വിമര്‍ശനം ഒരു നല്ല ഗുരുവാണ്

ഇടതുപക്ഷക്കാരനായ, യാക്കോബായ സഭയുടെ നിരണം മുന്‍ ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്‍റെ കുറിപ്പിനെ ക്രിയാത്മകമായിട്ടായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ സമീപിക്കേണ്ടിയിരുന്നത്
വിമര്‍ശനം ഒരു നല്ല ഗുരുവാണ്
Updated on

അഡ്വ. ചാര്‍ളി പോള്‍

എഴുത്തുകാരനായ ഡിഹാന്‍ പറയുന്നു: 'വിമര്‍ശനം ഒരു നല്ല ഗുരുവാണ്, അതിൽ നിന്ന് പഠിക്കാന്‍ നാം സന്നദ്ധമാണെങ്കില്‍'.

സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്കുണ്ടായ കനത്ത തോൽവിയുടെ കാരണങ്ങള്‍ വിശദീകരിക്കുന്ന ഇടതുപക്ഷക്കാരനായ, യാക്കോബായ സഭയുടെ നിരണം മുന്‍ ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്‍റെ കുറിപ്പിനെ ക്രിയാത്മകമായിട്ടായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ സമീപിക്കേണ്ടിയിരുന്നത്. ഇടതുപക്ഷക്കാരായ സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും സ്വതന്ത്ര ചിന്താഗതിക്കാര്‍ക്കും പറയാനുള്ളതു തന്നെയാണ് ബിഷപ്പും പറഞ്ഞത്. പിന്നീടുള്ള വിലയിരുത്തലുകളില്‍ പാര്‍ട്ടിയുടെ ഘടകങ്ങളും ഘടകകക്ഷികളും ഇത്തരം നിരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്.

സാമ്പത്തിക നയങ്ങളിലെ പരാജയം, അച്ചടക്കമില്ലായ്മ, ധൂര്‍ത്ത്, വളരെ മോശമായ പൊലീസ് നയങ്ങള്‍, മാധ്യമ വേട്ട, സഹകരണ ബാങ്കുകളില്‍ ഉള്‍പ്പെടെ നടന്ന അഴിമതികള്‍, പെന്‍ഷന്‍ മുടങ്ങിയതടക്കം പാവപ്പെട്ടവരെ അവഗണിച്ചുള്ള നീക്കങ്ങള്‍, എസ്എഫ്ഐയുടെ അക്രമ രാഷ്‌ട്രീയം, വിമര്‍ശനങ്ങളോടുള്ള അസഹിഷ്ണുത, മത- സാമുദായിക സംഘടനകളെ അതിരുവിട്ട് പ്രീണിപ്പിക്കാനുള്ള ശ്രമങ്ങള്‍, വലതുവത്കരണ നയങ്ങള്‍ എന്നിങ്ങനെ ഒട്ടേറെ കാരണങ്ങള്‍ ഇടതിന്‍റെ തോൽവിക്ക് നിദാനമെന്നാണ് ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ചൂണ്ടിക്കാട്ടിയത്.

ധാര്‍ഷ്ട്യവും ധൂര്‍ത്തും ഇനിയും തുടര്‍ന്നാല്‍ ഇതിലും വലിയ തിരിച്ചടികളായിരിക്കും ഇടതുപക്ഷത്തെ കാത്തിരിക്കുക, "കിറ്റ് ' രാഷ്‌ട്രീയത്തില്‍ ഒന്നിലധികം പ്രാവശ്യം ജനങ്ങള്‍ വീഴില്ല തുടങ്ങിയ പരാമര്‍ശങ്ങളെ "വിവരദോഷി' എന്ന പ്രയോഗത്തിലൂടെ നേരിടുന്നത് ഒരു ഭരണാധികാരിക്ക് ഭൂഷണമാണോ എന്ന് ചിന്തിക്കേണ്ടതുണ്ട്.

ജനങ്ങള്‍ നൽകുന്ന തുടര്‍ച്ചയായ ആഘാത ചികിത്സയില്‍ നിന്ന് പാഠം പഠിച്ചില്ലെങ്കില്‍ കേരളത്തിലെ ഇടതുപക്ഷത്തിന് ബംഗാളിലെയും ത്രിപുരയിലെയും അവസ്ഥ വരുമെന്നാണ് ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് നവമാധ്യമത്തില്‍ പങ്കുവച്ചത്. ""പാര്‍ട്ടി നല്ല പോലെ തോറ്റു'' എന്നും ""പ്രത്യയശാസ്ത്ര ഉള്ളടക്കത്തില്‍ ചോര്‍ച്ചയുണ്ട്'' എന്നും പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞത് ഇവിടെ ചേര്‍ത്തു വായിക്കാവുന്നതാണ്. ജനങ്ങളിൽ നിന്ന് പാര്‍ട്ടി ഏറെ അകന്നതിന്‍റെ സൂചനയാണ് തെരഞ്ഞെടുപ്പു ഫലത്തില്‍ കണ്ടതെന്ന് ആര്‍ക്കും മനസിലാക്കാവുന്ന കേവല രാഷ്‌ട്രീയമാണ്. വോട്ടര്‍മാരെ വിലകുറച്ചു കാണരുത്. രാഷ്‌ട്രീയ പ്രവര്‍ത്തനം ജനാഭിമുഖ്യമുള്ളതാകണം. "രാജാവ് നഗ്‌നനാണ്' എന്ന് വിളിച്ചു പറയുമ്പോള്‍ അങ്ങനെയാണോ എന്ന് തിരിച്ചറിയാനുള്ള ശ്രമം നടത്തുന്നതാണ് ഉചിതം. വിമര്‍ശനത്തില്‍ കഴമ്പുണ്ടോ എന്ന് നോക്കുന്നത് സ്വയം വിലയിരുത്താനും തിരുത്താനും നേര്‍വഴി തിരിച്ചറിയാനും നമ്മെ സഹായിക്കും.

വിമര്‍ശനം എന്നത് ഒരു സാര്‍വത്രിക പ്രതിഭാസമാണ്. എക്കാലത്തും എവിടെയും അതുണ്ടായിരുന്നു. വിമര്‍ശനം നടത്താത്തവരും വിമര്‍ശനത്തിന് വിധേയരാകാത്തവരും ഒരുപക്ഷേ ആരും തന്നെ ഉണ്ടാകില്ല. ഷേക്‌സ്പിയറിന്‍റെ പ്രസിദ്ധ കഥാപാത്രമായ ഈയോഗോ പറയുന്നു; "ഞാന്‍ വിമര്‍ശനകനാകുന്നില്ല എങ്കില്‍ ഞാന്‍ ആരുമല്ല' (I am nothing, if not critical).

വിമര്‍ശനം പ്രയോജനപ്രദമാണ്. തിരുത്തലിനും ജാഗ്രതയ്ക്കും അത് വഴി തെളിക്കും. വിമര്‍ശനം ഇല്ലാതെ പോയാല്‍ വഴി പിഴയ്ക്കും. താന്തോന്നിത്തം നടമാടും. വിമര്‍ശനത്തിന്‍റെ പിന്നിലുള്ള ലക്ഷ്യം ശുദ്ധമാണെങ്കില്‍ അത് സ്വീകരിക്കുന്നതാണ് ഉത്തമം. സ്വയം തിരുത്തലിനും പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ശ്രദ്ധിക്കേണ്ട മേഖലകള്‍ കണ്ടെത്തുവാനും പടുത്തുയര്‍ത്തുന്നതിനും ക്രിയാത്മക നിര്‍ദേശങ്ങള്‍ സഹായകരമാണ്.

പലപ്പോഴും സ്തുതിപാഠകരേക്കാള്‍ ഗുണംചെയ്യുന്നത് സൃഷ്ടിപര വിമര്‍ശകരാണ്. ശരീരത്തിലുണ്ടാകുന്ന വേദന നമുക്ക് അസൗകര്യം സൃഷ്ടിക്കുന്നു. പക്ഷേ എന്തോ തകരാറ് ശരീരത്തിലുണ്ടെന്ന് നമ്മെ അറിയിക്കുകയാണ് വേദന. വിമര്‍ശനത്തെ ഇത്തരം വേദന പോലെയാണ് കാണേണ്ടതെന്ന് വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ പറയുന്നുണ്ട്. നമ്മുടേതില്‍ നിന്നും വ്യത്യസ്തമായ അഭിപ്രായം പുലര്‍ത്തുവാന്‍ മറ്റുള്ളവര്‍ക്ക് സ്വാതന്ത്ര്യമുണ്ട്. അവരുടെ വീക്ഷണമാണ് വിമര്‍ശനമായി പുറത്തുവരുന്നത്. നമ്മുടെ നിലപാടും വീക്ഷണവും തിരുത്തപ്പെടേണ്ടതാണെങ്കില്‍ വിമര്‍ശകന്‍റേത് സേവനമാണ്. സൃഷ്ടിപരമായ കാഴ്ചപ്പാടാണ് തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് സമ്മതിക്കുകയും തിരുത്തുകയും ചെയ്യുന്നതാണ് മാന്യത. നമുക്ക് വിമര്‍ശകരുള്ളപ്പോഴാണ് നമ്മുടെ വിജയ സാധ്യത വർധിക്കുന്നത്.

ഭരണാധികാരികള്‍ മാന്യവും സഹിതകരവും കുലീനവുമായ ഭാഷയാണ് പ്രയോഗിക്കേണ്ടത്. വിവരവും വിവേകവും കുലീന പെരുമാറ്റവും അധികാരസ്ഥാനത്തിരിക്കുന്നവരില്‍ നിന്നുണ്ടാകണം എന്നാണ് കേരളീയ ജനത ആഗ്രഹിക്കുന്നത്. സ്ഥാനത്തിന്‍റെ വലിപ്പവും സമൂഹത്തിന്‍റെ അന്തസും ജീവിതത്തിന്‍റെ പക്വതയുമെല്ലാം ആവശ്യപ്പെടുന്ന അടിസ്ഥാന മര്യാദകള്‍ അധികാരികള്‍ പുലര്‍ത്തണം. കൈയടിക്ക് വേണ്ടി വായില്‍ തോന്നുന്നത് പറയാൻ ഇടവരരുത്. സംസ്‌കാരം എന്ന വാക്കിനർഥം "അപരനെക്കുറിച്ചുള്ള കരുതല്‍' എന്നാണ്. ആ കരുതല്‍ നഷ്ടപ്പെടുത്തരുത്.

(ലേഖകന്‍റെ ഫോൺ- 8075789768)

Trending

No stories found.

Latest News

No stories found.