡീഷ്യൽ ഡാറ്റാ ഗ്രിഡ് (NJDG) 34 കോടിയിലധികം കോടതി ഉത്തരവുകളുമായി ബന്ധപ്പെട്ട വിവരങ്ങളുടെ വിശകലനം ഒറ്റ ക്ലിക്കിലൂടെ ലഭ്യമാക്കുന്നു. നിയമങ്ങൾ കൂടുതൽ വ്യക്തവും പൗരസൗഹൃദവും ആക്കുന്നതിനായി അക്കാദമിക് രംഗത്തുള്ളവരുമായി സഹകരിച്ച് ലളിതവത്കരിക്കപ്പെട്ട നിയമനിർമാണ രൂപരേഖകൾ ഉപയോഗിക്കുന്നതിനെ ഗവൺമെന്‍റും പ്രോത്സാഹിപ്പിക്കുന്നു.
കൊളോണിയൽ ശിക്ഷാ നിയമങ്ങൾക്ക് പകരം ഇന്ത്യയുടെ പുതിയ ക്രിമിനൽ നീതിന്യായ വ്യവസ്ഥ നടപ്പിലാക്കിയത് സമകാലിക യാഥാർഥ്യങ്ങളെ ഉൾക്കൊള്ളുന്നതാണ്. ഇ- കോടതി, ഇ- വിചാരണ, ഇ- പ്രിസൺസ്, ഇ- ഫൊറൻസിക്സ് എന്നിവയെ ക്രൈം ആൻഡ് ക്രിമിനൽ ട്രാക്കിങ് നെറ്റ്‌വർക്ക് ആൻഡ് സിസ്റ്റംസുമായി (CCTNS) സംയോജിപ്പിച്ചത് വലിയൊരു പരിവർത്തന ചുവടുവയ്പ്പാണ്.
"ന്യായ് ശ്രുതി' പ്ലാറ്റ്‌ഫോം വെർച്വൽ ഹാജരാകലും സാക്ഷിമൊഴികൾ രേഖപ്പെടുത്തലും വളരെ കാര്യക്ഷമമായി സുഗമമാക്കുന്നു. ഇതിലൂടെ കോടതി ഒരു പൗരന് ജാമ്യം അനുവദിച്ചാൽ, ഡിജിറ്റൽ ജാമ്യ ഉത്തരവ് ഉടനടി ജയിൽ പോർട്ടലിൽ എത്തുന്നു. ഇത് സമയബന്ധിതമായ വിടുതലിന് പരമ്പരാഗതമായി തടസമായിരുന്ന പേപ്പർ വർക്കുകളും ഭരണപരമായ കാലതാമസങ്ങളും ഇല്ലാതാക്കുന്നു. ഇത് തത്സമയം കേസ് വിവരങ്ങൾ കൈമാറാൻ പ്രാപ്തമാക്കുകയും പരസ്പരം ബന്ധിപ്പിച്ചു പ്രവർത്തിക്കുന്ന ഒരു ക്രിമിനൽ നീതിന്യായ വ്യവസ്ഥയ്ക്ക് വഴിയൊരുക്കുകയും ചെയ്യുന്നു.
ഉന്നത നീതിന്യായ വ്യവസ്ഥയിൽ, ജുഡീഷ്യറിയുടെ ആവശ്യങ്ങൾ നിറവേറ്റാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഹൈക്കോടതി ജഡ്ജിമാരുടെ അനുവദിക്കപ്പെട്ട തസ്തികകളുടെ എണ്ണം 2014ലെ 906ൽ നിന്ന് 1,122 ആയി വർധിച്ചു. സുപ്രീം കോടതിയിലെ അനുവദിക്കപ്പെട്ട ജഡ്ജിമാരുടെ എണ്ണം 2019ൽ 31ൽ നിന്ന് 34 ആയി വർധിപ്പിച്ചിരുന്നു; ഇപ്പോഴിതാ സുപ്രീം കോടതി (ജഡ്ജിമാരുടെ എണ്ണം) ഭേദഗതി ഓർഡിനൻസ്, 2026 പ്രഖ്യാപിച്ചതിലൂടെ ഇത് 38 ആയി ഉയർത്തി.
കഴിഞ്ഞ 12 വർഷത്തിനിടയിൽ വിവിധ സാമൂഹിക പശ്ചാത്തലങ്ങളിൽ നിന്നുള്ള 1,175 ഹൈക്കോടതി ജഡ്ജിമാരെയും 77 സുപ്രീം കോടതി ജഡ്ജിമാരെയും വേഗത്തിൽ നിയമിച്ചത് നീതിന്യായ വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായി ജുഡീഷ്യറിയോടൊപ്പം ഏകോപിതമായി മുന്നേറാനുള്ള ഭരണകൂടത്തിന്‍റെ പ്രതിബദ്ധതയെയാണ് പ്രതിഫലിപ്പിക്കുന്നത്.
ആവശ്യമില്ലാത്ത നിയമങ്ങളുടെ സങ്കീർണത താല്പര്യക്കാരായ കക്ഷികൾക്ക് മേൽ അനാവശ്യ ഭാരം ഉണ്ടാക്കുന്നു എന്നത് വ്യക്തമായി ശ്രദ്ധിക്കേണ്ട കാര്യമാണ്. വിവിധ മേഖലകളിലായി 40,000ത്തിലധികം അനുവർത്തന ചട്ടങ്ങൾ കുറച്ചതും, കൊളോണിയൽ കാലഘട്ടത്തിലെ അനാവശ്യവും കാലഹരണപ്പെട്ടതുമായ 1,725 നിയമങ്ങൾ റദ്ദാക്കിയതും, വിവിധ മേഖലകളിലെ ബിസിനസ് എളുപ്പമാക്കി.
ഒപ്പം, നമ്മുടെ മധ്യസ്ഥതാ നിയമം ശക്തിപ്പെടുത്തിയതും, ഇന്ത്യ ഇന്‍റർനാഷണൽ ആർബിട്രേഷൻ സെന്‍റർ പോലുള്ളവ സ്ഥാപിച്ചതും, ഒരു പ്രത്യേക മീഡിയേഷൻ ആക്ട് 2023-ലൂടെ അനുരഞ്ജന ചർച്ചകളെ പ്രോത്സാഹിപ്പിച്ചതും, ബദൽ തർക്ക പരിഹാര മേഖലയിലെ ഇന്ത്യയുടെ ആഗോള നേതൃത്വത്തെയാണ് പ്രതിഫലിപ്പിക്കുന്നത്.
സങ്കീർണമായ ഭൗമരാഷ്‌ട്രീയ പരിവർത്തനങ്ങളിലൂടെയും സാമ്പത്തിക അനിശ്ചിതത്വങ്ങളിലൂടെയും ലോകം കടന്നുപോകുമ്പോൾ, 2026ലെ ബ്രിക്സ് നീതിന്യായ മന്ത്രിമാരുടെ യോഗത്തിൽ തർക്കപരിഹാരത്തിനായി കൂടുതൽ എളുപ്പത്തിൽ പ്രാപ്യവും ഫലപ്രദവുമായ മാർഗങ്ങളെന്ന നിലയിൽ മധ്യസ്ഥതയും തർക്ക പരിഹാരവും ശക്തിപ്പെടുത്തുന്നതിനുള്ള ഒരു കൂട്ടായ പ്രതിബദ്ധതയായി "ഗാന്ധിനഗർ പ്രഖ്യാപനം' അംഗീകരിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഇന്ത്യയുടെ നേതൃത്വത്തിന് സാധിച്ചു.
ഇത്തരം ആഗോള കൂട്ടായ്മകൾ കോടതികളുടെ ഭാരം കുറയ്ക്കാനും അനാവശ്യ വ്യവഹാരങ്ങളിൽ നിന്ന് പിന്മാറി വ്യാപാരം, നിക്ഷേപം എന്നിവയ്ക്കായി സുസ്ഥിരവും പ്രവചനീയവുമായ ഒരു അന്തരീക്ഷം വളർത്തിയെടുക്കാനും ലക്ഷ്യമിട്ടാണ്. 2047ഓടെ "വികസിത ഭാരതം' എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ മുന്നേറുമ്പോൾ, ഭാവിയിലേക്ക് സജ്ജമായ ഒരു നീതിന്യായ വ്യവസ്ഥ കെട്ടിപ്പടുക്കാനുള്ള പ്രതിബദ്ധതയിൽ നാം ദൃഢമായി നിലകൊള്ളുന്നു- അത് പ്രതിസന്ധികളെ അതിജീവിക്കാൻ ശേഷിയുള്ളതും, നൂതനവും, എല്ലാവരെയും ഉൾക്കൊള്ളുന്നതും, ഒപ്പം 140 കോടി ഇന്ത്യക്കാരുടെ കൂട്ടായ ആഗ്രഹങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതുമാണ്.