

അമല ജോൺസൺ
സ്വാതന്ത്ര്യത്തിന്‍റെ 100 വർഷം തികയുന്ന 2047ഓടെ ഒരു വികസിത രാജ്യമാകാനുള്ള ഇന്ത്യയുടെ കാഴ്ചപ്പാടാണ് "വികസിത് ഭാരത്'. ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ നിർമിക്കുക, ദശലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, നൈപുണ്യമുള്ള, വിദ്യാസമ്പന്നരായ തൊഴിലാളികളെ നൽകുക തുടങ്ങിയവയാണ് ഇതിന്‍റെ ലക്ഷ്യം.
2022ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത് അവതരിപ്പിച്ചതിന് ശേഷം ഇന്ത്യയുടെ എല്ലാ വാർഷിക ബജറ്റുകളിലും "വികസിത് ഭാരത് ' എന്ന ആപ്തവാക്യം പ്രധാനപ്പെട്ട ചർച്ചാ വിഷയമാണ്.
2024-25, 2025-26 വർഷങ്ങളിലെ കേന്ദ്ര ബജറ്റിൽ വളരെ പ്രാധാന്യത്തോടെ ഇതിനെപ്പറ്റി പറഞ്ഞിട്ടുണ്ട്. 2047ഓടെ ഈ കാഴ്ചപ്പാട് കൈവരിക്കാനുള്ള ദീർഘകാല പദ്ധതികൾ ഗവൺമെന്‍റ് രൂപപ്പെടുത്തുന്നതിനാൽ, ഭാവി ബജറ്റുകളിലും ഇതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരാനാണ് സാധ്യത. എന്നാൽ നേടിയെടുക്കാനുള്ള ദീർഘകാല പാത വ്യക്തമാണെങ്കിലും, ഈ സ്വപ്നം സാക്ഷാത്കരിക്കുന്നതിന് സർക്കാരിന് നിരവധി വെല്ലുവിളികൾ മറികടക്കേണ്ടതായിട്ടുണ്ട്.
ഇന്ത്യയുടെ സാമ്പത്തിക വളർച്ച ഇപ്പോൾ മന്ദഗതിയിലാണ്. പൊതു നിക്ഷേപത്തിന്‍റെ അപര്യാപ്തതയും ഉപഭോക്തൃ ആവശ്യകത കുറയുന്നതും പ്രധാന മേഖലകളിൽ സ്വകാര്യ പങ്കാളിത്തത്തിന്‍റെ അഭാവവും ഇതിന് കാരണമാണ്. രാജ്യത്തിന്‍റെ പരിവർത്തനത്തിന് ആവശ്യമായ വേഗതയെ ഈ വെല്ലുവിളികൾ തടസപ്പെടുത്തുന്നു.
നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസിന്‍റെ (NSO) ആദ്യ മുൻകൂർ കണക്ക് (അഡ്വാൻസ് എസ്റ്റിമേറ്റ്) പ്രകാരം ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക് 2023-24 ലെ 8.2% ൽ നിന്ന് 2024-25 ൽ 6.4% ആയി കുറഞ്ഞു. ലഭ്യമായ ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക വളർച്ചയുടെ ആദ്യകാല പ്രവചനമാണ് അഡ്വാൻസ് എസ്റ്റിമേറ്റ്. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് ഇത് പിന്നീട് പരിഷ്കരിക്കപ്പെടും.
സാമ്പത്തിക സർവെ പ്രവചിച്ച 6.5-7% പരിധിയേക്കാൾ ഇത് കുറവാണ്. നോമിനൽ ജിഡിപിയുടെ വളർച്ചാ നിരക്ക്, 9.7% ആയി കണക്കാക്കപ്പെടുന്നു, ഇത് കഴിഞ്ഞ യൂണിയൻ ബജറ്റിൽ പ്രവചിച്ച 10.5% നേക്കാൾ വളരെ കുറവാണ്. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും, റോഡുകൾ, ഊർജം, സാങ്കേതിക പുരോഗതി തുടങ്ങിയ അവശ്യ അടിസ്ഥാന സൗകര്യങ്ങളുടെ നിർമാണം പ്രതീക്ഷിച്ചതിലും മന്ദഗതിയിലാണ് പുരോഗമിക്കുന്നത്. കൂടാതെ, പ്രാദേശിക അസമത്വങ്ങൾ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാക്കി. സന്തുലിതവും സുസ്ഥിരവുമായ വളർച്ച രാജ്യത്ത് കൈവരിക്കുന്നത് ഇത് ബുദ്ധിമുട്ടാക്കുന്നു.
തൊഴിലില്ലായ്മ നമ്മുടെ രാജ്യം നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളികളിൽ ഒന്നാണ്. വർധിച്ചുവരുന്ന തൊഴിലവസരങ്ങളുടെ ആവശ്യകതയ്‌ക്കൊപ്പം തൊഴിൽ വിപണി മുന്നേറുന്നില്ല. 2024ൽ ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് 7.7% ആയിരുന്നു. ഇത് മുൻ വർഷങ്ങളെ അപേക്ഷിച്ച് കുറവാണെങ്കിലും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലെ ഗണ്യമായ അന്തരം ഇതിൽ പ്രതിഫലിക്കുന്നു. ഇന്ത്യയുടെ തൊഴിൽ ബാസ്ക്കറ്റ് വർധിച്ചിട്ടുണ്ടെങ്കിലും വരുമാനം വർധിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. തൊഴിൽ മേഖലയിൽ സ്വയം തൊഴിൽ ചെയ്യുന്നവരുടെ എണ്ണം വർധിക്കുന്നതാണ് കാരണം. ഇന്ത്യയിൽ ജോലി ചെയ്യുന്ന ഓരോ രണ്ടാമത്തെ വ്യക്തിയും സ്വയം തൊഴിൽ ചെയ്യുന്നവരാണ്. നൈപുണ്യ പരിശീലനം നേടിയ തൊഴിലാളികളുടെ കുറവും
ഒരു പ്രധാന പരിമിതിയാണ്. നാഷണൽ സ്‌കിൽ ഡെവലപ്‌മെന്‍റ് കോർപ്പറേഷൻ (എൻഎസ്‌ഡിസി) നടത്തിയ പഠനം വ്യക്തമാക്കുന്നത് തൊഴിൽ രഹിതരായ ജനസംഖ്യയുടെ വലിയൊരു വിഭാഗം ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ള ബിരുദദാരികളും യുവാക്കളുമാണെന്നാണ്. ഇത് വളരെ സങ്കീർണമായ പ്രശ്നമാണ്.
മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് (MGNREGA) ബജറ്റ് വിഹിതത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് മാറ്റമൊന്നും ഉണ്ടായിട്ടില്ല. കൊവിഡ് കാലഘട്ടത്തിൽ ലോക്ക് ഡൗൺ സമയത്ത് ഗ്രാമീണ സമ്പദ് വ്യവസ്ഥയെ പിന്തുണച്ചത് തൊഴിലുറപ്പ് പദ്ധതിയായിരുന്നു. മുൻ വർഷം ഗ്രാമീണ തൊഴിലുറപ്പു പദ്ധതിക്കായി നൽകിയ ബജറ്റ് വിഹിതം 86,000 കോടി രൂപയായിരുന്നു. നടപ്പു വർഷത്തിലും ഇതേ തുക മാത്രമാണ് നൽകിയിട്ടുള്ളത്.
ഇന്ത്യയിലെ നൈപുണ്യ പരിശീലനം നേടിയ തൊഴിലാളികളുടെ ആവശ്യവും വിതരണവും തമ്മിലുള്ള അന്തരം നിലനിൽക്കുന്നു. നൈപുണ്യമുള്ള തൊഴിലാളികളുടെ ആവശ്യം 103 ദശലക്ഷമാണെന്ന് പഠനം വിലയിരുത്തുന്നു, അതേസമയം നിലവിലെ വിതരണം വെറും 74 ദശലക്ഷം മാത്രമാണ്.
വ്യവസായങ്ങൾ വികസിക്കുകയും ഓട്ടോമേഷൻ വർധിക്കുകയും ചെയ്യുന്നതിനനുസരിച്ച്, തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടണം.കൂടാതെ ഈ തസ്തികകൾ ഏറ്റവും ആവശ്യമുള്ളവർക്ക് ആക്സസ് ചെയ്യാവുന്നതാണെന്ന് ഉറപ്പാക്കുകയും വേണം. തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് നൈപുണ്യ വികസന പരിപാടികൾ വർധിപ്പിക്കേണ്ടിയിരിക്കുന്നു. പൊതു- സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിനും സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിനും യോജിച്ച ശ്രമങ്ങൾ ആവശ്യമാണ്.
2025-26 ബജറ്റ് ഉപഭോഗം വർധിപ്പിക്കുന്നതിൽ പ്രത്യേകിച്ച് ഇന്ത്യയിലെ ദരിദ്ര വിഭാഗത്തിനും മധ്യവർഗത്തിനും ഇടയിൽ, ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നാണ് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞത്.
നികുതി നിരക്ക് പരിഷ്കരിക്കുന്നതിലൂടെ സർക്കാരിന് ഒരു ലക്ഷം കോടി രൂപയുടെ നഷ്ടമാണ് പ്രതീക്ഷിക്കുന്നത്, ഇത് ഇടത്തരക്കാരുടെ നികുതി കുറയ്ക്കുമെന്നും അവരുടെ കൈകളിൽ കൂടുതൽ പണമുണ്ടാകുമെന്നും ഗാർഹിക ഉപഭോഗം, സമ്പാദ്യം, നിക്ഷേപം എന്നിവ വർധിപ്പിക്കുമെന്നും സർക്കാർ വിശ്വസിക്കുന്നു.
ഭൂരിഭാഗം ആളുകളുടെയും യഥാർഥ വരുമാനം (റിയൽ ഇൻകം) കുറയുന്നത്, ഈ വർഷത്തെ ആദായ നികുതി വെട്ടിക്കുറച്ചുകൊണ്ട് നികത്താൻ കഴിയില്ല. കാരണം ഭൂരിപക്ഷം പേരും നികുതി അടയ്ക്കാൻ പര്യാപ്തരല്ല. നികുതിയിളവുകൾ ഉയർന്ന വരുമാനമുള്ള നഗര നികുതിദായകർക്ക് ആശ്വാസം നൽകുമെങ്കിലും, വിശാലമായ മധ്യവർഗത്തെ അത് കാര്യമായി ബാധിക്കില്ല.
ഈ തീരുമാനം മോദിക്ക് രാഷ്‌ട്രീയ നേട്ടങ്ങൾ ഉണ്ടാക്കിയേക്കാം, പക്ഷേ ഒരു വികസിത ഭാരതം കൈവരിക്കുക എന്ന ലക്ഷ്യം പൂർത്തീകരിക്കാൻ സർക്കാരിന് ഇനി ബഹുദൂരം സഞ്ചരിക്കേണ്ടി വരും. അതിനുള്ള മൂലധനവും സർക്കാർ കണ്ടെത്തേണ്ടതുണ്ട്.
(ലേഖിക തിരുവനന്തപുരം മാർ ഇവാനിയോസ് കോളെജിലെ ഇക്കണോമിക്സ് വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസറാണ്.)