

പ്രൊഫ. കെ.വി. തോമസ്, സീതാറാം യെച്ചൂരി
പ്രൊഫ. കെ.വി. തോമസ്
എന്‍റെ ദീർഘകാല സുഹൃത്തും പാർലമെന്‍റേറിയനുമായിരുന്ന സീതാറാം യെച്ചൂരിയുടെ രണ്ടാം ചരമ വാർഷിക ദിനമാണു കടന്നുപോയത്. നിറഞ്ഞ സ്നേഹത്തടെയല്ലാതെ ഓർക്കാനാവില്ല അദ്ദേഹത്തെ. പാർലമെന്‍റിന്‍റെ സെൻട്രൽ ഹാളിൽ "യെച്ചൂരീസ് കോർണർ' എന്നറിയപ്പെട്ടിരുന്ന മൂലയിൽ, എന്നെപ്പോലുള്ള ജനപ്രതിനിധികളുമായും പത്രപ്രവർത്തകരുമായും കാപ്പികുടിച്ച് വിവിധ വിഷയങ്ങളെക്കുറിച്ച് ചർച്ചകൾക്ക് നേതൃത്വം കൊടുത്ത യെച്ചൂരി ഇന്ത്യൻ രാഷ്‌ട്രീയത്തിലെ അപൂർവ വ്യക്തിത്വമായിരുന്നു. അദ്ദേഹവുമായി ചർച്ച നടത്തുമ്പോൾ യോജിക്കാൻ കഴിയാത്ത കാര്യങ്ങൾ പോലും ഒരു ചെറുപുഞ്ചിരിയോടെയായിരുന്നു അദ്ദേഹം സ്വീകരിച്ചിരുന്നത്.
ഇന്ത്യ മുന്നണിയുടെ രൂപീകരണ ഘട്ടത്തിൽ, "ഈ മുന്നണികൊണ്ട് ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക്, പ്രത്യേകിച്ച് സിപിഎം പോലുള്ള രാഷ്‌ട്രീയ പാർട്ടികൾക്ക് എന്താണ് നേട്ടം?' എന്ന് ഞാൻ അദ്ദേഹത്തോടു ചോദിച്ചിരുന്നു.
"ഏതെങ്കിലും ഒരു പാർട്ടിയുടെ നേട്ടത്തിനല്ല, മറിച്ച് നമ്മുടെ രാജ്യത്ത് ജനാധിപത്യവും മതേതരത്വവും നിലനിൽക്കുന്നതിന് വേണ്ടിയാണ് ഇത്. ദേശീയതലത്തിൽ ഏറ്റവും കൂടുതൽ വേരുകളുള്ള കോൺഗ്രസ് തന്നെയാണ് ഇതിന് നേതൃത്വം നൽകേണ്ടത്' എന്നായിരുന്നു അദ്ദേഹത്തിന്‍റെ ഉറച്ച കാഴ്ചപ്പാട്.
"ദേശീയതലത്തിൽ സിപിഎം പോലുള്ള പാർട്ടികൾക്ക് അംഗീകാരം ലഭിക്കണമെങ്കിൽ നമ്മുടെ പാർലമെന്‍റിൽ ശ്രദ്ധേയമായ അംഗസംഖ്യയും സംസ്ഥാനങ്ങളിൽ ഭരണവും വേണം. കേരളത്തിൽ കോൺഗ്രസും സിപിഎമ്മും രാഷ്‌ട്രീയമായി എതിർചേരിയിൽ നിൽക്കുമ്പോൾ എങ്ങിനെ ഇന്ത്യ മുന്നണിയെ ന്യായീകരിക്കാൻ കഴിയും? മാത്രമല്ല, ഈ ദേശീയ മുന്നണിക്ക് നേതൃത്വം കൊടുക്കാൻ മുന്നിൽ നിൽക്കുന്ന രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കേരളത്തിൽ വന്നു സിപിഎം നേതാവും മുഖ്യമന്ത്രിയുമായ പിണറായി വിജയനെതിരേയാണല്ലോ രാഷ്‌ട്രീയ അമ്പുകൾ തൊടുത്തുവിടുന്നത്. ബിജെപി ആക്ഷേപിക്കുന്നതിനെക്കാൾ കൂടുതൽ കേരളത്തിലെ ഇടതുമുന്നണി സർക്കാരിനെ അധിക്ഷേപിക്കുന്നത് കോൺഗ്രസിന്‍റെ ദേശീയ നേതാക്കളാണ്. ഈ സാഹചര്യത്തിൽ, രാജ്യത്തിന്‍റെ ഭാവി നിർണയിക്കാൻ നേതൃത്വം നൽകുന്നത് കോൺഗ്രസ് ആണെങ്കിൽ, പിന്നെന്തിനാണ് ഇടതുമുന്നണിയുടെ പ്രതിനിധികളെ ഡൽഹിയിലേക്കയക്കുന്നതും കേരളത്തിൽ വീണ്ടും അധികാരത്തിൽ എത്തിക്കുന്നതുമെന്ന് വിദ്യാസമ്പന്നരായ കേരളത്തിലെ വോട്ടർമാർ ന്യായമായും ചോദിക്കില്ലേ?" ഞാൻ യെച്ചൂരിയോട് ഉന്നയിച്ചു.
"പ്രൊഫസർ പറയുന്നത് ശരിയാണ്; എന്നാൽ രാജ്യത്ത് ജനാധിപത്യവും മതേതരത്വവും നിലനിർത്തുന്നതിന് കോൺഗ്രസ് മുന്നിൽ നിൽക്കണം. കേരളത്തിൽ സിപിഎം നേതാക്കൾക്കെതിരേ രാഹുലും പ്രിയങ്കയുമൊക്കെ ആരോപണങ്ങൾ ഉന്നയിക്കുന്നത് അവരുടെ രാഷ്‌ട്രീയ മര്യാദയുടെ ഭാഗമായി കണ്ടാൽ മതി. ഇത് ഞാൻ പല പ്രാവശ്യം സോണിയ ഗാന്ധിയുടെ മുന്നിൽ ഉന്നയിച്ചിട്ടുണ്ട്' എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. എല്ലാ കാര്യങ്ങളിലും വ്യക്തമായ കാഴ്ചപ്പാടും ദൃഢനിശ്ചയവുമുണ്ടായിരുന്നു യെച്ചൂരിക്ക്. അതാണ് അദ്ദേഹത്തിന്‍റെ ജീവിതയാത്രയും തെളിയിക്കുന്നത്.
വിദ്യാർഥി ജീവിതകാലത്ത് ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിലെ (ജെഎൻയു) തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥി യൂണിയൻ നേതാവെന്ന നിലയിൽ ഇന്ദിരാഗാന്ധിയുടെ ചില തെറ്റായ തീരുമാനങ്ങൾക്കെതിരായി യെച്ചൂരി നടത്തിയ സമരം ചരിത്രപ്രസിദ്ധമാണ്. പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ എംപി സ്ഥാനവും പ്രധാനമന്ത്രി പദവിയും നഷ്ടമായ ഇന്ദിരാഗാന്ധി, ജവഹർലാൽ നെഹ്റു ചാൻസലർ പദവി തുടരുന്നതിനെതിരായി അവരുടെ വീടിന് മുന്നിൽ യെച്ചൂരി നടത്തിയ സമരവും, ആ സമരനായകനോട് ഇന്ദിരഗാന്ധി കാണിച്ച മാന്യതയും ഇന്നും ഡൽഹിയിൽ ചർച്ചാവിഷയമാണ്.
എങ്ങനെയാണോ ഇന്ദിരാജിയുടെ അടിയന്തരാവസ്ഥയെ എതിർത്തത്, അതുപോലെ നരേന്ദ്രമോദിയുടെ അപ്രഖ്യാപിത അടിയന്തരാവസ്ഥയ്ക്കെതിരേ പാർലമെന്‍റിനകത്തും പുറത്തും നടന്ന സമരങ്ങൾക്ക് നേതൃത്വം നൽകി അദ്ദേഹം മുന്നിൽ നിൽക്കുന്നത് ഞാൻ ഡൽഹിയിൽ നേരിട്ട് കണ്ടിട്ടുണ്ട്. പണ്ഡിറ്റ് ജവഹർലാൽ നെഹ്റു തുടക്കമിട്ട ഇന്ത്യൻ സമ്പദ്ഘടനയിൽ പൊതുമേഖല, സ്വകാര്യമേഖല, സഹകരണമേഖല, സമ്മിശ്രമേഖല എന്നിവയുടെ പ്രാധാന്യം എടുത്തുകാണിച്ചുകൊണ്ട്, നരേന്ദ്രമോദി നടപ്പാക്കുന്ന അമെരിക്കൻ മുതലാളിത്വ ചിന്താഗതിക്കും നടപടികൾക്കുമെതിരെയുള്ള തുറന്ന യുദ്ധമായിരുന്നു യെച്ചൂരി നടത്തിയത്.
2019ൽ കോൺഗ്രസ് എനിക്ക് പാർലമെന്‍റ് സീറ്റ് നിഷേധിക്കുകയും, 2022ൽ കണ്ണൂരിൽ നടന്ന സിപിഎം ദേശീയ സമ്മേളനത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനോടൊപ്പം ചർച്ചാ വേദിയിൽ പങ്കെടുത്തതിനെ തുടർന്ന് എനിക്കെതിരേ കോൺഗ്രസ് രാഷ്‌ട്രീയ നടപടികൾ സ്വീകരിക്കുകയും ചെയ്തപ്പോൾ, സഹായഹസ്തവുമായി ആദ്യം എത്തിയത് യെച്ചൂരിയാണ്. എന്തുകൊണ്ട് എന്‍റെ ദീർഘകാല ഡൽഹി ബന്ധം സംസ്ഥാനത്തിന്‍റെ വികസന കാര്യങ്ങളിൽ പ്രയോജനപ്പെടുത്തിക്കൂടാ? എന്ന യെച്ചൂരിയുടെ ചോദ്യമാണ് എന്‍റെ ദീർഘകാല സുഹൃത്തുക്കളായ എം.എ. ബേബിയും കോടിയേരി ബാലകൃഷ്ണനും പിന്നീട് ഏറ്റെടുത്തത്. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേരിട്ടുള്ള ഇടപെടലോടുകൂടി 2023-26 കാലഘട്ടത്തിൽ കേരളത്തിന്‍റെ പ്രത്യേക പ്രതിനിധിയായി കാബിനറ്റ് റാങ്കോടുകൂടി ഡൽഹിയിൽ പ്രവർത്തിക്കാൻ എനിക്ക് സാഹചര്യം ഒരുങ്ങിയത് അങ്ങനെയാണ്.
എന്‍റെ ശരീരത്തിലോടുന്നത് കോൺഗ്രസ് രക്തമാണ്. മാത്രമല്ല, എന്‍റെ മാതാപിതാക്കളും ഞാനും പ്രതിനിധാനം ചെയ്യുന്ന സമുദായവും കോൺഗ്രസിനോട് ചേർന്നുനിൽക്കുന്നതാണെന്ന് മനസ്സിലാക്കിയ യെച്ചൂരിയോ മറ്റ് സിപിഎം നേതാക്കളോ എന്നോട് അവരുടെ പാർട്ടിയിൽ ചേരാൻ ഒരിക്കലും ആവശ്യപ്പെട്ടില്ല. എന്‍റെ രാഷ്‌ട്രീയ കാഴ്ചപ്പാടുകളെ പൂർണമായി അംഗീകരിച്ചുകൊണ്ടാണ്, 2023-26 കാലഘട്ടത്തിൽ ഇടതുപക്ഷ സർക്കാരിനുവേണ്ടി ഡൽഹിയിൽ കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ അവർ അവസരം നൽകിയത്.
കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ മുഖ്യമന്ത്രി പിണറായി വിജയനോട് കാണിച്ച സ്നേഹവും ബഹുമാനവും ഈ പശ്ചാത്തലത്തിലുള്ളതാണ്. അതിവേഗ റെയ്‌ൽവേയുടെ കാര്യത്തിലും ദേശീയപാതയുടെ നിർമ്മാണത്തിലും കേന്ദ്ര സാമ്പത്തിക സഹായം നേടിയെടുക്കുന്നതിൽ ഒരു പരിധിവരെ കേരളത്തെ സഹായിക്കാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്. ഞാൻ ഈ രീതിയിൽ പ്രവർത്തിക്കുമ്പോഴും സോണിയ ഗാന്ധിയോടും മറ്റ് കോൺഗ്രസ് നേതാക്കളോടും നല്ല ബന്ധമാണ് പുലർത്തിയിരുന്നത്. സിപിഎമ്മിന്‍റെ ഒരു പാർട്ടി പ്രവർത്തനങ്ങളിലും ഞാൻ പങ്കെടുക്കണമെന്ന് അവർ ഒരിക്കലും ആവശ്യപ്പെട്ടിരുന്നില്ല. 2025 ഏപ്രിൽ 2 മുതൽ 6 വരെ നടന്ന മധുരയിലെ ദേശീയ സമ്മേളനത്തിലേക്ക് എന്നെ പ്രത്യേക അതിഥിയായിട്ടാണ് ക്ഷണിച്ചത്.
യെച്ചൂരിയുടെ പുകവലി വളരെ പ്രസിദ്ധമായിരുന്നു. ഒന്നിനുപുറകെ ഒന്നായി അദ്ദേഹം പുകവലിച്ചുകൊണ്ടിരിക്കും. ഇക്കാര്യത്തിൽ പലരും അദ്ദേഹത്തെ ഉപദേശിച്ചിട്ടുണ്ടെങ്കിലും ഒരു ചെറുപുഞ്ചിരി മാത്രമായിരുന്നു മറുപടി. കൊച്ചിയിൽ വരുമ്പോൾ ഫോർട്ടുകൊച്ചിയിലും മറ്റ് പ്രദേശങ്ങളിലും യാത്ര ചെയ്യാനും കൊച്ചിയുടെ തനതു വിഭവങ്ങൾ ആസ്വദിക്കാനും അദ്ദേഹം ഏറെ താൽപ്പര്യപ്പെട്ടിരുന്നു. കുമ്പളങ്ങിയിലെ ഞങ്ങളുടെ ഹോംസ്റ്റേയിൽ അദ്ദേഹം പല പ്രാവശ്യം താമസിച്ചിട്ടുണ്ട്. ഒരിക്കൽ എം.എ. ബേബിയും യെച്ചൂരിയും ഒരുമിച്ച് താമസിച്ചപ്പോൾ ഞാനും എം.എ. ബേബിയും ഒന്നിച്ച് ചൂണ്ടയിട്ടത് വലിയ വാർത്തയായിരുന്നു; "മാഷിനെ ബേബി ചൂണ്ടയിൽ കോർക്കുമോ?' എന്നായിരുന്നു അന്ന് ആളുകൾ ചോദിച്ചത്.
യെച്ചൂരിയുടെ വേർപാട് ഇത്ര പെട്ടെന്നാകുമെന്ന് ആരും മനസിൽ പോലും കരുതിയിരുന്നില്ല. എകെജി സെന്‍ററിൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ അദ്ദേഹം എന്നോട് ചോദിച്ചു- "മാഷിന് ഞങ്ങളോടൊപ്പം പ്രവർത്തിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടോ? തിരിച്ച് കൂടുതൽ ആക്റ്റിവായി കോൺഗ്രസിൽ പ്രവർത്തിക്കണമെങ്കിൽ ഞാൻ സോണിയാജിയോട് പറയാം. മാഡത്തിന് മാഷിനെ ഇഷ്ടമാണെന്ന് എനിക്കറിയാം." അതായിരുന്നു അവസാനമായി ഞങ്ങൾ കണ്ടപ്പോൾ ഉണ്ടായ സംസാരം.
"സഖാവെ, ഞാൻ സന്തുഷ്ടനാണ്; ഞാൻ കോൺഗ്രസ് കാഴ്ചപ്പാടുള്ളയാളാണ്. പക്ഷേ, കോൺഗ്രസിലേക്ക് ആക്റ്റിവായി ഒരു തിരിച്ചുപോക്ക് ഇനിയില്ല. നിങ്ങളെപ്പോലെ ഇടതു കാഴ്ചപ്പാടുള്ളവരുടെ കൂടെ പ്രവർത്തിക്കാനാണിഷ്ടം,' എന്നായിരുന്നു എന്‍റെ മറുപടി. അതിനും ഒരു പുഞ്ചിരിയായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.
അദ്ദേഹത്തിന്‍റെ വേർപാട് ദിനത്തിൽ, അദ്ദേഹത്തിന് ഏറെ ഇഷ്ടമുള്ളതും പലപ്പോഴും സന്ദർശിച്ചിട്ടുള്ളതുമായ കൊച്ചിയിലെ വാസ്കോഡ ഗാമ പള്ളിയിലെ വൈദികനോട് പ്രത്യേകം പറഞ്ഞ് ഞാൻ പ്രാർഥന നടത്തുകയുണ്ടായി. രണ്ട് വർഷം കഴിഞ്ഞ് തിരിഞ്ഞുനോക്കുമ്പോൾ, യെച്ചൂരിയെപ്പോലുള്ള സഖാക്കൾ എന്നോട് കാണിച്ച സ്നേഹവും ആദരവും ഞാൻ കൃതജ്ഞതയോടെ ഓർക്കുകയാണ്.
ഇന്ത്യൻ ജനാധിപത്യത്തിന്‍റെ ശക്തമായ നിലനിൽപ്പിന് സിപിഎം ഉൾപ്പെടെയുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങൾ വലിയ കരുത്താണ് നൽകുന്നത് എന്നാണ് എന്‍റെ അടിയുറച്ച വിശ്വാസം. പ്രിയപ്പെട്ട യെച്ചൂരിയുടെ സ്നേഹസ്മരണകൾക്ക് മുന്നിൽ പ്രണാമം.