
#നാനു ഭാസിൻ, റിതു കതാരിയ
അപരിമേയമായ ചരിത്രവും സാംസ്കാരിക വൈവിധ്യവുമുള്ള ഇന്ത്യ, ചരിത്ര പ്രാധാന്യമുള്ള ഒട്ടേറെ പൗരാണിക സ്ഥലങ്ങളുടെയും പൈതൃക സ്മാരകങ്ങളുടെയും കേന്ദ്രമാണ്. രാജ്യത്തിന്റെ, കാലാതീതവും സമ്പന്നവുമായ സാംസ്കാരിക പൈതൃകം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം കേന്ദ്ര സർക്കാർ മനസ്സിലാക്കിയിട്ടുണ്ട്. "വികാസ് ഭി വിരാസത് ഭി' എന്ന മുദ്രാവാക്യമുയർത്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ ഈ ദിശയിലുള്ള ഉദ്യമങ്ങൾ. ദേശീയവും അന്തർദേശീയവുമായ ഇന്ത്യൻ വിജ്ഞാന ശാഖകൾ, പാരമ്പര്യം, സാംസ്കാരിക ധാർമികത എന്നിവ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും പ്രധാനമന്ത്രി വളരെയേറെ പ്രാധാന്യം നൽകുന്നു.
സാംസ്ക്കാരിക പ്രാധാന്യമുള്ളതും എന്നാൽ അവഗണിക്കപ്പെട്ടുപോയതുമായ സ്ഥലങ്ങളുടെ പുനർവികസനമാണ് ശ്രദ്ധേയമായ നേട്ടങ്ങളിലൊന്ന്. 2023 മെയ് മാസത്തിലെ കണക്കനുസരിച്ച്, പ്രസാദ് (PRASAD) പദ്ധതിക്ക് കീഴിൽ 1584.42 കോടി രൂപ അനുവദിച്ച്, രാജ്യത്തിന്റെ പൗരാണിക സംസ്ക്കാരവും പൈതൃകവും രക്ഷിക്കുന്നതിനുള്ള അചഞ്ചലമായ പ്രതിബദ്ധത സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
പതിറ്റാണ്ടുകളുടെ അവഗണനയ്ക്ക് ശേഷം, സുദീർഘമായ സാംസ്ക്കാരിക ചരിത്രമുള്ള പൈതൃക സ്ഥലങ്ങളുടെ സംരക്ഷണം, പുനരുദ്ധാരണം, വികസനം എന്നിവ പുനരുജ്ജീവിപ്പിക്കപ്പെട്ടു. കാശി വിശ്വനാഥ് ഇടനാഴിയും വാരാണസിയിലെ വിവിധ പദ്ധതികളും നഗരത്തിലെ നടപ്പാതകൾ, ഘാട്ടുകൾ, ക്ഷേത്ര സമുച്ചയങ്ങൾ എന്നിവയെ അദ്ഭുതകരമാം വിധം നവീകരിച്ചു. അതുപോലെ, ഉജ്ജയിനിലെ മഹാകാൽ ലോക് പദ്ധതി, ഗുവാഹത്തിയിലെ മാ കാമാഖ്യ ഇടനാഴി തുടങ്ങിയ പദ്ധതികൾ ക്ഷേത്രം സന്ദർശിക്കുന്ന തീർഥാടകരുടെ അനുഭവത്തെ സമ്പന്നമാക്കുകയും അവർക്ക് ലോകോത്തര സൗകര്യങ്ങൾ ഉറപ്പാക്കുകയും വിനോദസഞ്ചാരത്തെയും പ്രാദേശിക സമ്പദ്വ്യവസ്ഥയെയും ഉത്തേജിപ്പിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു ചരിത്ര മുഹൂർത്തത്തിൽ, അയോധ്യയിലെ രാമക്ഷേത്രത്തിനായുള്ള ഭൂമിപൂജ 2020 ഓഗസ്റ്റിൽ നടന്നു. അതിബൃഹത്തായ ക്ഷേത്രത്തിന്റെ നിർമാണം അതിവേഗം പുരോഗമിക്കുകയാണ്.
825 കിലോമീറ്റർ നീളമുള്ള ചാർധാം റോഡ് പദ്ധതിയാണ് ശ്രദ്ധേയമായ മറ്റൊരു ഉദ്യമം. ഇത് നാല് പുണ്യ ധാമങ്ങളിലേക്ക് എല്ലാ കാലാവസ്ഥയിലും തടസരഹിത റോഡ് കണക്റ്റിവിറ്റി ഉറപ്പാക്കുന്നു. 2013 ലെ മഹാപ്രളയത്തിൽ തകർന്ന ശ്രീ കേദാർനാഥിലെ ആദിശങ്കരാചാര്യ സമാധി ഉൾപ്പെടെയുള്ള നിർമിതികളുടെ പുനർനിർമാണത്തിനും വികസന പദ്ധതികൾക്കും 2017 ൽ പ്രധാനമന്ത്രി തറക്കല്ലിട്ടിരുന്നു. 2021 നവംബറിൽ മോദി ജഗദ്ഗുരു ആദിശങ്കരാചാര്യരുടെ പ്രതിമ ഉദ്ഘാടനം ചെയ്തു. ഗൗരികുണ്ഡിൽ നിന്ന് കേദാർനാഥിലേക്കും ഗോവിന്ദ്ഘാട്ടിൽ നിന്ന് ഹേമകുണ്ഡ് സാഹിബിലേക്കുമുള്ള രണ്ട് റോപ്വേ പദ്ധതികൾ ഭക്തരുടെ ആത്മീയ യാത്ര സുഗമമാക്കുന്നതിനും പ്രവേശനം എളുപ്പമാക്കുന്നതിനുമായി സജ്ജമാക്കിയിട്ടുണ്ട്.
സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനുള്ള സമർപ്പണത്തിന്റെ ഭാഗമായി, സോമ്നാഥ് പ്രൊമെനേഡ്, സോമ്നാഥ് എക്സിബിഷൻ സെന്റർ, പഴയ സോമ്നാഥ് ക്ഷേത്രപരിസരത്തിന്റെ പുനർനിർമാണം (ജൂന) എന്നിവയുൾപ്പെടെ ഗുജറാത്തിലെ സോമ്നാഥിൽ നിരവധി പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിച്ചു. അതുപോലെ ഒരു സുപ്രധാന സന്ദർഭമായിരുന്നു, കർതാർപുർ ഇടനാഴിയും സംയോജിത ചെക്ക് പോസ്റ്റും തുറന്നത്. ഇത് പാകിസ്ഥാനിലെ ഗുരുദ്വാര കർതാപൂർ സാഹിബിൽ ആദരാഞ്ജലികൾ അർപ്പിക്കാൻ ഭക്തരുടെ പ്രവേശനം എളുപ്പമാക്കി.
ഹിമാലയൻ, ബൗദ്ധ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനും സർക്കാരിന്റെ ശ്രമങ്ങളിൽ പ്രത്യേക ഇടമുണ്ട്. സ്വദേശ് ദർശൻ പദ്ധതിയുടെ ഭാഗമായി, ഇന്ത്യയുടെ വൈവിധ്യമാർന്ന സാംസ്കാരിക പൈതൃകം പ്രദർശിപ്പിക്കുന്ന പ്രമേയധിഷ്ഠിത സർക്യൂട്ടുകൾ വികസിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള 76 പദ്ധതികൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്. ബുദ്ധ സർക്യൂട്ടിനായി ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അത് ഭക്തരുടെ ആത്മീയ അനുഭവം പോഷിപ്പിക്കുന്നു. 2021ൽ കുശിനഗർ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്യപ്പെട്ടു. ഇത് മഹാപരിനിർവാണ ക്ഷേത്രത്തിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ സൗകര്യമൊരുക്കുന്നു. ഉത്തർപ്രദേശ്, മധ്യപ്രദേശ്, ബിഹാർ, ഗുജറാത്ത്, ആന്ധ്രാപ്രദേശ് എന്നിവയുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ ഒട്ടേറെ കേന്ദ്രങ്ങൾ ബുദ്ധ സർക്യൂട്ടിന് കീഴിൽ വിനോദസഞ്ചാര മന്ത്രാലയം വികസിപ്പിക്കുന്നു. കൂടാതെ, ബൗദ്ധ പൈതൃകവും ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യവും സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സർക്കാരിന്റെ പ്രതിജ്ഞാബദ്ധത ഉയർത്തിക്കാട്ടിക്കൊണ്ട്, നേപ്പാളിലെ ലുംബിനിയിൽ ആധുനിക സാങ്കേതിക വിദ്യയുടെ അകമ്പടിയോടെ നിർമിക്കുന്ന ‘ഇന്ത്യ ഇന്റർനാഷണൽ സെന്റർ ഫോർ ബുദ്ധിസ്റ്റ് കൾച്ചർ ആൻഡ് ഹെറിറ്റേജിന്’2022 മെയ് മാസത്തിൽ നരേന്ദ്ര മോദി തറക്കല്ലിട്ടു.
പുരാവസ്തുക്കൾ രാജ്യത്ത് തിരികെ എത്തിക്കുന്നതിലൂടെ ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തിന് ഗണ്യമായ ഉത്തേജനം ലഭിച്ചു. 2023 ഏപ്രിൽ 24 വരെയുള്ള കാലയളവിൽ, അമൂല്യമായ 251 പുരാവസ്തുക്കൾ വിവിധ രാജ്യങ്ങളിൽ നിന്ന് വീണ്ടെടുത്തു, അതിൽ 238 എണ്ണം 2014 ന് ശേഷമാണ് തിരികെയെത്തിച്ചത്. ഇന്ത്യയുടെ സാംസ്കാരിക സമ്പത്ത് സംരക്ഷിക്കുന്നതിനും വീണ്ടെടുക്കുന്നതിനുമുള്ള സർക്കാരിന്റെ പ്രതിബദ്ധതയുടെ തെളിവാണ് ഈ സ്വദേശിസംരംഭം.
ഹൃദയ (ഹെറിറ്റേജ് സിറ്റി ഡെവലപ്മെന്റ് ആൻഡ് ഓഗ്മെന്റേഷൻ യോജന) പദ്ധതിക്ക് കീഴിലുള്ള 12 പൈതൃക നഗരങ്ങളുടെ വികസനം അസാധാരണമായ പൈതൃകത്തിന്റെ സംരക്ഷകരായി സ്വയം അവരോധിക്കാനുള്ള സർക്കാരിന്റെ പ്രതിബദ്ധതയെ കുറിക്കുന്നു. ഇന്ത്യയുടെ പൈതൃകത്തിന്റെ വൈവിധ്യവും സമൃദ്ധിയും പ്രകടമാക്കുന്ന ശ്രദ്ധേയമായ 40 ആഗോള പൈതൃക കേന്ദ്രങ്ങൾ ഇന്ത്യയിലുണ്ട്, അതിൽ 32 എണ്ണം സാംസ്കാരികവും 7 എണ്ണം പ്രകൃതിദത്തവും ഒരെണ്ണം ഇവ രണ്ടും ചേർന്നതുമാണ്. കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ മാത്രം 10 പുതിയ സ്ഥലങ്ങൾ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ഇന്ത്യയുടെ താത്കാലിക പട്ടിക 2014ലെ 15 കേന്ദ്രങ്ങളിൽ നിന്ന് 2022ൽ 52 ആയി കൂട്ടി. ഇത് ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തിന്റെ ആഗോള അംഗീകാരത്തെയും ധാരാളം വിദേശ സഞ്ചാരികളെ ആകർഷിക്കാനുള്ള സാധ്യതയെയും സൂചിപ്പിക്കുന്നു.
ഉത്തർപ്രദേശിലെ വാരാണസിയിൽ സംഘടിപ്പിച്ച ഒരു മാസം നീണ്ടുനിന്ന "കാശി തമിഴ് സംഗമത്തിലൂടെ' ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യവും സമ്പന്നതയും പ്രദർശിപ്പിക്കപ്പെട്ടു. ഉത്തർപ്രദേശിലെ വാരാണസിയിൽ സംഘടിപ്പിച്ച സംഗമം, രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ടവയും പഴക്കം ചെന്നവയുമായ രണ്ട് വിദ്യാഭ്യാസ കേന്ദ്രങ്ങൾക്കിടയിലെ - തമിഴ്നാടിനും കാശിക്കുമിടയിലെ - പുരാതന ബന്ധം ആഘോഷിക്കാനും പുനഃസ്ഥാപിക്കാനും വീണ്ടും ഉദ്ഘോഷിക്കാനും ലക്ഷ്യമിടുന്നു. രാജ്യത്തിന്റെ സംസ്കാരം ആഘോഷിക്കാൻ ലക്ഷ്യമിടുന്ന അത്തരം പരിപാടികളിലൂടെ, ഏക് ഭാരത് ശ്രേഷ്ഠ ഭാരത് എന്ന ആശയം ദൃഢമാകുന്നു. എല്ലാ സംസ്ഥാനങ്ങളിലെയും രാജ്ഭവനുകൾ ചേർന്ന് സംസ്ഥാന രൂപീകരണ ദിനങ്ങൾ ആഘോഷിക്കണമെന്ന അടുത്തിടെയുണ്ടായ തീരുമാനവും ഏക് ഭാരത് ശ്രേഷ്ഠ ഭാരതത്തിന്റെ ആത്മാവിനെ ശക്തിപ്പെടുത്തുന്നു.
ഈ മഹത്തായ പദ്ധതികളിലൂടെയും സംരംഭങ്ങളിലൂടെയും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദർശനത്താൽ നയിക്കപ്പെടുന്ന ഇന്ത്യാ ഗവൺമെന്റ്, ഇന്ത്യയുടെ സാംസ്കാരിക പൈതൃകം പ്രോത്സാഹിപ്പിക്കുന്നതിലും സംരക്ഷിക്കുന്നതിലും ഗണ്യമായ മുന്നേറ്റം നടത്തി. രാജ്യത്തിന്റെ സമ്പന്നമായ സംസ്കാരത്തെക്കുറിച്ചുള്ള ആഴത്തിലുള്ള അവബോധവും, പൈതൃകം സംരക്ഷിക്കുന്നതിനുള്ള അചഞ്ചലമായ പ്രതിബദ്ധതയും സർക്കാരിന്റെ നടപടികളിൽ പ്രതിഫലിക്കുന്നു. ഇന്ത്യയുടെ ചരിത്രപരവും സാംസ്കാരികവും ആത്മീയവുമായ നിധികൾ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ട്, വർത്തമാന തലമുറയിലും ഭാവി തലമുറയിലും അവബോധം സൃഷ്ടിക്കാനും അവരുടെ അറിവ് സമ്പുഷ്ടമാക്കാനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്. കൂടുതൽ അന്താരാഷ്ട്ര വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനുള്ള സാധ്യതയ്ക്കൊപ്പം, പൈതൃക സ്ഥലങ്ങളെ പുനരുജ്ജീവിപ്പിക്കാനുള്ള നിരന്തരമായ ശ്രമങ്ങളും പുരോഗമിക്കുന്നതിനാൽ, ഇന്ത്യയുടെ പുരാതന നാഗരികതയും സാംസ്കാരിക പാരമ്പര്യങ്ങളും ആഗോള വേദികളിൽ തിളങ്ങുന്നത് തുടരുക തന്നെ ചെയ്യും.
(നാനു ഭാസിൻ ഇന്ത്യാ ഗവൺമെന്റിന്റെ പ്രസ് ഇൻഫർമേഷൻ ബ്യൂറോ അഡീഷണൽ ഡയറക്റ്റർ ജനറലും, റിതു കതാരിയ അസിസ്റ്റന്റ് ഡയറക്റ്ററുമാണ്. രചനയിൽ പിഐബി ഗവേഷണ യൂണിറ്റിൽ നിന്നുള്ള വിവരങ്ങളും അടങ്ങിയിരിക്കുന്നു).