
ബിജെപി ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഗവർണർമാരും തമ്മിലുള്ള ഏറ്റുമുട്ടൽ ശക്തമായി മുന്നേറുകയാണ്. ഭരണഘടനാപരമായി രാഷ്ട്രപതിയുടെ പ്രതിനിധി എന്ന നിലയിൽ സംസ്ഥാന സർക്കാരിന് ഉപദേശ- നിർദേശങ്ങൾ നൽകുന്ന ചുമതലയാണ് ഗവർണർക്കുള്ളത്. ജനങ്ങൾ തെരഞ്ഞെടുത്ത ഒരു സർക്കാരിനെയും അതിന്റെ തലവനായ മുഖ്യമന്ത്രിയെയും നിയമസഭ എടുക്കുന്ന തീരുമാനങ്ങളെയും ചോദ്യം ചെയ്യാൻ ഗവർണർക്ക് അധികാരമില്ല.
നിയമസഭ പാസാക്കുന്ന നിയമങ്ങളും മറ്റു കാര്യങ്ങളും സർക്കാർ എടുക്കുന്ന തീരുമാനങ്ങളും ഗവർണറുടെ അടുത്തെത്തിയാൽ എത്രയും വേഗം അതിൽ തീരുമാനമെടുത്ത് സർക്കാരിനെ അറിയിക്കേണ്ട ബാധ്യത ഗവർണർക്കുണ്ട്. എന്നാൽ, ഭരണഘടനാ വിരുദ്ധമായ കാര്യങ്ങളാണ് സംസ്ഥാന സർക്കാർ ചെയ്യുന്നതെന്ന് ഗവർണർക്ക് സംശയം വന്നാൽ രാഷ്ട്രപതിയുടെ പരിഗണനയ്ക്കോ ഉപദേശത്തിനോ അയയ്ക്കാം. അതിനപ്പുറം, തീരുമാനം എടുക്കാതെ മേശയിൽ പൂട്ടിവയ്ക്കാൻ ഭരണഘടന ഗവർണർക്ക് അധികാരം നൽകുന്നില്ല. തെലങ്കാന, പഞ്ചാബ്, തമിഴ്നാട് എന്നീ സർക്കാരുകൾ ഗവർണറുടെ ഇത്തരം നടപടികൾക്കെതിരേ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. കേരളവും സമാനമായ രീതിയിലേക്ക് നീങ്ങുകയാണ്.
കേരളത്തിൽ, ഗവർണറുടെ അനുമതിക്കായി കാത്തിരിക്കുന്ന മൂന്ന് ബില്ലുകൾ രണ്ടുവർഷമായി ചിലന്തിവല പിടിച്ച് കിടക്കുകയാണ്. എട്ട് ബില്ലുകളിൽ ഒരു തീരുമാനവും എടുത്തിട്ടില്ല. ഭരണം സുഗമമായി മുന്നോട്ടു കൊണ്ടുപോകാൻ സംസ്ഥാന സർക്കാരിനെ സഹായിക്കുകയാണ് ഗവർണർ ചെയ്യേണ്ടത്.
ഗവർണറെപ്പോലെ തന്നെ പ്രധാനമായ ഒരു ഭരണഘടനാ സ്ഥാപനമാണ് ഇലക്ഷൻ കമ്മിഷൻ. മുൻ മുഖ്യ ഇലക്ഷൻ കമ്മിഷണർ അന്തരിച്ച ടി.എൻ. ശേഷൻ 1990-96 വരെ അധികാരത്തിലിരുന്ന സന്ദർഭത്തിലാണ് കമ്മിഷണറുടെ അധികാരങ്ങൾ എന്തെല്ലാമെന്ന് ജനം മനസിലാക്കിയത്. വോട്ടേഴ്സ് ലിസ്റ്റ് പുതുക്കി തയാറാക്കിയില്ലെങ്കിൽ തെരഞ്ഞെടുപ്പ് നടത്തില്ല എന്നായിരുന്നു ശേഷന്റെ തീട്ടൂരം. ഇതൊരു ഭരണഘടനാ പ്രതിസന്ധിയായപ്പോൾ രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചകൾ നടന്നു. രാഷ്ട്രീയത്തിലെ എല്ലാ അടവും പഠിച്ചിട്ടുള്ള ലീഡർ കെ. കരുണാകരൻഅതെക്കുറിച്ച് പ്രതികരിച്ചത് "ഇലക്ഷൻ കമ്മിഷൻ ഭരണഘടനയുടെ സന്തതിയാണ്. അതുകൊണ്ട് ഭരണഘടനാവിരുദ്ധമായി എന്തെങ്കിലും ചെയ്താൽ ഭരണഘടന തന്നെ അതിനുള്ള പരിഹാരം കണ്ടെത്തിക്കൊള്ളും' എന്നായിരുന്നു. ആ നിലപാട് തന്നെയാണ് ഗവർണർമാരുടെ കാര്യത്തിലും വേണ്ടത്.
ബിജെപി ഇതര സംസ്ഥാനങ്ങളെ രാഷ്ട്രീയപ്രേരിതമായി നിർവീര്യമാക്കാൻ ഗവർണർ ഇടപെടുന്നത് ഭരണഘടനയുടെ അന്തസിന് യോജിച്ചതല്ല. ഉചിതമായ രീതിയിൽ ഭരണഘടന തന്നെ ഇതിന് പ്രതിവിധി കണ്ടെത്തും. ബി.ആർ. റാവു മുതൽ ഇപ്പോഴത്തെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വരെ 19 ഗവർണർമാർ കേരള സംസ്ഥാനത്ത് ഭരണ നേതൃത്വം നൽകിയിട്ടുണ്ട്. അവരെല്ലാം തന്നെ തങ്ങളുടെ മേഖലകളിൽ പ്രഗത്ഭരായിരുന്നു. സംസ്ഥാന സർക്കാരിന് തലവേദനയുണ്ടാക്കുന്ന ഒന്നും തന്നെ ഇവർ ചെയ്തിട്ടില്ല. 1959ൽ മാത്രമാണ് അതിന് വ്യത്യസ്തമായ നിലപാട് ഉണ്ടായത്. ബാലറ്റിലൂടെ ലോകത്താദ്യമായി അധികാരത്തിൽ വന്ന ഇം.എം.എസ്. നമ്പൂതിരിപ്പാടിന്റെ കമ്യൂണിസ്റ്റ് സർക്കാരിനെ പിരിച്ചുവിടാൻ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ നിർദേശപ്രകാരം അന്നത്തെ ഗവർണർ ബി.ആർ. റാവു രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദിന് ശുപാർശ നൽകുകയും സർക്കാരിനെ പിരിച്ചുവിടുകയും ചെയ്തു. ആ തീരുമാനം തെറ്റായിരുന്നുവെന്ന് പിന്നീട് നെഹ്റു സമ്മതിക്കുകയും ചെയ്തു. വീണ്ടും 1967ൽ ഇഎംഎസിന്റെ നേതൃത്വത്തിൽ സർക്കാർ കേരളത്തിൽ വന്നതോടെ നെഹ്റുവിന്റെ തീരുമാനം ജനങ്ങൾ അംഗീകരിച്ചില്ല എന്ന് തെളിയിക്കപ്പെട്ടു. അന്ന് രാഷ്ട്രപതി ഡോ. സർവേപ്പള്ളി രാധാകൃഷ്ണനായിരുന്നു.
ഇതുപോലെ തന്നെയായിരുന്നു ആന്ധ്രാ പ്രദേശിൽ എൻ.ടി. രാമറാവുവിന്റെ സർക്കാരിനെ പിരിച്ചു വിട്ട സംഭവവും. 1984ൽ എൻ.ടി.ആർ മുഖ്യമന്ത്രിയായിരുന്നപ്പോൾ എൻ. ഭാസ്കരറാവു എന്ന ഭരണകക്ഷി എംഎൽഎ മുഖ്യമന്ത്രിക്കെതിരായി രംഗത്തിറങ്ങുകയും എൻ.ടി.ആറിന് സഭയിൽ ഭൂരിപക്ഷം ഇല്ലെന്ന് അവകാശപ്പെടുകയും ചെയ്തു. ആ സന്ദർഭത്തിൽ അന്നത്തെ ആന്ധ്രാ ഗവർണർ രാംലാൽ ഇടപെട്ട്, അമെരിക്കയിൽ ചികിത്സയ്ക്കു പോയ മുഖ്യമന്ത്രി എൻ.ടി.ആർ മടങ്ങിവരും മുമ്പു തന്നെ സർക്കാരിനെ പിരിച്ചുവിട്ട് ഭാസ്ക്കരറാവുവിനെ മുഖ്യമന്ത്രിയാക്കി. അന്നത്തെ ഇന്റലിജൻസ് ബ്യൂറോ മേധാവി എം.കെ. നാരായണനും ഇതിൽ ഇടപ്പെട്ടിരുന്നു എന്ന് പരാതി ഉണ്ടായിരുന്നു.
സംഭവമറിഞ്ഞ് ചികിത്സയിലായിരുന്ന എൻ.ടി.ആർ വീൽചെയറിൽ അമെരിക്കയിൽ നിന്നെത്തി എംഎൽഎമാരുമായി രാഷ്ട്രപതിയെ കണ്ട് തന്റെ ഭൂരിപക്ഷം തെളിയിച്ചപ്പോൾ, ഗവർണറായിരുന്ന രാംലാലിനെ മാറ്റി പക്വതയും പാകതയുമുള്ള ഡോ. ശങ്കർദയാൽ ശർമയെ ആന്ധ്രാ ഗവർണറാക്കി എൻടിആറിനെ വീണ്ടും മുഖ്യമന്ത്രിയാക്കിയത് ചരിത്രത്തിന്റെ ഭാഗമാണ്.
അന്ന് ഗ്യാനി സെയിൽസിങ് ആയിരുന്നു രാഷ്ട്രപതി. തെറ്റുപറ്റിയെന്ന് ബോധ്യമായപ്പോൾ ഇന്ദിര ഗാന്ധിയും അവസരത്തിനൊത്ത് ഉയർന്നെന്നും, എൻ.ടി.ആറിനെ മാറ്റുന്ന കാര്യം ഇന്ദിരയ്ക്ക് ആദ്യഘട്ടത്തിൽ അറിവില്ലായിരുന്നെന്നും, അതുകൊണ്ടാണ് ഭൂരിപക്ഷം തെളിയിച്ചപ്പോൾ എൻ.ടി.ആറിനെ തിരികെ കൊണ്ടുവന്നതെന്നും, രാംലാലിനെ മാറ്റി ശങ്കർദയാൽ ശർമയെ ഗവർണറാക്കിയതെന്നും ഡൽഹി വൃത്തങ്ങളിൽ അന്ന് വാർത്ത പരന്നിരുന്നു.
ഒരു ജനാധിപത്യ രാജ്യത്ത്, ഭരണഘടനയാണ് രാജ്യത്തെ നയിക്കുന്ന പ്രകാശഗോപുരം. പാർലമെന്റ്, എക്സിക്യൂട്ടീവ്, ജുഡീഷ്യറി, മാധ്യമങ്ങൾ തുടങ്ങിയവയെല്ലാം ഭരണഘടനയ്ക്കുള്ളിൽ നിന്നു മാത്രം പ്രവർത്തിക്കേണ്ടതാണ് എന്നാണ് ജോത്സ്യന്റെ അഭിപ്രായം.